Monday, February 19, 2018 Last Updated 52 Min 17 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 13 Jan 2018 07.36 PM

പാതിരസത്തില്‍ ക്യൂന്‍

വളരെ സ്‌പോര്‍ട്ടിയായ എഡിറ്റിങ്ങും ലാഗില്ലാത്ത, ഇമോഷണല്‍ ടച്ചുള്ള ആദ്യപകുതിയാണ് സിനിമയുടെ ഹൈലൈറ്റ്. അതേനിലവാരത്തിലും ഫ്‌ളോയിലുമായിരുന്നു സിനിമ അവസാനിച്ചതെങ്കില്‍ തീര്‍ച്ചയായും നവാഗതരുടെ ഈ സംരംഭത്തിന് ഫുള്‍മാര്‍ക്ക് നല്‍കാനാവുമായിരുന്നു.
malayalam movie queen review

എന്‍ജിനീയറിങ് കോളജ് കഥകള്‍ അവസാനിക്കുന്നില്ല, അതു തുടരുകയാണ്. അവ അവസാനിക്കണമെങ്കില്‍ കോളജുകളെല്ലാം അടച്ചുപൂട്ടണം.
പ്രേമത്തിന്റെ വന്‍വിജയം കാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവിന് വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തിന്റെ തുടര്‍ച്ച എന്നുതന്നെ വേണം ഈ കാമ്പസ് കാഴ്ചകളെ വിശേഷിപ്പിക്കാന്‍. ക്യൂന്‍ എന്ന നവാഗതരുടെ സിനിമയും അതേവഴിയാണ്. നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാരെയും കൊണ്ട് നവാഗത സംവിധായകനായ ഡിജോ ജോസ് ആന്റണിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചില്ലറ തമാശകളും ക്യാമ്പസ് കളികളുമുള്ള ഒരു തരക്കേടില്ലാത്ത ചിത്രമാണ് ക്യൂന്‍ തുടക്കത്തില്‍. എന്നാല്‍ ഇടവേള കഴിഞ്ഞ് കാടുകയറിപ്പോയി (സോറി കോടതി കയറിപ്പോയി) പറയുന്നതുകൊണ്ട് ക്യൂന്‍ വെറും ജോക്കറായിപ്പോകും.

അശ്‌ളീലമോ, ആഭാസമോ ഇല്ലാത്ത ഒരു ന്യൂജന്‍ കാമ്പസ് സിനിമയായി വിശേഷിപ്പിക്കാം. ഒമര്‍ ലുലുമാരൊക്കെ ചങ്ക്‌സുമായിറങ്ങി വിജയിക്കുന്ന കാലമാണിത്. അതുകൊണ്ടു പറഞ്ഞുവെന്നേ ഉള്ളു. ചങ്ക്‌സിന്റെ അതേപാറ്റേണാണ് തുടക്കത്തില്‍. ഒരു സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളില്ലാത്ത മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് ചിന്നു എന്ന പെണ്‍കുട്ടി വരുന്നു. ആദ്യം അവളോട് ഇടയുന്ന സഹപാഠികള്‍ പിന്നീട് അവള്‍ക്കായി ജീവിക്കുന്നു. ഇതാണ് ചങ്ക്‌സുമായുള്ള സാമ്യത. മറ്റുകാര്യങ്ങളിലൊന്നും ആ വഷളന്‍ സിനിമയെ അനുകരിച്ചിട്ടില്ല, എന്ന അനുകരണീയ മാതൃക ക്യൂന്‍ സിനിമയ്ക്കുണ്ട്.

malayalam movie queen review

തുടക്കത്തില്‍ ചില്ലറ റാഗിങ്ങും അടിയും പ്രണയവുമൊക്കെയായി മുന്നേറുന്ന സിനിമ ഒരു ഘട്ടംകഴിയുമ്പോള്‍ മുതല്‍ നായികയുടെ അനാഥത്വം, കാന്‍സര്‍, റേപ്പ് തുടങ്ങിയ അതിഭയങ്കര സംഭവങ്ങളിലൂടെ കടന്നുപോകുന്നതോടെ മടുത്തുപോകും. രണ്ടാംപകുതിയില്‍ ഏറെയും കോടതിമുറിയിലാണ്. കടുത്തവാദമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ നിലവാരമുള്ള കടുത്തസ്ത്രീപക്ഷവാദങ്ങളാണ് കുത്തിനിറച്ചിരിക്കുന്നത്. അതിനിടയില്‍ സസ്‌പെന്‍സുകള്‍ പുട്ടിനുപീരപോലെ തിരുകിയിട്ടുണ്ട്.

വിജയരാഘവന്‍, നന്ദു, സലീംകുമാര്‍, സേതുലക്ഷ്മി, കലാശാല ബാബു അങ്ങനെ വളരെക്കുറച്ചു താരങ്ങളേ ഉള്ളു. എക്‌സ്പീരിയന്‍സുള്ളവരായിട്ട്. ബാക്കി മുഖ്യവേഷങ്ങള്‍ ചെയ്യുന്നവരെല്ലാം പുതുമുഖങ്ങളാണ്. പുതുമുഖങ്ങളുടെ പതര്‍ച്ചയൊന്നുമില്ലാതെ എല്ലാവരും മിന്നിയിട്ടുണ്ട്. പ്രത്യേകിച്ച് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്ന സാനിയ ഇയ്യപ്പനും ധ്രുവനും.

malayalam movie queen review

വളരെ സ്‌പോര്‍ട്ടിയായ എഡിറ്റിങ്ങും ലാഗില്ലാത്ത, ഇമോഷണല്‍ ടച്ചുള്ള ആദ്യപകുതിയാണ് സിനിമയുടെ ഹൈലൈറ്റ്. അതേനിലവാരത്തിലും ഫ്‌ളോയിലുമായിരുന്നു സിനിമ അവസാനിച്ചതെങ്കില്‍ തീര്‍ച്ചയായും നവാഗതരുടെ ഈ സംരംഭത്തിന് ഫുള്‍മാര്‍ക്ക് നല്‍കാനാവുമായിരുന്നു. പക്ഷേ പറയുന്ന കാര്യത്തിന് ഗൗരവം വേണമെന്ന പിടിവാശികൊണ്ടാണെന്നു തോന്നുന്നു വ്യാജമായ സാമൂഹിക പ്രതിബദ്ധതയും മുദ്രാവാക്യ സമാനമായ സ്ത്രീപക്ഷ ഡയലോഗുകളും നിറച്ച് സിനിമ അതിന്റെ ഫണ്‍ ലോജിക് കളഞ്ഞുകുളിച്ചു. ജെബിന്‍ ജോസഫ് ആന്റണിയും ഷാരിസ് മുഹമ്മദും ചേര്‍ന്നാണു തിരക്കഥ.

ക്ലീഷേകളാണെങ്കിലും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, കാമ്പസ് ലൈഫിനെ ചിരിയോടെ അവതരിപ്പിക്കാന്‍ സിനിമയ്ക്കാകുന്നുണ്ട്. പക്ഷേ ക്യാമ്പസ് വിട്ടു കോര്‍ട്ടിലേക്കു സിനിമ കയറുമ്പോഴും ആ ചിരി ബാക്കിയാണ്, പരിഹാസ്യമായാണെന്നേ ഉള്ളു. ജെയ്ക്ക് ബിജോയി ആണ് സംഗീതം. ക്യാമറ സുരേഷ് ഗോപിയും. രണ്ടു തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി.

evshibu1@gmail.com

Ads by Google
Ads by Google
TRENDING NOW