Tuesday, June 26, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 03.43 PM

എന്നും മുഴങ്ങുന്ന താരാട്ട്

uploads/news/2017/07/127609/Weeklyaanmanasu140717.jpg

ഇത്രയും യാന്ത്രികമായി ഞാന്‍ അന്നുവരെ സൈക്കിള്‍ ചവിട്ടിയിട്ടില്ല. ആ യാത്രയില്‍ എന്റെ ചിന്തകള്‍ക്ക് ശരവേഗം ആയിരുന്നു. അമ്മയുമായുള്ള ഓരോ ഓര്‍മയും തികട്ടി വന്നുകൊണ്ടിരുന്നു.

ഓര്‍മകളിലേക്ക് ഒന്ന് മടങ്ങിപ്പോയാല്‍ ഇന്നും മനസ്സിനെ കുത്തിനോവിക്കുന്നത് ഏതാണ്ട് 38 വര്‍ഷം മുമ്പുള്ള ഒരു സംഭവമാണ്. എനിക്കേറ്റവും പ്രിയപ്പെട്ട എന്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞു കോളേജില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ യാത്രചെയ്ത ആ രണ്ടര കിലോമീറ്റര്‍.

ഏകദേശം പത്തു മിനിട്ട്. സൈക്കിള്‍ താണ്ടിയ വീഥികളില്‍ അവ്യക്തമായി കണ്ട കാഴ്ചകളെക്കാള്‍ അമ്മയുടെ ഓര്‍മ്മകള്‍ ഇരുവശവും നിറഞ്ഞുനിന്ന ആ ഹ്രസ്വയാത്ര.

ഞാനന്ന് തിരുവല്ല മാര്‍ത്തോമാ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. അമ്മയ്ക്ക് ക്യാന്‍സര്‍ തിരിച്ചറിഞ്ഞ് രണ്ടാമത്തെ സര്‍ജറിയും കഴിഞ്ഞ് ആരോഗ്യനില അങ്ങേയറ്റം വഷളായ സമയം.

അപ്പോഴും അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ, വീട്ടിലെ ഇളയമകനായ എനിക്ക് അമ്മയുടെ മരണം അടുത്തു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. സാധാരണയായി എന്നും കോളേജില്‍ പോകാന്‍ നേരം, ഞാന്‍ അമ്മയോട് പറഞ്ഞിട്ടാണ് പോകുന്നത്. കവിളില്‍ ഒരു ഉമ്മയും കൊടുക്കും.

ഒപ്പം അമ്മ എന്നെ വിളിച്ചു എന്റെ കൈ പിടിച്ചു അമ്മയുടെ കയ്യില്‍ നുള്ളിക്കും. എന്റെ സാമീപ്യം അമ്മയ്ക്ക് തോന്നാന്‍. എന്നാല്‍ അന്ന് ഞാന്‍ തിരക്കില്‍ യാത്ര പറയാന്‍ മറന്നു, കയ്യില്‍ നുള്ളാനും.

ഒരുപക്ഷേ ദൈവത്തിനു തോന്നിയിട്ടുണ്ടാകും, അന്നും എന്റെ സാമീപ്യത്തിന്റെ ഊഷ്മളത, അമ്മയുടെ ജീവിതത്തോടുള്ള ആഗ്രഹത്തിന് അഗ്‌നി പകര്‍ന്നാലോ എന്ന്!

പതിവുപോലെ അന്ന് സൈക്കിളില്‍ കോളേജില്‍ എത്തി. ഉച്ചകഴിഞ്ഞു മൂന്നുമണി ആയിക്കാണും. ക്ലാസ്സിന്റെ നിശബ്ദതയിലേക്ക് ഒരു കാറിന്റെ നേര്‍ത്ത ഇരമ്പല്‍. ഒന്നാം നിലയിലെ ക്ലാസ് റൂമില്‍ ഇരുന്ന എന്റെ മനസ്സിലേക്ക് പതിവില്ലാതെ ആ ശബ്ദം ഒരു നൊമ്പരമായ് തുളച്ചുകയറി.

മിനിട്ടുകള്‍ക്കകം പ്യുണ്‍ വന്നു ടീച്ചറിനോട് എന്തോ പറഞ്ഞു. ടീച്ചര്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. എന്റെ കസിന്‍സ് ആണ് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്. അമ്മയ്ക്ക് അസുഖം കൂടുതലാണത്രേ. കാറില്‍ പോകാമെന്ന് അവര്‍ പറഞ്ഞെങ്കിലും, ഞാന്‍ സൈക്കിളില്‍ വന്നേക്കാമെന്ന് പറഞ്ഞു സൈക്കിളില്‍ വീട്ടിലേക്കു തിരിച്ചു.

ഇത്രയും യാന്ത്രികമായി ഞാന്‍ അന്നുവരെ സൈക്കിള്‍ ചവിട്ടിയിട്ടില്ല. ആ യാത്രയില്‍ എന്റെ ചിന്തകള്‍ക്ക് ശരവേഗം ആയിരുന്നു. അമ്മയുമായുള്ള ഓരോ ഓര്‍മയും തികട്ടി വന്നുകൊണ്ടിരുന്നു.

ഒപ്പം, മരണത്തെ അടുത്തറിയാന്‍ പോകുന്നു എന്ന സത്യവും മെല്ലെ മനസ്സിലേക്ക് കയറിവന്നു. വീട്ടില്‍ ചെന്നപ്പോള്‍ ആള്‍ക്കൂട്ടം. നിശ്ചലമായി വീടിന്റെ ഉമ്മറത്ത് കിടക്കുന്ന അമ്മയെ കണ്ടിട്ടും ഞാന്‍ കരഞ്ഞില്ല. മനസ്സിന്റെ ഉള്ളില്‍ ഒരു നെരിപ്പോട് ബാക്കിവച്ച് അമ്മ അകന്നകന്നു പോകുകയായിരുന്നു.

പിന്നീട് ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയ 'സമ്മാനം' എന്ന സിനിമയുടെ സെറ്റില്‍ കവിയൂര്‍ രേണുക ഭര്‍ത്താവിന്റെ മരണം അറിയുന്ന ഒരു സീന്‍ ഉണ്ട്. മുന്‍പ് എഴുതിവച്ചപോലെ പൊട്ടിക്കരയേണ്ട ഒരു സീന്‍ ആണ് അത്. ഞാന്‍ പറഞ്ഞു, കരയരുത്.

ഒരിക്കലും പ്രിയപ്പെട്ടവര്‍ നഷ്ടപെട്ടു പോകുന്ന വാര്‍ത്ത അറിയുമ്പോള്‍ പൊട്ടിക്കരയരുത്. കാരണം, അങ്ങനെയുള്ള വേര്‍പാടുകള്‍ ഉള്‍ക്കൊള്ളാന്‍ കുറച്ചു സമയം വേണ്ടിവരും.

ആ സമയത്തെ ഞാന്‍ അന്ന് സ്‌കൂളില്‍ നിന്ന് സൈക്കിളില്‍ വീടുവരെ യാത്ര ചെയ്ത സമയവുമായി ചേര്‍ത്തുവച്ചു. ജീവിതത്തില്‍ പകരംവെക്കാനാവാത്ത, മറ്റൊരിക്കലും അനുഭവിക്കാത്ത തീവ്രമായ വേദനയുടെയും നൊമ്പരത്തിന്റെയും ആ രണ്ടര കിലോമീറ്റര്‍ യാത്ര.

തയ്യാറാക്കിയത് :
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW