''എന്നും പുതുമകള്‍ സൃഷ്ടിക്കുന്നതാണ് വീടിന്റെ ഇന്റീരിയറുകള്‍. ഇനിയെന്ത് പുതുമ എന്നു കരുതി വിഷമിക്കേണ്ട. നൂതന പരീക്ഷണങ്ങള്‍ ഇന്റീരിയറുകളിലും വന്നു കഴിഞ്ഞു...''
മനസ്സു പോലെ മായാജാലങ്ങള്‍ തീര്‍ക്കുന്നതാണ് ന്യൂജെന്‍ വീടുകള്‍. ഇന്റീരിയര്‍ ഡിസൈനുകളില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച് പഴയ വീടുകളെ വ്യത്യസ്തമാക്കാനുള്ള തിടുക്കമാണ് പലര്‍ക്കും.
പ്ലാന്‍ വരച്ച്, വീടു നിര്മ്മിക്കാനെടുക്കുന്നതിലും അധികം സമയം ഇന്റീരിയര്‍ ഡിസൈനിംഗിനായി മാറ്റി വയ്ക്കുന്നു. പുതുമകളേറെയുള്ള ചില ന്യൂജെന്‍ ഇന്റീരിയറുകള്‍...
ട്രോപ്പിക്കല്‍ വാള്‍പേപ്പറുകള്‍.
വാള് പെയിന്റുകള്‍ക്ക് പകരം ഇടം പിടിച്ചതാണ് വാള്‍പേപ്പറുകള്‍. വ്യത്യസ്ത ഡിസൈനുള്ള വാള്‍പേപ്പറുകള്‍ ഓരോ മുറികള്‍ക്കും പ്രത്യേക സൗന്ദര്യം നല്‍കും.
അതില്‍ത്തന്നെ പുതുമ നിറയ്ക്കുന്നതാണ് ട്രോപ്പിക്കല്‍ ലീഫ് പ്രിന്റ്സ്. ഒരു ഇല വലിയ ഡിസൈനില്‍ ഫ്രെയിം ചെയ്യുന്ന വാള്‍പേപ്പര്‍, മുറികള്‍ക്ക് ഒരു ഡ്രാമാറ്റിക് ലുക്ക് നല്‍കും. മുറികളുടെ വ്യത്യസ്തത അനുസരിച്ച് വാള്‍പേപ്പറുകളിലും വ്യത്യസ്തത നല്‍കാം.
പെയിന്റടിക്കാത്ത ചുമരുകള്‍
പെയിന്റടിക്കാത്ത ചുമരുകള്‍ സാമ്പത്തികമില്ലായ്മ കാണിച്ചിരുന്ന കാലം മാറിയിരിക്കുന്നു. പുതിയ ട്രെന്‍ഡിന്റെ ഭാഗമാണ് പെയിന്റടിക്കാത്ത ചുമരുകള്‍. പ്ലാസ്റ്റേഡ് വോള്‍സ് അല്ലെങ്കില്‍ എക്സ്പോസ്ഡ് ബ്രിക്ക്വര്‍ക്ക് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ ചുമരുകള്‍ മുറികളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.
മുറികളിലെ നാലു ചുമരുകളില്‍ ഒരെണ്ണം മാത്രം അണ്പെയിന്റഡായി അല്ലെങ്കില്‍ അണ്ട്രീറ്റഡായി നിര്‍ത്തുന്നതാണ് പുത്തന്‍ ട്രെന്‍ഡ്. പലപ്പോഴുമത് ലിവിംഗ് റൂമിലാണ് ചെയ്യുന്നത്.
ബാല്‍ക്കണി ഗാര്‍ഡനുകള്‍
പണ്ടൊക്കെ പൂന്തോട്ടങ്ങളില്ലാത്തത് ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നവരുടെ വലിയൊരു സങ്കടമായിരുന്നു. എന്നാലതിനും മാറ്റം വന്നിരിക്കുന്നു.
ബാല്‍ക്കണികളില്‍ വോള്‍ ഗാര്ഡന് മാത്രമല്ല റെഡിമെയ്ഡ് പുല്‍ത്തകിടിയും ഒറ്റ ദിവസത്തിനുള്ളില്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഓണ്‍ലൈന്‍ വഴിയുമിത് ഓര്‍ഡര്‍ ചെയ്യാം. ഇത് ചെയ്തു തരാനെത്തുന്നവര്‍ പൂന്തോട്ടം പരിപാലിക്കുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരും.
ബാല്‍ക്കണിയിലെ ഗാര്ഡന്, തറകള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന പേടിയും വേണ്ട. വെള്ളം താണിറങ്ങാത്ത രീതിയിലാണിത് സെറ്റ് ചെയ്തിരിക്കുന്നത്.
ഫര്‍ണീച്ചറും ടെക്നോളജിയും
ഫര്ണീച്ചറുകള്ക്കും ഹോം അപ്ലയന്‍സിനും വെവ്വേറെ സ്ഥലമുണ്ടാക്കേണ്ട എന്നതാണ് മറ്റൊരു പുതിയ ട്രെന്‍ഡ്. അപ്ഹോള്സ്റ്റെറിക്കൊപ്പം ഓഡിയോ സ്പീക്കറുകള്‍, ഫോണുകള്‍ ചാര്‍ജ് ചെയ്യുന്ന ഡിസൈന്‍ സ്റ്റേറ്റ്മെന്റ്, ബെഡ്സൈഡ് ടേബിളിനൊപ്പം ടി.വി, വാര്‍ഡ്രോബിനൊപ്പം കൂളര്‍ എന്നിങ്ങനെ പല തരത്തിലുള്ള നൂതന ഡിസൈനുകളും വിപണിയിലുണ്ട്.
ഈ പുത്തന്‍ ട്രെന്‍ഡ്, ഡിസൈനുകളിലെ സൗന്ദര്യം കൂട്ടി ഫര്‍ണീച്ചറുകളെ വ്യത്യസ്തമായി രൂപപ്പെടുത്തും.
ഫ്ളോട്ടിംഗ് മാഗ്നെറ്റിക് ഫര്‍ണീച്ചര്‍
ഫ്ളോട്ടിംഗ് ബെഡ്, ടേബിള്‍, കസേരകള്‍ എന്നിവയൊക്കെ ഇന്റീരിയറിലെ മറ്റു ചില വിസ്മയങ്ങള്‍. സ്ട്രിംഗ് വഴിയോ കാന്തം വഴിയോ ബന്ധിപ്പിച്ചിരിക്കുന്ന ഈ ഫര്‍ണീച്ചറുകള്‍ മുറികളില്‍ ഒഴുകി നടക്കുന്നതു പോലെയുള്ള ഒരു ഫീല്‍ ഉണ്ടാക്കും.
എന്നുകരുതി ഇതിന് ഭാരം താങ്ങാനുള്ള കരുത്തില്ലെന്ന് കരുതരുത്. സാധാരണയുള്ള ഫര്ണീച്ചറുകളേക്കാള് രണ്ടിരട്ടി കരുത്താണ് ഇതിനുള്ളത്. മുറികളുടെ സൗന്ദര്യം തന്നെ മാറ്റി മറിക്കാന്‍ ഈ ഫര്‍ണീച്ചറുകള്‍ക്ക് കഴിയും. ഹോം ഡെക്കറുകളും ഷോകെയ്സ് പീസുകളിലുമൊക്കെ ഈ സംവിധാനം നിലവിലുണ്ട്.
ടൈലുകള്‍ മാറി ടെറാക്കോട്ട
ഫ്ളോറിംഗിലെ പുത്തന്‍ ട്രെന്‍ഡാണ് ടെറാക്കോട്ട. ടൈലുകളും മാര്ബിളുകളുമൊക്കെ വഴിമാറിക്കൊടുത്തപ്പോള്‍ പ്രകൃതിദത്ത ഫ്ളോറിംഗ് ആ സ്ഥാനം പിടിച്ചെടുത്തു.
ടെറാക്കോട്ട ഫ്േളാര്‍, ടൈലുകളിലെ പുതിയ ഡിസൈനുകളേക്കാള്‍ മനോഹരമാണ് എന്നുള്ളതു മാത്രമല്ല ഗ്രിപ്പ് കൂടുതലാണ് എന്നുള്ളതും വലിയൊരു ആകര്‍ഷണമാണ്. ഇതിന്റെ വ്യത്യസ്ത ആകൃതികളും ജിയോമെട്രിക് ഘടനകളും ഫ്ളോറിംഗിന്റെ വരുംകാല ട്രെന്‍ഡായി മാറുമെന്നതില്‍ ഒരു സംശയവുമില്ല.
അപ്പ്ഹോള്സ്റ്റഡ് ഹെഡ്ബോര്ഡ്
ഉയരക്കൂടുതലുള്ള കട്ടിലുകള്‍ ബെഡ്റൂമുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. തറയില്‍ നിന്ന് അല്‍പ്പം മാത്രം പൊക്കമുള്ള കട്ടിലും, കനം കൂടിയ ബെഡുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മിക്ക കട്ടിലുകളും ഫ്ളോറിംഗില്‍ ഘടിപ്പിച്ചതാ യിരിക്കും.
അതിനൊപ്പം വരുന്നതാണ് ഹെഡ്ബോര്ഡുകള്. തലയിണ വയ്ക്കുന്ന ഭാഗത്ത് ചുവരിനോട് ചേര്‍ന്ന് കുഷ്യന് ഹെഡ്ബോര്ഡുകളുണ്ടാകും. ചാരിയിരുന്ന് പുസ്തകം വായിക്കാനും, തലയിണകളുടെ പൊസിഷന്‍ മാറാതിരിക്കാനുമൊക്കെ ഇത് സഹായിക്കും. ബെഡിന്റെ അതേ നിറത്തിലുള്ള കുഷ്യനും, മിക്സ് ആന്‍ഡ് മാച്ച് കോമ്പിനേഷനും ഇതിലുണ്ട്.
മള്‍ട്ടിഫംഗ്ഷന്‍ ഫര്‍ണീച്ചര്‍
ദ്രുതഗതിയില്‍ മേശയോ കസേരയോ, സ്റ്റൂളുകളോ ഒക്കെ ആക്കി മാറ്റാവുന്ന മള്‍ട്ടിഫംഗ്ഷന്‍ ഫര്ണീച്ചറാണ് മറ്റൊരു ട്രെന്‍ഡ്. ആവശ്യാനുസരണം ആകൃതി മാറ്റാവുന്ന ഇത്തരം ഫര്‍ണീച്ചറുകള്‍ക്ക് താരതമ്യേന വിലക്കുറവാണെന്നുള്ളതും ആകര്‍ഷകമാണ്. കൂടുതല്‍ ഫര്‍ണീച്ചറുകള്‍ വച്ച് സ്ഥലം പാഴാക്കിക്കളയേണ്ട കാര്യവുമില്ല.
ഗ്ലാസ് ഫ്ളോറിംഗ്
ഹാളിലും ലിവിംഗ് റൂമിലും ഗ്ലാസ് ഫ്ളോറിംഗ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയിട്ട് കുറച്ചു നാളായി. അതില്‍ത്തന്നെ പെബിള്‍സും ഗ്ലാസ് ഫ്ളോറിംഗും മിക്സ് ചെയ്യുന്നതാണ് ന്യൂ ജെന്‍ ട്രെന്‍ഡ്. ഗ്ലാസിനടിയില്‍ ചെറിയ ഉരുളന്‍ കല്ലുകള്‍ പാകി ചെറിയ ലൂമിനേഷന് ബള്‍ബുകളും കൊടുത്താല്‍ ലിവിംഗ് റൂമിന്റെ സ്റ്റൈല്‍ ആകമാനം മാറും.
ഒറ്റ നിറത്തിലുള്ള ഉരുളന്‍ കല്ലുകളും, മള്‍ട്ടികളര്‍ കല്ലുകളുമൊക്കെ ഇതിനു വേണ്ടി തെരഞ്ഞെടുക്കാം. ഇഷ്ടമുള്ള ഗ്ലാസ് ഡിസൈനുകളും തെരഞ്ഞെടുത്ത് ഇന്റീരിയര്‍ ഡിസൈനേഴ്സിനെ ഏല്‍പ്പിച്ചാല്‍ പിന്നെയെല്ലാം ഒ.കെ. നാലഞ്ചു വര്‍ഷം കഴിയുമ്പോള്‍ ആവശ്യാനുസരണം പെബിള്‍സ് മാറ്റുകയും ചെയ്യാം.
അടുക്കളയിലെ കൗണ്ടര്‍ ടോപ്പുകള്‍, ബാത്ത്റൂമുകള്‍, ഗ്ലാസ് ടോപ്പ് മേശകള്‍ എന്നിവയിലുമിത് ചെയ്യാം. ഈടു നില്ക്കുമെന്നു മാത്രമല്ല ഗ്രിപ്പുണ്ടെന്നുള്ളതും പൊട്ടിപ്പോവില്ലെന്നുള്ളതും ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്. മുറിയില്‍ ഒരുപാട് ലൈറ്റുകള്‍ ഉപയോഗിക്കേണ്ട എന്നുള്ളതും ഇതിന്റെ മറ്റൊരു ഗുണമാണ്.
സ്മാര്‍ട്ട് കിച്ചണ്‍
അടുക്കളയിലെ ഇന്റീരിയറിലാണ് ഏറ്റവും പുതുമയുള്ള ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നത്. സ്മാര്‍ട്ട്ഫോണിലൂടെ വൈഫൈ വഴി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓവനുകള്‍, ഫ്രിഡ്ജുകള്‍, ഗ്യാസ് ബര്‍ണറുകള്‍ എന്നിവയൊക്കെയാണ് കിച്ചണിലെ പുത്തന്‍ ട്രെന്‍ഡുകള്‍.
വീട്ടില്‍ നിന്ന് അധികദൂരത്തല്ലെങ്കില് പാചകമൊരു പ്രശ്നമായി കരുതേണ്ട കാര്യമില്ല. അല്‍പ്പം വൈകിയാലും, തയാറാക്കുന്ന ഭക്ഷണത്തിന് കേടുപാടുകള്‍ വരുമെന്ന ആശങ്കയും വേണ്ട. സ്മാര്‍ട്ട്ഫോണ്‍ വഴി കിച്ചണ്‍ അപ്ലയന്‍സസിന്റെ പ്രവര്‍ത്തനം ദ്രുതഗതിയിലും വളരെ പതിയയുമൊക്കെയാക്കാം.
ടി.വി യൂണിറ്റുകള്‍
ടി.വികള്‍ക്ക് പ്രത്യേക സ്റ്റാന്‍ഡൊക്കെ നല്‍കിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ആകര്‍ഷകമായ വോള്‍പേപ്പറുകളും ബാക്ക് പാനലുമൊക്കെ കൂടിയ ടി.വി യൂണിറ്റാണ് ഇന്റീരിയറിലെ മറ്റൊരു താരം. ഒരു ഭിത്തി മുഴുവനായി ഇതിനു വേണ്ടി മാറ്റിയെടുത്ത് ഡിസൈന്‍ ചെയ്യുന്നതാണ് നൂതന രീതി. വോള്‍പേപ്പറുകളും വാഡ്രോബുകളുമൊക്കെ ഈ ഡിസൈനുകളിലുണ്ട്.
ബാക്ക്പാനലും വോള്‍പേപ്പറുകളും മിക്സ് ആന്‍ഡ് മാച്ച് ഡിസൈനിലാണ് ചെയ്യുന്നത്. മിക്ക ന്യൂജെന്‍ വീടുകളിലും ഇതിപ്പോള്‍ ട്രെന്‍ഡാണ്.
ട്രെന്‍ഡി ക്യാബിന്‍സ്
അടുക്കളയിലും ലിവിംഗ് റൂമിലുമൊക്കെ ക്യാബിനുകള്‍ വയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്. അടുക്കളയിലെ എല്ലാ സൗകര്യങ്ങളും കൂട്ടിയോജിപ്പിച്ചുള്ള ക്യാബിനുകളും ഇഷ്ടാനുസരണം സെറ്റ് ചെയ്യാം. ആവശ്യാനുസരണമാണ് ഇതിന്റെ നിര്‍മ്മാണം. കിച്ചണ്‍ സിങ്ക്, പുകയില്ലാത്ത അടുപ്പ്, കിച്ചണ്‍ ഐലന്‍ഡ് എന്നിങ്ങനെ മിക്ക സൗകര്യങ്ങളും അതിലുണ്ടാകും.
ലിവിംഗ് റൂമിലെ ക്യാബിനുകളും സൗകര്യത്തിനനുസരിച്ചാണ് വയ്ക്കുന്നത്. ടി.വി യൂണിറ്റുകള്‍, ഷോ കെയ്സുകള്, ബുക്ക് ഷെല്‍ഫ് എന്നിങ്ങനെ ലിവിംഗ് റൂമിന്റെ സൗന്ദര്യം കൂട്ടുന്നതെല്ലാം അതിലുണ്ടാകും. ഭംഗിയുണ്ടെന്നതിനു പുറമേ താരതമ്യേന ചെലവു കുറവാണെന്നുള്ളതും ക്യാബിനുകള്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളായി മാറുന്നു.
ലക്ഷ്മി ബിനീഷ്