Wednesday, February 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 01.48 AM

മാറാത്ത ചട്ടങ്ങള്‍, അഴിയാത്ത ചുവപ്പുനാടകള്‍

uploads/news/2018/02/190528/bft1.jpg

ഇതെവിടുത്തെ നിയമമാ സാറേ? ആ മുത്തശിയുടെ ചോദ്യം എന്നോടു മാത്രമല്ല നമ്മുടെ തുരുമ്പിച്ച ചട്ടങ്ങളോടും വ്യവസ്‌ഥിതിയോടുമാണെന്നു തോന്നി. നിങ്ങളൊക്കെയല്ലേ നിയമമുണ്ടാക്കുന്നത്‌, ഇതൊക്കെ മാറ്റാന്‍ ശ്രമിക്കത്തില്ലേ? തീര്‍ച്ചയായുമെന്നു മറുപടി പറഞ്ഞപ്പോള്‍ മാറ്റാന്‍ ഇനിയുമെത്രയോ പഴകിയ വ്യവസ്‌ഥകള്‍ ബാക്കിയെന്ന ചിന്തയും എന്നെ അലോസരപ്പെടുത്തി. മുത്തശിക്ക്‌ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തതിനാല്‍ പ്രായം തെളിയിക്കാന്‍ തന്നെക്കാള്‍ പ്രായമുള്ള അയല്‍വാസിയായ ഒരു പുരുഷന്റെയും സ്‌ത്രീയുടെയും മൊഴി രേഖപ്പെടുത്തേണ്ടിയിരുന്നു. ഇല്ലെങ്കില്‍ ലഭിക്കേണ്ട ആനുകൂല്യം നഷ്‌ടപ്പെടും. തന്നെക്കാള്‍ പ്രായം കൂടിയ ആളെ ആ പ്രദേശത്ത്‌ അന്വേഷിച്ചു മടുത്തശേഷമായിരുന്നു ആ എണ്‍പതുകാരിയുടെ രോഷപ്രകടനം. ഏതോ കാലത്ത്‌ ഉണ്ടാക്കിവച്ച വ്യവസ്‌ഥമൂലം എത്രയോ പേര്‍ ഇങ്ങനെയൊക്കെ അലയുന്നു. മലയാറ്റൂരിന്റെ ഭാഷയിലെ യന്ത്രം മാറ്റമില്ലാതെ മൂളി ചലിച്ചുകൊണ്ടേയിരിക്കുന്നു.
നിയോജകമണ്ഡലത്തില്‍ എക്‌സൈസ്‌ വകുപ്പിലെ അവലോകന യോഗം നടന്നപ്പോഴാണ്‌ വാഹനത്തിലിരുന്ന്‌ മദ്യപിക്കുന്നവരെക്കുറിച്ചുള്ള പരാതി കേട്ടത്‌. അതു കുറ്റമാണ്‌. പക്ഷേ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലെ മദ്യപാനം കുറ്റകരമല്ലെന്ന്‌ അന്നാണു മനസിലായത്‌. അബ്‌കാരി നിയമത്തിലെ മൂന്നാം അധ്യായത്തിലെ പൊതുസ്‌ഥലം എന്നതിന്റെ നിര്‍വചനത്തില്‍ സംഭവിച്ച പിശകാണ്‌ വില്ലന്‍. നിയമമുണ്ടാക്കുമ്പോള്‍ സംഭവിക്കുന്ന കൈപ്പിഴകള്‍ പിന്നീട്‌ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്നതിന്റെ ഉദാഹരണമാണിത്‌.
ദിവസേന മാധ്യമങ്ങളില്‍ കഞ്ചാവുവേട്ടയുടെ വാര്‍ത്തകളാണ്‌. കഞ്ചാവ്‌ കൈവശംവയ്‌ക്കുന്നതിനുള്ള ശിക്ഷ ദുര്‍ബലമായതും ചെറുപ്പക്കാര്‍ ഈ വഴിയേ നീങ്ങാന്‍ കാരണമാണ്‌. 1985ലെ എന്‍.ഡി.പി.എസ്‌. ആക്‌ട്‌ കേന്ദ്രനിയമമാണ്‌. 2007 ല്‍ ഇതു ഭേദഗതി ചെയ്‌തപ്പോള്‍ 999 ഗ്രാം വരെ കഞ്ചാവ്‌ കൈവശംവയ്‌ക്കുന്നത്‌ ജാമ്യം ലഭിക്കാവുന്ന കുറ്റമാക്കി. ഇതാണു പിടിക്കപ്പെടുന്നവര്‍ക്കു രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്‌. സംസ്‌ഥാനത്തിന്‌ ഇക്കാര്യത്തില്‍ നിയമഭേദഗതിക്ക്‌ അധികാരമില്ല. ചെറിയ മാറ്റങ്ങള്‍കൊണ്ട്‌ ജനങ്ങളുടെ ബുദ്ധിമുട്ട്‌ കുറയ്‌ക്കാന്‍ കഴിയുന്ന എത്രയോ പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഒരു വ്യക്‌തിക്ക്‌ റേഷന്‍ കാര്‍ഡ്‌ പുതിയതായി എടുക്കണമെങ്കില്‍ അഥവാ കുടുംബ കാര്‍ഡില്‍ പേര്‌ കൂട്ടിച്ചേര്‍ക്കണമെങ്കില്‍ സ്‌ഥലം എം.എല്‍.എ.യുടെ ശുപാര്‍ശ വേണം. ഈ വ്യക്‌തിക്ക്‌ സ്വന്തമായി റേഷന്‍ കാര്‍ഡില്ലെന്നും സംസ്‌ഥാനത്ത്‌ മറ്റൊരിടത്തെയും റേഷന്‍ കാര്‍ഡില്‍ പേരില്ലെന്നുമാണു സാക്ഷ്യപ്പെടുത്തുന്നത്‌. വിസ്‌തൃതമായ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും റേഷന്‍ കാര്‍ഡിന്റെയും നിജസ്‌ഥിതി ഒരു ജനപ്രതിനിധിക്കും കൃത്യമായി അറിയണമെന്നില്ല. പൗരബോധമുള്ള ഓരോ വ്യക്‌തിയും സ്വയം സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രത്തെ വിശ്വസിച്ചാല്‍ എന്താണ്‌ തെറ്റ്‌?
സര്‍ക്കാരില്‍നിന്നുള്ള ചികിത്സാ ധനസഹായത്തിന്‌ അപേക്ഷ നല്‍കേണ്ടത്‌ വില്ലേജ്‌ ഓഫീസര്‍ മുഖേനയാണ്‌. അപേക്ഷയില്‍ തുക അനുവദിച്ചാല്‍ താലൂക്കില്‍ നേരിട്ടുചെന്നാണു ചെക്ക്‌ കൈപ്പറ്റേണ്ടത്‌. പ്രായം കൊണ്ടും രോഗാവസ്‌ഥ കൊണ്ടും വലയുന്നവരുടെ പ്രയാസം നേരിട്ടു കാണാറുണ്ട്‌. ആധാര്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ചികിത്സാ ധനസഹായം അപേക്ഷകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയച്ചുകൂടേ? പെന്‍ഷന്‍ കിട്ടുന്നവര്‍ ജീവനോടെയുണ്ടെന്നറിയിക്കാന്‍ നേരിട്ട്‌ ഹാജരാകണമെന്ന വ്യവസ്‌ഥ കാരണം അടുത്ത കാലത്ത്‌ രണ്ടു കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍കാരെ ആംബുലന്‍സില്‍ എത്തിക്കേണ്ടിവന്നത്‌ വാര്‍ത്തയായിരുന്നു. സ്‌ഥലത്തെ വില്ലേജ്‌ ഓഫീസറോ, പഞ്ചായത്ത്‌ അംഗമോ ഇതു സാക്ഷ്യപ്പെടുത്തിയാല്‍ എന്താണു കുഴപ്പം.
വിധവകള്‍ക്കുള്ള ധനസഹായത്തിന്‌ അപേക്ഷക പുനര്‍വിവാഹം നടത്തിയിട്ടില്ലെന്നു വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രം നല്‍കാന്‍ അയല്‍വാസികളുടെ മൊഴി രേഖപ്പെടുത്തണം. താമസ സ്‌ഥലത്തു പോയി മൊഴി രേഖപ്പെടുത്തണമെന്നാണ്‌ വ്യവസ്‌ഥ. പലപ്പോഴും ഉദ്യോഗസ്‌ഥരുടെ ജോലിഭാരം മൂലം ഇതിനു സാധിക്കാറില്ല. പകരം രണ്ട്‌ അയല്‍വാസികളെ വില്ലേജ്‌ ഓഫീസിലെത്തിക്കേണ്ട ബാധ്യത അപേക്ഷകയ്‌ക്കാണ്‌. പുരുഷന്‍മാരായ അയല്‍വാസികള്‍ തന്നെ വേണമെന്ന്‌ ചില വില്ലേജ്‌ ഓഫീസര്‍മാരെങ്കിലും വാശിപിടിക്കുന്നു. ദിവസക്കൂലിക്ക്‌ പണിയെടുക്കുന്ന സാധാരണക്കാരാണ്‌ ഇതിനായി സമയം ചെലവഴിക്കുന്നത്‌. പലപ്പോഴും അതിനുള്ള പണം കൂടി അപേക്ഷക നല്‍കേണ്ടിവരുന്നു. ഈ സാക്ഷ്യപ്പെടുത്തല്‍ സ്‌ഥലം പഞ്ചായത്ത്‌ അംഗമോ പ്രസിഡന്റോ ഗ്രാമസേവകനോ നടത്തിയാല്‍ മതിയാകില്ലേ? ശബരിമല തീര്‍ഥാടനകാലത്ത്‌ പുല്ലുമേട്ടിലുണ്ടായ ദുരന്തം ഓര്‍ക്കുന്നു. അന്ന്‌ മരിച്ചവരുടെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ബന്ധുക്കളുടെ നീണ്ട കാത്തിരിപ്പ്‌ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കണ്ടതാണ്‌. ഇത്തരത്തിലുള്ള വലിയ ദുരന്തങ്ങളില്‍ പോസ്‌റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ കഴിയില്ലേ? ജില്ലാ കലക്‌ടര്‍ക്ക്‌ പ്രത്യേക അധികാരം നല്‍കി പോസ്‌റ്റ്‌മോര്‍ട്ടം ഒഴിവാക്കേണ്ടതാണ്‌. അപകട ഇന്‍ഷുറന്‍സിന്‌ പോസ്‌റ്റമോര്‍ട്ടം ആവശ്യമാണെന്നാണു വാദം. അതും സര്‍ക്കാര്‍തലത്തില്‍ പരിഹരിക്കണം. ദുരന്തമുഖങ്ങളില്‍നിന്ന്‌ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി എത്രയും വേഗം നാട്ടിലെത്താന്‍ ശ്രമിക്കുന്നവരുടെ ദൈന്യതയും നിസഹായതയും തിരിച്ചറിയേണ്ടതല്ലേ? വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ ഒരു പ്രധാനകാരണം മദ്യപിച്ചു വാഹനമോടിക്കുന്നതാണ്‌. വാഹനാപകടങ്ങള്‍ നടക്കുന്ന അവസരത്തിലെങ്കിലും ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നിര്‍ബന്ധമാക്കണം. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം കോടതിയുടെ പരാമര്‍ശവുമുണ്ടായി.
നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിക്കുന്നത്‌ ഓരോ കാലത്തിന്റെയും ആവശ്യമനുസരിച്ചാണ്‌. നമ്മുടെ ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവുമൊക്കെ കാലത്തിനൊപ്പം നീങ്ങിയ നിയമനിര്‍മാണ സഭയുടെ ദീര്‍ഘ വീക്ഷണത്തിന്റെ പ്രതീകങ്ങളാണ്‌. മറ്റു നിയമസഭകള്‍ക്കു മാതൃകയാണ്‌ കേരള നിയമസഭ. ഇന്ന്‌ നാമനുഭവിക്കുന്ന സാമൂഹ്യസമത്വത്തിന്റെയും വികസ്വരതയുടെയും ചരിത്രപശ്‌ചാത്തലം അതാണ്‌. ഇത്തരത്തിലുള്ള നിയമങ്ങളെ കാലത്തിന്റെ മാറ്റങ്ങളോടു പ്രതികരിക്കാന്‍ പ്രാപ്‌തമാക്കേണ്ട ചുമതല നമുക്കുണ്ട്‌. 2002ല്‍ കെ.എം.മാണി അധ്യക്ഷനായും 2009 ല്‍ ജസ്‌റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായും നിയമിച്ച നിയമപരിഷ്‌കാര കമ്മിഷന്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റുന്നതിനുംപരിഷ്‌കരിക്കുന്നതിനും ശിപാര്‍ശ ചെയ്‌തു. സമയബന്ധിതമായി ആ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ പല ചുവപ്പുനാടകളുടെയും കെട്ടഴിക്കാന്‍ കഴിയും.
ജനങ്ങള്‍ക്കു മികച്ച സേവനം ലഭിച്ചാല്‍ പോര, അതു സമയബന്ധിതമായി, സങ്കീര്‍ണതയില്ലാതെ ലഭിക്കണം. അതിനു തടസം ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ചെറിയ കുരുക്കുകളായിരിക്കും. ഒരു നിയമം നിര്‍മിച്ച്‌ അതിന്റെ നടപ്പാക്കുമ്പോഴായിരിക്കും നിയമത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുന്നത്‌. ഈ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്‌ഥരില്‍നിന്ന്‌ ക്രോഡീകരിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍വരുത്തണം. എങ്കിലേ അതിന്റെ കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയൂ. താന്‍ ജീവിച്ചിരിക്കുന്നുവെന്ന സാക്ഷ്യപത്രം ട്രഷറി ഓഫീസര്‍ക്ക്‌ വര്‍ഷംതോറും നല്‍കണമെന്ന വിചിത്രമായ "ആചാരം" കാണുമ്പോള്‍ ഓര്‍മയിലെത്തുന്നത്‌ ആനന്ദിന്റെ "മരണസര്‍ട്ടിഫിക്കറ്റി"ലെ നായകനെയാണ്‌. അച്‌ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ അച്‌ഛന്‍ ജീവിച്ചിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റ്‌ വേണ്ടി വരുന്നത്‌ നിയമത്തിന്റെ ജീര്‍ണമായ മുഖം മാത്രമല്ല, വ്യവസ്‌ഥിതിയുടെ ജീവനില്ലാത്ത ചിത്രം കൂടിയാണു വെളിവാക്കുന്നത്‌.

Ads by Google
Thursday 08 Feb 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW