Monday, July 16, 2018 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.33 AM

പ്രേമസംഗീതത്തിന്റെ അമ്യതധാര

uploads/news/2017/08/136516/sun3.jpg

അഗ്നിമേഘങ്ങള്‍ ചുരത്തുന്ന വര്‍ഗീയ പെരുമഴയില്‍ കുളിര്‍തെന്നലായി പൊഴിയുന്നു ഉള്ളൂര്‍ എസ്‌.പരമേശ്വരയ്യരുടെ പ്രേമസംഗീതം. കാലാന്തരമില്ലാതെ വഴിഞ്ഞൊഴുകുന്ന തേന്മഴയ്‌ക്ക് ഇവിടെ പ്രേമാംശുബിന്ദുക്കള്‍ രാഗമൊരുക്കുന്നു. ചെങ്ങന്നൂരിലെ സംഗീതം പെയ്‌തിറങ്ങുന്ന 'മണക്കാല' എന്ന വീട്ടുമുറ്റത്തെത്തിയാല്‍ പ്രേമസംഗീതത്തിന്റെ അലകള്‍ കേള്‍ക്കാം. ഉള്ളില്‍ ഹംസധ്വനിയുടെ സൗന്ദര്യം. ഡോ.മണക്കാല ഗോപാലകൃഷ്‌ണന്റെ ആലാപന സൗന്ദര്യത്തോടൊപ്പം തമ്പുരുവില്‍ നിന്നുയര്‍ന്ന ശ്രുതിശുദ്ധി. ശ്രീകോവില്‍ നടയിലെ സോപാന സംഗീതം പോലെ ഇവിടെ പ്രേമസംഗീതത്തിനും ദേവ ചൈതന്യം.
'ഒരൊറ്റമതമുണ്ട്‌ ഉലകിന്‍ ഉയിരാം
പ്രേമമതൊന്നല്ലൊ പരക്കെ
നമ്മേ പാലമൃതൂട്ടും പാര്‍വണ ശശിബിംബം'
മതങ്ങള്‍ പരസ്‌പരം കലഹിക്കുന്ന നാട്ടില്‍ സ്‌നേഹമെന്ന മതം ഒരുക്കുന്ന ഒത്തൊരുമയുടെ പ്രസക്‌തിയാണ്‌ വരികളില്‍. കൈവിട്ടുപോകുന്ന സ്‌നേഹമെന്ന വികാരത്തെ വീണ്ടും മാനവരാശിയുടെ ഹൃദയങ്ങളില്‍ ഊട്ടി ഉറപ്പിക്കുകയാണ്‌ ഉളളൂര്‍. ഒപ്പം മണക്കാല ഒരുക്കിയ ഹംസധ്വനിയുടെ രാഗ സൗന്ദര്യം കൂടി ഒത്തുചേരുമ്പോള്‍ അമൃതകണം പോലെ വരികളിലെ സത്ത്‌ മാനവീകതയ്‌ക്ക് മാറ്റുകൂട്ടുന്നു.
മഹാകവി ഉള്ളൂരിന്റെ എഴുപത്തിയാറ്‌ വരികളുള്ള പ്രേമസംഗീതം പന്ത്രണ്ട്‌ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയാണ്‌ മണക്കാലയുടെ ആലാപനം. ഹംസധ്വനി, കാനഡ, വസന്ത, പൂര്‍വകല്യാണി, ആഭേരി, രേവതി, ഹിന്തോളം, ആനന്ത ഭൈരവി, ജോന്‍പുരി, നാട്ടകുറിഞ്ചി, പൂര്‍വ കല്യാണി, മധ്യമാവതി എന്നിവയാണ്‌ രാഗങ്ങള്‍. മാനവരാശിയെ വെട്ടിമുറിക്കുന്ന മതസങ്കല്‍പ്പത്തെ പ്രേമസങ്കല്‍പ്പം കൊണ്ട്‌ ഒരു നൂലില്‍ കോര്‍ക്കുകയാണ്‌ മഹാകവി ഉള്ളൂര്‍ ചെയ്‌തതെങ്കില്‍ അത്‌ ജനകീയമാക്കുകയാണ്‌ സംഗീതജ്‌ഞന്‍. വരുംതലമുറയ്‌ക്ക് പകര്‍ന്നുനല്‍കാനുള്ള ഏറ്റവും ഉദാത്തമായ ഈ കാവ്യോപദേശത്തെ രാഗങ്ങളാല്‍ ചിട്ടപ്പെടുത്തി ശാസ്‌ത്രീയ സംഗീതത്തിന്റെ സൗന്ദര്യത്തോടെ ഇനി ജനങ്ങളിലേക്ക്‌......
ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ വരികള്‍ പോലെ നിര്‍മ്മലമാണ്‌ മണക്കാലയുടെ ജീവിതവും. അതിനാല്‍ ളള്ളൂരിനോടും പ്രമസംഗീതമെന്ന കാവ്യഭാവനയോടും ഇദ്ദേഹത്തിന്‌ ചെറുപ്പം മുതല്‍ തന്നെ വല്ലാത്ത അടുപ്പമായിരുന്നു. ഇരുള്‍ പരന്ന ബാല്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ മണാക്കാലയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീര്‍ണിച്ച പ്രതാപത്തിന്റെ തിരുശേഷിപ്പെന്നവണ്ണം വീടിന്റെ അകത്തളത്തില്‍ ക്ലാവുപിടിച്ചുകിടന്ന ചെമ്പുപാത്രങ്ങള്‍ ഓരോന്നായി അപ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കാലം. എങ്കിലും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ചിലത്‌ നാവില്‍ തത്തികളിച്ചുകൊണ്ടിരുന്നു. പന്തളം എന്‍.എസ്‌.എസ്‌ കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. ശാസ്‌ത്രീയ സംഗീതം പഠിക്കണമെന്ന മോഹം വളര്‍ന്നു. പക്ഷേ പുറത്തുപറയാനൊരു മടി. മോന്തായം ജീര്‍ണിച്ച വീട്ടില്‍ പണച്ചെലവുള്ള കാര്യങ്ങള്‍ പറഞ്ഞുകൂടെന്നാണ്‌ ഉഗ്രശാസനം. മിണ്ടിയില്ല. മോഹം മനസില്‍ മാറാലകെട്ടിയാടി.
അന്ന്‌ അടൂര്‍ ലയണ്‍സ്‌ ക്ലബില്‍ നടന്ന ഒരുയോഗത്തിലാണ്‌ പാടാനുള്ള മോഹം ഉയര്‍ന്നത്‌. വേദിയിലും സദസിലും സംഗീതജ്‌ഞരായ പ്രമുഖര്‍ ഇടം പിടിച്ചിരിക്കുന്നു. എങ്കിലും കാര്‍ണവന്മാരെ മനസില്‍ ധ്യാനിച്ച്‌ പാടി. നിറഞ്ഞ കൈയ്യടി കേട്ടാണ്‌ കണ്ണുതുറന്നത്‌. സദസില്‍ ഇരുന്ന പ്രമുഖ ഗായകന്‍ അയിരൂര്‍ സദാശിവന്‍ അരികില്‍ വിളിച്ചു. പാട്ട്‌ പഠിച്ചിട്ടുണ്ടൊ?. ഇല്ലെന്ന്‌ മറുടപടി. വരു...ഞാന്‍ പഠിപ്പിക്കാം. നല്ല സ്വരഛായയുണ്ട്‌. അയിരൂര്‍ സദാശിവന്റെ വാക്കുകേട്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി.
പ്രീഡിഗ്രി പഠനം കഴിഞ്ഞതോടെ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നറിഞ്ഞു. പക്ഷേ എങ്ങനെ തിരുവനന്തപുരം വരെ പോകും?. പോയാല്‍തന്നെ എവിടെ താമസിക്കും ?. എങ്കിലും രണ്ടും കല്‍പ്പിച്ച്‌ അപേക്ഷ അയച്ചു. വൈകാതെ അഡ്‌മിഷന്‍ ശരിയായി. പിതാവിനോട്‌ കാര്യം പറഞ്ഞപ്പോള്‍ നവയൗവ്വനവും കടന്ന്‌ നാള്‍തോറു വളര്‍ന്നുകൊണ്ടിരിക്കുന്ന അഞ്ച്‌ പെണ്‍കുട്ടികളുടെ മുഖത്തേക്ക്‌ അദ്ദേഹം മാറി മാറി നോക്കി. അതൊരു മറുപടിയായിരുന്നു. ഇവരുടെ ഭാവി എന്താകുമെന്നായിരുന്നു നോട്ടത്തിന്റെ അര്‍ഥം. ആരാധനാമൂര്‍ത്തിയെ ധ്യാനിച്ച്‌ നെഞ്ചില്‍ കൈവച്ചു. പിതാവില്‍ നിന്നും അനുഗ്രഹം എന്നപോലെ പുഞ്ചിരി ഉയര്‍ന്നു.

'ഉള്ളില്‍ പ്രേമസംഗീതത്തിലെ
ഇതളുകള്‍ പറന്നുവന്നു.
നമിക്കില്‍ ഉയരാം നടുകില്‍
തിന്നാം നല്‍കുകില്‍ നേടീടാം
നമുക്കു നാമെ പണിവതു നാകം
നരകവും അതുപോലെ'

ജീവിതത്തോടുള്ള വലിയ സന്ദേശമാണ്‌ ഈ വരികളില്‍. എല്ലാവരെയും ബഹുമാനിച്ചാല്‍ അതിന്റെ ഫലം ലഭിക്കും. അതില്‍ ഈശ്വരഭക്‌തിക്കൊപ്പം ഗുരു കാര്‍ണവന്മാരോടുള്ള ഭക്‌തിയും അടങ്ങിയിരിക്കുന്നു. സമ്പത്തുകാലത്ത്‌ തൈപത്തുവച്ചാല്‍ ആപത്തുകാലത്ത്‌ കാ പത്തുതിന്നാം എന്നുപറയും പോലെയാണ്‌ അടുത്ത വരി. നന്മവിതച്ചാല്‍ നന്മകൊയ്യാം എന്ന മണക്കാലയുടെ വിപക്ഷണം. സ്വര്‍ഗവും നരകവും പണിയുന്നത്‌ പ്രവൃത്തിതന്നെ. അങ്ങനെ നോക്കുമ്പോള്‍ നേരിന്റെ മാര്‍ഗത്തിലാണ്‌ താനെന്ന്‌ മണക്കാലയ്‌ക്ക് വ്യക്‌തമായി. യാത്രക്കുള്ള പണം കൈയ്യിലുണ്ട്‌. താമസവും ഭക്ഷണവും ദൈവംതമ്പുരാനുമുന്നില്‍ സമര്‍പ്പിച്ചു.
സംഗീത ലോകത്ത്‌ ആദ്യ ദിനം കടന്നുപോയി. രാപാര്‍ക്കാന്‍ ഇടം വേണ്ടെ...?. തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്റിലെ കൊതുകുകളോട്‌ മല്ലിട്ട്‌ മൂന്നുരാവ്‌ കടന്നുപോയി. നാലാം രാവില്‍ പിടിവീണു. അര്‍ദ്ധരാത്രിയില്‍ സെക്യൂരിറ്റിയുടെ ഗര്‍ജനം. പാതി ഉറക്കത്തില്‍ നിന്നും ചാടി എഴുനേറ്റു. അടൂക്ക്‌ പോകാന്‍ വന്നതാണെന്ന്‌ ഒറ്റ ശ്വാസത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ദൂരേക്ക്‌ വിരല്‍ ചൂണ്ടി ദാ... കിടക്കുന്നു ബസ്‌ എന്നായി സെക്യൂരിറ്റി. ബസില്‍ കയറിയാല്‍ ടിക്കറ്റിന്‌ പണം വേണം. എന്തുചെയ്യണമെന്നറിയാതെ വിഷണ്ണനായി നില്‍ക്കവെ മണക്കാലയെ സെക്യൂരിറ്റി സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മുന്നിലെത്തിച്ചു. റൂം അന്വേഷിച്ച്‌ നടന്ന്‌ ഒടുവില്‍ അഭയം തേടി ബസ്‌റ്റാന്റില്‍ എത്തിയതാണെന്ന്‌ പറഞ്ഞതോടെ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ക്ക്‌ കാര്യം പിടികിട്ടി. ഇനിയും ആവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശത്തോടെ പുറത്തേക്കുള്ള വഴി കാട്ടികൊടുത്തു.
രാവ്‌ എന്നും മണക്കാലയ്‌ക്ക് മുന്നില്‍ ഇരുള്‍ പരത്തി നിന്നെങ്കിലും ഭക്ഷണകാര്യത്തില്‍ പഴവങ്ങാടി ഗണപതി കൃപചൊരിഞ്ഞു. ഒപ്പം കൂട്ടുകാരും മണക്കാലയുടെ വിശപ്പടക്കി. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, കല്ലറ ഗോപന്‍, ചങ്ങനാശേരി മാധവന്‍ നമ്പൂതിരി എന്നിവരായിരുന്നു കൂട്ടുകാര്‍. കല്ലറ ഗോപന്‍ പൊതിചൊറ്‌ കൊണ്ടുവരും. എല്ലാവരും ഒരുമിച്ച്‌ വട്ടമിരുന്ന്‌ ശാപ്പിടും. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിക്ക്‌ വഴുതയ്‌ക്കാട്ട്‌ ഗണപതി അമ്പലത്തില്‍ ശാന്തിയുണ്ട്‌. അതിനാല്‍ അടുത്ത ഏതാനും രാവുകളില്‍ മണക്കാലക്കും നിദ്രാഭംഗം നേരിട്ടില്ല. ഉണ്ണിയപ്പവും പടച്ചോറുമായി പകല്‍ കഴിച്ചുവന്നു. രാത്രി അത്താഴ പട്ടിണി. എന്നാല്‍ ഈ സൗഭാഗ്യം അധികനാള്‍ നീണ്ടുനിന്നില്ല. ബ്രാഹ്‌മണര്‍ക്കുള്ള മുറിയില്‍ നായര്‍ താമസിക്കുന്നതിനെതിരെ ചില മുന്‍ശുണ്‌ഠിക്കാരായ ഊരായ്‌മക്കാര്‍ രംഗത്തെത്തി. ഇത്‌ വിശ്വനാഥന്‍ നമ്പൂതിരിക്ക്‌ ഇഷ്‌ടമായില്ല. വൈകാതെ ജോലി വേണ്ടന്നുവച്ച്‌ തിരുവന്തപുരം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി കൈതപ്പുറം പോയി. മണക്കാലയ്‌ക്ക് വീണ്ടും പെരുവഴിയില്‍ തന്നെ സ്‌ഥാനം.
ബസ്‌ സ്‌റ്റാന്റില്‍ അന്തിഉറങ്ങാമെന്ന മോഹം ഇനി നടപ്പില്ല. പിന്നെ എവിടെ രാപാര്‍ക്കും. ആലോചിച്ചപ്പോള്‍ മനസില്‍ ക്ലാസ്‌ റും തുറന്നുകിടക്കുന്നു. പക്ഷേ രാത്രിയില്‍ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച്‌ അത്രപെട്ടന്ന്‌ അവിടെയെത്താന്‍ പറ്റില്ല. ഒടുവില്‍ മതില്‍ ചാടി കോളജിന്റെ പിന്നാമ്പുറത്തെത്താന്‍ തന്നെ തീരുമാനിച്ചു. ഇരുളിനെ വകവയ്‌ക്കാതെയുള്ള ഉദ്യമം അല്‍പ്പം സാഹസീയത നിറഞ്ഞതായിരുന്നു. എത്ര ദിവസം അങ്ങനെ ക്ലാസ്‌ റൂമില്‍ കിടന്നുവെന്ന്‌ അറിയില്ല. ഒടുക്കം പുതിയ സെക്യൂരിറ്റി വന്നതോടെ പടിവീണു. വീണ്ടും നിദ്രാവിഹീനങ്ങളായ രാവുകള്‍ വരുകയായി.
ഇതിനിടെ പ്രമുഖ ഹോട്ടലില്‍ ലിഫ്‌റ്റ് ഓപ്പറേറ്ററായി ലഭിച്ച ജോലി യഥാര്‍ഥത്തില്‍ ഒരഭയമാവുകയായിരുന്നു. അങ്ങനെ പഠനത്തോടൊപ്പം ജോലി ചെയ്‌തുവന്ന കാലത്താണ്‌ കമ്മ്യൂണിറ്റി ക്ലബില്‍ നെയ്യാറ്റിന്‍കര വാസുദേവന്റെ സംഗീത കച്ചേരി നടക്കുന്ന വിവിരം അറിഞ്ഞത്‌. അദ്ദേഹം അമേരിക്ക സന്ദര്‍ശനം കഴിഞ്ഞ്‌ നാട്ടിലെത്തിയ സമയമായിരുന്നു. കച്ചേരിക്കൊപ്പം ഒരു പത്രസമ്മേളനവും സംഘടിപ്പിച്ചിരുന്നു. മൃതംഗത്തിനരികെ മാവേലിക്കര എസ്‌.ആര്‍.രാജു ഇരുന്നു. കച്ചേരി രാഗസമൃദ്ധമായി ഒഴുകി. സഭയില്‍ ഒരു ശ്രോതാവായി മണക്കാലയും ഇടംപിടിച്ചു.എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ഏറെ വൈകി. സംഘാടകര്‍ പിരിഞ്ഞു. സംഗീത പ്രമാണിക്ക്‌ വീട്ടില്‍ പോകണം. പക്ഷേ ഒരു വാഹനം എത്തിച്ചുകൊടുക്കാന്‍ ആരുമില്ല. ഈ സമയം മണക്കാലാ ഗോപാലകൃഷ്‌ണന്‍ അരികിലെത്തി. സ്വാതിതിരുനാള്‍ സംഗീത കോളജിലെ വിദ്യാര്‍ഥിയാണെന്ന്‌ അറിയിച്ചു. നെയ്യാറ്റിന്‍കര വാസുദേവന്‌ സന്തോഷമായി. അദ്ദേഹത്തിനായി ഓട്ടോ റിക്ഷ സംഘടിപ്പിച്ചുകൊടുത്തു. വാഹനത്തില്‍ കയറും മുമ്പ്‌ വാസുദേവന്‍സാര്‍ പറഞ്ഞു. 'നാളെ വീട്ടില്‍ വരണം... നമുക്കൊരുമിച്ച്‌ ഊണുകഴിക്കാം'. അത്‌ ഒരു തുടക്കമായിരുന്നു. ബന്ധം കൂടുതല്‍ ദൃഢമായി. ആകാശവാണിയില്‍ കാഷ്വല്‍ ആര്‍ട്ടിസ്‌റ്റായി വൈകാതെ മണക്കാലയ്‌ക്ക് നിയമനം ലഭിച്ചു. ഡബ്ബിംഗ്‌ പഠിച്ചു. അതോടെ പണം ലഭിച്ചുതുടങ്ങി. പ്രേമസംഗീതത്തില്‍ പറയും പോലെ ...
'പ്രപഞ്ചഭൂമിയില്‍ വിതച്ച വിത്തിന്‍
ഫലത്തെ നാം കൊയ്‌വു
പ്രപഞ്ചമരുള്‍വു പട്ടും വെട്ടും
പകരത്തിനുപകരം'
കര്‍മ്മമാണ്‌ നന്മതിന്മകളുടെ ആധാരം. നന്മയ്‌ക്ക് നന്മയും തിന്മയ്‌ക്ക് തിന്മയും ഫലമെന്ന്‌ ലോക നീതി. തന്റെ കലാജീവിതത്തെ കൂടുതല്‍ നന്മയിലേക്ക്‌ തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഉള്ളൂരിന്റെ പ്രേമസംഗീതത്തെ ജനകീയമാക്കാന്‍ മണക്കാലാ തീരുമാനിച്ചത്‌. 2015 ഡിസംബര്‍ എട്ടിന്‌ തിരുവനന്തപുരം അധ്യാപക ഭവനിലായിരുന്നു ആദ്യമായി പ്രേമസംഗീത സദസ്‌ നടത്തിയത്‌. അധ്യക്ഷ സ്‌ഥാനത്ത്‌ കവിയത്രി സുഗതകുമാരി. മുഖ്യാതിഥി ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. കഴിഞ്ഞ ജനുവരി മൂന്നിന്‌ നിയമസഭയില്‍ പ്രേമസംഗീതം അരങ്ങേറി, ദേശീയ പുസ്‌തകോത്സവത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി ഹാളിലും ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ നഗറിലും സമസ്‌തകേരള സാഹിത്യപരിഷത്ത്‌ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായും പ്രേമസംഗീത സദസ്‌ നടന്നു. പ്രേമസംഗീതത്തിന്റെ സന്ദേശം സ്‌കൂളുകളില്‍ അവതരിപ്പിച്ചുവരുകയാണ്‌ ഇദ്ദേഹം. തികച്ചും സൗജന്യമാണ്‌ ഈ സേവനം. പക്കമേളക്കാര്‍ക്ക്‌ ആവശ്യമായ പണം മാത്രമെ ഈടാക്കുകയുള്ളൂ. നന്മ മനസില്‍ ഉള്ളവര്‍ക്ക്‌ ലോകം എന്നും പ്രകാശപൂരിതമാണെന്ന്‌ ഡോ.മണക്കാല ഗോപാലകൃഷ്‌ണന്‍ പറയുന്നു. പ്രേമസംഗീതത്തിലും ഈ ആശയത്തെ അന്വര്‍ഥമാക്കുന്ന വരികളുണ്ട്‌.
'വിളക്കുകൈവശം ഉള്ളവനെന്നും
വിശ്വം ദീപമയം നന്മ മനസില്‍
വിളങ്ങിന ഭദ്രന്‌ മേല്‍മേല്‍ അമൃതമയം'
സംഗീത അധ്യാപകനായി ഔദ്യോഗിക ജീവിതം. തുടര്‍ന്ന്‌ പതിനെട്ട്‌ വര്‍ഷം ഡയറ്റില്‍ ലക്‌ച്ചററായി ജോലിചെയ്‌തു. ഇപ്പോള്‍ എസ്‌.സി.ഇ.ആര്‍.ടി കേരളയില്‍ റിസര്‍ച്ച്‌ ഓഫീസറാണ്‌. കേരള സര്‍വകലാശാല ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, കേരള സര്‍ക്കാരിന്റെ സംഗീത കോളജുകളിലെ ഗാനഭൂഷണം പരീക്ഷാ ബോര്‍ഡ്‌ ചെയര്‍മാന്‍, ന്യൂഡല്‍ഹിയിലെ സി.സി.ഇ.ആര്‍.ടിയുടെ സംഗീത വിഭാഗത്തിന്റെ മേഖലാ സെലക്ഷന്‍ കമ്മിറ്റി അംഗം, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, എന്‍.സി.ഇ.ആര്‍.ടിയുടെ സംഗീതത്തിനുള്ള അധ്യാപക സഹായി തയ്യാറാക്കുന്ന സമിതിയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പി.ജയചന്ദ്രന്‍ ആലപിച്ച 'തുളസീപൂജ', ജി.വേണുഗോപാലും ഭാവനാ രാധാകൃഷ്‌ണനും ആലപിച്ച ദേവീപ്രസാദം , 2014, 15, 16 വര്‍ഷങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവ ഗാനം തുടങ്ങി മുപ്പതോളം ഗാനങ്ങളുടെ സംഗീത സംവിധായകനാണ്‌. 'അഗൈദ്‌ നായാക' എന്ന ഷോര്‍ട്ട്‌ ഫിലീമിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ആലപ്പുഴ ഡയറ്റ്‌ തയ്യാറാക്കിയ 'സംഗീതം മോഹനം-ചിത്രകല സര്‍ഗകല' എന്ന സി.ഡിക്ക്‌ സംഗീതം നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ പ്രമുഖ ടി.വി ചാനലുളിലും ആകാശ വാണിയിലും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. 2002 ലെ സമന്വയം സാഹിത്യവേദിയുടെ അവാര്‍ഡ്‌, അധ്യാപക കാലാ സാഹിത്യ സമിതി അവാര്‍ഡ്‌, കാവ്യരശ്‌മി അവാര്‍ഡ്‌, ഓള്‍ ഇന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഗുരുശ്രഷ്‌ഠാ അവാര്‍ഡ്‌, കാഞ്ചി കാമകോടിപീഠത്തിന്റെ ആസ്‌ഥാന വിദ്വാന്‍ പദവി, നര്‍ത്തകി ഗുരുപൂജ അവാര്‍ഡ്‌, സൂര്യരാഗ അവാര്‍ഡ്‌, നവരസ സംഗീത പ്രതിഭാ പുരസ്‌ക്കാരം, കെ.എസ്‌.എം.എ.സി.ടി പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിനിയും ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ മാനേജരുമായ ജി.അനിതയാണ്‌ ഭാര്യ. മുരളീ കൃഷ്‌ണന്‍, അനന്തകൃഷ്‌ണന്‍ എന്നിവര്‍ മക്കള്‍.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 13 Aug 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW