Saturday, July 22, 2017 Last Updated 5 Min 26 Sec ago English Edition
Todays E paper
Sunday 02 Jul 2017 02.15 AM

ആത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങി ആത്മച്‌ഛായ

uploads/news/2017/07/123684/sun2.jpg

കുട്ടിക്കാലത്ത്‌ പലര്‍ക്കും പല ആഗ്രഹങ്ങളും കാണും. ഭാവിയില്‍ ആരായിത്തീരണമെന്നു ചോദിച്ചാല്‍ അവര്‍ പല പല മറുപടികളും പറയും. എന്നാല്‍ എഴുത്തുകാരനാകണമെന്ന സ്വപ്‌നം കാണുകയും, അതിനായി തീവ്രമായ അഭിലാഷത്തോടെ ജീവിക്കുകയും ആ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്‌ത് ആ വിശിഷ്‌ഠ ഇരിപ്പിടത്തില്‍ എത്തിപ്പെട്ട പ്രതിഭയാണ്‌ സുസ്‌മേഷ്‌ ചന്ത്രോത്ത്‌.
അനുഭവങ്ങളുടെ കരുത്തില്‍ കെട്ടിപൊക്കിയ ലക്ഷണമൊത്ത ശില്‍പങ്ങളാണ്‌ സുസ്‌മേഷിന്റെ ഓരോ രചനകളും. നിരന്തരം എഴുതാനുള്ള ഊര്‍ജം ഈ എഴുത്തുകാരന്റെ കൈമുതലാണ്‌. യാത്രകളുടെ, സംഭവങ്ങളുടെ, ഓര്‍മകളുടെ, അനുഭവങ്ങളുടെ ആകെത്തുകയാണ്‌ സുസ്‌മേഷിന്‌ എഴുത്ത്‌ . അവതരണത്തിന്റെ ഭംഗികൊണ്ടും വിഷയത്തിന്റെ ആഴവും, പരപ്പുംകൊണ്ടും അത്‌ ആകര്‍ഷകവും പാരായണക്ഷമവുമാണ്‌. എഴുത്തിലെ ഈ അര്‍പ്പണമനോഭാവത്തിന്‌ തെളിവായി ഇതുവരെ 26 പുസ്‌തകങ്ങളാണ്‌ സുസ്‌മേഷിന്റെ തൂലികയില്‍ മലയാളഭാഷയെ സമ്പന്നമാക്കി പിറവികൊണ്ടത്‌. മലയാളത്തിലെ യുവ എഴുത്തുകാര്‍ നോവല്‍ എഴുതാന്‍ വിമുഖത കാണിക്കുന്ന ഈ കാലത്താണ്‌ അനവധി നോവലുകള്‍ എഴുതി മലയാളനോവല്‍ ശാഖയ്‌ക്ക് സുസ്‌മേഷ്‌ മുതല്‍ക്കൂട്ടാകുന്നത്‌.

എഴുത്തുകാരന്റെ ആത്മച്‌ഛായ
........................

ഇന്ത്യയുടെ വര്‍ത്തമാനകാലാവസ്‌ഥയ്‌ക്ക് നേരെയുളള ചൂണ്ടുവിരലാണ്‌ സുസ്‌മേഷിന്റെ ഏറ്റവും പുതിയ നോവലായ ആത്മച്‌ഛായ. സമകാലീന ഇന്ത്യയുടെ ആത്മഛായ തന്നെയാണിത്‌. വായനക്കാരുടെ ആത്മവിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന നോവലെന്ന വിശേഷണത്തിന്‌ അര്‍ഹമാണ്‌ ഈ കൃതി. ഒരു വശത്ത്‌ ഇന്ത്യാമഹാരാജ്യത്തിന്റെ വികസന ഭൂപടത്തിന്റെ മുഖത്ത്‌ കൂടുതല്‍ ശോഭ തെളിയുമ്പോള്‍ മറുവശത്ത്‌ ഇന്ത്യയുടെ ആത്മാവ്‌ ഇരുട്ടില്‍നിന്ന്‌ ഇരുട്ടിലേക്കുള്ള സഞ്ചാരത്തിലാണ്‌. ഇതിനിടയില്‍ കഥാപാത്രങ്ങളുടെ അലച്ചിലും കണ്ടെത്തലും അതിലെ കണ്ണീരും നടുക്കവും ആഹ്‌ളാദങ്ങളുമാണ്‌ ആത്മച്‌ഛായയെന്ന സുസ്‌മേഷിന്റെ നോവലിന്‌ ഇതിവൃത്തമാകുന്നത്‌. കഥാപത്രനിര്‍മ്മിതിയിലുള്ള സുസ്‌മേഷിന്റെ കൈത്തഴക്കത്തിന്‌ തെളിവാണ്‌ ഈ നോവലില്‍ കടന്നുവരുന്ന ഓരോ കഥാപാത്രങ്ങളും. ഏഴുവയസുകാരിയായ തെരുവുപെണ്ണായ അമുവിന്റെ യാത്രകളുടെ പുസ്‌തകമായും, ബംഗാളിലെ യുവശില്‍പിയായ മൃണാളന്റെ അലച്ചിലുകളുടെയും ശില്‍പരചനയ്‌ക്കായി നടത്തുന്ന കണ്ടെത്തലുകളുടെയും കഥയായും, കേരളത്തില്‍ ജനിച്ചു മുംബൈയില്‍ ഐ.ഐ.ടിയില്‍ പ്രഫസറായ വസന്തന്റെ ജീവിതത്തിലെ ഇരുണ്ട വശങ്ങളുടെ പകര്‍പ്പായും, പ്രാകൃത കമ്യൂണിസത്തിന്റെ വേരുകളോടിയ ഒരു ദേശത്തെ സൃഷ്‌ടിച്ചെടുത്ത അസാമാന്യമനുഷ്യനായിരുന്ന മനുജന്റെ സങ്കല്‍പ്പങ്ങളുടെ ആകെത്തുകയും പൊരുളായും, പ്രതിശ്രുത വരനായ മൃണാളന്റെ കാലടികള്‍ പിന്തുടരുന്ന ശ്രാബൊന്ദിയുടെ യാത്രകളുടെ പുസ്‌തകമായും ആത്മച്‌ഛായയെ വായിച്ചെടുക്കാം. ആത്മച്‌ഛായയുടെ രചനാരഹസ്യങ്ങളെ കുറിച്ച്‌ സുസ്‌മേഷ്‌ സംസാരിക്കുന്നു.

അഞ്ചുകഥാപാത്രങ്ങളുടെ കരുത്തില്‍ ആത്മച്‌ഛായ
.....................

ദേശാഭിമാനി വാരികയുടെ അന്നത്തെ പത്രാധിപരായിരുന്ന ഡോ. കെ.പി. മോഹനനാണ്‌ ഒരു നോവലെഴുതാന്‍ സാധിക്കുമോ എന്നാദ്യം ചോദിക്കുന്നത്‌. കുറച്ചൊന്നാലോചിക്കണമായിരുന്നു മറുപടി പറയാന്‍. മാഷാകട്ടെ ഇടക്കിടെ വിളിക്കുകയും ചെയ്‌തു. പേപ്പര്‍ ലോഡ്‌ജ് എന്ന നോവലിനുശേഷം നോവലിനു പറ്റിയ തീമൊന്നും മനസില്‍ വീണിരുന്നില്ല. എന്നാല്‍ അവ്യക്‌തമായി ചില കഥാപാത്രങ്ങള്‍ കൂടെയുണ്ടായിരുന്നുതാനും. എന്റെയാഗ്രഹം ഒരു വലിയ നോവലെഴുതാന്‍ കഴിയുമോ എന്നതായിരുന്നു. അതിന്‌ സാധിക്കുന്ന വിധത്തില്‍ ഒരു വിഷയം വേണം. ആ വിഷയത്തിന്‌ പരന്നൊഴുകാന്‍ സാധിക്കണം. അതില്‍ മിഴിവുള്ള കഥാപാത്രങ്ങള്‍ വേണം. ആലോചന ഏറെ നീണ്ടു. മനസിലുണ്ടായിരുന്ന ഒന്നുരണ്ട്‌ ഉണ്ണികള്‍ വളരാന്‍ മടിയും കാണിച്ചു.
തന്റെ ആദ്യ നോവലായ ലീഫ്‌ സ്‌റ്റോം എഴുതിയതിനെപ്പറ്റി എല്‍ കൊളംബിയാനോ പത്രത്തിന്റെ ചുമതലയുണ്ടായിരുന്ന അലൊന്‍സോ ഏഞ്ചല്‍ റെസ്‌ ത്രെപോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്കേസ്‌ നോവലെഴുത്തിന്റെ ഒരുക്കങ്ങളെപ്പറ്റി മനസ്‌ തുറക്കുന്നുണ്ട്‌. ആ നോവലെഴുതാന്‍ അഞ്ചു വര്‍ഷമെടുത്തു എന്നു കേള്‍ക്കുന്നത്‌ ശരിയാണോ എന്ന ചോദ്യത്തിന്‌ അദ്ദേഹം പറയുന്ന മറുപടി ആണെന്നും അല്ലെന്നും പറയാമെന്നായിരുന്നു. ലീഫ്‌ സ്‌റ്റോം എഴുതാന്‍ ഒരു വര്‍ഷമേ എടുത്തുള്ളൂവെന്നും അതിനിടയില്‍ മറ്റു ചില നോവലുകള്‍ എഴുതാന്‍ നോക്കിയിരുന്നുവെന്നുമാണ്‌ മാര്‍ക്കേസ്‌ പറയുന്നത്‌.
അതാണ്‌ ശരിയെന്ന്‌ ഞാനും സമ്മതിക്കുന്നു. എന്റെ ആദ്യ നോവലായി ഡി വരുന്നതിനുമുന്നേ രണ്ടോ മൂന്നോ നോവലുകള്‍ എഴുതിത്തുടങ്ങിയിരുന്നു എന്നതാണ്‌ വാസ്‌തവം. ഇവിടെ ആത്മച്‌ഛായയും അതേ രൂപത്തില്‍ കടലാസിലാവുന്നതിനുമുന്നേ പല രൂപത്തില്‍ മനസില്‍ പതിഞ്ഞുകിടന്നിരുന്നു. ഒരുപാട്‌ കഥാപാത്രങ്ങളും കഥാപശ്‌ചാത്തലങ്ങളുമെല്ലാമായിട്ട്‌. ഒടുക്കം ആത്മച്‌ഛായ എഴുതാന്‍ തീരുമാനിക്കുന്നത്‌ അമു എന്ന കഥാപാത്രത്തെ മനസിലുറപ്പിച്ചുകൊണ്ടാണ്‌. ആറോ ഏഴോ വയസുള്ള അമുവിനേയും അമുവിന്റെ ജീവിതത്തിന്‌ കുറുകേയും നെടുകേയും കയറിവരുന്ന മൃണാളനേയും സങ്കല്‍പ്പിച്ചപ്പോള്‍ നോവലിന്റെ പ്രധാന കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമായി.
പെണ്‍കൊട കാത്തിരിക്കുന്ന ശ്രാബൊന്ദിയെ സങ്കല്‍പ്പിച്ചപ്പോള്‍ മൃണാളന്റെ യാത്രകള്‍ക്ക്‌ അര്‍ത്ഥവും വഴിയും വന്നു. മനുജനും ഭുവനവും ഒരാഹ്ലാദത്തോടെയാണ്‌ മനസിലേക്ക്‌ വന്നത്‌. അതോടെ നോവല്‍ എഴുതാമെന്ന ധൈര്യം വന്നു. ഒടുവിലാണ്‌ മലയാളി മധ്യവര്‍ഗ പുരുഷജീവിതത്തിന്റെ ചെറിയൊരു ഉദാഹരണമായി വസന്തനെ സങ്കല്‍പ്പിക്കുന്നത്‌. ഈ അഞ്ചുകഥാപാത്രങ്ങളാണ്‌ ആത്മച്‌ഛായ എന്ന നോവലിന്റെ കരുത്ത്‌.
അവരും അവരുടെ യാത്രാപഥങ്ങളും തെളിഞ്ഞതോടെ നോവലെഴുത്തുതുടങ്ങി. പക്ഷേ പിന്നീട്‌ വസന്തനെന്ന കഥാപാത്രത്തെ ഞാന്‍ പൊളിച്ചെഴുതി കുറേക്കൂടി സമഗ്രത വരുത്തി. വാരികയില്‍ വന്നതിനേക്കാള്‍ സ്വത്വഗുണം നല്‍കി പുസ്‌തകത്തില്‍ വസന്തനെ ഞാന്‍ വലുതാക്കിയെടുത്തു. പക്ഷേ വസന്തന്റെ കുത്തഴിഞ്ഞ ലൈംഗീകജീവിതം യാഥാസ്‌ഥിതിക വായനക്കാരെ വല്ലാതെ ചൊടിപ്പിച്ചു. പ്രത്യേകിച്ചും ദേശാഭിമാനി വാരികയുടെ പരമ്പരാഗത വായനക്കാരെ. അവര്‍ വല്ലാതെ അസ്വസ്‌ഥരായി. ആ അസ്വസ്‌ഥത എന്നിലേക്കെത്തി. അതോടെ എനിക്കുറപ്പായി, വസന്തന്‍ ഒരു ദര്‍പ്പണമായി പരുവപ്പെട്ടു എന്ന്‌.
സ്‌ത്രീകളില്‍നിന്നും സ്‌ത്രീകളിലേക്ക്‌ പായുന്ന വസന്തന്‍ ഞാന്‍ തന്നെയാണോ എന്നും ചില സ്‌നേഹിതര്‍ സംശയിച്ചത്‌ എന്നില്‍ കൗതുകമായി. മലയാളിയുടെ യാഥാസ്‌ഥിതികത്വത്തിന്റെ ഭയാനകരൂപം കണ്ട്‌ ഞാന്‍ ഉള്ളാലെ ചിരിച്ചു. ലൈംഗീകതയെ സംബന്ധിച്ച ആദികളില്ലെങ്കില്‍ ഒരു ശരാശരി മലയാളി ഇല്ല എന്നാണര്‍ത്ഥം. അതിനുള്ള മറുപടിയോ ദര്‍പ്പണമോ ആണ്‌ വസന്തന്‍ എന്ന കഥാപാത്രം. ഇത്‌ ഞാന്‍ തന്നെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്‌ ശരിയല്ലെന്നറിയാം. പക്ഷേ അതാണ്‌ വാസ്‌തവം.

ഇതൊരു സാങ്കല്‍പ്പിക കഥ, പക്ഷേ....
..............................

ആത്മച്‌ഛായ എന്ന നോവല്‍ ഇന്ത്യയുടെ പലഭാഗത്തായി സംഭവിക്കുന്ന സാങ്കല്‍പ്പിക കഥയാണ്‌. അമുവിന്റെയും മൃണാളന്റെയും പാതകളും യാത്രകളുമാണ്‌ നോവലിനെ വലുതാക്കുന്നത്‌. ഭുവനവും മനുജനും ഒരിടത്ത്‌ സ്‌ഥിതി ചെയ്യുന്നതാണ്‌. എന്നാല്‍ മറ്റെല്ലാ കഥാപാത്രങ്ങളും നോവലിലുടനീളം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതിനാല്‍ കേരളവും തമിഴ്‌നാടും ആന്ധ്രാപ്രദേശും ബംഗാളും പഞ്ചാബും ഝാര്‍ഘണ്ടും ബീഹാറും മഹാരാഷ്‌ട്രയും ഉത്തര്‍പ്രദേശും എല്ലാം നോവലില്‍ പലയിടങ്ങളിലായി കയറിവരുന്നു. ഇത്രയും പ്രദേശങ്ങളും അവിടുത്തെ നഗര-ഗ്രാമജീവിതവും നോവലില്‍ പ്രമേയമാകുന്നതിനാല്‍ അവയെക്കുറിച്ചെല്ലാം പഠിക്കേണ്ടതുണ്ടായിരുന്നു.
ഓപ്പണ്‍, കാരവന്‍, ഔട്ട്‌ ലുക്ക്‌ പ്രസിദ്ധീകരണങ്ങളില്‍ വന്ന പല രാഷ്‌ട്രീയ റിപ്പോര്‍ട്ടുകളും ഫോട്ടോ ഫീച്ചറുകളും ഏറെ സഹായിച്ചു. വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍ ഫ്രണ്ട്‌ലൈനിലും മലയാളം വാരികയിലും എഴുതിയ ചില ഉത്തരേന്ത്യന്‍ ലേഖനങ്ങള്‍ അസാധാരണമാം വിധം എന്നെ സഹായിച്ചു. പക്ഷേ അതുമാത്രം മതിയാകുമായിരുന്നില്ല. കൊച്ചി മുതല്‍ കാശ്‌മീരിലെ ലേ വരെ നടത്തിയ എന്റെയൊരു യാത്രയില്‍ ഞാനെടുത്ത നൂറുകണക്കിനു ചിത്രങ്ങളും നോവലെഴുത്തില്‍ ഉത്തരേന്ത്യയുടെ യഥാര്‍ഥമായ പശ്‌ചാത്തലം സൃഷ്‌ടിക്കാന്‍ സഹായകമായി.
പക്ഷേ ഹൈദരാബാദില്‍ എനിക്ക്‌ നേരിട്ടനുഭവമുണ്ടായിരുന്നില്ല. അതിനായി ഒരിക്കല്‍ പാലക്കാട്‌ നിന്നും ശബരി എക്‌സ്പ്രസിന്‌ ഹൈദരാബാദിന്‌ വണ്ടി കയറി. കുറച്ചുദിവസം അവിടെ താമസിച്ച്‌ ഹൈദരാബാദും സെക്കന്തരാബാദും കറങ്ങി. കുറിപ്പുകളും ചിത്രങ്ങളുമെടുത്തു. അങ്ങനെയെല്ലാമാണ്‌ ആത്മച്‌ഛായ ഇന്നുകാണുന്ന വിധത്തിലേക്കെത്തിച്ചത്‌. മാര്‍ക്കേസിനെത്തന്നെ ഉദാഹരിച്ചാല്‍, ഇതെല്ലാം നോവല്‍ പൂര്‍ത്തിയാകുന്നതോടെ വിസ്‌മരിക്കേണ്ട സംഗതികളാണ്‌. നോവലെഴുത്തിനായി സംഭരിക്കുന്നതെല്ലാം നോവല്‍ പൂര്‍ത്തിയാകുന്നതോടെ തീയില്‍ കളയണമെന്നാണ്‌ മാര്‍ക്കേസ്‌ പറയുന്നത്‌. മാര്‍ക്കേസിനെ നിന്ദിക്കുകയാണ്‌ ഞാന്‍ ചെയ്യുന്നത്‌. കാരണം, ഞാനെന്റെ പണിപ്പുരയെ തുറന്നുകാണിക്കുന്നു.

വിപുലമായ വായന കാത്ത്‌ ആത്മച്‌ഛായ
.....................................................

നോവല്‍ ദേശാഭിമാനി വാരികയിലാണ്‌ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്‌. ഏതാണ്ട്‌ ഒരു വര്‍ഷം നീണ്ടു പ്രസിദ്ധീകരണം. ഇതിനിടയില്‍ ഒരുപാട്‌ വായനക്കാരുടെ പ്രതികരണങ്ങള്‍ എനിക്കും വാരികയ്‌ക്കും ലഭിച്ചു. വാരികയുടെ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നോവല്‍ ദേശാഭിമാനിയില്‍ പുതുതായിരുന്നു. അവര്‍ ശീലിച്ച ഒരു വഴിയില്‍നിന്നു മാറിയൊരു നോവല്‍ വന്നപ്പോള്‍ അവര്‍ അന്ധാളിക്കുന്നത്‌ സ്വാഭാവികമായിരുന്നു. പക്ഷേ വാരികയുടെ പ്രവര്‍ത്തകര്‍ നോവലിനുമീതെ വന്ന വിമര്‍ശനങ്ങള്‍ക്കു മൗനം കൊണ്ട്‌ മറ തീര്‍ത്തു. തീര്‍ച്ചയായും വാരികയുടെ പത്രാധിപസമിതിക്കും മോഹനന്‍ മാഷിനുമാണ്‌ അതിന്റെ ബഹുമതി. ചിത്രങ്ങള്‍ വരച്ചത്‌ ഭാഗ്യനാഥാണ്‌. ആ ചിത്രങ്ങളുടെ ചാരുത പലപ്പോഴും നോവലിനെ നിഷ്‌പ്രഭമാക്കി. ഞാനതില്‍ ഒരുപാട്‌ സന്തോഷിക്കുകയും ചെയ്‌തു. വാരികയില്‍ വരുന്ന നോവലിന്‌ ലേ ഔട്ടും ചിത്രങ്ങളും വളരെ പ്രധാനപ്പെട്ടതുതന്നെയാണ്‌.
മലപ്പുറത്തുള്ള ശ്രീധരന്‍ എന്നൊരു വായനക്കാരനെ മറക്കാന്‍ വയ്യ. ഞാനദ്ദേഹത്തെ ഇപ്പോഴും നേരില്‍ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ആത്മച്‌ഛായയെ സൂക്ഷ്‌മമായി വായിച്ചു. അങ്ങനെ പലരും. ഇ.പി. രാജഗോപാലന്‍ മാഷ്‌ കാസര്‍കോടോ മറ്റോ ഉള്ള ഏതോ പ്രാദേശിക ചാനലിലെ അദ്ദേഹത്തിന്റെ പരിപാടിയില്‍ ആത്മച്‌ഛായയുടെ ഉള്ളറിഞ്ഞ്‌ സംസാരിച്ചത്‌ ആരോ യൂട്യൂബില്‍ കണ്ട്‌ എനിക്കയച്ചുതന്നു. അപ്പോഴേക്കും ആ പ്രോഗ്രാം ടിവിയില്‍ വന്ന്‌ മാസങ്ങള്‍ കഴിഞ്ഞിരുന്നു. കൃതിയെ മനസിലാക്കിയ ഒരു നിരൂപണമായിരുന്നു അത്‌. ഒരുപാട്‌ സന്തോഷം തോന്നി. മറ്റാരെങ്കിലുമൊക്കെ ആത്മച്‌ഛായ വായിച്ച്‌ വല്ല വിമര്‍ശനമോ നിരൂപണമോ നടത്തിയോ എന്നെനിക്കറിയില്ല. ഞാന്‍ താമസിക്കുന്ന കൊല്‍ക്കത്തയില്‍ മലയാള പ്രസിദ്ധീകരണങ്ങള്‍ കിട്ടാറില്ല. ആരെങ്കിലുമൊക്കെ പറഞ്ഞറിയുന്നതാണ്‌ എന്റെ അിറവ്‌. മാതൃഭൂമി ബുക്‌സാണ്‌ പുസ്‌തകം പ്രസ്‌ദ്ധീകരിച്ചത്‌. രണ്ടു പ്രത്യേകതരം കവറോടെ ആത്മച്‌ഛായ പുറത്തുവന്നു. കൊല്‍ക്കത്തയില്‍വച്ച്‌ ഇപ്പോഴത്തെ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനു നല്‍കി എം.എ. ബേബി പ്രകാശനം നിര്‍വഹിച്ചു. കൊല്‍ക്കത്ത കൈരളി സമാജമാണ്‌ പ്രകാശനത്തിന്‌ വേദിയൊരുക്കിയത്‌. ടി.കെ. ഗോപാലനും പി. വേണുഗോപാലനുമടങ്ങുന്ന സംഘം എനിക്ക്‌ പിന്തുണയായി.
ആത്മച്‌ഛായ എന്താണെനിക്ക്‌ നല്‍കിയത്‌ എന്നുചോദിച്ചാല്‍ അത്‌ വിദൂരമായ ഒരോര്‍മ മാത്രമാണെന്ന്‌ ഞാനിപ്പോള്‍ പറയും. കാരണം, ആ കാലം എന്നില്‍നിന്നും അകന്നുപോയിരിക്കുന്നു. ആ നോവലെഴുത്തുകാലത്തെ സംബന്ധിച്ച വിദൂരമായ ഒരോര്‍മ, അതുമാത്രമേ ഇന്ന്‌ എന്റെയുള്ളില്‍ ബാക്കിയുള്ളൂ. അന്ന്‌ ഞാന്‍ പാലക്കാടായിരുന്നു താമസം. ഒരു കൊച്ചുമുറിയില്‍ ഒരുപാട്‌ അസൗകര്യങ്ങളെ സൗകര്യങ്ങളാക്കി ഞാനത്‌ എളിയ രീതിയില്‍ നിര്‍വഹിച്ചു.
വാസ്‌തവത്തില്‍ ആദ്യത്തെ കൂട്ടുകാരന്‍ ചിത്രകാരന്‍ ഭാഗ്യനാഥാണ്‌. അദ്ദേഹം വരച്ച ഓരോ പടവും എനിക്ക്‌ നോവല്‍ വീണ്ടും വീണ്ടും വെട്ടിയൊതുക്കി വാരികയ്‌ക്ക് അയക്കാന്‍ പ്രോത്സാഹനവും പ്രേരണയും നല്‍കി. ഇപ്പോള്‍ രണ്ട്‌ വര്‍ഷത്തോളമാകുന്നു ആ നോവലെഴുതി തീര്‍ത്ത്‌ അത്‌ പുസ്‌തകമായി വന്നിട്ട്‌. പക്ഷേ, ആത്മച്‌ഛായയുടെ ശരിയായ വായനകള്‍ നടന്നിട്ടില്ലെന്ന്‌ തോന്നുന്നു. ഇനിയും പലരും വായിക്കാനുണ്ട്‌. വായിച്ച്‌ ഗുണദോഷവിചിന്തനം നടത്താനുണ്ട്‌. ശരിതെറ്റുകള്‍ വിലയിരുത്താനുണ്ട്‌. ഞാന്‍ കാത്തിരിക്കുന്നു. ഈ പുസ്‌തകത്തെ കുറിച്ച്‌ കൂടുതല്‍ വായനകളും, റിവ്യൂകളുമുണ്ടാകണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നുണ്ട. അതിനുശേഷം മാത്രം അടുത്ത നോവല്‍ എന്ന അധ്വാനം.

എം.എ. ബൈജു

Ads by Google
Sunday 02 Jul 2017 02.15 AM
YOU MAY BE INTERESTED
TRENDING NOW