Wednesday, February 20, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
അപര്‍ണ പ്രശാന്തി
Thursday 18 Jan 2018 03.57 PM

ആരു വിലക്കിയാലും ഒരു സിനിമയും ഇല്ലാതാവില്ല; ഈടയിലെ പ്രണയവും രാഷ്ട്രീയവും

ഈ വർഷത്തെ ആദ്യ സിനിമതന്നെ ഇത്രയും വലിയ ചർച്ചയായതിന്റെ സന്തോഷത്തിലാണ് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഒക്കെ. സന്തോഷത്തിനപ്പുറം വിവാദങ്ങളും ‘ഈട’യ്ക്കൊപ്പമുണ്ട്. 20 വർഷത്തോളം സിനിമയുടെ പല മേഖലകളിൽ പ്രവർത്തിച്ച അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട. അജിത് കുമാർ സംസാരിക്കുന്നു, ഈടയെ പറ്റി, ഈടയിലെ പ്രണയത്തെ പറ്റി, വിവാദങ്ങളെ പറ്റി..
Eeda, Ajith Kumar B.

ഈട തീയറ്ററിൽ ഉണ്ടാക്കിയ നിശ്ശബ്ദതയും മുറിവും ഉണങ്ങിയിട്ടില്ല. ഈ വർഷത്തെ ആദ്യ സിനിമതന്നെ ഇത്രയും വലിയ ചർച്ചയായതിന്റെ സന്തോഷത്തിലാണ് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഒക്കെ. ഈ സന്തോഷത്തിനപ്പുറം വിവാദങ്ങളും ഈടയ്ക്കൊപ്പമുണ്ട്. 20 വർഷത്തോളം സിനിമയുടെ പല മേഖലകളിൽ പ്രവർത്തിച്ച അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട. അജിത് കുമാർ സംസാരിക്കുന്നു, ഈടയെ പറ്റി, ഈടയിലെ പ്രണയത്തെ പറ്റി, വിവാദങ്ങളെ പറ്റി..

കണ്ണൂരിലെ ചില തീയറ്ററുകളിൽ നിന്ന് പടം മനഃപൂർവം പിൻവലിപ്പിച്ചു എന്നൊക്കെയുള്ള വാർത്തകളാണ് ഈടയെ പറ്റി ഇപ്പോൾ കേൾക്കുന്നത്.. സംവിധായകൻ എന്ന നിലയിൽ ഇതേ പറ്റി അന്വേഷിച്ചിരുന്നോ? എന്താണ് അറിയാൻ കഴിഞ്ഞത്?

അന്വേഷിച്ചിരുന്നു.. അന്വേഷിക്കുന്നതിന് മുന്നേതന്നെ കുറച്ചു പേര് ഇങ്ങോട്ടു വിളിച്ച് ഈ സംഭവത്തെ പറ്റി പറഞ്ഞിരുന്നു. അവർ പറഞ്ഞത് പയ്യന്നൂർ സുമംഗലി എന്ന തീയറ്ററിൽ പത്രത്തില്‍ കണ്ടിട്ട് ഈടക്ക് ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ 30ഓളം ആൾക്കാർ സിനിമ കാണാനായി ഉണ്ടായിരുന്നു. ടിക്കറ്റ് കൊടുത്തില്ല. വേറെ പുതിയ പടം വന്നത് കൊണ്ട് ടിക്കറ്റ് തരില്ല എന്നറിയിക്കുകയാണ് ചെയ്തത്. ഇത് സാധാരണ സംഭവിക്കാറില്ല. രണ്ടു സിനിമകൾ ഉള്ള ഒരു തീയറ്റർ കോംപ്ലക്സ് ആണത്. മറ്റേ സ്ക്രീനിൽ വേറെ സിനിമ കളിക്കുന്നുമുണ്ട്. ഇവർ അവിടെ ചെന്ന് സിനിമ കാണണം എന്ന് പറഞ്ഞു, പ്രദർശിപ്പിക്കാൻ സാധ്യമല്ലെന്നു തീയറ്റർ ഉടമകളും പറഞ്ഞു. സാധാരണ ആളുണ്ടെങ്കിൽ കാണിക്കും എന്ന് അനൗണ്‍സ് ചെയ്ത സിനിമ കാണിക്കാറുണ്ട്. ഇങ്ങനെ മാറ്റുന്നത് സാധാരണ നാട്ടുനടപ്പല്ല. 60 % ത്തിൽ അധികം കളക്ഷൻ ഉണ്ടായിരുന്ന തീയറ്ററുകളിൽ നിന്ന് പോലും ഈ സിനിമ പെട്ടെന്ന് മാറ്റി. പുതിയ പടം വരുമ്പോൾ തീയറ്ററുകാർ മുൻകാല റിലീസുകൾ മാറ്റും. അതിനു നമുക്ക് പരാതി പറയാൻ പറ്റില്ല. ബിസിനസിന്റെ ഭാഗമാണത്. അതിനു കരഞ്ഞു കാണിച്ചിട്ട് കാര്യമില്ല. പക്ഷെ കാണിക്കാം എന്ന് ഉറപ്പുണ്ടായിരുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് ഷോ ഇല്ലെന്നു പറഞ്ഞപ്പോൾ എനിക്ക് സംശയം ഉണ്ടായിരുന്നു, വേറെ വല്ല സമ്മർദവും ഇതിനു പുറകിലുണ്ടോ എന്ന്.. പത്രങ്ങളിൽ വാർത്ത കണ്ടു, അതിന്റെ കുറെ ക്ലിപ്പിങ്സ് ഞാനും കണ്ടു.. പക്ഷെ അതിനപ്പുറം എന്തെങ്കിലും ബാഹ്യസമ്മർദം ഉണ്ടായിട്ടുണ്ടോ എന്ന് ഇവിടെ ഇരുന്നു് എനിക്ക് പറയാൻ അറിയില്ല. ഇനി ഇപ്പോൾ അങ്ങനെ സമ്മർദം ഉണ്ടെങ്കിലും ആരും അത് തുറന്നു പറയാനും പോകുന്നില്ല. മാത്രവുമല്ല ഇനി അഥവാ അങ്ങനെ സമ്മർദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരാണെന്നും എനിക്ക് അറിയില്ല. ചില വാർത്തകൾ പറയുന്നു സി പി എം ആണെന്ന്. അങ്ങനെ സി പി എം നിരോധിച്ചു എന്നൊക്കെ എങ്ങനെ ആണ് പറയുക, അത് ഉണ്ടായിട്ടുണെങ്കിൽ തന്നെ ആര് ചെയ്തതാണെന്ന് അറിയാതെ. മാധ്യമങ്ങളിലും വ്യക്തിപരമായ സംഭാഷണങ്ങളിലും പലരും ഇതിനെ അത്ര പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലപാട് എടുത്തതായി കേട്ടിട്ടുണ്ട്. പക്ഷെ അത് കൊണ്ട് ആരും തീയറ്ററിൽ പോകാതിരിക്കില്ല എന്ന് തന്നെ കരുതുന്നു. എന്ത് തന്നെ ആയാലും ഈ സിനിമ ഇത് കൊണ്ട് തീരുന്നില്ലല്ലോ.. തീയറ്ററുകളിൽ ഇല്ലാത്തതുകൊണ്ട് സിനിമ ഇല്ലാതാവുന്ന കാലം അല്ല ഇത്. ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെയുള്ള കാലത്ത് ആരും വിലക്കിയാല്‍ പോലും ഒരു സിനിമയും ഇല്ലാതാവില്ല..

സി പി എം അനുഭാവി, ബി ജെ പി അനുഭാവി എന്നൊക്കെ ആദ്യ സിനിമ കൊണ്ട് തന്നെ ബ്രാൻഡ് ചെയ്യപ്പെടാൻ ഉള്ള സാധ്യത ഉണ്ടെന്നു ഏതെങ്കിലും ഘട്ടത്തിൽ തോന്നിയിരുന്നോ....

അത് എനിക്ക് പ്രശ്നമല്ലായിരുന്നു. ഞാൻ ഇത് രണ്ടുമല്ല. കൂടുതൽ അനുഭാവം കമ്യൂണിസത്തോട് ഉണ്ട്. പക്ഷെ ലോകത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കമ്യൂണിസ്റ്റ് ആശയങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന ഒരു യാന്ത്രിക മാർക്സിസ്റ്റ് അല്ല ഞാൻ. അതിനും അപ്പുറം ലോകം ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പല പുതിയ ചിന്തകളും പഠനങ്ങളും വന്നു കഴിഞ്ഞു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു ഇടതുപക്ഷ അനുഭാവി ആണ് ഞാൻ.. പിന്നെ ബ്രാൻഡിങ്ങിന്റെ പ്രശ്നം - അങ്ങനെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചാലും പറ്റാത്തത് കാര്യങ്ങൾ അതിന്റെ എല്ലാ കോംപ്ലക്സിറ്റിയോടും കൂടി അവതരിപ്പിച്ചത് കൊണ്ടാണ്. ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നവരാണ് ആശയക്കുഴപ്പത്തിലാകുന്നത്.വരട്ടു തത്വവാദത്തിന്റെ കണ്ണിലൂടെ അല്ല ഞാൻ ഇതിനെയൊന്നും കാണാൻ ശ്രമിച്ചത്. ഇതിലുള്ള മനുഷ്യര്‍ വികാര വിചാരങ്ങളും ചരിത്രവും ഒക്കെ ഉള്ളവരാണ്. അത് കൂടി പരിഗണിച്ചേ എനിക്ക് സംസാരിക്കാൻ ആവൂ.

Eeda, Ajith Kumar B.

ഈടയിലെ നായകനും നായികയും അവിടത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് മാറി നടക്കുന്നവരാണ്. ഇതിലൂടെ അരാഷ്ട്രീയത ആണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിഹാരം എന്നു പറയാന്‍ ശ്രമിച്ചു എന്നൊരു വിമർശനമുണ്ട്.

പൊളിറ്റിക്സ് എന്ന് പറയുന്നത് കക്ഷി രാഷ്ട്രീയം മാത്രമല്ലല്ലോ. കക്ഷി രാഷ്ട്രീയം ഈ സിനിമയിലെ ഒരു തീം ആയി വന്നിട്ടുണ്ട് എന്നത് ശരിയാണ്.രാഷ്ട്രീയത്തെ കക്ഷി രാഷ്ട്രീയം മാത്രമായി കാണുന്ന ആളുകൾ ആണ് ഇതിനെ അപൊളിറ്റിക്കൽ എന്ന് പറയുന്നത്. ഈ അധികാര രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇതിലെ നായകനും നായികയും ഒക്കെ അധികാര രാഷ്ട്രീയത്തിൽ നിന്നാണ് ദൂരം പാലിക്കുന്നത്. അത് അവർ അങ്ങനെ ആയി പോയതാണ്. ഫിലോസഫിക്കൽ ആയി ചിന്തിച്ച് അങ്ങനെ ആയവരല്ല. അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുന്നവർ ഒക്കെ അരാഷ്ട്രീയ ജീവികളാണോ.. സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ രാഷ്ട്രീയമാകൂ, അതിനപ്പുറം ആർക്കും ചിന്ത ഇല്ല എന്നൊക്കെ ചിലർ കരുതുന്നു. ഇതിൽ നിന്ന് അകന്നു നിൽക്കുന്നവർ ഒക്കെ അരാഷ്ട്രീയരാണ് എന്ന ധാരണ പകർത്തേണ്ടത്, അധികാര രാഷ്ട്രീയത്തില്‍ ഉള്ളവരുടെ ആവശ്യമാണ്. ശ്രീജിത്തിന്റെ പ്രശ്നം ഉണ്ടായപ്പോൾ കുറെ പേർ വന്നു. അവരെ ഒക്കെ അരാഷ്ട്രീയ വാദികൾ ആയി മുദ്രകുത്തി. അങ്ങനെ പറയുന്നത് കക്ഷി രാഷ്ട്രീയത്തിൽ ഉള്ളവരാണ്. അവരുടെപ്രായോഗിക താല്പര്യങ്ങളാണ് അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്. അത്തരം പ്രായോഗികതകളിൽ നിന്നുമാണ് ഈടയിലെ നായകനും നായികയും അകലം പാലിക്കുന്നത്.അത് കൊണ്ട് അവരെ അരാഷ്ട്രീയ ജീവികൾ എന്നൊക്കെ വിളിക്കുന്നത് കക്ഷി രാഷ്ട്രീയത്തെമാത്രം രാഷ്ട്രീയമായി കരുതുന്നവരാണ്.

സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ എന്തെങ്കിലും തരത്തിലുള്ള ബാലൻസിങ് കൂടുതൽ ആകാമായിരുന്നു, അല്ലെങ്കിൽ കുറക്കാമായിരുന്നു എന്ന് തോന്നിയോ....

ഇല്ല.. അത് പറയുന്ന പൊളിറ്റിക്‌സിൽ ഒരു പ്രശ്നവും തോന്നിയിട്ടില്ല. പറയാൻ ഉദ്ദേശിച്ച കാര്യത്തിൽ യാതൊരു മാറ്റവും വരുത്തണ്ടതായി തോന്നിയിട്ടില്ല. സിനിമയുടെ സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്നത് കൊണ്ട് ടെക്നിക്കലി ഇനിയും നന്നാക്കാമായിരുന്നു എന്ന് എപ്പോഴും തോന്നും.

നിമിഷ സജയന്റെ കൂടി സിനിമ ആണ് ഈട. ഒറ്റ സിനിമയിൽ മാത്രമേ നിമിഷ ഇതിനു മുന്നേ അഭിനയിച്ചിട്ടുള്ളു. ഇത്രയും ശക്‌തമായ കഥാപാത്രം താരതമ്യേന തുടക്കക്കാരിയായ ഒരാളെ ഏൽപ്പിക്കാൻ ഉള്ള കാരണം..

ഒരുപാട് പേരെ ഓഡിഷൻ ചെയ്തിരുന്നു. അതിൽ പല നല്ല ആൾക്കാരും വന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ട് അതൊന്നും നടക്കാതെ പോയി. പിന്നെ രാജീവ് രവി 'തൊണ്ടി മുതലി'ന്റെഷൂട്ട് കഴിഞ്ഞപ്പോ കുറെ ക്ലിപ്പിങ്‌സ് അയച്ചു തന്നു. അത് കണ്ടപ്പോൾ അവർ നന്നായി അഭിനയിക്കും എന്ന് തോന്നി. പക്ഷെ എത്രകണ്ടു് ഈ കഥാപാത്രത്തെ നന്നാക്കും എന്ന സംശയവുംഉണ്ടായിരുന്നു. രാജീവ് ആണ് പറഞ്ഞത്, അവരെ ധൈര്യമായി എല്പിച്ചോളാൻ.. അവർ എന്ത് കഥാപാത്രവും ചെയ്യും എന്ന്. നിമിഷയെ ഷൂട്ടിന് രണ്ടു ദിവസം മുന്നെയാണ് വിളിക്കുന്നത്. രണ്ടു ദിവസം മുന്നെയാണ് അവർ കണ്ണൂരിൽ എത്തുന്നത്. സ്ഥലങ്ങൾ ഒക്കെ കണ്ടു. പെട്ടന്ന് തന്നെ അവർ ആ സ്ഥലവുമായും കഥാപാത്രവുമായും പൊരുത്തപ്പെട്ടു. അത് ജന്മനാ ഉള്ള ഒരു പ്രതിഭയാണ് എന്നെനിക്കു തോന്നുന്നു.പ്രത്യേകിച്ച് ഏതെങ്കിലും മെത്തേഡ് ഒന്നും അവർ പിന്തുടരുന്നതായി തോന്നുന്നില്ല. പിന്നെ അവർക്കു വേണ്ടി ഡബ്ബ് ചെയ്ത ആൾ, സ്നേഹ എന്ന പേരുള്ള പയ്യന്നുർ ഉള്ള കുട്ടിയാണ്. നിമിഷ അഭിനയിച്ചത് അതേ പോലെ ഡബ്ബിങ്ങിൽ കൊണ്ടുവരാൻ ആ കുട്ടിക്ക് പറ്റി. വളരെ ടാലന്റഡ് ആണ് ആ കുട്ടിയും. ഇടയ്ക്കു ചില ഡയലോഗ്സ് നിമിഷയുടെ തന്നെ ഉപയോഗിച്ചിട്ടുണ്ട്, അത് നിമിഷക്ക് തന്നെ മനസിലാക്കാനായില്ല.

വടക്കൻ മലബാറിൽ മാത്രം കണ്ടു വരുന്ന തരം വീടുകൾ, വഴികൾ ഒക്കെ വളരെ റിയലിസ്റ്റിക്ക് ആയി ഈടയിൽ കടന്നു വരുന്നുണ്ട്. സിനിമ കണ്ടവർക്കൊക്കെ ഈ ലാന്റ്സ്കേപ്പിംഗ് ഇഷ്ട്ടമായി. പുറത്തു നിന്നും വന്ന ഒരാളാണ് താങ്കൾ.. എങ്ങനെ ആയിരുന്നു ഷൂട്ടിന് വേണ്ടി കണ്ണൂരിനെ പഠിച്ചത്..

കണ്ണൂരില്‍ പലപ്പോഴും വന്നിട്ടുണ്ട്.. യാത്രക്കിടയിൽ സ്ഥലങ്ങളും അവിടത്തെ രീതികളും ശ്രദ്ധിക്കുന്ന പതിവുണ്ട്. ഈട ചെയ്തപ്പോൾ കണ്ണൂരിന്റെ പ്രസക്ത ഭാഗങ്ങളും അവിടത്തെ രീതികളും ഒക്കെ നന്നായി ശ്രദ്ധിച്ചു. കുറച്ചൊന്നു മെനക്കെട്ടാൽ അത് എളുപ്പമാണ്. ഈടയിൽ മിക്കവാറും ഇടങ്ങളിൽ ഞാൻ കരിങ്കൽകെട്ടു കാണിക്കാതിരിക്കാൻ നോക്കിയിരുന്നു. ഉപേന്ദ്രന്റെ വീടിനു മുന്നിൽ ഒരു ഫ്ളക്സ് കാണിക്കുന്ന രംഗത്ത് മാത്രമാണ് കരിങ്കൽ കാണിച്ചത്. കാരണം കരിങ്കൽ ഉപയോഗം കണ്ണൂരിൽ വളരെ വളരെ കുറവാണ്. ഇനി അഥവാ ലൊക്കേഷനില്‍കരിങ്കൽ വന്നാലും കാണിക്കാതിരിക്കാൻ നോക്കിയിരുന്നു. ഹോളോബ്രിക്സ് എന്ന സംഭവവും കണ്ണൂരിൽ ഒട്ടും ഇല്ല. പാടങ്ങൾകുറവാണ്, പറമ്പുകളാണ് കൂടുതല്‍. അത് കൊണ്ട് പാടങ്ങൾ കാണിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.അവിടത്തെ ഇടവഴികള്‍, പറങ്കി മാവ്, ജിയോളജി...മണ്ണിന്റെ നിറം.. വീടുകളുടെ കാര്യത്തിൽ കുറച്ചു ബുദ്ധിമുട്ടി. ഒരുപാട് വീടുകൾ നോക്കി.. രണ്ടു വീടുകൾ അടുത്തടുത്ത് വേണമായിരുന്നു.അതിനൊക്കെ ഞങ്ങള്‍ കുറച്ച് അലഞ്ഞു.

കണ്ണൂരിനെ രാഷ്ട്രീയത്തിന്റെ നാടായി, നെയ്ത്തിന്റെ നാടായി, തെയ്യം പോലുള്ള മിത്തുകളിലൂടെ ഒക്കെ ഈടയിൽ വരച്ചു കാട്ടുന്നുണ്ട്. ശരിക്കും സിനിമയിൽ എങ്ങനെയാണ് നാടുകളെ അടയാളപ്പെടുത്തുക

ഏതു രീതിയിലും ആവാം. മീൻ പിടുത്തക്കാരുടെ കഥ പറയുന്ന സിനിമ ഉണ്ട്, അതിൽ നായകൻ നത്തോലി കറി കഴിക്കുന്നതായി പോലും കാണിക്കുന്നില്ലല്ലോ എന്നെന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങള്‍ ഒരുമിച്ചു വരുമ്പോളാണ് ഒരു നാടിന്റെ തോന്നല്‍ കൃത്യമായി വരിക. ഭാഷ, വസ്ത്രധാരണം, വീടുകള്‍,ഉപജീവനമാര്‍ഗ്ഗങ്ങള്‍, പെരുമാറ്റരീതികള്‍,ചെടികള്‍, മണ്ണ്, സാംസ്കാരിക പരിസരം - ഇതൊക്കെ ചേരുമ്പോഴാണ് അതു വിശ്വസിക്കാന്‍ പറ്റുക. ആമേൻ പോലുള്ള സിനിമ ഫാന്റസിയിൽ ഉള്ള ഒരു സ്ഥലത്തെ പറ്റിയാണ് പറയുന്നത്. അവിടെ അങ്ങനെ ഒന്നും കാണിക്കണ്ട. ആ സിനിമക്ക് അതാണ് വേണ്ടത്. ഈടക്ക് പക്ഷെ കണ്ണൂരിന്റെ അടയാളപ്പെടുത്തൽ അനിവാര്യമായിരുന്നു. അത് കൊണ്ടാണ് എല്ലാ ഘടകവും ശ്രദ്ധിച്ചത്. ബീഡി തെറുപ്പു കൂടി ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു. പറ്റിയില്ല. നാടിനെ അടയാളപ്പെടുത്തൽ സിനിമാക്കനുസരിച്ചു വ്യത്യസ്തമായിരിക്കും.

Eeda, Ajith Kumar B.

പ്രാദേശിക ഭാഷകൾ സിനിമയിൽ ഇപ്പോൾ കൂടുതൽ ഉപയോഗിക്കാറുണ്ട്. ഫോർട്ട് കൊച്ചി, തൃശ്ശൂർ ഭാഷകൾ ഒക്കെ ഉപയോഗിക്കാറുണ്ട്.കോഴിക്കോട്, കണ്ണൂർ ഭാഷകൾ അധികവും തമാശക്ക് വേണ്ടി ആണ് ഉപയോഗിക്കാറ്. സിനിമയിൽ മുഴുവൻ പുറത്തു നിന്നുള്ളവർക്ക് കേൾക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഷ ഉപയോഗിക്കാൻ ഉള്ള തീരുമാനം..

ഈ സ്ഥലം കാണിക്കുന്നതില്‍ ആധികാരികതവേണമെങ്കിൽ കണ്ണൂർ ഭാഷ ഉപയോഗിച്ചേ പറ്റൂ. പക്ഷെ അത് ആളുകൾക്ക് മനസിലാവില്ല എന്നൊരു തോന്നലും ഉണ്ടായി. അങ്ങനെ തീരെ മനസിലാവാത്ത കണ്ണൂരിലെ ഗ്രാമീണ ഭാഷ ഉപയോഗിച്ചിട്ടില്ല. കണ്ണൂർ ഭാഷ തന്നെ ആവണം, പക്ഷെ ആർക്കും മനസിലാവാതെ ഇരിക്കരുത്. കണ്ണൂരിൽ തന്നെ തലശ്ശേരിക്കാർ പറയുന്നതല്ല പയ്യന്നൂരുകാർ പറയുന്നത്, ശ്രീകണ്ഠപുരത്തെ ഭാഷ പിന്നെയും വ്യത്യസ്തമാണ്. കണ്ണൂർ തന്നെയുള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് കുറച്ചധികം ആലോചിച്ചാണ് ഈ ഭാഷയിലെ എന്തൊക്കെ ഉപയോഗിക്കണം എന്നൊക്കെ തീരുമാനിച്ചത്. മറ്റുള്ള നാട്ടുകാർക്ക് മനസിലാവുന്ന നിലയിൽ ആ ഭാഷ സത്യസന്ധമായി ഉപയോഗിക്കാൻ നോക്കി. പ്രധാന കഥാപാത്രങ്ങൾ രണ്ടും വിദ്യാഭ്യാസമുള്ളവരാണ്, പുറത്തു നിൽക്കുന്നവരാണ്.. അത് കൊണ്ട് അവരുടെ ഭാഷക്ക് ആ വ്യത്യാസമുണ്ട്.

പ്രണയമാണോ ഈടയുടെ രാഷ്ട്രീയം

പ്രണയം ഒരു പോസിബിലിറ്റി ആണ്.. ഒരു സംഭവത്തിന്റെ തീവ്രത കാണിക്കാൻ ഏറ്റവും എളുപ്പം അതിൽ നിന്ന് വിട്ടു നിൽക്കുന്ന ഓപ്പോസിറ്റ് ആയ ഒന്നിനെ കാണിക്കുക എന്നതാണ്. ഈടയിൽ അങ്ങനെയാണ് സംഘർഷവും പ്രണയവും വരുന്നത്. പ്രണയത്തിനു തീർച്ചയായും അതിന്റെ രാഷ്ട്രീയമുണ്ട്. എല്ലാ തരം വിഭാഗീയതകൾക്കും മനുഷ്യ നിർമിതമായ അതിര്‍വരമ്പുകൾക്കും അപ്പുറം നിൽക്കുന്ന ഒന്നാണ് പ്രണയം. പല തരം കെട്ടുപാടുകളെയുംമറികടക്കാന്‍ കഴിയുന്ന ഒരു ചോദന ആണത്.

20 വർഷത്തിലേറെ ആയി സിനിമയിൽ പല റോളുകളിൽ സിനിമയിൽ നില്കുന്നു.സംവിധായകൻ എന്ന രീതിയിൽ അത് സഹായിച്ചോ..

തീർച്ചയായും.. പല തരത്തിലുള്ള സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു.. പല രീതിയിൽ ഉള്ള സംവിധായകരുടെ കൂടെ ജോലി ചെയ്തു. അതൊക്കെ ഗുണം മാത്രമേ ചെയ്തിട്ടുള്ളു..സിനിമ പലരീതിയില്‍ ഉണ്ടാക്കാന്‍ കഴിയും എന്നത് പ്രാക്റ്റിക്കലി മനസിലാക്കി.

കലക്റ്റിവ് ഫേസ് വൺ എന്ന ടീമിന്റെ ഭാഗമാണ് താങ്കൾ. സിനിമയുടെ ഗ്രാമർ ഈ ടീം സജീവമായതോടെ മാറാൻ തുടങ്ങിയില്ലേ

ശ്രമം ഉണ്ട്. പക്ഷെ മുഖ്യധാരാ സിനിമയുടെ ഭാഗമായി നിന്ന് കൊണ്ട് തന്നെയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. അതിനുള്ളിൽ നിന്ന് കൊണ്ടാണ് ഞങ്ങൾ ജോലി ചെയുന്നത്.എല്ലാവരും പല തരത്തിലുള്ള സിനിമയിൽ ജോലി ചെയ്തവരാണ്.. പോപ്പുലർ സിനിമയിൽ നിന്ന് ദൂരെ പോയിട്ടില്ല. മുഖ്യധാരാ കാഴ്ചയുടെ ശീലങ്ങളിൽ കുരുങ്ങി കിടക്കുന്നവർക്കും, എല്ലാ സാധാരണ പ്രേക്ഷകർക്കും ആസ്വദിക്കാവുന്നസിനിമ തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.അതിൽ നിന്നും വിപ്ലവകരമായ മാറ്റം ഉടനടി സാധിക്കില്ല. ചെറുതായി വെല്ലുവിളികൾ നടത്തുന്നുണ്ട്. പക്ഷെ അത് നമ്മൾ മാത്രം ചെയുന്ന കാര്യമല്ല, മലയാള സിനിമയിൽ മൊത്തം വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ആണ്.സിനിമയിൽ നിന്നും സാധാരണ പ്രേക്ഷകരിൽ നിന്നും മുഴുവനായി മാറി നിന്ന് സിനിമ നമ്മൾ എടുക്കുന്നില്ല.

സിനിമയിൽ സംവിധായകൻ-താരം മാത്രമുള്ള രീതികൾ മലയാളത്തിൽ മാറി വരികയാണ്. പ്രേക്ഷകർ ഈ മാറ്റത്തെ സ്വീകരിക്കുന്നുണ്ട്. കുറെ കാലമായി ഇൻഡസ്ട്രിയിൽ ഉള്ള ഒരാൾ എന്ന നിലയിൽ എങ്ങനെ കാണുന്നു ഈ മാറ്റത്തെ?

ആൾക്കാർക്ക് സിനിമ കാഴ്ചയെ കുറിച്ചുള്ള സാക്ഷരത കൂടി വരികയാണ്. ഫാൻ ഫോള്ളോവിങ്, സ്റ്റാർ സിസ്റ്റം ഒക്കെ ഇപ്പളും ഉണ്ട്.പക്ഷെ സിനിമയെ വിലയിരുത്തുന്ന വലിയ ഒരുകമ്യൂണിറ്റിയും വളരുന്നു. അവരും അഭിപ്രായ രൂപീകരണത്തിൽ പങ്കാളികൾ ആകുന്നു.അവബോധം ഉള്ള ഒരു തലമുറ ഉണ്ട്. പണ്ടൊക്കെ കാണാൻ മാത്രം കഴിവുള്ളവരായിരുന്നു. ഇപ്പോൾ മൊബൈൽ വ്യാപകമായി. വെറും കാണികള്‍ മാത്രമല്ല, ഫോട്ടോയും വീഡിയോയും എടുക്കാനും അത് എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യാനും ഒക്കെ കഴിവുള്ളവരാണ് പ്രേക്ഷകര്‍.

ഭാവി പരിപാടികൾ... സംവിധാനം..

രാജീവ് രവിയുടെ സിനിമ ഉണ്ട്, ഗീതുവിന്റെ സിനിമ എഡിറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. ഈ സിനിമയുടെ പിന്നാലെയുള്ള ഓട്ടത്തിൽനീട്ടിവെയ്ക്കപ്പെട്ട രണ്ടു മൂന്നു സിനിമകളുടെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കാനുണ്ട്. അത് കഴിഞ്ഞ് സംവിധാനത്തെ പറ്റി ആലോചിക്കും.

Ads by Google
അപര്‍ണ പ്രശാന്തി
Thursday 18 Jan 2018 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW