Sunday, April 22, 2018 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 10.15 PM

'ഇമ്മിണി ബല്യ' ഒരാള്‍

uploads/news/2017/07/123824/b1.jpg

ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്‌ഢികളും ആനക്കാരും പ്രണയിനികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞുതരുന്നു.
1908 ജനുവരി 21 ന്‌ വൈക്കത്തിനടുത്ത്‌ തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കൈനോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ്‌ പേപ്പര്‍ ഏജന്റ്‌...
യാചകന്റെ കൂടെയും കുബേരന്റെ അതിഥിയായും ജീവിച്ചു.
സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി... ഇനി എത്ര എത്ര വിശേഷണങ്ങള്‍. ഇതിനെല്ലാമുപരി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി. അതായിരുന്നു ബഷീര്‍. ഈ പ്രപഞ്ചത്തിലെ സമസ്‌ത ജീവജാലങ്ങളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു.

ഗാന്ധിജിയെ തൊട്ട ബഷീര്‍

ബഷീര്‍ വൈക്കം സ്‌കൂളില്‍ ഫോര്‍ത്ത്‌ ഫോമില്‍ പഠിക്കുന്ന കാലത്താണു ഗാന്ധിജി വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയത്‌. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്ന്‌ ഒളിച്ചോടിയതാണു ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. "ഗാന്ധിജിയെതൊട്ട എന്ന കണ്ടോളിന്‍ നാട്ടാരെ..." എന്നു അഭിമാനത്തോടെ പറഞ്ഞ ബഷീര്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തു ചാടി.
1930- ല്‍ കോഴിക്കോട്ട്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. ഫിഫ്‌ത്ത്‌ ഫോമില്‍ പഠിക്കുമ്പോള്‍ നാടുവിട്ട ബഷീര്‍ ഒമ്പതുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഒരെഴുത്തുകാരനാകാന്‍ ബഷീറിനെ സഹായിച്ച യാത്രയായിരുന്നു അത്‌.

ബഷീര്‍ സാഹിത്യം

1930- കളില്‍ ഉജ്‌ജീവനത്തിലെഴുതിയ തീപ്പൊരിലേഖനങ്ങളാണ്‌ ബഷീറിന്റെ ആദ്യകാല കൃതികള്‍. "പ്രഭ" എന്ന തൂലികാനാമമാണ്‌ അന്ന്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. പത്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേരള"യില്‍ പ്രസിദ്ധീകരിച്ച "തങ്കം" ആണ്‌ ആദ്യം പ്രസിദ്ധീകരിച്ച കഥ. കരുത്തിരുണ്ട്‌ വിരൂപിയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ കഥയാണു തങ്കം. കൊല്ലം കസബ പോലീസ്‌ ലോക്കപ്പില്‍വച്ച്‌ എഴുതിയ കഥകളാണ്‌ ടൈഗര്‍, കൈവിലങ്ങ്‌, ഇടിയന്‍ പണിക്കര്‍, എന്നിവ. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണു "പ്രേമലേഖനം" എന്ന ആദ്യനോവല്‍ എഴുതിയത്‌. പില്‍ക്കാലത്ത്‌ ഈ അനുഭവം മതിലു(1965)കളായി പുനരവതരിച്ചു.
1944 - ല്‍ ബാല്യകാലസഖി പുറത്തുവന്നു. കഥാബീജം (നാടകം), ജന്മദിനം (ചെറുകഥ), പാത്തുമ്മയുടെ ആട്‌, ആനവാരിയും പൊന്‍കുരിശും, അനുരാഗത്തിന്റെ നിഴല്‍, സ്‌ഥലത്തെ പ്രധാന ദിവ്യന്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ഭൂമിയുടെ അവകാശികള്‍... എന്നിങ്ങനെ നീളുന്നു ബഷീറിന്റെ കൃതികള്‍. എട്ടുകാലി മമ്മൂഞ്ഞ്‌, പൊന്‍കുരിശ്‌ തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, കൊച്ചുത്രേസ്യാ, പാത്തുമ്മ, അബ്‌ദുള്‍ഖാദര്‍, ശിങ്കിടിമുങ്കന്‍ തുടങ്ങിയ എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണു ബഷീര്‍ സാഹിത്യം സമ്മാനിച്ചത്‌.

സകല ചരാചരങ്ങളെയും സ്‌നേഹിച്ച ബഷീര്‍

ബേപ്പൂരില്‍ ബഷീര്‍ സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ പറമ്പില്‍ ഭൂമിമലയാളത്തിലുള്ള സര്‍വമരങ്ങളും വച്ചുപിടിപ്പിച്ചു. കൂട്ടത്തില്‍ വിദേശികളും ഉണ്ടായിരുന്നു. അതിലൊന്നാണ്‌ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാങ്കോസ്‌റ്റൈന്‍.
തന്റെ പറമ്പില്‍ വൃക്ഷലതാദികള്‍ക്കു പുറമെ കാക്കകള്‍, പരുന്തുകള്‍, പശുക്കള്‍, ആടുകള്‍, കോഴികള്‍, പൂച്ചകള്‍, പൂമ്പാറ്റകള്‍, തീരുന്നില്ല... അണ്ണാനുകള്‍, വവ്വാലുകള്‍, കീരികള്‍, കുറുക്കന്മാര്‍, എലികള്‍... നീര്‍ക്കോലി മുതല്‍ മൂര്‍ഖന്‍ പാമ്പുകള്‍ വരെയുള്ളവയെയും ജീവിക്കാന്‍ അനുവദിച്ചു. ഇവയെല്ലാം ഭൂമിയുടെ അവകാശികളാ യിരുന്നു. പട്ടാപ്പകല്‍പോലും കുറുക്കന്മാര്‍ ബഷീറിന്റെ അടുത്തു വരാറുണ്ടെന്ന്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.
കരിന്തേളിനെപ്പോലും കൊല്ലാന്‍ അനുവദിക്കാത്ത ബഷീറിന്റെ ഉമ്മയുടെ നന്മയുടെ പൈതൃകം പ്രസിദ്ധമത്രേ. കാരണം അതും അല്ലാഹുവിന്റെ സൃഷ്‌ടിയത്രേ.
ബഷീറിന്‌ ചെടികളും പൂക്കളും സംഗീതവും എന്നും ഇഷ്‌ടമായിരുന്നു. എവിടെച്ചെന്നാലും എവിടെച്ചെന്നാലും അത്‌ ജയിലായാലും പോലീസ്‌ സ്‌റ്റേഷനായാലും താന്‍ കഴിഞ്ഞുകൂടുന്നിടത്ത്‌ പൂച്ചെടികളും പൂമിറ്റവും ബഷീറുണ്ടാക്കുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജീവിതകാലത്താണ്‌ ഇന്ത്യന്‍ സാഹിത്യത്തിന്‌ മനോഹരമായ ഒരു കഥ ലഭിച്ചത്‌- മതിലുകള്‍. സെന്‍ട്രല്‍ ജയിലില്‍ ബഷീറിന്റെ ഹോബി പൂന്തോട്ടമുണ്ടാക്കലായിരുന്നു. ഒരു ചെടി നട്ടു പിടിപ്പിക്കുന്നത്‌ ഒരു പുണ്യകര്‍മമാണെന്നു ബഷീര്‍ വിശ്വസിച്ചിരുന്നു. വാടിത്തളര്‍ന്ന ചെടി, ദാഹിച്ചുവലഞ്ഞ പക്ഷി അല്ലെങ്കില്‍ മൃഗം, അതുമല്ലെങ്കില്‍ മനുഷ്യന്‌ ഒരിത്തിരി ദാഹജലം കൊടുത്ത്‌ ആശ്വസിപ്പിക്കുന്നത്‌ മഹത്തായ ഈശ്വര പൂജ തന്നെയാണെന്ന്‌ ബഷീര്‍ കരുതിയിരുന്നു.

ബഷീര്‍ കൃതികളിലെ പാരിസ്‌ഥിതിക ദര്‍ശനം

ഒമ്പതാം ക്ലാസിലെ "ഭൂമിയുടെ അവകാശികള്‍" എന്ന പാഠത്തില്‍ ബഷീറിന്റെ പരിസ്‌ഥിതി ബോധത്തെകുറിച്ചുള്ള ഒട്ടനവധി പരാമര്‍ശങ്ങളുണ്ട്‌. എല്ലായ്‌പ്പോഴും എല്ലാറ്റിന്റെയും കൂടെ ബഷീറുണ്ടായിരുന്നു. വെള്ളമൊഴിക്കാനുംവളമിടാനും മാത്രമല്ല എപ്പോഴും അവയോടൊക്കെ കിന്നാരം പറയാനും താലോലിക്കാനും അദ്ദേഹം കൂടെ നിന്നു.
ഏറെ വൈകിയാണു ബഷീര്‍ വിവാഹിതനായത്‌. 1958 - ല്‍ ഡിസംബര്‍ പതിനെട്ടിനായിരുന്നു വിവാഹം. ചെറുവണ്ണൂരിലെ കോയക്കുട്ടിമാസ്‌റ്ററുടെ മകള്‍ ഫാത്തിമ ബീവി എന്ന ഫാബിയായിരുന്നു ഭാര്യ. അനീസ്‌, ഷാഹിന എന്നിവര്‍ മക്കളാണ്‌.
1994 ജൂലൈ അഞ്ചിനു ഹാസ്യം കൊണ്ടും ജീവിതഅനുഭവങ്ങളുടെ കരുത്തുകൊണ്ടുംവായനക്കാരെ ചിരിപ്പിച്ചും കൂടെ കരയിപ്പിക്കുകയും ചെയ്‌ത ആ അനശ്വരസാഹിത്യകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു. 1982 - ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചു. മതിലുകള്‍, ബാല്യകാലസഖി, എന്നീ നോവലുകളും നീലവെളിച്ചം എന്ന കഥ (ഭാര്‍ഗവീനിലയം എന്ന പേരില്‍) യും സിനിമയാക്കിയിട്ടുണ്ട്‌.
വളരെകുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ എഴുത്തിലും ജീവിതത്തിലും കാട്ടിയിട്ടുള്ള ആത്മാര്‍ത്ഥത, ആര്‍ജവം, സത്യസന്ധത ഇവ കാരണം ബഷീര്‍ സാഹിത്യം മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

Ads by Google
Sunday 02 Jul 2017 10.15 PM
YOU MAY BE INTERESTED
TRENDING NOW