Sunday, June 16, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗ്ഗീസ്‌
Saturday 02 Dec 2017 01.01 PM

ശിവന്‍ 'കാള'യെ കെട്ടി കാളകെട്ടിയായി: ഇന്നിവിടെ വളരുന്നത് ശിവശക്തി സ്വരൂപനായ 'നന്ദികേശന്‍'

Kalaketty,Nandi Keshan

മുണ്ടക്കയം: ശബരി മലയ്ക്കുള്ള പദയാത്രയിലെ ഏഴുകോട്ടകളിലൊന്നാണ് കാളകെട്ടി. അതു കൂടാതെ ശബരീശ്വരനെ ചൂഴ്ന്ന് നില്‍ക്കുന്ന പതിനെട്ട് മലകളിലൊന്നായും കാളകെട്ടി ചരിത്രത്തില്‍ തന്റേതായ ഇടം ഒരുക്കി.

ഐതിഹ്യങ്ങളുടെ ചരിത്ര തേരിലേറിയാണ് 'കാളകെട്ടി' എന്ന ഇടത്താവളത്തിന് ഈ പേര് ചാര്‍ത്തിക്കിട്ടുന്നത്.

ധര്‍മ്മശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ മഹിഷി നിഗ്രഹത്തിനുശേഷം പേട്ടതുള്ളി കാളകെട്ടിയിലെത്തി വിശ്രമിക്കുന്നതിനിടെ ശിവനൂം പാര്‍വതിയും കാളപ്പുറത്തേറി അയ്യപ്പനെ കാണുന്നതിനായി എത്തുകയും ശിവന്‍ തന്റെ കാളയെ അവിടെ കെട്ടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങനെ കാളകെട്ടിയായി. അവിടെ എട്ടുതരക്കാരുടെ അമ്പലം ഉയരുകയും ശിവനെ പ്രതിഷ്ഠയാക്കുകയും ചെയ്തു. ഈ ഐതിഹ്യം പിന്‍തുടര്‍ന്ന് അയ്യപ്പഭക്തര്‍ കാളകെട്ടി ശിവക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി കാളക്കുട്ടികളെ നല്‍കി വരുന്നു.

എന്നാല്‍ ഇവിടെ എത്തുന്ന കാളകളെ ലേലത്തില്‍ അറവിനായി നല്‍കുകയായിരുന്നു പതിവ്. ഈ പതിവ് പല അനര്‍ത്ഥങ്ങളിലേക്കും നയിക്കുമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ദേവപ്രശ്‌നം വെയ്ക്കുന്നതിനും മുന്‍പേ അവിടെ സുലോചന എന്ന ഭക്തയെ ശിവന്‍ തിരഞ്ഞെടുത്തിരുന്നു. പല തവണ ദര്‍ശനം പോല്‍ തനിക്ക് മുന്നില്‍ ഒരു കാള പ്രത്യക്ഷപ്പെട്ടതായി ഇവര്‍ പറയുന്നു.

കിരാത മൂര്‍ത്തി ക്ഷേത്ര ഭൂമിയില്‍ ജന്മമെടുത്ത ഒരു കാളയെ ചെങ്ങന്നൂരില്‍ നിന്ന് വന്ന അയ്യപ്പഭക്തര്‍ 2009 ല്‍ കാളകെട്ടി ശിവക്ഷേത്രത്തില്‍ നേര്‍ച്ചയായി നല്‍കി.കോത്തല സൂര്യ നാരായണ ദീക്ഷിതര്‍ സ്വാമികള്‍ കാളക്കുട്ടിയുടെ വരവിനെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. 4 മാസം പ്രായമുള്ള കാളക്കുട്ടിയെ ശിവപാര്‍വതി ക്ഷേത്രത്തില്‍ നിന്ന് കാളകെട്ടി വള്ളിപ്പാറയില്‍ സുലോചന ഏറ്റുവാങ്ങി. വെളിപാടായും ദര്‍ശനമായും തനിക്ക് മുന്നില്‍ പലതവണ പ്രത്യക്ഷപ്പെട്ട അതേ കാളക്കുട്ടി. അന്നേ 'നന്ദികേശന്‍' എന്ന് മനസില്‍ സുലോചന ഉറപ്പിച്ചിരുന്നു.

Kalaketty,Nandi Keshan
നന്ദികേശനോടൊപ്പം സുലോചന

ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. ശാലങ്കായനപുത്രനും ശിലാദനാമാവുമായ മഹര്‍ഷി ഒരു പുത്രനുവേണ്ടി ശിവനെ തപസു ചെയ്തു. ശിവന്‍ ശിലാദന് പുത്രലബ്ധിക്കായി വരം നല്‍കി. അതനുസരിച്ച് യാഗത്തിനായി നിലം ഉഴുതപ്പോള്‍ മൂന്ന് കണ്ണുകളും നാല് കൈകളും ജടാമകുടധാരിയുമായ ശങ്കരാകൃതിയിലുള്ള ഒരു ബാലനെ കിട്ടി. ആ കുട്ടിയാണ് നന്ദി. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ മനുഷ്യരൂപമായി മാറിയെന്നാണ് ഐതിഹ്യം. ഭക്തമനസുകളില്‍ നന്ദി ശിവവാഹനായ കാളയായിട്ടാണ് അറിയപ്പെടുന്നത്.

സുലോചനയുടെ തണലില്‍ നന്ദികേശന്‍ വളര്‍ന്നു. ഒപ്പം നന്ദിയുടെ പ്രശസ്തിയും. തന്റെ ജന്മം നന്ദിക്കായി മാറ്റിവെയ്ക്കാനായിരുന്നു നിയോഗമെന്ന് ഇവര്‍ വിശ്വസിക്കുന്നു. സുലോചനയുടെ ആശ്രമത്തിലാണ് നന്ദി വളരുന്നതും. ശിവാഹനായ നന്ദിയെന്ന് ഉറപ്പിച്ച് ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നത് ആയിരക്കണക്കിനാളുകളാണ്. അയ്യപ്പഭക്തര്‍ എല്ലാം നന്ദിയുടെ അനുഗ്രഹവും ഏറ്റ് വാങ്ങിയാണ് മല കയറുന്നത്.

നന്ദിക്കായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും സുലോചനയുടെ വീട്ടില്‍ തന്നെയാണ് നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ എത്തിയിട്ടുണ്ട്.

ഏകദേശം 800 കിലോ തൂക്കവും പ്രത്യേക ചൈതന്യവുമുള്ള നന്ദിയെക്കുറിച്ച് പഠനം നടത്താന്‍ ഗവേഷക സംഘവും പരിശോധനയ്ക്കായി ഡോക്ടര്‍മാരും എത്തുന്നുണ്ട്.

നന്ദിക്കു മുന്‍പില്‍ നിയോഗം വെച്ച് പ്രാര്‍ത്ഥിച്ച ഒരുപാടാളുകള്‍ പലയിടങ്ങളില്‍ നിന്നും സാക്ഷ്യം നല്‍കാന്‍ എത്തുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. ഭക്തര്‍ക്കായി നന്ദികേശന്റ ദേഹത്തു നിന്ന് ഉതിരുന്ന രോമ പൊടിയാണ് നല്‍കുന്നത്. ഭക്തര്‍ നല്‍കുന്ന കാണിക്കയില്‍ നിന്നാണ് നന്ദിയുടെ ചിലവ്. ആര്‍ക്കും ഏത് സമയത്തും ഇവിടെ വരാം. പ്രാര്‍ഥിക്കാം എന്നാല്‍ മദ്യ മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചവരെ നന്ദി അടുപ്പിക്കാറില്ല. നന്ദിക്കായി അടുത്ത വര്‍ഷം ക്ഷേത്രം ഉയരുമെന്ന പ്രതീക്ഷയിലാണ് സുലോചനയും ഭക്തരും.

എരുമേലി പമ്പാവാലി റോഡില്‍ കണമലയില്‍ നിന്ന് കാളകെട്ടിയില്‍ എത്താം. മുണ്ടക്കയം കോരൂത്തോട് കുഴിമാവ് വഴിയും കാളകെട്ടിയില്‍ എത്തിച്ചേരാം.

Ads by Google
നീതു വര്‍ഗ്ഗീസ്‌
Saturday 02 Dec 2017 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW