Tuesday, December 19, 2017 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.56 PM

കാഞ്ചീപുരത്തെ ക്ഷേത്രത്തില്‍ ഭിക്ഷയെടുത്ത റഷ്യക്കാരന്‍ ഇതുവരെ റഷ്യന്‍ എംബസിയില്‍ എത്തിയില്ല ; തട്ടിപ്പായിരുന്നോ എന്ന് സംശയം

uploads/news/2017/10/154956/russian.jpg

ചെന്നൈ: പിന്‍നമ്പര്‍ മറന്നു പണമെടുക്കാന്‍ കഴിയാതെ കാഞ്ചീപുരത്തെ മുരുകക്ഷേത്രത്തില്‍ ഭിക്ഷയെടുത്ത റഷ്യക്കാരന്‍ ഇവാഞ്ചലിന്‍ ബര്‍നിക്കോവിനെ തമിഴ്‌നാട് പോലീസ് പണം നല്‍കി അയച്ചിട്ടും ഇതുവരെ എംബസിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ റഷ്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കാഞ്ചീപുരം പോലീസ് ഇവാഞ്ചലിനെ ചെന്നൈയ്ക്കുള്ള ട്രെയിന്‍ കയറ്റി വിട്ടത്. എന്നാല്‍ ഇന്നലെ എത്തേണ്ട യുവാവ് ഇതുവരെ എംബസിയില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

പത്രങ്ങളില്‍ കൂടി കണ്ട വിവരം മാത്രമേ തങ്ങള്‍ക്കുള്ളെന്നാണ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നത്. പണമില്ലാതെ യാചകന്റെ വേഷം കെട്ടേണ്ടി വന്ന യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വന്നത്. സാങ്കേതിക തകരാറു മൂലം എടിഎമ്മില്‍ നിന്നും പണമെടുക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായതിനെ തുടര്‍ന്ന് കാഞ്ചീപുരം കുമാരകോട്ട മുരുഗന്‍ ക്ഷേത്രത്തില്‍ ഇവാഞ്ചലിന്‍ ബെര്‍നിക്കോവ് ഭിക്ഷയാചിക്കുന്ന പടം സഹിതം ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിടുകയും ചെയ്തു.

റഷ്യന്‍ വിദ്യാര്‍ത്ഥിയായ കക്ഷി ടൂറിസ്റ്റ വിസയില്‍ കഴിഞ്ഞമാസം 8 നായിരുന്നു ഇന്ത്യയില്‍ എത്തിയത്. ഉത്തരേന്ത്യന്‍ സന്ദര്‍ശനം നടത്തിയ ശേഷം ബംഗലുരുവില്‍ നിന്നും ബസില്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നു. എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ പിന്‍ നമ്പര്‍ മറന്നുപോയി. പാസ്‌വേഡ് പല തവണ തെറ്റിച്ചടിച്ചതോടെ കാര്‍ഡ് ബ്‌ളോക്കായി. കയ്യില്‍ നയാപൈസയില്ലാതെ വലഞ്ഞു. തുടര്‍ന്ന് ക്ഷേത്ര നഗരിയില്‍ അലസമായി ചുറ്റിക്കറങ്ങുകയും ക്ഷേത്രവളപ്പില്‍ ഒരു രാത്രി ചെലവഴിക്കുകും ചെയ്തു. പിന്നീട് വിശപ്പും ദാഹവും കൂടിയതോടെ തലയിലെ തൊപ്പിയെടുത്ത് ഭിക്ഷ യാചിക്കാന്‍ തുടങ്ങിയെന്നും ക്ഷേത്രത്തിലിരുന്നു തെണ്ടുന്ന വിദേശിയെ കണ്ട് അനുകമ്പ തോന്നിയ നാട്ടുകാരില്‍ ചിലര്‍ പണം നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍.

വിവരം ചിലര്‍ പോലീസിനോട് പറയുകയും അവര്‍ അന്വേഷിച്ചു വരികയും ചെയ്തു. അന്വേഷണത്തില്‍ യാത്രാ രേഖയും പാസ്‌പോര്‍ട്ടും വിസയുമെല്ലാം കൃത്യമാണെന്ന് കണ്ടെത്തിയ പോലീസ് 500 രൂപയും നല്‍കി വയറു നിറയെ ഭക്ഷണം വാങ്ങി നല്‍കി ട്രെയിനില്‍ കയറ്റി ചെന്നൈയിലേക്ക് വിടുകയും ചെയ്തു. ഇവാഞ്ചലിന് സഹായം ചെയ്യാന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ വരെ ഇടപെടല്‍ ഉണ്ടായതായിട്ടായിരുന്നു വാര്‍ത്ത പുറത്തു വന്നത്. ഇപ്പോള്‍ റഷ്യക്കാരന്‍ തന്നെ ഒരു തട്ടിപ്പായിരുന്നോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Ads by Google
TRENDING NOW