താന്‍ പീഡനത്തിന് ഇരയായതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി. ജെയിംസ് കാമറൂണ്‍- ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ടീമിന്റെ ട്രൂ ലൈസിലെ നടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ ഡെയര്‍ ഡെവിള്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച നടി എലിസ ഡുഷ്കുവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സ്റ്റണ്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡകള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
എലിസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്. ട്രൂ ലൈസിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഹോളിവുഡിലെ ഹോളിവുഡിലെ മുന്‍നിര സ്റ്റണ്ട് ഡയറക്ടറായ ജോയല്‍ ക്രാമര്‍ അന്നെന്നെ ലൈംഗികമായി പീഡിപ്പിച്ചു. അന്നുമുതല്‍ ഇക്കാര്യം എങ്ങനെ തുറന്നുപറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അന്ന് ഇക്കാര്യം ഞാനെന്റെ കുടുംബാംഗങ്ങളോടും മുതിര്‍ന്ന രണ്ട് സുഹൃത്തുക്കളോടും ഒരു മുതിര്‍ന്ന സഹോദരനോടും തുറന്നുപറഞ്ഞു.
എന്നാല്‍, ഞാന്‍ ഉള്‍പ്പടെ ആരും അന്നത് കൈകാര്യം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. ഇക്കാര്യം എനിക്ക് മുന്‍പേ തുറന്നു പറഞ്ഞവരോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട് എനിക്ക്. അവര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അധിക്ഷേപങ്ങളും തുറന്നുപറയാന്‍ അവര്‍ കാട്ടിയ ചങ്കൂറ്റം ഒടുവില്‍ എനിക്കും ധൈര്യം പകര്‍ന്നിരിക്കുകയാണ്.
ജോയല്‍ ക്രാമര്‍ അന്ന് എനിക്ക് പ്രത്യേക പരിഗണന തന്നതും എന്നെ വളര്‍ത്തിയെടുക്കുകയാണെന്ന മട്ടില്‍ പടിപടിയായി എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. സ്റ്റണ്ട് ടീമിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനുശേഷം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയാണെന് വാക്കു കൊടുത്താണ് എന്നെ അന്ന് മിയാമിയിലെ അയാളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയത്.
ജാലകശ്ശീലകള്‍ വലിച്ചിടുകയും മുറിയിലെ വെളിച്ചം കെടുത്തുകയും കൂട്ടിയിടുകയും ചെയ്തെല്ലാം ഞാന്‍ ഓര്‍ക്കുന്നു. എന്നെ കിടക്കയുടെ ഏത് ഭാഗത്താണ് കിടത്തിയതെന്നും എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. ടി.വി.യില്‍ അന്നയാള്‍ കണ്ട കോണ്‍ഹെഡ്സ് എന്ന സിനിമയും എന്റെ മനസ്സിലുണ്ട്. മുറിയില്‍ നിന്ന് അപ്രത്യക്ഷനായ അയാള്‍ പിന്നീട് വന്നത് അരക്കെട്ട് മാത്രം പേരിന് മറയ്ക്കുന്ന ഒരു ഒരു ടവലും ധരിച്ചായിരുന്നു.
ഇന്ന് നീ ഉറങ്ങാന്‍ പോകുന്നില്ല, ഉറക്കം നടിക്കുന്നത് നിര്‍ത്തൂ എന്നയാള്‍ ചെവിയില്‍ പറഞ്ഞതും ഞാന്‍ മറന്നിട്ടില്ല. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു നിര്‍ദേശവും തന്നു. നമ്മള് സൂക്ഷിക്കണം (മറ്റാരും അറിയരുതെന്ന്). അന്നെനിക്ക് പന്ത്രണ്ട് വയസ്സ്. അയാള്‍ക്ക് 36 ഉം ഞാന്‍ ആ രഹസ്യം പങ്കുവച്ച് എന്റെ മുതിര്‍ന്ന പെണ് സുഹൃത്ത് ഒരു ദിവസം കാറോടിച്ച് ഹോളിവുഡ് കുന്നുകള്‍ കടന്ന് സെറ്റിലെത്തി അയാളെ കണ്ടതും ഞാന്‍ ഓര്‍ക്കുന്നു.
അന്നു തന്നെ യദൃശ്ച്യ ഹാരിയര്‍ ജെറ്റില്‍ വച്ചെടുത്ത ഒരു സ്റ്റണ്ട് സീനില്‍ എനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ല് പൊട്ടിയ ഞാന്‍ അന്ന് വൈകീട്ടു വരെ ആസ്പത്രിയില്‍ കഴിഞ്ഞു. ആക്ഷന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച ട്രൂ ലൈസിനുവേണ്ടിയുള്ള ഷൂട്ടിങ്ങും റിഹേഴ്സലുകളുമായി കടന്നുപോയ ആ മാസങ്ങളില്‍ എന്റെ സുരക്ഷ പൂര്‍ണമായും ജോയല്‍ ക്രാമറിന്റെ കൈയിലായിരുന്നു.
എന്റെ പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള എന്റെ ശരീരത്തില്‍ അയാള്‍ എന്നും വയറുകള്‍ കെട്ടിവരിഞ്ഞിടും. ഇരുപത്തിയഞ്ച് നിലയുള്ള കെട്ടിടത്തില്‍ നിന്ന് ടവര്‍ ക്രെയിനില്‍ എന്നെ ആകാശത്ത് നിന്ന് തൂക്കിയിടും. അക്ഷരാര്‍ഥത്തില്‍ എന്റെ ജീവന് അയാളുടെ കൈകളിലായിരുന്നു. എന്റെ സംരക്ഷകനാവേണ്ട ആള് സത്യത്തില്‍ എന്റെ പീഡകനാവുകയായിരുന്നു..
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയല്‍ ക്രാമറുടെ കള്ളക്കളികള്‍ കണ്ടുപിടിക്കപ്പെടുകയും സിനിമാരംഗം വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്തതായി ഞാന്‍ അറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോഴും ഈ രംഗത്തെ ഉയര്‍ന്ന നിലയില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അയാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രം ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതുവരെ ആ ചിത്രം എന്നെ വേട്ടയാടുകയാണ്. ഇനി മേലില്‍ ആ പഴയ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ എനിക്കാവില്ലെന്നും എലിസ പറയുന്നു