Monday, July 16, 2018 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 04 Aug 2017 01.50 AM

ചിതയിലെ വെളിച്ചം

uploads/news/2017/08/133618/bft1.jpg

'രാമനാമം സത്യമാണ്‌' എന്നതാണു യുഗങ്ങളായുള്ള നമ്മുടെ ആശ്വാസം. ഹരിശ്‌ചന്ദ്രഘട്ടിലെ ആലിലകളുടെ മര്‍മരമാണിത്‌.
ഹരിശ്‌ചന്ദ്രന്‍ ശ്‌മശാന കാവല്‍ക്കാരനായി നാളുകള്‍ തള്ളിനീക്കിയ ഈ തീരത്തേക്ക്‌ നൂറുകണക്കിന്‌ മൈലുകള്‍ അകലെയുള്ള സ്‌ഥലങ്ങളില്‍നിന്നു പോലും ജീവനറ്റ ദേഹങ്ങളെത്തുന്നു.
ശ്‌മശാനഘട്ടത്തിലേക്ക്‌ ഓരോ വാഹനവും പ്രവേശിക്കുമ്പോള്‍ ദീനകണ്‌ഠങ്ങളില്‍നിന്നുള്ള രാമനാമജപത്താല്‍ ഗംഗാതീരം മുഖരിതമാകുന്നു.
ജനകോടികളുടെ ജീവിതത്തിലും മരണത്തിലും രാമനാമം തുണയാകുന്നുണ്ട്‌. നിലവിളക്കിന്റെ വെട്ടത്തിലും ചിതയുടെ വെളിച്ചത്തിലും അവര്‍ രാമചന്ദ്രനെത്തിരയുന്നു. വെറുതേയല്ല, ഗാന്ധിജി രാമരാജ്യത്തെക്കുറിച്ചു വിചാരംപൂണ്ടത്‌.
മൃതദേഹങ്ങളുടെ ശ്‌മശാനയാത്രകള്‍ ഗംഗാമാതാവിന്റെ മാറില്‍ അവസാനിക്കുമ്പോള്‍, പിടഞ്ഞുവീണ ആത്മാക്കള്‍ക്ക്‌ ഗംഗാധരനായ ശിവന്‍ തന്നെ ഗംഗാതീര്‍ഥം നല്‍കുന്നത്‌ മിന്നല്‍പ്പിണര്‍ പോലെ അകലെ ദൃശ്യമാകുന്നു.
ഒരു കരയില്‍ ജനങ്ങള്‍ എരിഞ്ഞുതീരുന്നു! മറുകരയില്‍ ജീവന്റെ പുതുനാളങ്ങള്‍ പൊട്ടിവിടരുന്നു! ഇതാണ്‌ മായാനാടകരംഗം!
ശ്‌മശാനഘട്ടങ്ങളിലെ മരച്ചില്ലകളില്‍ പറന്നുകളിക്കുന്ന കിളികള്‍ക്കു പാപപുണ്യങ്ങളുടെ രഹസ്യങ്ങളറിയാം.
സര്‍വ പാപനാശിനിയാണു ഗംഗ.
ഗംഗയില്‍ മണല്‍ത്തരികളില്ല. ചിതാഭസ്‌മധൂളികള്‍ നിറഞ്ഞ അടിത്തട്ടില്‍ കാലസമുദ്രത്തിലെ ചെറുയാനങ്ങള്‍ പോലെ മത്സ്യങ്ങള്‍ പ്രയാണം ചെയ്യുകയാണ്‌.
ശിവപാര്‍വതിമാര്‍ ഗംഗയാകുന്നു.
സീതയും രാമനും ഗംഗയാകുന്നു.
കൃഷ്‌ണനും രാധയും ഗംഗയില്‍ ജലരൂപമായി പരിണമിക്കുന്നു.
ഗംഗ ഹൈമവതിയാണ്‌. ഭഗീരഥയാണ്‌. ത്രിപഥയും ത്രിപഥഗാമിനിയുമാണ്‌.
തീരങ്ങളില്‍ നിശ്‌ചേഷ്‌ടരായി ജപിക്കുന്ന അഘോരികള്‍ ഒന്നേ പറയുന്നുള്ളു - സര്‍വ ഭൂതങ്ങള്‍ക്കും ഗതി ഗംഗ മാത്രമാണെന്ന്‌. ഒരു മനുഷ്യന്റെ അസ്‌ഥി എത്രകാലം ഗംഗയില്‍ കിടക്കുന്നുവോ അത്രകാലം അയാള്‍ സ്വര്‍ഗത്തില്‍ താമസിക്കുമെന്ന്‌ അഗ്നിപുരാണം.
പുതിയ കാലത്തിന്റെ മാലിന്യങ്ങളും ഗംഗയെ ബാധിക്കുന്നില്ല എന്നാണ്‌ കേള്‍ക്കുന്നത്‌. പരിസ്‌ഥിതി എന്‍ജിനീയറിങ്ങില്‍ ഗവേഷണം നടത്തുന്ന വിദഗ്‌ദ്ധരും ശാസ്‌ത്ര സാങ്കേതിക ഗവേഷണ കൗണ്‍സിലുമൊക്കെ ഗംഗാജലത്തിന്റെ പരിശുദ്ധി കെട്ടുകഥയല്ലെന്ന്‌ അടുത്തയിടെ കണ്ടെത്തി.
ഇന്നാട്ടിലെ ആയിരം പുഴകളുടെ ഓളങ്ങളിലും ഗംഗയുണ്ട്‌. യമുന, സിന്ധു, കാവേരി, സരസ്വതി നദികളെ സ്‌മരിച്ചുകൊണ്ട്‌ ഏത്‌ ഉറവയില്‍നിന്നു കൈക്കുമ്പിളില്‍ വെള്ളമെടുത്താലും അതില്‍ ഗംഗയുടെ പുണ്യം കലരുമെന്നാണ്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളായുള്ള വിശ്വാസം.
ആകാശത്തിന്റെ അഗ്രസ്‌ഥാനത്ത്‌ ഗംഗ എത്രയോ യുഗങ്ങള്‍ നിലകൊണ്ടു! ഇവിടെയായിരുന്നല്ലോ ഉത്താനപാദന്റെ പുത്രനായ ധ്രുവന്‍ തപസുചെയ്‌ത് വിഷ്‌ണുപദം പൂകിയത്‌. അതോടെ ഈ വിണ്‍തലം ധ്രുവമണ്ഡലമായി. ധ്രുവന്‍ ആകാശ നക്ഷത്രവുമായി.
ധ്രുവമണ്ഡലത്തെ സദാ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്ന സപ്‌തര്‍ഷികള്‍ ഗംഗയില്‍ സ്‌നാനംചെയ്യുന്നു. ഭഗീരഥന്‍ എന്ന സൂര്യവംശരാജാവിന്റെ പ്രയത്നഫലമായാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഗംഗ ഭൂമിയിലെത്തിയത്‌.
ഗംഗയുടെ വിശുദ്ധി രാമനുമുണ്ട്‌ എന്ന്‌ തുളസീദാസ രാമായണത്തില്‍ പറയുന്നു. പഞ്ചവടിയുടെ തീരങ്ങളിലൂടെയായിരുന്നു രാമന്റെ യാത്ര.
ഗംഗാതീരത്തെ വൃക്ഷശിഖരങ്ങളിലായിരുന്നല്ലോ ഇണപ്പക്ഷികള്‍ പ്രണയലീലകളാടിയതും അവയിലൊന്നിനെ കാട്ടാളന്‍ എയ്‌തുവീഴ്‌ത്തിയതും.
'മാ നിഷാദ' എന്ന കവിയുടെ ദുഃഖം അങ്ങിനെ ഗംഗാതീരത്തെയും ശോകാദ്രമാക്കി. ആദികാവ്യം മറ്റൊരു ഗംഗയായി ഒഴുകിത്തുടങ്ങുകയും ചെയ്‌തു.
വനവാസകാലത്ത്‌ ചിത്രകൂടത്തിലെത്തിയ രാമലക്ഷ്‌മണന്മാര്‍ക്ക്‌ ഗംഗ സ്വാഗതമരുളി. പൂമരങ്ങളും പൂവള്ളികളും നിറഞ്ഞ ഗംഗാതടം അവരുടെ മനം കുളിര്‍ച്ചിച്ചു. മന്ദാകിനിയായ ഗംഗയില്‍ അവര്‍ സ്‌നാനംചെയ്‌തു ക്ഷീണമകറ്റി.
ഭരതനും പരിവാരങ്ങളും രാമനെത്തേടി ചിത്രകൂടത്തിലാണ്‌ എത്തിയത്‌. പുല്‍മേടുകളില്‍ രാമന്റെ കാലടിപ്പാടുകള്‍ കണ്ട ഭരതന്‍ ദുഃഖഭാരത്തോടെ മുട്ടുകുത്തി, തേങ്ങിക്കരഞ്ഞു.
രാമനും സീതയും അകലേക്കു യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
മന്ദാകിനിയിലെ ഓളങ്ങളില്‍ ഭരതന്റെ തേങ്ങല്‍ ലയിച്ചുചേര്‍ന്നു.

Ads by Google
Friday 04 Aug 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW