Tuesday, December 18, 2018 Last Updated 46 Min 25 Sec ago English Edition
Todays E paper
Ads by Google
അപര്‍ണ പ്രശാന്തി
Wednesday 24 Jan 2018 01.18 PM

സാഗരഗര്‍ജ്ജനത്തിന്റെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്

പ്രശസ്തിയുടെയും താമ്ര പത്രങ്ങളുടെയും ഇടയില്‍ ജീവിക്കുമ്പോളും ഓരോ ചലനങ്ങളും അക്ഷരങ്ങളും പ്രവര്‍ത്തികളും ശക്തമായി വിമര്‍ശിക്കപ്പെടുന്നുമുണ്ടായിരുന്നു. മരണശേഷം അത്തരം അര്‍ത്ഥ വ്യാഖാനങ്ങളില്‍ മുഴുകുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നമില്ല. ഏത് വിയോജിപ്പുകളും മറ്റൊരു അഴിക്കോട് ഉണ്ടാവില്ല എന്ന ഒറ്റ കാര്യത്തില്‍ യോജിക്കുന്നിടത്താണ് അദ്ദേഹത്തിന്റെ പ്രസക്തിയും നിലനില്‍പ്പും.
Dr. Sukumar Azheekodu

ധിഷണയുടെ, ചിന്തയുടെ, പ്രസംഗത്തിന്റെ പുതിയ മാനങ്ങള്‍ മലയാളിയെ പഠിപ്പിച്ച സുകുമാര്‍ അഴിക്കോടിന്റെ ഓര്‍മകള്‍ക്ക് ആറു വയസ്സ്. സുകുമാര്‍ അഴീക്കോടെന്ന പേര് കൊണ്ട് മാത്രം കാലത്തെ നിശ്ചലമാക്കി തനിക്ക് മുന്നേയും ശേഷവും എന്ന് എഴുതിവെച്ചാണ് അദ്ദേഹം പിരിഞ്ഞു പോയത്. അടയാളപ്പെടുത്തുമ്പോള്‍ വാക്കിനെ പോലും ദുര്‍ബലമാക്കുന്നത്രയും സംഭാവനകള്‍ സാഹിത്യ സാംസ്‌കാരിക മേഖലയ്ക്ക് നല്‍കി ആയിരുന്നു അദ്ദേഹം 85 -ാം വയസില്‍ ക്യാന്‍സറിന് കീഴടങ്ങിയത്

പ്രസംഗം ഒരു കലയാണോ? ആണെന്ന് പറയുന്നു സുകുമാര്‍ അഴിക്കോടിന്റെ ഓര്‍മ്മകള്‍.. ഒരു കടലിരമ്പം പോലെ കാണികളിലേക്ക് എത്തുന്ന വാക്കുകള്‍.. ഉപമകള്‍, ധാര്‍ഷ്ട്യം, ധൈഷണികത. കാതുകള്‍ക്ക് മനസിന് പിന്തിരിഞ്ഞോടാന്‍ ആവാത്ത എന്തൊക്കെയോ..70 കളിലോ 80 കളിലോ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങളുടെ സൃഷ്ടി തന്നെയായിരുന്നു സുകുമാര്‍ അഴിക്കോട്. അദ്ദേഹം സാഹിത്യത്തെ കുറിച്ചു, വിമര്‍ശനത്തെ കുറിച്ച്, സാംസ്‌കാരിക മുന്നേറ്റങ്ങളെ കുറിച്ച് എന്നു വേണ്ട ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും സംസാരിച്ചു. കേരളം മൊത്തം കേള്‍വിക്കാരുണ്ടായി. തന്റെ കുട്ടിക്കാലത്ത് മഹാത്മാ ഗാന്ധിയെ കണ്ടതും പ്രസംഗം കേട്ടതും ഒക്കെ വളരെ പ്രിയപ്പെട്ട ഓര്‍മയായി അദ്ദേഹം പറഞ്ഞു പോന്നിട്ടുണ്ട്. അത് ഉണ്ടാക്കിയ സ്വാധീനത്തില്‍ നിന്നാവാം അഴിക്കോട് എന്ന പ്രാസംഗികന്‍ ജനിക്കുന്നത്. പതിഞ്ഞു പറഞ്ഞ, ഇടക്ക് മുറുകിയ താളത്തില്‍ എത്തി, താളം കൂട്ടിയും കുറച്ചും ഒരു പ്രത്യേക ഈണത്തിലാണ് അദ്ദേഹം സംസാരിക്കുക. അവസാനത്തെ ഇരിപ്പിടത്തിലെ അവസാന കാണിയെയും പരിഗണിക്കുക എന്ന പ്രസംഗത്തിലെ പ്രാഥമിക ദൗത്യം ഇത്ര ഭംഗിയായി ഉള്‍ക്കൊണ്ടവര്‍ കുറവാകും. അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുതന്നെ കാണികളെ മുഴുവനായും പ്രസംഗത്തിലേയ്ക്ക് മുഴുവന്‍ നേരവും മുഴുകിയിരുത്താന്‍ തക്ക ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ബഷീര്‍ ഇതിനെ സാഗരഗര്‍ജനം എന്ന് വിളിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ആ സാഗര ഗര്‍ജ്ജനത്തിനു തുടര്‍ച്ചയുണ്ടായില്ല. അനുകരിക്കാന്‍ പോലും ആവാത്ത ഉയരത്തില്‍ നിന്നാണ് അദ്ദേഹം പ്രസംഗിച്ചത്

പൊതുവെ പറയാറുണ്ട്, പ്രസംഗിക്കുന്നവര്‍ക്ക് നന്നായി സംസാരിക്കുന്നവര്‍ക്ക്, ഒരു കാര്യം എഴുതി ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന്. ഇത് തെറ്റെന്നു തെളിയിച്ച നിരവധി പ്രമുഖര്‍ ലോകത്തുണ്ട്. കേരളത്തില്‍ അഴിക്കോടിനോളം അത് തെളിയിച്ച ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. തത്വമസിപോലെ ഒരു പഠനം പിന്നീട് ഇവിടെ സംഭവിച്ചിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് തുടങ്ങി നിരവധി വലിയ പുരസ്‌കാരങ്ങള്‍ ലഭിച്ച കൃതി. ഉപനിഷത്തുക്കളെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും പഠനവും നിറഞ്ഞ പുസ്തകമാണത്. പക്ഷെ അതുപോലെ ആഴമുള്ള, ഓരോ വാക്കിനും വ്യക്തതയുള്ള പഠനങ്ങള്‍ ഇപ്പോള്‍ മലയാളത്തില്‍ കാണാറേ ഇല്ല. ആശാന്റെ സീതാകാവ്യം എന്ന പുസ്തകവും അത് പോലെയാണ്. ചിന്താവിഷ്ടയായ സീതക്ക് ഒരു പഠനം എന്നതില്‍ ഉപരി അതൊരു പാഠ പുസ്തകമാണ്, ഒരു സാഹിത്യ വിമര്‍ശന മാതൃകയാണ്. അതിനെ അനുകൂലിച്ചാലും ഇല്ലെങ്കിലും ആ വിമര്‍ശന രീതിയെ വായിച്ചിരിക്കുക എന്നത് ഒരു സാഹിത്യ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് അനിവാര്യതയാണ്. സമഗ്രമായ മലയാളത്തിലെ ആദ്യ സാഹിത്യ വിമര്‍ശന ഗ്രന്ഥം എന്നതിലപ്പുറം, അഴിക്കോടിന്റെ ആദ്യ പുസ്തകം എന്നതിലപ്പുറം പൂര്‍വ മാതൃകകള്‍ ഇല്ലാതിരുന്ന രചനാ മാര്‍ഗം ആണത്. പുരോഗമന സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പും തുടര്‍പഠനങ്ങളില്‍ എന്നും സവിശേഷ ശ്രദ്ധ നേടിയ ഒന്നാണ്. പുരോഗമന സാഹിത്യവും മറ്റും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ സമാഹാരങ്ങള്‍ സാഹിത്യ ലോകത്ത് ഒരുപാട് വിവാദങ്ങള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. 'ആകാശം നഷ്ട്ടപ്പെടുന്ന ഇന്ത്യ' ഈ കാലത്തും അനന്ത വ്യഖ്യാന സാധ്യതകള്‍ ബാക്കിവെച്ച പുസ്തകമാണ്. എന്തിനു ഭാരതാംബ, ഭാരതീയത, ഇന്ത്യയുടെ വിപരീത മുഖങ്ങള്‍ തുടങ്ങിയ പുസ്തകള്‍ ഇന്നും ദേശീയതാ പഠനങ്ങളില്‍ വലിയ പ്രധാനമര്‍ഹിക്കുന്നവയാണ്. അഴീക്കോടിന്റെ മലയാള സാഹിത്യ പഠനങ്ങളും വിശ്വ സാഹിത്യ പഠനങ്ങളും ഇന്നും സാഹിത്യ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട റഫറന്‍സ് പുസ്തകങ്ങളാണ്. നിരവധി തവണ അഴിക്കോടിന്റെ പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിവര്‍ത്തനത്തിലും അദ്ദേഹം കൈവച്ചു. ഹക്കിള്‍ബറി ഫെന്നിന്റെ വിക്രമങ്ങള്‍, ഒരു കൂട്ടം പഴയ കത്തുകള്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധ നേടിയ വിമര്‍ശനങ്ങള്‍ ആണ്

അധ്യാപകന്‍, വിവിധ അക്കാഡമികളില്‍ അംഗം തുടങ്ങി സാംസകാരിക രംഗത്തും സാന്നിധ്യമറിച്ചിട്ടുണ്ട് അഴിക്കോട്. 1948 മുതല്‍ 86 വരെ അധ്യാപനത്തിന്റെ വിവിധ മേഖലകളില്‍ സജീവമായിരുന്നു. 1962 കോണ്‍ഗ്രസിന് വേണ്ടി തലശേരിയില്‍ നിന്ന് മത്സരിച്ചെങ്കിലും എസ് കെ പൊറ്റെക്കാടിനോട് പരാജയപ്പെട്ടു. ഗാന്ധിസത്തില്‍ ഉള്ള വിശ്വാസവും പ്രായോഗിക രാഷ്ട്രീയവും തമ്മില്‍ ഉള്ള വൈരുധ്യങ്ങളും ഇതിനിടയില്‍ വിട്ടുവീഴ്ചകളുടെ സമദൂരം പാലിക്കാത്തതും ഒക്കെ ആവാം കക്ഷി രാഷ്ട്രീയ ജീവിതത്തില്‍ തുടര്‍ച്ചകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. രാഷ്ട്രീയ ജീവിതത്തിനായുള്ള ശ്രമങ്ങള്‍ പല കാലത്തും അഴീക്കോട് നടത്തിയതായി കാണാം. പക്ഷെ എവിടെയും അതിനൊരു തുടര്‍ച്ച ഉണ്ടായില്ല. സന്ധികള്‍ ചെയ്യാത്തതും വൈകാരികതകളെ ആശ്രയിക്കുന്നതും അതിനുള്ള കാരണങ്ങള്‍ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു . എന്തായാലും രാഷ്ട്രീയ വിമര്‍ശനം കൊണ്ട് അദ്ദേഹം ആ മേഖലയെയും സജീവമാക്കി

അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളും കൂടി പറയാതെ അദ്ദേഹത്തെ ഓര്‍ക്കാന്‍ വയ്യ. എം എ റഹ്മാന്‍ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന് അര്‍ഹതയുള്ള എം ഫില്‍ സീറ്റ് നിഷേധിച്ചത് സംബന്ധിച്ച വിവാദമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷവും ആ വിവാദം ചര്‍ച്ചയായിരുന്നു. അവസാന കാലത്ത് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചത് പിണറായി പക്ഷത്തോടുള്ള ചായ്‌വ് ആയി പറയപ്പെടുന്നു, മോഹന്‍ലാലിന്റെ രൂപത്തെയും അഭിനയത്തേയും കേണല്‍പദവിയേയും വിമര്‍ശിച്ചതും ചര്‍ച്ചയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിമര്‍ശിച്ചതും ഞെട്ടലോടെയാണ് കേരളം കണ്ടത്. വത്സല ടീച്ചര്‍ അദ്ദേഹം ഇടയ്ക്കു ഉപേക്ഷിച്ചു പോയ പ്രണയത്തെ കാത്തിരുന്നതും മരണ കിടക്കയില്‍വന്നു വികാരപരമായി സംസാരിച്ചതും അവരുടെ അഭിമുഖവും തുറന്നു പറച്ചിലുകളും ഒക്കെ സാംസ്‌കാരിക കേരളത്തിന് അത് വരെ ഇല്ലാത്ത കാഴ്ചകള്‍ ആയിരുന്നു.

സുകുമാര്‍ അഴിക്കോട് പ്രശസ്തിയുടെയും താമ്ര പത്രങ്ങളുടെയും ഇടയില്‍ ജീവിക്കുമ്പോളും ഓരോ ചലനങ്ങളും അക്ഷരങ്ങളും പ്രവര്‍ത്തികളും ശക്തമായി വിമര്‍ശിക്കപ്പെടുന്നുമുണ്ടായിരുന്നു. മരണശേഷം അത്തരം അര്‍ത്ഥ വ്യാഖാനങ്ങളില്‍ മുഴുകുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നമില്ല. ഏത് വിയോജിപ്പുകളും മറ്റൊരു അഴിക്കോട് ഉണ്ടാവില്ല എന്ന ഒറ്റ കാര്യത്തില്‍ യോജിക്കുന്നിടത്താണ് അദ്ദേഹത്തിന്റെ പ്രസക്തിയും നിലനില്‍പ്പും.

Ads by Google
അപര്‍ണ പ്രശാന്തി
Wednesday 24 Jan 2018 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW