Friday, November 16, 2018 Last Updated 38 Min 37 Sec ago English Edition
Todays E paper
Ads by Google
നൗഷാദ് പുത്തംപുരയില്‍
Friday 09 Feb 2018 11.16 AM

അജ്ഞാതരോഗത്താല്‍ തളര്‍ന്നുപോയ ഷബാസിന് ആശുപത്രിയില്‍ പോകാന്‍ വഴിക്കുവേണ്ടി യാചിച്ചിട്ടും 'ഒരുവഴി' യുമില്ലെന്നു പൊന്നാനി നഗരസഭ, കാരുണ്യമില്ലാത്ത ലോകത്ത് കുട്ടിയെ ചുമലിലേറ്റിനടന്ന് പിതാവ്

uploads/news/2018/02/190859/shabas.jpg

പൊന്നാനി: നിത്യരോഗിയായ ഷാബാസിന്റെയും കുടുംബത്തിന്റെയും കണ്ണുനീര്‍ കാണാതെ പൊന്നാനി നഗരസഭ. നിരവധി തവണ നഗരസഭയുടെ വാതിലുകള്‍ക്ക് മുന്നില്‍ മുട്ടിയെങ്കിലും ഇതുവരെ കാരുണ്യത്തിന്റെ കൈകള്‍ ഇവര്‍ക്ക് നേരെ നീണ്ടില്ല. പതിനാറുകാരനായ ഷാബാസ് പൊന്നാനി നഗരസഭയിലെ 26 ആം വാര്‍ഡിലെ കൊളക്കോട് റോഡിനു സമീപത്തെ വീട്ടില്‍ അജ്ഞാത രോഗം ബാധിച്ചു തളര്‍ന്നു കിടക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും അവസാനം ഡോക്ടര്‍മാര്‍ കൈ ഒഴിയുകയായിരുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ പൊന്നാനി എം.ഐ സ്‌കൂളില്‍ നിന്നും രണ്ടു എ പ്ലസുകള്‍ നേടി വിജയിച്ച മിടുക്കനാണ് ഷാബാസ്. ഒന്‍പതാം ക്ലാസ് മുതല്‍ കണ്ടു തുടങ്ങിയ അപസ്മാരം പോലുള്ള രോഗമാണ് ഷാബാസിന്റെ ജീവിതത്തെ തകര്‍ത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി ഷാബാസിനെ രോഗം പൂര്‍ണമായും തളര്‍ത്തികളഞ്ഞ നിലയിലാണ്. തിരുവന്തപുരം ശ്രീചിത്തിരയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും രോഗം എന്തെന്ന് കണ്ടെത്താനായില്ലന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച മറുപടി. സംസാര ശേഷിയും ബോധവും നഷ്ടമായ ഷാബാസിനെ കഴിഞ്ഞ ആഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു മടക്കി.

മൂകനും ബധിരനുമായ പിതാവ് സലീം തേങ്ങ പൊളിക്കുന്ന ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മാതാവ് ഉമൈബയും മൂന്ന് വയസുള്ള അനിയനുമാണ് വീട്ടിലുള്ളത്. ഈ കുടുംബം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഗതാഗത മാര്‍ഗമില്ലായ്മയാണ്. ആറു സെന്റ് ഭൂമിയിലെ വീട്ടില്‍ നിന്നും ഷബാബിനെ തോളില്‍ ഏറ്റി മൂന്ന് അടി മാത്രം വീതിയുള്ള നടവഴിയിലൂടെ 600 മീറ്ററിലധികം നടന്നാണ് പിതാവ് സലീം അശുപത്രിയെക്കു പോകാറ്. രോഗം വര്‍ധിക്കുമ്പോള്‍ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗതാഗത മാര്‍ഗവുമില്ലാതെ ദുരിതത്തില്‍ കഴിയുകയാണിവര്‍.
നഗരസഭാ ഫണ്ട് ഉപയോഗിച്ച് സമീപത്തെ ഇടത്തോട് നികത്തി രണ്ട് വീടുകളിലേക്കായി വാര്‍ഡ് അംഗം റോഡ് നിര്‍മിച്ചെങ്കിലും ഈ കുട്ടിയുടെ വീടിലേക്ക് വഴിയൊരുക്കാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട് നികത്തി നിര്‍മിച്ച പാതയില്‍ നിന്നും പത്തു മീറ്റര്‍ ദൂരത്തില്‍ മാത്രം സ്ലാബ് ഇട്ടാല്‍ ഷാബാസിന് വേഗം ആശുപത്രിയില്‍ എത്താം. എന്നാല്‍ ഷാബാസിനെയും കുടുംബത്തെയും ഗതാഗത സൗകര്യം പോലും നല്‍കാതെ അവഗണിക്കുകയാണെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.


വീടിനു പിന്‍വശത്തെ തോടിനു മുകളിലൂടെ 10 മീറ്റര്‍ നീളത്തില്‍ സ്ലാബിട്ടു പാതയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നഗരസഭയോട് ഈ കുടുംബം ആവശ്യപ്പെടുന്നത്. ഷാബാസിന് മാത്രമല്ല സമീപത്തെ വീടുകള്‍ക്കും ഇത് ഗുണകരമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാബാസിന്റെ സുഹൃത്തുക്കളും സമീപവാസികളായ യുവാക്കളും വാര്‍ഡ് അംഗത്തെ സമീപിച്ചെങ്കിലും ഒരു വഴിയുമില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഷാബാസിന് ചികിത്സ ഒരുക്കിയിലെങ്കിലും ചികിത്സയ്ക്ക് പോകാനുള്ള വഴിയെങ്കിലും പൊന്നാനി നഗരസഭക്ക് ഒരുക്കി നല്‍കിക്കൂടെ എന്നാണ് ഈ കുടുംബവും നാട്ടുകാരും ചോദിക്കുന്നത്. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Ads by Google
നൗഷാദ് പുത്തംപുരയില്‍
Friday 09 Feb 2018 11.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW