Friday, July 20, 2018 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 06 Aug 2017 02.00 PM

ദൈവത്തിന്റെ സ്വന്തംനാടിനെ പിശാചിന്റെ ഭൂമിയാക്കാനുള്ള കൂലിപ്പടയുടെ തന്ത്രങ്ങള്‍

ഭയന്നോ, അല്ലെങ്കില്‍ സാമ്പത്തികനേട്ടമോ കണ്ടുകൊണ്ട് ഏകപക്ഷീയമായി വാര്‍ത്തനല്‍കുകയും അതില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നവരെ ഉള്‍പ്പെടുത്താതെയോ, അഥവാ ഉള്‍പ്പെടുത്തിയാല്‍ തന്നെ വായതുറക്കാന്‍ അനുവദിക്കുകയോ ചെയ്യാതെ മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ച നടത്തി ആത്മനിവൃതി അടയുന്ന അറവുകാരായി ദേശീയമാധ്യമങ്ങളിലെ ഈ മഹാന്മാര്‍ മാറിക്കഴിഞ്ഞു.
Moonamkannu

കേരളം ഇന്ന് ലോകത്തിന്റെ മുന്നില്‍ ദൈവത്തിന്റെ നാടല്ല, കഴിഞ്ഞ കുറച്ചുദിവസമായി ചില കൂലിപ്പട്ടാളങ്ങളുടെ പ്രചരണത്തില്‍ കേരളം പിശാചിന്റെ നാടായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ കൊലക്കളങ്ങള്‍ എന്നാണ് ചിലര്‍ ഇപ്പോള്‍ കേരളത്തെ വിശേഷിപ്പിക്കുന്നത്. ഇതിന് പിന്നിലുള്ള ലക്ഷ്യം എന്തെന്ന് രണ്ടുദിവസം മുമ്പ് ആര്‍.എസ്.എസിന്റെ ദേശീയ നേതാവിന്റെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ വ്യക്തമായി. ഇവിടെ ഇപ്പോള്‍ ഭരിക്കുന്ന ജനാധിപത്യസര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കണം. അതിനുള്ള പ്രചരണമാണ് വടക്കേ ഇന്ത്യയിലെ കൂലിപ്പട്ടാളത്തെകൊണ്ട് നടത്തിക്കുന്നത്.

മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇക്കാലത്ത് ഉയരുന്നുണ്ട്. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്കൂപുറത്ത് എന്ന് ആക്രോശിച്ചതോടെ ചര്‍ച്ചകള്‍ പലവഴിക്കും തിരിഞ്ഞു. കേരള മുഖ്യന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ചും നാം ചര്‍ച്ചചെയ്തു. പല നിരീക്ഷണ പ്രഭുക്കന്മാരും ഇതിന് പിണറായി വിജന് കണക്കറ്റു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതേ നാടിനെക്കുറിച്ച് രാജ്യത്താകമാനം പെയ്ഡ് വാര്‍ത്തകള്‍ നല്‍കുന്ന ദേശീയ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരെക്കുറിച്ച് നമ്മുടെ സമൂഹം വായ തുറക്കാതിരിക്കുന്നത് തീര്‍ത്തും അപലപനീയമെന്ന് മാത്രമല്ല, അപമാനവുമാണ്.

കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ച് എന്തൊക്കെ പരാതികളുണ്ടെങ്കിലും വാര്‍ത്തകളില്‍ ഒരുപരിധിവരെ നിഷ്പക്ഷതയും നീതിയും പുലര്‍ത്താന്‍ ഇന്നും മലയാള മാധ്യമങ്ങള്‍ തയാറാകുന്നുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടാംലോകമഹായുദ്ധത്തിന്റെ നായകനായ ഹിറ്റ്‌ലറുടെ വാര്‍ത്താവിനിമയ മന്ത്രി ഗീബല്‍സ് നടത്തിയ രീതിയാണ്. പണത്തിനും നിലനില്‍പ്പിനും വേണ്ടി ദേശീയമാധ്യമങ്ങള്‍ എന്ന് പറയുന്ന ഒരു കൂട്ടര്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കികൊണ്ട് കൊണ്ടുപിടിച്ച് പ്രചരണം നടത്തുകയാണ്.

മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നതിന് ആരും തടസമാവില്ല. ആര്‍.എസ്.എസ്. നേതാവിനെ സി.പി.എം. കൊലചെയ്താല്‍ അത് വലിയ വാര്‍ത്ത തന്നെയാണ്. പ്രത്യേകിച്ചും കേരളംപോലൊരു സ്ഥലത്ത്. എന്നാല്‍ അതിന്റെ പേരില്‍ കേരളത്തെ കൊലക്കളമാക്കുന്നതും മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചയും നടത്തുന്നത് നമ്മുടെ നാടിനെ അപമാനിക്കാനും മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കാനുമാണ്. പ്രത്യേകിച്ചും യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ മനുഷ്യനെ അടിമയേയും തെരുവ്‌നായയെക്കാളും മോശമായി തല്ലിക്കൊല്ലുന്നതിന് നേരെ കണ്ണടച്ചുകൊണ്ട് സാമ്പത്തികമായോ, അല്ലെങ്കില്‍ മറ്റെന്തിങ്കിലും നേട്ടമോ മുന്നില്‍കണ്ടിട്ട് നല്‍കുന്ന ഇത്തരം വാര്‍ത്തകളാണ് മാധ്യമങ്ങളെ സമൂഹദൃഷ്ടിയില്‍ മോശമാക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. വാര്‍ത്തകള്‍ നല്‍കുമ്പോള്‍, അതിനെ വലുതായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ വസ്തുതകള്‍ അന്വേഷിച്ച് മനസിലാക്കാനുള്ള ബാദ്ധ്യത മാധ്യമപ്രവര്‍ത്തകനുണ്ട്. അതിനാണ് അവര്‍ക്ക് പലതരത്തിലുളള സൗകര്യങ്ങള്‍ സമൂഹത്തില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഭയന്നോ, അല്ലെങ്കില്‍ സാമ്പത്തികനേട്ടമോ കണ്ടുകൊണ്ട് ഏകപക്ഷീയമായി വാര്‍ത്തനല്‍കുകയും അതില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നവരെ ഉള്‍പ്പെടുത്താതെയോ, അഥവാ ഉള്‍പ്പെടുത്തിയാല്‍ തന്നെ വായതുറക്കാന്‍ അനുവദിക്കുകയോ ചെയ്യാതെ മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ച നടത്തി ആത്മനിവൃതി അടയുന്ന അറവുകാരായി ദേശീയമാധ്യമങ്ങളിലെ ഈ മഹാന്മാര്‍ മാറിക്കഴിഞ്ഞു. ബ്രിട്ടീഷുകാരന്റെ ഭാഷയില്‍ അല്‍പ്പം പ്രാവീണ്യവും ഒരു മൈക്കും കാമറയുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യവുമാണ് ഇത്തരക്കാരെ മഥിക്കുന്നത്. ഇതിന് കുഴലൂത്ത് നടത്താതെ വസ്തുതകളിലേക്ക് വെളിച്ചം വീഴ്ത്താനായി കേരളത്തിലെ മാധ്യമങ്ങളെങ്കിലും ശ്രമിച്ചില്ലെങ്കില്‍ ചിലര്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ഈ അജണ്ട നമ്മുടെ നാടിനെ ആഗോളതലത്തില്‍ തന്നെ മോശമാക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് മറക്കാതിരിക്കുന്നത് നല്ലത്.

ഇത്തരം ഒരു പ്രചരണം എന്തിനാണെന്നത് രണ്ടുദിവസം മുമ്പ് പത്രസമ്മേളനവുമായി ആര്‍.എസ്.എസ്. നേതാവ് രംഗത്തുവന്നപ്പോഴാണ് വ്യക്തമാകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങളുടെ അധികാരം ഇവിടെ സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തന്ത്രത്തിന്റെ തുടക്കമാണിത്. ഇപ്പോള്‍ നടക്കുന്ന ഓരോ സംഭവങ്ങളും സൂക്ഷ്മമായ നിരീക്ഷിച്ചാല്‍ അതിന്റെ വഴികളും നമുക്ക് മനസിലാകും.

കേരളത്തില്‍ ഇടതുമുന്നണി നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തുടങ്ങിയ ഗൂഢാലോചന ഏകദേശം പര്യവസാനിക്കുന്ന ഘട്ടത്തിലാണെന്നാണ് കണക്കുകൂട്ടല്‍. വിജയാഘോഷം നടക്കുമ്പോള്‍ തന്നെ കണ്ണൂരില്‍ പിണറായിയില്‍ ബി.ജെ.പിക്കാര്‍ ആക്രമം അഴിച്ചുവിട്ടു. അതില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ പോലെ ഇത്രയും സൂക്ഷമസംവേദനക്ഷമതയുള്ള ഒരു ജില്ലയില്‍ ഒരു ചെറിയ തീപ്പൊരിക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ആഗ്നികുണ്ടം മനസില്‍ കണ്ടുകൊണ്ടുതന്നെയാണ് ഈ നീക്കം നടത്തിയത്. തുടര്‍ന്ന് അക്രമപരമ്പരകളായിരുന്നു. എതിര്‍പക്ഷത്തായിരുന്ന സി.പി.എം ആണ് ഇപ്പോള്‍ കൊലചെയ്തതില്‍ മുന്നില്‍ നില്‍ക്കുന്നതും. അതിനുശേഷം രാഷ്ട്രീയമൊന്നുമില്ലാതെ കാസര്‍കോഡ്, തൃശൂര്‍ തുടങ്ങി മറ്റ് ജില്ലകളിലും ആര്‍.എസ്.എസിന്റെ അജണ്ട നടപ്പായി. ഇതിലെല്ലാം തന്നെ ബി.ജെ.പി നേതാക്കള്‍ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ ഇവിടുത്തെ ഭരണകൂടത്തെയോ മുഖവിലയ്ക്ക് എടുത്തില്ല. എന്നും പരാതിയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഉടന്‍ തന്നെ അവിടെനിന്ന് തിട്ടൂരങ്ങളും കേന്ദ്രത്തെകൊണ്ട് വിരട്ടി കേരളത്തെ മര്യാദപഠിപ്പിക്കാമെന്നോ, അല്ലെങ്കില്‍ ഇവിടെ മറ്റ് പാര്‍ട്ടികളെ ഇല്ലാതാക്കി ആധിപത്യം സ്ഥാപിക്കാമെന്നുമൊക്കെയുള്ള ചിന്തയാണ് അവരെ മഥിച്ചത്.

രാജ്യത്താകമാനം നോക്കിയാല്‍ തന്നെ ആര്‍.എസ്്എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത് ഇത്തരം അജണ്ടകളായിരുന്നു. ജാതീയതയുടെ കൊടൂക്രൂരതകള്‍ ഇന്നും അവസാനിക്കാത്ത വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് വര്‍ഗ്ഗീയകലാപമായി അരങ്ങേറിയപ്പോള്‍ രാഷ്ട്രീയപ്രബുദ്ധമായ കേരളത്തില്‍ അതിന് രാഷ്ട്രീയസംഘര്‍ഷങ്ങളുടെ ഛായ നല്‍കുന്നുവെന്ന് മാത്രം. മുമ്പും കേന്ദ്രം ബി.ജെ.പി ഭരിച്ചിരുന്നപ്പോള്‍ ഇവിടെ ഇടതുമുന്നണി അധികാരത്തിലിരുന്നിട്ടുണ്ട്. അന്നും രാഷ്ട്രീയസംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും ആരും നേരെ കേന്ദ്രത്തെ സമീപിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ അത് ആയുധമല്ല, ലക്ഷ്യമാണ്. എന്നാല്‍ കേരളത്തില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ വിജയിക്കാനുള്ള സാദ്ധ്യത കുറവുമാണ്. രാഷ്ട്രീയമായി തന്നെ വിഷയങ്ങളെ നോക്കികാണുന്നവരാണ് കേരളീയര്‍. വിദ്യാഭ്യാസവും അറിവുമുള്ള ഈ സമൂഹത്തിലും ചില വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് പ്രതീഷിക്കുന്ന തരത്തില്‍ വലിയതോതില്‍ വളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയമായി ഒരു ചേരിതിരിവ് സൃഷ്ടിക്കുകയെന്നത് വിജയിക്കാന്‍ പാടുമാണ്. എന്നാല്‍ ഇപ്പോള്‍ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അവര്‍ ഗീബല്‍സിയന്‍ മാതൃകയില്‍ ശക്തമായ പ്രചരണസംവിധാനം ഒരുക്കിയിട്ടുണ്ട്. സി.പി.എമ്മിനാണെങ്കില്‍ പണ്ടേപ്പോലെ ഈ പ്രചരണങ്ങളെ നേരിടാനുള്ള ശക്തിയും ഇല്ലാതായിട്ടുണ്ട്. മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ ഇടതുമുന്നണിയിലെ ഘടകകഷികള്‍ ഉള്‍പ്പെടെ സി.പി.എമ്മിനെ എങ്ങനെയെങ്കിലും നിഷ്ഭ്രരാക്കണമെന്ന നീക്കത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്വാധീനത്തില്‍ ദേശീയമാധ്യമങ്ങള്‍ എന്ന് വിളിക്കുന്ന സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് മാധ്യമങ്ങള്‍ നടത്തുന്ന ഈ വ്യാജപ്രചരണം.

എത്ര പ്രചാരണം നടത്തിയാലും ഭൂരിപക്ഷമുള്ള ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുകയെന്നത് ഇന്ന് കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അത്ര ലളിതമല്ല. കോടതികളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ക്രമസമാധാനത്തിന്റെ പേരു പറഞ്ഞാണെങ്കില്‍പ്പോലും അത്ര എളുപ്പത്തില്‍ പുറത്താന്‍ ഇത് 1959 അല്ല. കേസ് കോടതിയില്‍ വന്നാല്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമുള്‍പ്പെടെ സമൂഹത്തിലെ ഏറ്റവും നികൃഷ്ട ജീവിയായി കരുതിക്കൊണ്ട് ദളിതര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി കൊലചെയ്തിട്ടും മൗനംപാലിക്കുന്ന ഭരണകൂടങ്ങളുടെ കള്ളത്തരങ്ങള്‍ ഉയര്‍ന്നുവരും. ഗോരക്ഷയുടെ പേരില്‍ മനുഷ്യനെ നായയെപ്പോലെ തല്ലിക്കൊല്ലുന്നതും ചര്‍ച്ചയാകും. ഇവിടെ അത്തരത്തില്‍ ഒന്നും നടക്കുന്നില്ല. എന്തിന്റെ പേരിലായാലും ഒരു മനുഷ്യന്റെ ആയുസ് എടുക്കാന്‍ നമുക്ക് അധികാരമോ, അവകാശമോ ഇല്ലെന്നിടത്ത് തന്നെയാണ് ഊന്നിനില്‍ക്കുന്നത്. സംഭവം കഴിയുന്നതും ഉണ്ടാകാതെ നോക്കണം. ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെതിരെയുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കണം. ഇവിടെ അത് നടന്നുകഴിഞ്ഞു. കുറ്റക്കാര്‍ പന്ത്രണ്ടുമണിക്കൂറിനകം പോലീസ് പിടിയിലായി. എന്നിട്ടും ദേശീയമാധ്യമങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് പൊതുസമൂഹത്തിനെ അവഗണിച്ച് ചിലരുടെ നാവുകളായി ഇവര്‍ അധഃപതിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. ഭരണഘടനയിലുള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ നാലാം തൂണ് പദവിയും നല്‍കിയത് ജനാധിപത്യത്തെ സംരക്ഷിക്കാനായിരുന്നു. അങ്ങനെയായിരുന്നു നമ്മുടെ മാധ്യമലോകം. എന്നാല്‍ കുത്തകവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് മാധ്യമങ്ങള്‍ കുത്തകകളുടെ കൈപ്പിടിയിലാണ്. അവരുടെ താല്‍പര്യങ്ങളാണ് ഇവയിലൂടെ പുറത്തുവരുന്നത്. അതിന് പിന്നില്‍ രാഷ്ട്രീയമില്ല, തങ്ങളുടെ സമ്പത്തിനെ ദിനം പ്രതി ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനത്തിന് നല്‍കുന്ന പ്രത്യുപകാരം മാത്രം. അതിലൂടെ മാധ്യമസ്വാതന്ത്ര്യം എന്നത് ഇവയെ നിയന്ത്രിക്കുന്ന കുത്തകകളുടേതായി മാറി. ആ താല്‍പര്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. അതിനാണ് അവര്‍ കേരളത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നത്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി നിഷ്പക്ഷമായി നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല, എന്നാല്‍ കേരളം കൊലക്കളമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവരെ മാനസികവൈകല്യമുള്ള ഒരുസമൂഹമായി മാത്രമേ കാണാനാകൂ.

Ads by Google
Ads by Google
Loading...
TRENDING NOW