Friday, November 16, 2018 Last Updated 38 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 03.17 PM

കവിതകള്‍ക്ക് ഒരു ആമുഖം

ഭാഷകളുടെ അതിര്‍വരമ്പുകള്‍ മറികടന്ന് കവിതകളെ ആസ്വാദകര്‍ക്കു മുമ്പിലെത്തിക്കാന്‍ ഒരു ശ്രമം, അതാണ് എ കപ്പ് ഓഫ് കവിത, കവിതകളുടെ മാധുര്യം പകരുന്നതോ മനു രമാകാന്ത് എന്ന അധ്യാപകനും.
uploads/news/2018/02/190906/manuramaknt090218c.jpg

ഫേസ്ബുക്കിലും യൂ ടൂബിലും കവിതകള്‍ക്കായി ഒരിടം, എ കപ്പ് ഓഫ് കവിത. വിവിധ ഭാഷകളിലുള്ള കവിതകളെ വീഡിയോയിലൂടെ അവതരിപ്പിക്കുന്ന എ കപ്പ് ഓഫ് കവിതയ്ക്ക് ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്.

കവിതയുടെ രസച്ചരട് പൊട്ടാതെ ഇത്തരത്തില്‍ സാമൂഹികമാധ്യമത്തില്‍ അവതരിപ്പിക്കണമെങ്കില്‍ ആഴത്തിലുള്ള അറിവ് വേണം. അത്തരത്തില്‍ അനുഭവസമ്പത്തുള്ള, അനുയോജ്യനായ ഒരു വ്യക്തിയാണ് എ കപ്പ് ഓഫ് കവിതയ്ക്ക് പിന്നിലുള്ളത്. മനു രമാകാന്ത്, കവി കിളിമാനൂര്‍ രമാകാന്തന്റെ മകന്‍.

അച്ഛനും അമ്മയും പകര്‍ന്ന് നല്‍കിയ വായനാ അനുഭവും സാഹിത്യത്തോടുള്ള ഇഷ്ടവും കൈമുതലാക്കി മലയാളികള്‍ക്ക് പുത്തന്‍ ആസ്വാദനാനുഭവം നല്‍കാനാണ് അധ്യാപകനും എഴുത്തുകാരനുമായ മനു രമാകാന്തിന്റെ ശ്രമം. ഒരു ചായ കുടിക്കുന്നതുപോലെ മധുരമായി കവിത നുണയാമെന്ന് തെളിയിക്കുന്ന എ കപ്പ് ഓഫ് കവിതയെക്കുറിച്ച് മനു രമാകാന്ത്.

എ കപ്പ് ഓഫ് കവിത


വായിച്ചാല്‍ മനസിലാവില്ല എന്ന കാരണത്താല്‍ പലര്‍ക്കും കവിത ഇഷ്ടമല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ തിരക്കു പിടിച്ചോടുന്ന ഇന്നത്തെ സമൂഹത്തെ പ്രകൃതിയിലേക്കും തിരിച്ചറിവുകളിലേക്കും കൊണ്ടുവരാന്‍ കവിത എന്ന സാഹിത്യ രൂപത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കണക്കുപോലെ പഠിക്കേണ്ട ഒന്ന ല്ല, കവിതയും സാഹിത്യവും. വരികളിലൂടെ വായിച്ച് മനസിലാക്കി, ആസ്വദിച്ചാല്‍ കവിതയിലെ ഓരോ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയും.

ചെറുപ്പം മുതല്‍ സാഹിത്യവുമായി ബന്ധമുള്ളതുകൊണ്ട് അത്തരത്തില്‍ കവിതകളുടെ ആശയവും ഭാവവും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയും. ഇംഗ്ലീഷ് അധ്യാപകനായിട്ട് 20 വര്‍ഷമാവുന്നു. ഇപ്പോള്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ്. കവിതയുടെ അര്‍ത്ഥവും ഭാവവും ഉള്‍ക്കൊണ്ടാണ് പഠിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ കുട്ടികള്‍ക്കത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഫോട്ടോഗ്രഫിയും ബ്ലോഗെഴുത്തും എന്റെ പാഷനാണെങ്കിലും കവിതകള്‍ എപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

പഠിപ്പിക്കുന്ന കവിതകള്‍ മനസിലാകുന്നുണ്ടെന്നും അത് മറ്റുള്ളവരിലേക്കും എത്തിക്കണമെന്നും കുട്ടികള്‍ പറഞ്ഞപ്പോഴാണ് ക്ലാസ്മുറികളേക്കാള്‍ വലിയ മീഡിയത്തെക്കുറിച്ച് ചിന്തിക്കുന്നത്.

കവിതകളും സാഹിത്യവും എളുപ്പത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രസന്റേഷനുകള്‍ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.

uploads/news/2018/02/190906/manuramaknt090218a.jpg

അങ്ങനെ കുട്ടികളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണയോടെ, സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കവിതകളെ കുറിച്ച് വീഡിയോ പ്രസന്റേഷനിലൂടെ നേരിട്ട് സംവദിക്കാമെന്ന്് തീരുമാനിച്ചു. അതാണ് എ കപ്പ് ഓഫ് കവിതയുടെ തുടക്കം.

അച്ഛന്റെ ഏഴാം ചരമവാര്‍ഷികത്തില്‍, 2016ലാണ് എ കപ്പ് ഓഫ് കവിത തുടങ്ങുന്നത്. 56 ആഴ്ചകളായി മുടങ്ങാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ലോക കവിതകളെ പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം. ഓരോ എപ്പിസോഡുകളിലും ഓരോ ഭാഷകളിലുള്ള കവിതയാണ് ഉള്‍പ്പെടുത്തുന്നത്.

ഇംഗ്ലീഷില്‍ അവതരിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ മലയാളി ആസ്വാദകരാണ് കൂടുതല്‍ എന്നുള്ളതുകൊണ്ട് അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കണമെന്ന് തോന്നി.

പലപ്പോഴും അറിഞ്ഞോ അറിയാെത യോ ആനുകാലിക സംഭവങ്ങള്‍ പ്രമേയമാക്കിയുള്ള കവിതകള്‍ അവതരിപ്പിക്കാരുണ്ട്. അതില്‍ പ്രിയപ്പെട്ട കവി, കവിത ഏതാണെന്ന് ചോദിച്ചാല്‍ പറയാനാവില്ല.

പക്ഷേ എ കപ്പ് ഓഫ് കവിത ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ഫേസ്ബുക്കിലും യൂ ടൂബിലും ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് സന്തോഷം തരുന്ന കാര്യമാണ്.

ഓരോ എപ്പിസോഡിന് പിന്നിലും കൃത്യമായ ഒരു സ്‌ക്രിപ്റ്റുണ്ട്. കവിതകള്‍ തെരഞ്ഞെടുത്ത്, അത് എങ്ങനെ അവതരിപ്പിക്കണമെന്ന് കൃത്യമായി പ്ലാന്‍ ചെയ്യും. ക്യാമറ വര്‍ക്കും എഡിറ്റിങ്ങുമൊക്കെ ഞാന്‍ തന്നെയാണ്. എങ്കില്‍ മാത്രമേ എനിക്കൊരു തൃപ്തിയുള്ളൂ.

അച്ഛനും ഞാനും


കുട്ടിക്കാലത്തൊക്കെ കവിത എഴുതുമായിരുന്നു. അച്ഛനും അമ്മയും ഞാന്‍ എഴുതിയ കവിത വായിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറയുമായിരുന്നു.

പക്ഷേ കൂട്ടുകാര്‍ അത് സമ്മതിച്ചു തന്നിരുന്നില്ല, മാത്രവുമല്ല അച്ഛന്‍ എഴുതിത്തന്നതാണെന്ന് പറയുകയും ചെയ്തു. അതു കേള്‍ക്കുമ്പോള്‍ മനസിന് മുറിവേറ്റിട്ടുണ്ട്. അതിനാല്‍ പിന്നീട് കവിതയില്‍ കാര്യമായി പരീക്ഷണങ്ങളൊന്നുമുണ്ടായിട്ടില്ല.

കിളിമാനൂര്‍ രമാകാന്തന്റെ മകന്‍ എന്നതിലുപരി സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാവണം എന്നാഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അച്ഛന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റേതായ വ്യക്തിത്വമുണ്ടാക്കിയശേ ഷം ഇപ്പോള്‍ അച്ഛന്റെ മകന്‍ എന്ന് അറിയപ്പെടുന്നതില്‍ അഭിമാനമേയുള്ളു.

ഇംഗ്ലീഷ് അധ്യാപകനായ ഞാന്‍ വായിച്ചതിനേക്കാള്‍ പത്തിരട്ടി ഇംഗ്ലീഷ് പുസ്തകങ്ങള്‍ അച്ഛന്‍ വായിച്ചിട്ടുണ്ട്. ഗ്രീക്ക്, റോമന്‍ സാഹിത്യമൊക്കെ അച്ഛന് കാണാപ്പാഠമായിരുന്നു. ആ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുപാടെന്നെ സ്വാധീനിക്കുകയും ചെയ്തു.

ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അച്ഛനാണ്. 24 വര്‍ഷം കൊണ്ടാണത് പൂര്‍ത്തിയാക്കിയത്. മറ്റു ഭാഷകളില്‍ നിന്ന് അച്ഛന്‍ പരിഭാഷപ്പെടുത്തിയതുപോലെ ഇന്നത്തെ തലമുറയുടെ സംഭാവനയാണ് എ കപ്പ് ഓഫ് കവിത.

ലോകോത്തര കവിതകള്‍ ആസ്വാദകരിലേക്കെത്തിക്കുന്ന ഒരു മീഡിയേറ്റര്‍ മാത്രമാണ് ഞാന്‍. എ കപ്പ് ഓഫ് കവിത എന്റെ മീഡിയവും.

uploads/news/2018/02/190906/manuramaknt090218b.jpg
* അമ്മ ഇന്ദിരയ്‌ക്കൊപ്പം മനു രമാകാന്ത്

വേറിട്ട കാല്‍വയ്പ്പുകള്‍


പുസ്തകങ്ങളുടെ ലോകത്തു വളര്‍ന്നതുകൊണ്ടാവാം സാഹിത്യവിഷയങ്ങളോട് കുട്ടിക്കാലം മുതലേ താല്‍പര്യമുണ്ടായിരുന്നു. സാഹിത്യം പഠനവിഷയമായി തെരഞ്ഞെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പക്ഷേ പരോക്ഷമായ സ്വാധീനം ഉണ്ടായി. പി.ജി കഴിഞ്ഞു തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന് ജേര്‍ണലിസം പാസായി. ഭാഷയോടുള്ള ഇഷ്ടം കൊണ്ടാണ് മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുത്തത്.

ആ സമയത്താണ് എഴുത്തിനെ ഗൗരവമായി കണ്ടു തുടങ്ങിയത്. എന്റെ ലേഖനങ്ങളൊക്കെ വായിക്കാന്‍ അച്ഛന് ഇഷ്ടമായിരുന്നു. പിന്നീട് അധ്യാപകനാകാനായി മോഹം. അങ്ങനെ ഇന്ത്യന്‍ എക്‌സ്പ്രസിലെ ജോലി ഉപേക്ഷിച്ച് അധ്യാപകനായി.

പാരമ്പര്യമായി കിട്ടിയ കഴിവായതുകൊണ്ടാണോ എന്നറിയില്ല, എഴുത്തിനെ ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ബ്ലോഗില്‍ ഇപ്പോഴും എഴുത്ത് തുടരുന്നു.

rumroadravings.com എന്ന ബ്ലോഗിലൂടെയാണ് ഞാന്‍ സംവദിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും എഴുതുന്നത്.

ആരോഗ്യപരമായ മദ്യപാനം എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ മദ്യം പൂര്‍ണ്ണമായും ആരും ഉപേക്ഷിക്കാന്‍ തയ്യാറുമല്ല. പിന്നെ ചെയ്യാവുന്നത്, ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ മദ്യം കഴിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കിക്കൊടുക്കുകയാണ്. അത്തരത്തിലുള്ള കഥകളും എഴുതാറുണ്ട്.

അതുകൂടാതെ എന്റെ യാത്രകള്‍, ഞാന്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ എല്ലാം ഇതിലൂടെ പങ്കുവയ്ക്കുന്നു. കൂടാതെ ഓണ്‍ലൈന്‍ മീഡിയകളിലും കോളമിസ്റ്റാണ്.

മറ്റൊരു പാഷന്‍ ഫോട്ടോഗ്രഫിയാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി തന്ന അനുഭവങ്ങള്‍ ഏറെയാണ്. ആ യാത്രകളില്‍ കാടിനെ അറിഞ്ഞു, ഒപ്പം വ്യത്യസ്തരായ പല മനുഷ്യരും അവരുടെ അനുഭവങ്ങളും കണ്ടറിഞ്ഞു. കേരള സര്‍ക്കാറിന്റെ ടൂറിസം വകുപ്പിന് വേണ്ടി നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

uploads/news/2018/02/190906/manuramaknt090218.jpg
* മനു രമാകാന്ത് ഭാര്യ ദിവ്യയ്ക്കും മകള്‍ നേഹയ്ക്കുമൊപ്പം

സാഹിത്യവും സൗഹൃദവും


ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു അധ്യാപകനാണ് കൊല്ലം എസ്.എന്‍ കോളജില്‍ പഠിപ്പിച്ച അജയന്‍ സാര്‍, ഇംഗ്ലീഷ് കവിതയുടെ വിസ്മയ ലോകത്തേക്ക് എന്നെ കൊണ്ടുപോയത് അദ്ദേഹമാണ്.

ഞങ്ങള്‍ ഒരുമുറിയില്‍ താമസിച്ചിട്ടുണ്ട്. ആ സമയത്ത് ചില രാത്രികളില്‍ സാര്‍ എന്നെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് കവിത വായിക്കാന്‍ തരും.

ഒന്നും മനസിലായില്ലെങ്കിലും ആ സമയത്ത് സാറിന്റെ കണ്ണിലെ തിളക്കം കണ്ട്, ആ ജിജ്ഞാസയുടെ പുറകേ സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇംഗ്ലീഷ് സാഹിത്യം എനിക്കേറെ പ്രിയപ്പട്ടതായത്.

പ്രസ്‌ക്ലബില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായ അനന്തപദ്മനാഭനും നികേഷ്‌കുമാറും സബീന്‍ ഇക്ബാലുമൊക്കെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു. എ കപ്പ് ഓഫ് കവിത എന്ന ഉദ്യമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അടുത്ത സുഹൃത്തും നട നും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്.

കുടുംബം


അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. അമ്മ കെ. ഇന്ദിര, നോവലിസ്റ്റാണ്. പി. ഡബ്ലു.ഡി ജീവനക്കാരിയായിരുന്നെങ്കി ലും എഴുത്തിന് വേണ്ടി അമ്മ സമയം കണ്ടെത്തുമായിരുന്നു. ഭാര്യ ദിവ്യ, വീട്ടമ്മയാണ്. മകള്‍ നേഹ രമാകാന്ത്, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW