Sunday, October 22, 2017 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 06.54 AM

വാര്‍ത്താ അവതാരകന്റെ അശ്ലീലം പറച്ചിലും അപമാനിക്കലും ; പരാതി നല്‍കിയപ്പോള്‍ പിരിച്ചുവിടല്‍ ; മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

uploads/news/2017/08/136278/news-18.jpg

തിരുവനന്തപുരം: വാര്‍ത്താ അവതാരകന്റെ വാക്കുകള്‍ കൊണ്ടുള്ള പീഡനത്തെക്കുറിച്ച് പരാതി കൊടുത്തതിനെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ മാധ്യമശൃംഖലയിലെ മലയാളം ചാനലായ ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകയാണ് ആത്മഹത്യക്കു ശ്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് ചാനല്‍ വാര്‍ത്താ വിഭാഗം മേധാവി രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ഡി. ദിലീപ്കുമാര്‍, എസ്. ലല്ലു, സീനിയര്‍ ബുള്ളറ്റിന്‍ പ്രൊഡ്യൂസര്‍ സി.എന്‍. പ്രകാശ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

അതിനിടെ, മറ്റൊരു മാധ്യമപ്രവര്‍ത്തകയും പരാതിയുമായി രംഗത്തെത്തി. തൊഴില്‍ പീഡനവും മാനസിക പീഡനവും ആരോപിച്ച് കോപ്പി എഡിറ്ററാണ് തുമ്പ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചാനലിലെ പ്രമുഖ അവതാരകന്‍ അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു മൂന്ന് മാസം മുമ്പ് എഡിറ്റര്‍ രാജീവ് ദേവരാജിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കാതെ ഇത് പൂഴ്ത്തിയെന്നും തന്നെ പലവിധത്തില്‍ സമ്മര്‍ദത്തിലാക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒടുവില്‍ അപമാനിച്ച് പുറത്താക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് മാധ്യമ പ്രവര്‍ത്തക പൊലീസിനോടു പറഞ്ഞത്.

ചാനലിന്റെ പ്രൊഡക്ഷന്‍ ഡെസ്‌കില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയെ പ്രവര്‍ത്തനമികവ് ഇല്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. രണ്ട് ദിവസം അവധിയിലായിരുന്ന യുവതി തിരികെയെത്തിയപ്പോഴാണ് പുറത്താക്കപ്പെട്ടത്. ഇഷ്ടക്കാരല്ലാത്തവരെ ഒഴിവാക്കുന്ന നടപടി കഴിഞ്ഞ കുറേ നാളായി ചാനലില്‍ നടന്നു വരുകയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകയെ എഡിറ്റര്‍ വിളിച്ച് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ഓഫീസില്‍ കാലുകുത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.

ഒരു മണിക്കൂറിനു ശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിയ യുവതി വീട്ടിലെത്തി അമിത ഡോസില്‍ ഗുളിക കഴിക്കുകയായിരുന്നു. ഇക്കാര്യം വാട്ട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തക സഹപ്രവര്‍ത്തകരെ അറിയിച്ചു. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെത്തി ഇവരെ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തിയെങ്കിലും മറ്റുള്ള ജീവനക്കാര്‍ പരാജയപ്പെടുത്തി. ആത്മഹത്യാ ശ്രമത്തെ ഭക്ഷ്യവിഷബാധയാക്കി തീര്‍ക്കാനുള്ള ശ്രമമുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു.

ഇക്കാര്യം അറിഞ്ഞതോടെ ന്യൂസ് 18ലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഡോക്ടറോട് കാര്യങ്ങള്‍ ധരിപ്പിച്ചു. ആത്മഹത്യാ ശ്രമത്തെക്കുറിച്ച് യുവതി ഇട്ട വാട്സ്ആപ്പ് സന്ദേശവും ഇവര്‍ ആശുപത്രി അധികൃതരെ കാണിച്ചതോടെയാണ് കേസ് ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസെത്തി കേസെടുത്തു.

മാധ്യമ പ്രവര്‍ത്തക അപകട നില തരണം ചെയ്ത ശേഷം വഞ്ചിയൂര്‍ എസ്.ഐ. മൊഴിയെടുത്തു. ദളിതയായ തനിക്കെതിരേ നടന്നത് ക്രൂര മാനസിക പീഡനമാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞതായി അറിയുന്നു. വഞ്ചിയൂര്‍ പോലീസ് കേസ് തുമ്പ പോലീസിനു െകെമാറി. െസെബര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

Ads by Google
Advertisement
Saturday 12 Aug 2017 06.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW