Sunday, August 20, 2017 Last Updated 11 Min 12 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.44 AM

നിതീഷിനോട്‌ ഇടഞ്ഞ ശരദ്‌ യാദവിനെ രാജ്യസഭാ കക്ഷി നേതൃസ്‌ഥാനത്തുനിന്ന്‌ നീക്കി

uploads/news/2017/08/136545/d4.jpg

ന്യൂഡല്‍ഹി: ബി.ജെ.പി. ബന്ധത്തെച്ചൊല്ലി നിതീഷ്‌ കുമാറുമായി ഇടഞ്ഞ മുതിര്‍ന്ന നേതാവ്‌ ശരദ്‌ യാദവിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതൃസ്‌ഥാനത്തുനിന്നു നീക്കി. നിതീഷിന്റെ വിശ്വസ്‌തനായ രാം ചന്ദ്ര പ്രസാദ്‌ സിംഗി(ആര്‍.സി.പി സിംഗ്‌)നെ രാജ്യസഭാ കക്ഷിനേതാവാക്കി രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്‌ പാര്‍ട്ടി കത്തു നല്‍കി.
ബിഹാറില്‍ മഹാസഖ്യം പൊളിച്ച്‌ ബി.ജെ.പിയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കിയ നിതീഷിന്റെ നടപടിയെ എതിര്‍ത്തതാണ്‌ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ശരദ്‌ യാദവിന്‌ വിനയായത്‌.
നിതീഷിന്റെ ചുവടുമാറ്റം ദൗര്‍ഭാഗ്യകരമെന്നും, യോജിക്കാനാവില്ലെന്നും അതൃപ്‌തി പ്രകടിപ്പിച്ച ശരദ്‌ യാദവ്‌ തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഹാസഖ്യത്തിനാണ്‌ ബിഹാറിലെ ജനങ്ങള്‍ വോട്ടു ചെയ്‌തതെന്നും താന്‍ ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ്‌ ശരദ്‌ യാദവ്‌ പറഞ്ഞ്‌. ശരദ്‌ യാദവിന്‌ സ്വന്തം വഴി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു നിതീഷിന്റെ മറുപടി. ഇത്തരത്തില്‍ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ്‌ ശരത്‌ യാദവിനെ രാജ്യസഭാകക്ഷി നേതൃസ്‌ഥാനത്തു നിന്നും നീക്കിയത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്ത അലി അന്‍വര്‍ എം.പിയെയും പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജെ.ഡി.യു- എന്‍.ഡി.എ സഖ്യത്തില്‍ ചേരുന്നതിന്‌ മുന്നോടിയാണ്‌ കൂടിക്കാഴ്‌ച.ജെ.ഡി.യുവിനെ എന്‍.ഡി.എയിലേക്ക്‌ ക്ഷണിച്ചതായും അമിത്‌ ഷാ ട്വീറ്റ്‌ ചെയ്‌തിരുന്നു . സഖ്യത്തില്‍ ചേര്‍ന്നാലുടന്‍ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിലും പങ്കാളിയാകും.

Ads by Google
Sunday 13 Aug 2017 01.44 AM
YOU MAY BE INTERESTED
TRENDING NOW