Tuesday, June 26, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.20 AM

റോജര്‍ ഫെഡറര്‍ക്ക്‌ എട്ടാം വിമ്പിള്‍ഡണ്‍ കിരീടം

uploads/news/2017/07/128255/1.jpg

ലണ്ടന്‍: എട്ട്‌ വിമ്പിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന ബഹുമതി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ക്ര?യേഷ്യയുടെ മാരിന്‍ സിലിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു ഫെഡറര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 6-1, 6-4. മത്സരം ഒരു മണിക്കൂര്‍ 41 മിനിട്ട്‌ നീണ്ടു. സൂപ്പര്‍ താരത്തിന്റെ 19-ാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്‌.
കരിയറില്‍ ആദ്യമായി വിമ്പിള്‍ഡണ്‍ ഫൈനലില്‍ കളിക്കുന്ന സിലിചിന്‌ ഇടതു കാല്‍പാദത്തിനേറ്റ പരുക്കു തിരിച്ചടിയായി. രണ്ടാം സെറ്റിനിടെ അദ്ദേഹത്തിനു വൈദ്യസഹായം തേടേണ്ടിയും വന്നു. പരുക്കിന്റെ വേദനയിലും കന്നിക്കീരീടമെന്ന സ്വപ്‌നം തകര്‍ന്നതിലും ദുഃഖിതനായ സിലിച്‌ കണ്ണീരോടെയാണു കളം വിട്ടത്‌. വിമ്പിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും 35 വയസുകാരനായ ഫെഡറര്‍ സ്വന്തമാക്കി.
ലോക മൂന്നാം റാങ്കുകാരനായ ഫെഡറര്‍ പീറ്റ്‌ സാംപ്രാസ്‌, വില്യം റെന്‍ഷോ എന്നിവരുടെ ഏഴ്‌ വിമ്പിള്‍ഡണ്‍ കിരീടം എന്ന റെക്കോഡിനൊപ്പമായിരുന്നു ഇന്നലെ വരെ. ഒന്‍പത്‌ കിരീടം നേടിയ വനിതാ താരം മാര്‍ട്ടിന നവരത്തിലോവയാണ്‌ ഫെഡറര്‍ക്കു മുന്നിലുള്ളത്‌. 2012 ലാണ്‌ മുമ്പ്‌ ഫെഡറര്‍ വിമ്പിള്‍ണില്‍ ജേതാവായത്‌. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫെഡ്‌ എക്‌സ്പ്രസ്‌ കിരീടം നേടി. 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ വനിതാ താരം മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ റെക്കോഡ്‌ തകര്‍ക്കാന്‍ ഫെഡറര്‍ക്കു കാലം അനുമതി നല്‍കുമെന്ന വിശ്വാസത്തിലാണ്‌ ആരാധകര്‍. പുരുഷന്‍മാരില്‍ 14 ഗ്രാന്‍സ്ലാമുകള്‍ നേടിയ സ്‌പാനിഷ്‌ താരം റാഫേല്‍ നദാലാണ്‌ ഫെഡറര്‍ക്കു പിന്നിലുള്ളത്‌. ഗ്രാന്‍സ്ലാം വേട്ടക്കാരുടെ പട്ടികയില്‍ ഹെലന്‍ വില്‍സ്‌ മൂഡിക്കൊപ്പം നാലാം സ്‌ഥാനം പങ്കിടുകയാണ്‌ ഫെഡറര്‍. ഒരു സെറ്റ്‌ പോലും നഷ്‌ടപ്പെടാതെ കിരീടം നേടിയെന്ന അപൂര്‍വതും ഇത്തവണയുണ്ടായി. 1976 ല്‍ വിമ്പിള്‍ഡണ്‍ നേടിയ ബ്യോണ്‍ ബോര്‍ഗാണ്‌ ഇത്തരം നേട്ടത്തിന്‌ ഉടമയായ മറ്റൊരു താരം. ഫെഡററുടെ കരിയറിലെ 29-ാം ഗ്രാന്‍സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇന്നലെ.
തുടക്കം മുതല്‍ ഫോമിലാണെന്നു വ്യക്‌തമാക്കിയ ഫെഡറര്‍ക്കു മറുപടി നല്‍കാന്‍ സിലിച്‌ ഏറെ വിഷമിച്ചു. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും രണ്ട്‌ സെറ്റിന്റെ ലീഡ്‌ നേടാന്‍ ഫെഡററിനായി. മൂന്നാം സെറ്റിനു മുമ്പ്‌ സിലിച്‌ മെഡിക്കല്‍ ടൈം ഔട്ട്‌ എടുത്തു. ഇടതു പാദത്തില്‍ ബാന്‍ഡ്‌ എയ്‌ഡും പാഡും കെട്ടിയാണു സിലിച്‌ തുടര്‍ന്നു മത്സരിച്ചത്‌. സിലിച്‌ മത്സരം ഉപേക്ഷിക്കുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ക്ര?യേഷ്യന്‍ താരം തുടരുകയായിരുന്നു.
2014 ലെ യു.എസ്‌. ഓപ്പണ്‍ ചാമ്പ്യനാണ്‌ സിലിച്‌. ഗൊരാന്‍ ഇവാനിസെവികിനു ശേഷം വിമ്പിള്‍ഡണ്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ക്ര?യേഷ്യന്‍ താരവുമാണ്‌. 2001 ലെ ജേതാവായിരുന്നു ഗൊരാന്‍ ഇവാനിസെവിക്‌. സിലിച്ചിനെതിരേ നടന്ന എട്ട്‌ കളികളില്‍ ഏഴിലും ഫെഡറര്‍ ജയിച്ചു. കഴിഞ്ഞ സീസണിലെ വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലും ഫെഡറര്‍ സിലിചിനെ തോല്‍പ്പിച്ചിരുന്നു. കിരീടം നേടിയതോടെ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഫെഡറര്‍ വ്യക്‌തമാക്കി. അടുത്ത സീസണിലും വിമ്പിള്‍ഡണില്‍ കളിക്കണമെന്നു മോഹമുണ്ടെന്നും സൂപ്പര്‍ താരം പറഞ്ഞു.
ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ടെന്നീസ്‌ കളിക്കണമെന്നാണ്‌ ആഗ്രഹമെന്നും ഫെഡറര്‍ പറഞ്ഞു. ഫെഡററുടെ കിരീട നേട്ടം കാണാന്‍ ഭാര്യ മിര്‍ക, ഇരട്ടക്കുട്ടികളായ ലെന്നി റോസ്‌, മൈലാ റോസ്‌, ചാര്‍ലെ, ലിയോ എന്നിവരും ഗ്യാലറിയിലുണ്ടായിരുന്നു. കിരീട നേട്ടം കുടുംബത്തിനു സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ച ഫെഡറര്‍ കണ്ണീരില്‍ കുതിര്‍ന്ന ചിരിയോടെയാണു കിരീടം ഏറ്റുവാങ്ങിയത്‌. വിമ്പിള്‍ഡണ്‍ ഫൈനല്‍ കാണാന്‍ ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കേറ്റും നടന്‍മാരായ ഹ്യു ഗ്രാന്റ്‌, ബ്രാഡ്‌ലി കൂപ്പര്‍ എന്നിവരും അടക്കം വമ്പന്‍മാരെത്തിയിരുന്നു. പുരുഷ ഡബിള്‍സില്‍ പോളണ്ടിന്റെ ലൂകാസ്‌ കുബോത്‌ - ബ്രിട്ടന്റെ മാഴ്‌സലോ മെലോ സഖ്യം കിരീടം നേടി. ഒലിവര്‍ മാറാഷ്‌- മാറ്റെ പാവിക്‌ ജോഡിയെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 5-7, 7-5, 7-6(2), 3-6, 13-11. നാലു മണിക്കൂര്‍ 39 മിനിട്ട്‌ കൊണ്ടാണു മത്സരം അവസാനിച്ചത്‌. അവസാന സെറ്റില്‍ ഫ്‌ളഡ്‌ലൈറ്റ്‌ വെളിച്ചത്തിലാണു നടന്നത്‌.
റഷ്യയുടെ ഏകത്രീന മകറോവ- യെലേന വെസ്‌നീന സഖ്യമാണു വനിതാ ഡബിള്‍സ്‌ കിരീടം നേടിയത്‌. തായ്‌വാന്റെ ഹാവോ ചിങ്‌ ചാന്‍- റൊമാനിയയുടെ മോണിക നികുലെസു ജോഡിയെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-0, 6-0. മകറോവ - വെസ്‌നീന സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ (2013), യു.എസ്‌. ഓപ്പണ്‍ (2014) ഗ്രാന്‍സ്ലാമുകള്‍ നേടിയിട്ടുണ്ട്‌.
2015 ലെ വിമ്പിള്‍ഡണ്‍ റണ്ണര്‍ അപ്പായിരുന്നു മകറോവ - വെസ്‌നീന സഖ്യം. സ്‌പെയിന്റെ ഗാര്‍ബിന മുഗുറൂസ വനിതാ സിംഗിള്‍സ്‌ കിരീടം നേടിയിരുന്നു. യു.എസിന്റെ മുന്‍ ചാമ്പ്യന്‍ വീനസ്‌ വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു.

Ads by Google
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW