Tuesday, June 26, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 04.00 PM

അഭിനയകലയുടെ കൊടുമുടി കയറിയ കറുത്ത സുന്ദരി

uploads/news/2017/07/128431/archnaactress170717.jpg

തുടര്‍ച്ചയായി രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ, ദക്ഷിണേന്ത്യയിലെ സ്മിതാ പാട്ടിലെന്ന് അറിയപ്പെട്ടിരുന്ന അര്‍ച്ചന, വലിയൊരു ഇടവേളയ്ക്കു ശേഷം കിണറിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...

ഒരിക്കലുമൊരു അഭിനേത്രിയാവില്ലെന്ന് തള്ളിപ്പറഞ്ഞപ്പോഴും ആ ആഗ്രഹത്തില്‍ ഉറച്ചു നിന്ന്, ബാലു മഹേന്ദ്ര എന്ന മാര്‍ഗ്ഗദര്‍ശം പിന്‍തുടര്‍ന്ന് അഭിനയകലയുടെ കൊടുമുടി ചവിട്ടിക്കയറിയ കറുത്ത സുന്ദരി.

വെല്ലുവിളികള്‍ ഏറ്റെടുത്ത്, തികച്ചും സ്വാഭാവികമായി കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുന്ന പ്രതിഭ. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഹിന്ദിയിലും ബംഗാളിയിലും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ദക്ഷിണേന്ത്യന്‍ താരം. നൃത്തവേദികളിലെ മായാലാവണ്യം.

നടി അര്‍ച്ചനയുടെ വിശേഷണങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല. 34 വര്‍ഷം മുമ്പ് മലയാളസിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അര്‍ച്ചന തന്മയത്വമുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ് അര്‍ച്ചന.

വലിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക്... ?


2007 നു ശേഷം ദീര്‍ഘമായൊരു ഇടവേളയെടുത്തു. നല്ല തിരക്കഥകള്‍ വരാതിരുന്നതാണ് കാരണം. ഇവിടുത്തെ ട്രെന്‍ഡ് വളരെ മോശമായിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന, കരുത്തേറിയ കഥാപാത്രങ്ങള്‍ കുറവായിരുന്നു.

പക്ഷേ ഒരിക്കലും വെള്ളിത്തിരയെ മിസ് ചെയ്തിട്ടില്ല. ശരിയായ തിരക്കഥ എന്നെത്തേടിയെത്തുമെന്നും അതിലൂടെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു.

നൃത്തവേദികളിലൂടെയാണ് അര്‍ച്ചനയെന്ന സുന്ദരിയെ കലാലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്, അല്ലേ?


അതെ.നൃത്തം എനിക്ക് ശരിക്കും ആവേശമാണ്. ഓരോ തവണ ചിലങ്ക കെട്ടിയാടുമ്പോഴും മനസ്സ് വികാരതീവ്രമാണ്. അത് വാക്കുകളില്‍ കൂടി വിശദീകരിക്കാനാവില്ല. അതേസമയം അതൊരു തീരാദുഃഖവുമാണ്.

ഒരു നര്‍ത്തകിയാകാനുള്ള എന്റെ മോഹം സാധിക്കാതെ ഇപ്പോഴും മനസ്സില്‍ കിടക്കുന്നു. സിനിമയിലെങ്കിലും അത്തരമൊരു കഥാപാത്രം കിട്ടാത്തത് തീര്‍ത്തും സങ്കടം തന്നെ.

ഐ ആം മാഡ്‌ലി ആന്‍ഡ് ബാഡ്‌ലി വാണ്ട് ടു ഡൂ എ ഡാന്‍സ് റോള്‍. പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല. സത്യത്തില്‍ ജീവിതത്തിലെ വലിയ നിരാശയാണത്.

ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ?


അന്ന് ഞാന്‍ ശരിക്കും ബ്ലാങ്കായിരുന്നു. ചുറ്റും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ശരിക്കും ഒരു ട്രാന്‍സ് മൂഡ്.

ജീവിതത്തെക്കുറിച്ചോ കരിയറിനെകുറിച്ചോ യാതൊരു ഐഡിയയും അക്കാലത്തുണ്ടായിരുന്നില്ല. നത്തിംഗ് വാസ് ഇന്‍ മൈ മൈന്‍ഡ്. പിന്നീട് എല്ലാം വന്നു സംഭവിക്കുകയായിരുന്നു.

വെള്ളിത്തിരയിലെത്തിയത്?


1984 ല്‍ പി.എന്‍. മേനോന്‍ സാറിന്റെ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെ. ഇറ്റ് ജസ്റ്റ് ഹാപ്പന്‍ഡ് എന്നു പറയാനാണ് എനിക്കിഷ്ടം.

കുഞ്ഞുനാള്‍ മുതല്‍ കലയോട് താത്പര്യമുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞിട്ടാവണം വീട്ടുകാര്‍ ആറാം ക്ലാസു മുതല്‍ നൃത്തം പഠിപ്പിച്ചത്.

കഥക്, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയൊക്കെ വേഗം എന്നിലേക്ക് അലിയിച്ചു ചേര്‍ത്തു. നല്ലൊരു നര്‍ത്തകിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതു നടന്നില്ല. വെള്ളിത്തിരയിലേക്ക് വളരെ ചെറുപ്പത്തില്‍, ഒന്‍പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് തന്നെ വന്നു ചേര്‍ന്നു. പിന്നീടതായി എന്റെ ലോകം.

അഭിനയത്തിലേക്ക് വേരുറപ്പിച്ചത്... ?


നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. എന്നെത്തേടി നല്ല കഥാപാത്രങ്ങള്‍ വന്നതോടെ അങ്ങനെയായിത്തീര്‍ന്നു.

ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും 1988ല്‍ ബാലു മഹേന്ദ്ര സാറിന്റെ വീട് എന്ന സിനിമയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് കിട്ടിയതോടെ എന്റെ ട്രാക്ക് ഏതുതരം സിനിമകളിലാണെന്ന് മനസ്സിലായി. അതിനു കാരണമായത് ഗുരുവും മാര്‍ഗ്ഗദര്‍ശിയുമൊക്കെയായ ബാലു സാറാണ്.

Ads by Google
Loading...
TRENDING NOW