Friday, July 20, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 22 Jul 2017 04.28 PM

'മാലാഖവിപ്ലവം' നല്‍കുന്ന പാഠങ്ങളും ബാക്കിപത്രവും

uploads/news/2017/07/129794/moonamkannujuly23.jpg

''സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍, നഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക് വിലങ്ങുകള്‍ മാത്രം'' എന്ന മാര്‍ക്‌സിയന്‍ ആപ്തവാക്യം പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ ലോകത്തിലെ അദ്ധ്വാനിക്കുന്ന ഓരോരുത്തരുടെയും മന്ത്രമാണ്. ഒരുമിച്ചുനിന്നാല്‍ എന്തും നേടാം എന്നതാണ് മാര്‍ക്‌സ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയെക്കുറിച്ച് അറിയില്ലെങ്കിലും ഈ മാര്‍ക്‌സിയന്‍ ആപ്തവാക്യം അറിയാത്തവരായി ആരുമുണ്ടാവില്ല. സംഘടിതശക്തി ക്ഷയിക്കുകയും അദ്ധ്വാനത്തിന് മുകളില്‍ പണം ആധിപത്യം നേടുകയും ചെയ്യുന്ന ഈ കാലത്ത് ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തൊഴിലാളിമന്ത്രം സ്മരിക്കാന്‍ ഒരു അവസരമുണ്ടായിരിക്കുന്നു. രണ്ടുദിവസം മുമ്പ് വിജയപഥത്തിലെത്തിയ നഴ്‌സുമാരുടെ സമരമാണ് ആ ഓര്‍മ്മപുതുക്കലിന് വഴിവച്ചിരിക്കുന്നത്.

നഴ്‌സുമാരുടെ സമരം നമ്മുടെ സമൂഹത്തിന് നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്. രാഷ്ട്രീയത്തിനും പണത്തിനും മുകളില്‍ സംഘടിതശക്തിയുടെ വിജയമാണ് അവിടെ കണ്ടത്. മറ്റുതാല്‍പര്യങ്ങളൊന്നും സ്വാധീനം ചെലുത്താതിരുന്ന ഒരു ഗ്രൂപ്പിന്റെ നിശ്ചയദാര്‍ഡ്യത്തോടെ ഒറ്റക്കെട്ടായുള്ള പടപ്പുറപ്പാടാണ് അവരുടെ ആവശ്യത്തെ വിജയപഥത്തിലെത്തിച്ചത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍പ്പോലും ഒരു വിഷയത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ വിജയം.

ഇത് നഴ്‌സുമാരുടെ സംഘടനകളുടെ മാത്രമല്ല, ഭാവി എന്തായാലും ഇന്ന് നാം പൊരുതിയാലേ വരുംതലമുറകള്‍ക്ക് അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുകയുള്ളുവെന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഐക്യദാര്‍ഡ്യപ്രഖ്യാപനവും സമൂഹത്തിന്റെ മറ്റുതുറകളിലുള്ളവരുടെ ആത്മാര്‍ത്ഥപ്രാര്‍ത്ഥനയും സഹകരണവുമാണ് വന്‍ശക്തികളായ സ്വകാര്യ ആശുപത്രി ഉടമകളെ ഇവര്‍ക്കുമുന്നില്‍ മുട്ടുമടക്കാന്‍ പ്രേരിപ്പിച്ചത്.

രാഷ്ട്രീയതാല്‍പര്യത്തിന്റെ പേരില്‍ ഒരു വകുപ്പില്‍ തന്നെ ഒരേ പാര്‍ട്ടി രണ്ടും മൂന്നും സംഘടനകളുണ്ടാക്കുമ്പോഴായിരുന്നു നഴ്‌സുമാരുടെ ഒന്നിച്ചുനിന്നുള്ള പോരാട്ടം. അത്തരം കൂട്ടായ്മകളാണ് നമ്മുടെ തൊഴില്‍മേഖലയില്‍ ഉയര്‍ന്നുവരേണ്ടതും വിജയത്തിലേക്ക് പോകേണ്ടതും. രാഷ്ട്രീയം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അരാജകമാണെങ്കില്‍പ്പോലും ഇത്തരം കൂട്ടായ്മകളുടെ ആവശ്യം വര്‍ദ്ധിച്ചുവരികയുമാണ്. അതാണ് ഈ സമരം നല്‍കുന്ന സൂചന.

കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഇന്ന് കൂട്ടായ്മകളും പ്രതിരോധങ്ങളും പലേടത്തും ശക്തമായി ഉയര്‍ന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെന്നത് സത്യമാണ്. അടുത്തിടെ മദ്ധ്യപ്രദേശില്‍ നടന്ന കര്‍ഷകസമരത്തെ വിസ്മരിക്കുന്നില്ല. എന്നാലും നഴ്‌സുമാരുടെ സമരം വിജയിച്ചത് അത് കേരളത്തിലായതുകൊണ്ടുകൂടി മാത്രമാണ്.

കൂടാതെ, അത് ആരോഗ്യമേഖലയിലായതും പനി മനുഷ്യനെകൊല്ലുന്ന കാലത്തായതും വിജയത്തിന് വഴിവച്ച ഘടകങ്ങളില്‍ ചിലതാണ്. ഇന്ത്യയില്‍ തന്നെ നഴ്‌സുമാരുടെ സ്ഥിതി വളരെ മോശമാണ്. കേരളത്തിലാണ് അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത് കേരളത്തില്‍ മാത്രമാണ്. അവിടെയും സ്ഥിതി മോശമായതാണ് ഇവരെ സമരത്തിന്റെ പാതകളിലേക്ക് നയിച്ചത്.

ഡോക്ടര്‍മാര്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കുകയും സ്വകാര്യ ആശുപത്രികളുടെ മുഖമുദ്ര ചില ഡോക്ടര്‍മാര്‍ മാത്രമായി തീരുകയും ചെയ്യുമ്പോള്‍ ആ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് രോഗികളെ പരിചരിച്ച് ഡോക്ടര്‍മാര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ ഒരു പങ്ക് വഹിക്കുന്ന നഴ്‌സുമാരുടെ സ്ഥിതി ദയനീയമാണ്. സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും ഡോക്ടര്‍മാരുടെ വേതനത്തിനായി മാറ്റിവയ്‌ക്കേണ്ടിവരുന്നുവെന്നുവെന്നാണ് മാനേജുമെന്റുകളുടെ അഭിപ്രായം. അതുകൊണ്ടുതന്നെ മറ്റ് മേഖലകള്‍ക്ക് വേണ്ടത്ര വേതനം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ നിലപാട്.

അതുകൊണ്ടുതന്നെ ഈ വ്യവസ്ഥമാറ്റി ആശുപത്രികളില്‍ ഒരു വേതനാനുപാതം സൃഷ്ടിക്കണമെന്ന ആവശ്യം ശക്തവുമാണ്. ആസൂത്രണബോര്‍ഡ് മുന്‍ അംഗവും സി.എം.പി.(ജോണ്‍) നേതാവുമായ സി.പി. ജോണ്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് എത്ര വേതനം നല്‍കിയാലും പ്രശ്‌നമില്ല. അതിന് ആനുപാതികമായി നഴ്‌സുമാര്‍ക്കും മറ്റ് അനുബന്ധ ജീവനക്കാര്‍ക്കും വേതനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഇതിനായി അദ്ദേഹം യു.എസിലേയുംയൂറോപ്പിലെയും ഉദാഹരണങ്ങളും ഉന്നയിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഡോക്ടര്‍ക്ക് നല്‍കുന്ന വേതനത്തിന് ആനുപാതികമായി നഴ്‌സുമാര്‍ക്കും മറ്റും നല്‍കും. മാത്രമല്ല, പ്രൊഫഷണലി ക്വാളിഫൈഡ് ആയ നഴ്‌സുമാര്‍ക്ക് വിപുലമായ അധികാരങ്ങളുമുണ്ട്. വിദേശത്ത് നമ്മുടെ നഴ്‌സുമാര്‍ അധികമായി പോയിരുന്നതുതന്നെ അവിടെ ഈ വേതനാനുപാതമുണ്ടായിരുന്നതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ നഴ്‌സുമാര്‍ക്ക് വലിയ വേതനം ലഭിക്കുകയും ചെയ്തിരുന്നു.അത്തരത്തില്‍ വ്യവസ്ഥ ഇവിടെയും വരണം ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ എന്നതാണ് അഭിപ്രായം. അതുപോലെ ബി.എസ്‌സി നഴ്‌സുമാര്‍ക്ക് കുടുതല്‍ പ്രൊഫഷണല്‍ ജോലി നല്‍കി അവരുടെ തൊഴില്‍സാഹചര്യവും വര്‍ദ്ധിപ്പിക്കണമെന്നുമൊക്കെയാണ് ആവശ്യം. ഇതൊക്കെ നല്ലതാണ്.

എന്നാല്‍ ഡോക്ടര്‍കേന്ദ്രീകൃത ചികിത്സാസംവിധാനത്തിന് ഊന്നല്‍ നല്‍കുന്ന നമ്മുടെ നാട്ടില്‍ ഇത് പ്രാവര്‍ത്തികമാകുമോയെന്ന സംശയം ശക്തമാണ്. അതിന് ആരോഗ്യമേഖലയെ ഡോക്ടര്‍കേന്ദ്രീകൃതം എന്നതില്‍ നിന്ന് ആശുപത്രികേന്ദ്രീകൃതമാക്കണമെന്നും വാദമുയരുന്നുണ്ട്. ഇതൊക്കെ ചിന്തിക്കേണ്ടതാണ്. പ്രത്യേകിച്ചും ലോകപ്രശ്‌സ്തിനേടിയ ആരോഗ്യമേഖലയിലെ കേരളമോഡല്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഈ രംഗം ഇന്ന് വല്ലാത്ത ഭീഷണി നേരിടുകയുമാണ്.

മാലാഖവിപ്ലവത്തിന് വിജയപര്യവസാനമുണ്ടായി എന്നത് വസ്തുതയാണ്. അത് അവര്‍ അര്‍ഹിക്കുന്നതുമാണ്. നഴ്‌സിംഗ് സമൂഹത്തെപ്പോലെതന്നെയാണ് നമ്മുടെ പൊതുസമൂഹവും എന്നുകൂടി ഓര്‍ക്കണം. പൊതുജനാരോഗ്യമേഖലയെ ഇവിടെ സ്വകാര്യമേഖല വിഴുങ്ങിയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ നഴ്‌സുമാരുടെ വേതനഗ വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരില്‍ ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാവുന്നതില്‍ അധികമാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഇത് നമ്മുടെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധി ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതലാണ്. അതുമാത്രമല്ല, സാധാരണക്കാര്‍ക്ക് ഏറെ ആശ്രയിക്കാന്‍ കഴിയുന്ന ചെറിയ ആശുപത്രികള്‍ പൂര്‍ണ്ണമായി ഇല്ലാതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 22 Jul 2017 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW