Friday, July 20, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Aug 2017 03.00 PM

അരവയര്‍ തന്ന ഹൃദയം

''വയര്‍ ഒട്ടും നിറയില്ല. എങ്കിലും കിട്ടിയതും കഴിച്ചു പോയി പായില്‍ കിടന്നു ചിന്തിക്കും. നാളെയെങ്കിലും വയറുനിറച്ച് കഞ്ഞി കിട്ടുമായിരിക്കും... ''
uploads/news/2017/08/135037/Weeklyaanmanasu080817.jpg

വിശപ്പ് എന്താണെന്നറിയണമെങ്കില്‍ അത് അനുഭവിക്കുകതന്നെ വേണം. പുസ്തകത്താളുകളില്‍ നാം വായിച്ചുമനസിലാക്കിയ പട്ടിണി എന്ന വികാരത്തെ അതിന്റെ എല്ലാ സത്തോടെയും പ്രതിഫലിപ്പിക്കാന്‍ ഒരു സാഹിത്യശകലത്തിനും കഴിയില്ല. അത്ര കഠിനമാണത്.

ബാല്യത്തില്‍ ഞാന്‍ കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ പുല്ലുചെത്താനായ് പോയിരിക്കുന്ന അമ്മയെ രാത്രിയാവുന്നതു വരെ കാത്തിരിക്കും. അമ്മ വന്ന്, അരി അടുപ്പത്തിട്ട് തിളപ്പിച്ച് കഞ്ഞിയാക്കി മുന്നില്‍ വച്ചുതരുന്നതു വരെ ഇമവെട്ടാതെ ഞാന്‍ നോക്കിയിരിക്കും. മണ്‍പാത്രത്തില്‍ കഞ്ഞിവെള്ളവും കുറച്ചു വറ്റും കാണും.

ചൂടുപോലും വകവയ്ക്കാതെ അത് ആര്‍ത്തിയോടെ കഴിക്കും. വയര്‍ ഒട്ടും നിറയില്ല. എങ്കിലും നീട്ടി ഏമ്പക്കം വിട്ട് എണീക്കും. പിന്നെ വേണമെന്ന് ആവശ്യപ്പെടില്ല.

എന്തെന്നാല്‍, ആവശ്യപ്പെട്ടാല്‍ എന്നെ പത്തുമാസം പേറിയ ആ വയറ് അന്ന് പട്ടിണിയാകും. കിട്ടിയതും കഴിച്ചു പോയി പായില്‍ കിടന്നു ചിന്തിക്കും. നാളെയെങ്കിലും വയറുനിറച്ച് കഞ്ഞി കിട്ടുമായിരിക്കും എന്ന്.

ദാരിദ്ര്യവും വിശപ്പും അറിഞ്ഞ് വളര്‍ന്നതുകൊണ്ടാവും എന്നും ആരെയും സഹായിക്കണമെന്ന മനസ് ഈശ്വരന്‍ തന്നത്. അത് ചെയ്യുമ്പോഴും പ്രതിഫലം നാം ഇച്ഛിക്കരുത്, അത് ഇന്നല്ലെങ്കില്‍ നാളെ നമുക്ക് കിട്ടിയിരിക്കും.

ഞാന്‍ എം.ബി.ബി.എസ് മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ദിവസവും കുറച്ചുസമയം ആശുപത്രിയില്‍ പോയി പ്രാക്ടീസ് ചെയ്യുന്ന രീതിയുണ്ടായിരുന്നു.
ഒരിക്കല്‍ വാര്‍ഡുകള്‍ കയറിയിറങ്ങി നടക്കുമ്പോള്‍ ഒരു ബെഡ്ഡില്‍ ഒരു രോഗി കിടക്കുന്നു. ഏകദേശം 40 വയസ് പ്രായം വരും. ആരും കൂടെയില്ല.

നാട്ടുകാരില്‍ ചിലരാണ് വല്ലപ്പോഴും വന്ന് ആഹാരമൊക്കെ കൊടുക്കുന്നത്. തളര്‍ന്നു കിടക്കുകയാണ്. ഞരമ്പുകളുടെ എന്തോ പ്രശ്‌നമായതിനാല്‍ കിടന്നുതന്നെയാണ് മലമൂത്രവിസര്‍ജനം.

അയാളുടെ മലവും മൂത്രവും നിറഞ്ഞ വസ്ത്രങ്ങള്‍ നഴ്‌സുമാര്‍ മാറ്റിയെങ്കിലും അത് ചുരുട്ടിക്കൂട്ടി കട്ടിലിന്റെ താഴെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുന്നു. തൂക്കാനായി വരുന്നവര്‍ അതിന്റെ ചുറ്റിനും തൂത്തുപോകുന്നതല്ലാതെ അതൊന്ന് നോക്കാന്‍പോലും മെനക്കെടുന്നില്ല.

പിറ്റേന്ന് ഞാന്‍ വരുമ്പോള്‍ എന്റെ കൈയില്‍ രണ്ടു വലിയ കിറ്റ് കൂടിയുണ്ടായിരുന്നു. വാര്‍ഡില്‍ വന്നിട്ട് ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. കൈയിലിരുന്ന കിറ്റില്‍ ആ തുണികള്‍ നിറച്ചു. നേരേ ഹോസ്റ്റലിലേക്കു ചെന്ന് ബാത്‌റൂമില്‍ കയറി തുണികള്‍ നിലത്തിട്ട് നന്നായി കഴുകി.

തുണിയില്‍ മലം ഉണങ്ങി കട്ടപിടിച്ചു കിടന്നിരുന്നു. സോപ്പ് നല്ലവണ്ണം ഇട്ട് അടിച്ചുകഴുകി. ആലംബമില്ലാതെ കിടക്കുന്ന ആ രോഗിയുടെ മുഖം മാത്രമായിരുന്നു മനസ്സിലപ്പോള്‍. അന്നുതന്നെ അത് ഉണക്കി, തേച്ചു മടക്കി വൈകുന്നേരമായപ്പോള്‍ അയാളുടെ അടുത്തെത്തി ബെഡ്ഡിന്റെ ഒരു വശത്ത് വച്ചു.

അയാളെ ഒരുനോക്കു നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാന്‍ ആ കണ്ണുനീര്‍ ഒപ്പി. ഞാന്‍ ചിരിച്ചു. കണ്ണീരില്‍ കുതിര്‍ന്ന മറുചിരി അയാളെനിക്ക് സമ്മാനിച്ചു. താമസിയാതെ രോഗം ഭേദമായി അയാള്‍ വീട്ടിലേക്കു പോയി. ഞാനത് മറന്നു.

പിന്നീടൊരിക്കല്‍ എന്റെ പ്രൊഫസറായ ഷേണായി സര്‍ ക്ലാസെടുത്തുകൊണ്ട് ഇരുന്നപ്പോള്‍ സാമൂഹികബോധത്തെപ്പറ്റിയുള്ള ഭാഗം വന്നു. അപ്പോള്‍ സര്‍ പറഞ്ഞു:
Dr.Madhu is the silver lining in the dark sky.

കുട്ടികള്‍ കൈയടിച്ചു. ഞാന്‍ ഒന്നും മനസിലാകാതെ നില്‍ക്കുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു നല്ലവാക്ക് എന്നെപ്പറ്റി പറയേണ്ട കാര്യം എന്താണ്? ഒടുവില്‍ സര്‍ ആശുപത്രിയിലെ സംഭവം വള്ളിപുള്ളി തെറ്റാതെ ക്ലാസില്‍ പറഞ്ഞു.

എന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായ് ഒഴുകി. സത്യത്തില്‍ സാറിനോട് ആ വാര്‍ഡിലെ ആരോ ഒരാള്‍ ഇത് പറഞ്ഞുകൊടുത്തിരുന്നു. അതിനുശേഷം പലതവണ പലരെയും സഹായിക്കാന്‍ ദൈവം അവസരം തന്നിട്ടുണ്ട്.

അപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, അന്ന് അരവയറുമായ് കിടന്ന രാത്രി എനിക്കു നല്‍കിയ ഹൃദയമാണല്ലോ ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന്.

തയ്യാറാക്കിയത് : ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW