Friday, July 20, 2018 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 07 Aug 2017 03.46 PM

ഞാന്‍ മക്കളുടെ വഴി തടഞ്ഞിട്ടില്ല

പ്രേംനസീര്‍ നല്ല ഭംഗിയുള്ള ആളാണ,് അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാള്‍ക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്ന് പറയുന്നത് ശരിയാണോ?
uploads/news/2017/08/134699/Weeklysreenivasan070817.jpg

മുഖവുരയ്ക്കപ്പുറമാണ് ശ്രീനിവാസന്‍. മലയാളി എല്ലാ അര്‍ത്ഥത്തിലും മനസുകൊണ്ട് തൊട്ടറിഞ്ഞ വ്യക്തിത്വം. സാധാരണക്കാരന്റെ ഹൃദയവികാരങ്ങളും ജീവല്‍പ്രശ്‌നങ്ങളും നാട്യങ്ങളില്ലാതെ അവന്റെ അതേ ഭാഷയില്‍ സംവദിച്ചുകൊണ്ടാണ് ശ്രീനി പ്രേക്ഷക മനസില്‍ ഇടം തേടിയത്.

അഭിനയത്തിലുംഎഴുത്തിലും മാത്രമല്ല, എല്ലായിടത്തും എക്കാലവും ശ്രീനി വേറിട്ടു നിന്നു. ഒടുവില്‍ ഇതാ ജൈവകൃഷിയും. ശ്രീനിവാസന്റെ ഉള്ളകത്തിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം.

ഒരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു എന്ന് താങ്കള്‍ മുമ്പ് പറഞ്ഞിട്ടുമുണ്ട്. ബാല്യവും കുടുംബവുമെല്ലാം ഇപ്പോഴും മനസ്സിലുണ്ടോ?


അതൊന്നും മറക്കാന്‍ സാധിക്കില്ലല്ലോ. മറ്റുള്ളവരുടേത് പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂര്‍ ജില്ലയിലെ പാട്യം എന്ന തീര്‍ത്തും സാധാരണ ഗ്രാമത്തില്‍. അധ്യാപകനായിട്ടുപോലും എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളര്‍ത്താനാണ് ശ്രമിച്ചത്. എന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശ്രമിച്ചു.

അച്ഛന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി. ഞങ്ങള്‍ കുട്ടികള്‍ ബാലസംഘത്തിന്റെ ജാഥകളില്‍ വരിവരിയായി നീങ്ങി. അര്‍ഥമറിയില്ലെങ്കിലും ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചു:

ചെങ്കൊടി തൊട്ടുകളിക്കേണ്ട, അത് ചന്ദ്രനിലെത്തിയ കൊടിയാണ്... കെ എസ് വൈ എഫ് പ്രവര്‍ത്തകരുടെ വാളണ്ടിയര്‍ പരിശീലനങ്ങള്‍ കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ സജീവമാക്കി. ഗോപാലസേന എന്നാണ് പൊതുവില്‍ കെ എസ് വൈ എഫ് അറിയപ്പെട്ടിരുന്നത്.

കുട്ടിക്കാലത്തുതന്നെ സ്‌പോര്‍ട്‌സിലും എഴുത്തിലുമൊക്കെ എനിക്ക് കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായന തന്നെയാണ്. ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ ഡിറ്റക്ടീവ് നോവലിലാണ് വായന ആരംഭിച്ചത്.

വീട്ടിലുള്ളവര്‍ പഠനമായി എന്റെ വായനയെ തെറ്റിദ്ധരിച്ചു. വൈകാതെ അച്ഛന്‍ സത്യം കണ്ടെത്തി. അച്ഛനെന്നെ ഉപദേശിച്ചു: എസ്,കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ വായിക്കണം. അത് ഞാന്‍ അനുസരിച്ചു. ബഷീര്‍, തകഴി, ഉറൂബ്, എം.ടി., വിലാസിനി, ഒ.വി. വിജയന്‍... തുടങ്ങിയവരുടെ പുസ്തകങ്ങള്‍. റഷ്യന്‍ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകള്‍ തുടങ്ങി കൈയ്യില്‍ കിട്ടിയ
പുസ്തകങ്ങളെല്ലാം വായിച്ചു.

കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ മകന്റെ കലാ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചില്ലേ?


വലിയ ദേഷ്യക്കാരനായിരുന്നു അച്ഛന്‍. സങ്കല്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛന്‍ കണ്ടിരുന്നത് അടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍, പഠിപ്പിക്കുന്ന കുട്ടികളെ അച്ഛന്‍ തല്ലുമായിരുന്നില്ല. അച്ഛന്റെ ക്ലാസിലെ കുട്ടികളോട് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അവര്‍ക്ക് നല്ല അധ്യാപകനാണ്.

കുട്ടികളായ ഞങ്ങള്‍ക്ക് പുത്തന്‍ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഉണ്ടാകാനുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റ് പ്രശ്‌നങ്ങളുമായി അച്ഛന്‍ അദ്ദേഹത്തിന്‍േറതായ ലോകത്താണ് ജീവിച്ചത്.

പണ്ട് കൈരളി ടി വിക്ക് വേണ്ടി പിണറായി വിജയനുമായി അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു അച്ഛന്‍ ഒരു നല്ല അഭ്യാസിയായിരുന്നെന്ന്. ഏതെങ്കിലും ദിക്കില്‍ കമ്യൂണിസ്റ്റുകാരെ ആക്രമിച്ചു എന്ന് കേട്ടാല്‍ അച്ഛന്റെ ചോര തിളയ്ക്കും. അവിടേക്ക് ഓടിയെത്താനായി ഇറങ്ങിപ്പുറപ്പെടും. ആരൊക്കെ തടസ്സം നിന്നാലും വകവെയ്ക്കില്ല.

അച്ഛന്‍ അവിടെയെത്തുമ്പോഴേക്കും അടിയൊക്കെ തീരും എന്നതൊന്നും അച്ഛന്‍ ഓര്‍ക്കില്ല. അതിനാല്‍തന്നെ പ്രദേശത്തെ പ്രധാന പിന്തിരിപ്പന്മാര്‍ക്ക് അച്ഛനെ ചെറിയ രീതിയില്‍ ഭയമുണ്ടായിരുന്നു.

ഒരിക്കല്‍ ഞാനും അച്ഛനുംകൂടി തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. നമ്മുടെ പ്രദേശത്തെ പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരെ നടന്നുവരികയായിരുന്നു. അച്ഛനെ കണ്ടപ്പോള്‍ നമ്പൂതിരി ആ വഴിയില്‍ നിന്ന് മാറി, പാടവരമ്പിലേക്ക് ഇറങ്ങി അകന്ന് നടക്കാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന്‍, നമ്പൂതിരി കേള്‍ക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: ''ങാ.. അങ്ങനെ വേണം, ഞങ്ങള്‍ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ..

മുമ്പ് പ്രദേശത്തെ ജന്മിമാരായ നമ്പൂതിരിമാര്‍ കാണിച്ച ക്രൂരതയോടും അടിച്ചമര്‍ത്തല്‍ മനോഭാവത്തോടുമുള്ള വെറുപ്പും അമര്‍ഷവും പ്രതിഷേധവും അന്നെനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അതിലെ ഹ്യൂമറും മറ്റും തിരിച്ചറിയാന്‍ കഴിയുന്നത്.

രാഷ്ര്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പെട്ടെന്ന് തന്നെ അച്ഛന് ജോലി തിരിച്ചുകിട്ടി.

Ads by Google
Loading...
TRENDING NOW