തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനായി കൊണ്ടുവന്ന പുനഃരുദ്ധാരണ പാക്കേജ് കോര്‍പ്പറേഷനെ വീണ്ടും കട്ടപ്പുറത്തേക്കു നയിക്കുന്നു. മെക്കാനിക്കല്‍, ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങളെ മാത്രം വരിഞ്ഞുകെട്ടി മറ്റു വിഭാഗക്കാരെ കയറൂരി വിട്ടതാണു പ്രതിസന്ധിക്കു കാരണം.
സിംഗിള്‍ ഡ്യൂട്ടി സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതോടെ കെ.എസ്.ആര്.ടി.സിയുടെ വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി കുറഞ്ഞു.
സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ പിന്‍വലിച്ച റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകളുടെയും സമാന്തര സര്‍വീസുകളുടെയും വരുമാനത്തില്‍ കാര്യമായ വര്‍ധനയാണ് ഈ ദിവസങ്ങളിലുണ്ടായത്.
ദേശസാല്‍കൃത റൂട്ടുകളിലെ പാരലല്‍, കോണ്ട്രാക്റ്റ് കാര്യേജ് സര്‍വീസുകളെ നിയന്ത്രിക്കാതെ കെ.എസ്.ആര്.ടി.സി ബസുകളെ പിന്‍വലിച്ച നീക്കം ദുരൂഹമാണ്. കളക്ഷന്‍ കുറവിന്റെ പേരില്‍ ഗ്രാമീണ മേഖലകളിലെ പല സര്‍വീസുകളും നിര്‍ത്തിയിരുന്നു. മുന്‍പ് 7,000 രൂപയില്‍ കുറവുള്ള ബസുകള്‍ പുനഃക്രമീകരിക്കാനായിരുന്നു നിര്‍ദേശം. ഇത് പല റൂട്ടുകളിലും കെ.എസ്.ആര്.ടി.സിയുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം 8,000 രൂപയില്‍ കുറവുള്ള റൂട്ടികളിലെ സര്‍വീസ് പുനഃക്രമീകരിക്കണമെന്ന പുതിയ നിര്‍ദേശമാണ് വന്നത്.
കെ.എസ്.ആര്.ടി.സി. ചീഫ് ഓഫീസിലെയും ഡിപ്പോകളിലെയും ചില ജീവനക്കാര്‍ക്കു സ്വകാര്യ ബസുകളുമായുള്ള ബന്ധം അങ്ങാടിപ്പാട്ടായിട്ടും ഇക്കാര്യം അന്വേഷിച്ചിട്ടില്ല. ബിനാമി പേരില്‍ ചീഫ് ഓഫീസിലെ ചിലര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നുള്ളത് ജീവനക്കാര്‍ തന്നെ ഉന്നയിക്കുന്ന ആരോപണമാണ്. ഇവരുടെ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍നിന്ന് കെ.എസ്.ആര്.ടി.സി. ബസുകള്‍ വ്യാപകമായി പിന്‍വലിച്ചിരിക്കുകയാണ്. ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് സ്വകാര്യ ബസുടമകളുമായി അടുത്ത ബന്ധമാണുള്ളത്.
ഇയാളെ സഹായിക്കാനെന്ന പേരില്‍ തലസ്ഥാന നഗരിയിലെ ഡിപ്പോയില്‍നിന്ന് ഒരു ജീവനക്കാരനെ ചീഫ് ഓഫീസിലേക്കു മാറ്റിയിട്ടുണ്ട്. ഈ നിയമത്തെക്കുറിച്ചു സി.എം.ഡിയോ മന്ത്രിയോ അറിഞ്ഞിട്ടുമില്ല.
സ്റ്റിയറിങ് ഡ്യൂട്ടി തികയ്ക്കാന്‍ യാത്രക്കാരില്ലെങ്കിലും 30-40 കിലോമീറ്റര്‍ അധികമായി ബസുകളോടിച്ച് നഷ്ടത്തിന്റെ കണക്ക് പെരുപ്പിച്ചു കാട്ടുകയാണ് സ്വകാര്യ ബസുകളുമായി ബന്ധമുള്ള ജീവനക്കാര്‍. 220 മുതല്‍ 260 കിലോ മീറ്ററുകള്‍ മാത്രമാണ് ദീര്‍ഘ ദൂരമല്ലാത്ത സ്വകാര്യ ബസുകള്‍ ശരാശരി സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്.ടി.സിക്കാകട്ടെ ഇത് 300 കിലോ മീറ്ററിനു മുകളിലാണ്.
40 ലിറ്റര്‍ ഡീസല്‍ അധികമായി ഇതിനുവേണ്ടി വരുന്നു. ഇതിന് അനുസരിച്ചുള്ള തുക ലഭിക്കുന്നുമില്ല. ഇതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ സി പൂളിലേക്ക് മാറുകയും കൂടുതല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്യും. കളക്ഷന്‍ മാനദണ്ഡമാക്കി സര്‍വീസുകളെ എ,ബി,സി പൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കു താല്പര്യമില്ലാത്ത സര്‍വീസുകളെ സിപൂളില്പ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.
ഇതോടെ ഇത്തരം സര്‍വീസുകളെക്കുറിച്ചു മുകളില്‍നിന്നുള്ള ചോദ്യം ഒഴിവാകും. സി പൂളിന്റെ പേരില്‍ നഷ്ടത്തിന്റെ പട്ടികയില്‍പ്പെടുത്തി സ്ഥിരമായി ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന റുട്ടുകളിലെ സ്വകാര്യ ബസുകളും ഡിപ്പോ ജീവനക്കാരും തമ്മിലുള്ള ബന്ധവും അന്വേഷണവിധേയമാക്കിയിട്ടില്ല. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതോടെ പ്രധാന സ്റ്റോപ്പുകളിലും ഡിപ്പോകളിലും കെ.എസ്.ആര്.ടി.സി. ബസിനു യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിടാനുള്ള അനുവാദമില്ലാതെയായി. ഇതോടെ ബൈ റൂട്ടുകളില്‍നിന്നു വരുന്ന യാത്രക്കാരെ സ്വകാര്യ ബസുകള്‍ കൊണ്ടുപോകുകയാണ്.
ചീഫ് ഓഫീസ് മുതല്‍ ഡിപ്പോതലം വരെയുള്ള ജീവനക്കാരെ പുനര്വിന്യസിക്കാത്തതും തിരിച്ചടിയാകുന്നു. ഡി.ടി.ഒമാര്‍ക്കു കൂടുതല്‍ ചുമതല കൊടുത്താല്‍ സോണല്‍ ഓഫീസര്‍മാരെ കൂടുതല്‍ കാര്യക്ഷമമായ വിഭാഗങ്ങളിലേക്കു നിയമിക്കാനാകും. വന്‍തുക നല്കി പുറത്തുനിന്നു പുതിയ വകുപ്പുതലവന്മാരെ നിയമിക്കുന്നത് ഒഴിവാക്കാനുമാകും. കാര്യമായ ജോലി ഇല്ലാതെ ഡി.ടി.ഒ. അസിസ്റ്റന്റ്മാരെന്ന പേരില്‍ നിയോഗിക്കപ്പെട്ടവരെയുംമറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയമിക്കാനാകും. ഇതുമൂലം പ്രതിമാസം വന്‍തുക ലാഭിക്കാമെന്നിരിക്കെ പുനഃരുദ്ധാരണ പാക്കേജില്‍ ഇവയൊന്നും പരിഗണിച്ചിട്ടേയില്ല. പ്രതിദിന കളക്ഷന്‍ ബാങ്കുളിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോകുന്നതു പലപ്പോഴും സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ്. ഡിപ്പോയില്‍നിന്ന് അകലെയുള്ള ഇടങ്ങളിലേക്ക് ഇങ്ങനെ ബസുകള്‍ ഓടിക്കുന്നതും അധികച്ചെലവാണ്.
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന കമ്പ്യൂട്ടറുകള്‍ ഒട്ടുമിക്ക ഡിപ്പോകളിലും പൊടിപിടിച്ച് വെറുതേ ഇരിക്കുകയാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയാല്‍ ക്ലറിക്കല്‍ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് പുനര്വിന്യസിക്കാനുമാകും. കെടുകാര്യസ്ഥത ഒഴിവാക്കാതെയുള്ള പരിഷ്ക്കാരങ്ങള്‍ സര്‍വീസുകളെ നഷ്ടത്തിലാക്കാനെ ഉപകരിക്കൂവെന്നാണു വിദഗ്ധാഭിപ്രായം.