Saturday, February 16, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.30 AM

പ്രകൃതി കളമാക്കി പ്രശോഭ്‌

uploads/news/2018/02/191322/sun4.jpg

സ്വന്തം ജീവിത പരിസരങ്ങള്‍ നല്‍കുന്ന അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളാണ്‌ അദ്ധ്യാത്മികമെന്ന്‌ ഭാഷാപരമായി പറയാവുന്ന പ്രകൃതിയോടുള്ള മനുഷ്യന്റെ ഭയഭക്‌തിബഹുമാനത്തിന്റെ അടിസ്‌ഥാനം.
തീര്‍ത്തും അപരിചിതമായ ജീവിതാവസ്‌ഥകളുടെ ഭാഗമായിത്തീരുന്ന ഒരു ചൈതന്യത്തില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത്‌ ഏതൊരു ജനസമൂഹത്തിനും സാധ്യമല്ല. അതിജീവനത്തിനായി പ്രകൃതിശക്‌തികളോട്‌ അറിയാവുന്ന ഭാഷയില്‍ അപേക്ഷിക്കുകയും തൃപ്‌തിപ്പെടുത്താന്‍ തനിക്കിഷ്‌ടപ്പെട്ടതൊക്കെ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അത്‌ പ്രാര്‍ഥനയാവുന്നു. അപകടരഹിതമായ നിലനില്‍പ്പിനായുള്ള യാചന.
മനുഷ്യവര്‍ഗം ഇന്നു കാണുന്ന പരിഷ്‌കൃത സമൂഹമായി രൂപപ്പെടുന്നതിനു മുമ്പുള്ള കാലത്തിന്റെ നിഴല്‍ ഇപ്പോഴും നമുക്കൊപ്പമുണ്ട്‌. എന്തൊക്കെ ഭൗതിക പുരോഗതിയുണ്ടായാലും മുന്‍പറഞ്ഞ അദ്ധ്യാത്മികതയുടെ കാല്‍ച്ചുവട്ടില്‍തന്നെയാണ്‌ നമ്മളിപ്പോഴും.
മനുഷ്യനു ലഭിച്ച അനുഭവപാഠങ്ങളുടെ അടിസ്‌ഥാനത്തില്‍ ഭാവനാത്മകവും ക്രിയാത്മകവുമായ ചില ചെയ്‌തികള്‍ അല്ലെങ്കില്‍ ആചാരാനുഷ്‌ഠാനങ്ങള്‍ ഭൂപ്രകൃതിയുടെയും കാലാവസ്‌ഥയുടെയും ഭക്ഷണരീതിയുടെയും ഭാഗമായി രൂപപ്പെട്ടുവന്നു. അങ്ങനെയുണ്ടായ ഒരു ആരാധന സംസ്‌കാരത്തെ വംശീയ അധിനിവേശങ്ങള്‍ ദുര്‍ബലപ്പെടുത്തുകയോ നാമാവശേഷമാക്കുകയോ ചെയ്‌തിട്ടുണ്ട്‌. അതില്‍ ചിലതൊക്കെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ പ്രശോഭ്‌ എന്ന ജ്യോതിഷി. ആദിമഗോത്രജ്യോതിഷം അതിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം പറയുന്നു.

ഈ വിധത്തിലുള്ള ഒരു ജ്യോതിഷരീതിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടതെങ്ങനെയാണ്‌?

നവഗ്രഹങ്ങള്‍ക്കു പ്രാധാന്യം നല്‍കി 108 കവടി നിരത്തിയാണല്ലോ ഇവിടെ പലരും പറയുന്നതും വെളിപ്പെടുത്തുന്നതും. ഞാനത്‌ ഒറ്റക്കവടിയില്‍ സാധിക്കുന്നു. എനിക്ക്‌ കവടിപ്പലകയില്ല. പ്രകൃതിയാണ്‌ കളം. കുടുംബക്ഷേത്രത്തില്‍ തലമുറകളായി വെച്ചാരാധനയും വെച്ചുപൂജയുമുണ്ട്‌.
കൊടുങ്ങല്ലൂര്‍ ഭഗവതിയാണ്‌ പ്രതിഷ്‌ഠ. അതില്‍ 79-ാമത്തെ തലമുറയാണെന്റേത്‌. ബിരുദ പഠനകാലത്ത്‌ ഒറ്റപ്പാലത്ത്‌ ഒരു കല്യാണത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെ സമീപത്തൊരു വീട്ടില്‍ ഒരാള്‍ മണി കിലുക്കി പൂജ ചെയ്യുന്നതു കണ്ടു. ഒറ്റക്കവടിവെച്ചാണ്‌ പ്രവചനം.
കാലുതൊട്ടു വന്ദിച്ചാല്‍ പുകവലിക്കാന്‍ തരും. എന്റെ കുടുംബക്ഷേത്രത്തെക്കുറിച്ചും ആരാധനാമൂര്‍ത്തിയെക്കുറിച്ചും വീട്ടും പരിസരവുമെല്ലാം നേരില്‍ കണ്ടതുപോലെ പറഞ്ഞു. അന്നുവരെ മറ്റ്‌ ജ്യോതിഷരീതിയോട്‌ ആഭിമുഖ്യവും അറിവും ഉണ്ടായിരുന്ന എനിക്ക്‌ ആ വ്യത്യസ്‌തതയില്‍ താല്‌പര്യം തോന്നി.

ഗുരുതി സമര്‍പ്പണം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന്‌ പൊതുസമൂഹത്തിന്‌ അഭിപ്രായമുണ്ട?

പ്രാചീന ഗോത്ര സംസ്‌കാരത്തിന്റെ അല്ലെങ്കില്‍ ദ്രാവിഡ സംസ്‌കാരത്തിന്റെ അനുഷ്‌ഠാനരീതിയില്‍പ്പെട്ടതാണ്‌ ഗുരുതി. അത്‌ സവര്‍ണ വര്‍ഗമേറ്റെടുത്തപ്പോള്‍ കൂശ്‌മാണ്ടം (കുമ്പളങ്ങ) വെട്ടി സമര്‍പ്പിക്കലായി മാറി.
അങ്ങനെ എന്ന്‌ എവിടെയൊക്കെ തുടങ്ങിയോ അന്നു മുതല്‍ അവിടങ്ങളിലെ ഈശ്വര ചൈതന്യം അശക്‌തമായി എന്നു ഞാന്‍ പറയും. രക്‌തപുഷ്‌പാഞ്‌ജലി എന്നൊന്നുണ്ടല്ലോ എന്തിനാണത്‌? പുഷ്‌പാഞ്‌ജലി എന്നു പറഞ്ഞാല്‍ പോരേ? രക്‌തവര്‍ണമുള്ള പൂക്കള്‍തന്നെ വേണമെന്നുണ്ടോ? അല്ലെങ്കില്‍ ചുവന്ന ദ്രാവകം കൊണ്ട്‌ അഭിഷേകം ചെയ്യണമെന്നുണ്ടോ?
ഹിന്ദുദൈവങ്ങളെല്ലാംതന്നെ രക്‌തം ഇഷ്‌ടപ്പെടുന്നവരാണ്‌. ദാരികനെ വധിക്കാന്‍ പരമശിവന്‍ മൂന്നാം കണ്ണുതുറന്നു ഭദ്രകാളിക്കു ജന്മം നല്‍കിയെന്നാണല്ലോ ഐതീഹ്യം. പ്രതിരോധത്തിനും ഉപരോധത്തിനും നിഗ്രഹത്തിനും വേണ്ടിയുള്ള ആയുധശക്‌തി ഹൈന്ദവ ദൈവങ്ങളുടെയെല്ലാം കൈവശമുണ്ട്‌. അത്‌ പ്രയോഗിക്കുമ്പോള്‍ നിണവും മരണവുമൊക്കെ സ്വാഭാവികം.
ദ്രാവിഡ ജ്യോതിഷമനുസരിച്ച്‌ ഏത്‌ ആരാധന മൂര്‍ത്തിക്ക്‌ എന്തുവേണമോ അതു കൊടുത്തു തൃപ്‌തിപ്പെടുത്തുന്നു. ഈ ഗുരുതി ഹൈന്ദവ സംസ്‌കാരത്തില്‍ മാത്രമുള്ളതല്ല. ആടിനെയും ഒട്ടകത്തെയുമൊക്കെ ബലിയായി സമര്‍പ്പിക്കുന്ന ജനസമൂഹങ്ങള്‍ ലോകത്തിലുണ്ട്‌.

നിരുപദ്രവകാരിയായ ഒരു ജീവിയെ കൊല്ലുന്നതാണോ അദ്ധ്യാത്മികത?

അതും അദ്ധ്യാത്മികതയുടെ ഭാഗംതന്നെയാണ്‌. തിന്നാന്‍ വേണ്ടി കൊല്ലാം ഭക്‌തിക്കായി പാടില്ല എന്നു പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്‌? ഏതു രാജ്യത്തായാലും മനുഷ്യരുടെ ഭക്ഷണത്തില്‍ നല്ലൊരു ശതമാനം മാംസംതന്നെയാണ്‌. പക്ഷിയും മീനും ജന്തുവുമൊക്കെ ആ കൂട്ടത്തില്‍പ്പെടും. ഇഷ്‌ടപ്പെട്ടതൊക്കെ പ്രകൃതിശക്‌തികള്‍ക്ക്‌ അല്ലെങ്കില്‍ അതിനെ കേന്ദ്രീകൃതമായി സങ്കല്‍പിച്ചിട്ടുള്ളവയ്‌ക്കോ സമര്‍പ്പിക്കുന്നത്‌ അതിജീവനത്തിന്റെ ഭാഗമാണ്‌.

സവര്‍ണ സമൂഹം അല്ലെങ്കില്‍ ആര്യസംസ്‌കൃതി ദ്രാവിഡന്റെ ആരാധന സംസ്‌കാരത്തെ തമസ്‌കരിക്കുകയും സ്വന്തം അദ്ധ്യാത്മിക രീതികള്‍ അടിച്ചേല്‍പിക്കുകയും ചെയ്‌തു എന്നാണോ?

അഗസ്‌ത്യന്‍, പുലസ്‌ത്യന്‍, വിശ്വാമിത്രന്‍, ആദിതിരുവള്ളുവര്‍ എന്നിവരൊക്കെ ദ്രാവിഡരായിരുന്നു. ആര്യന്മാര്‍ എത്തുന്നതിനുമുമ്പ്‌ സജീവവും സക്രിയവുമായിരുന്നു ദ്രാവിഡ ക്ഷേത്രങ്ങളെല്ലാം. അവരുടെ അധ്യാത്മിക അധിനിവേശം ഭക്‌തനും ചൈതന്യവും തമ്മിലുള്ള അടുപ്പം ഇല്ലാതാക്കി. അവര്‍ ഇടനിലക്കാരായി. മിക്കയിടത്തും അധികാരികളുമായി. അദ്ധ്യാത്മികത അവിടെ വ്യാപാരം മാത്രം. അദ്ധ്യാത്മിക സമൃദ്ധി അല്ലെങ്കില്‍ ചൈതന്യശക്‌തി അനുഭവിപ്പിക്കുന്നത്‌ ഇന്നും എന്നും ദ്രാവിഡ ക്ഷേത്രങ്ങള്‍തന്നെയാണ്‌. വള്ളിയങ്കാട്ടുക്ഷേത്രം അരയസമുദായത്തിന്റേതാണ്‌. മലയാലപ്പുഴ ക്ഷേത്രം കുറവരുടെതാണ്‌. പറശിനിക്കടവ്‌ തീയരുടേത്‌.
കുറ്റിപ്പുറം പറക്കുന്നത്തുകാവ്‌ സാംബവസമുദായത്തിന്റേത്‌. കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രം അഡിഗരുടേത്‌. കീഴാള ക്ഷേത്രങ്ങളെന്നു പറയുന്നവയില്‍ പലതിലും സവര്‍ണര്‍ പൂജ ചെയ്യുന്നു. താഴ്‌ന്ന സമുദായക്കാര്‍ മരിച്ചാല്‍ ശേഷക്രിയ നടത്താന്‍ സവര്‍ണ ശാന്തിമാരെ വിളിക്കും.
എന്നാല്‍ കീഴ്‌ജാതിക്കാരനായ ഒരാള്‍ക്ക്‌ സവര്‍ണാധിപത്യമുള്ള ആരാധനാലയത്തില്‍ പൂജാരിയാകാന്‍ സാധിക്കുമോ? ഈ അടിമത്ത വിധേയത്വ മനോഭാവം മാറണം, മാറ്റണം. ഓരോ ക്ഷേത്രത്തിന്റെയും ഊരായ്‌മക്കാര്‍തന്നെ അവിടങ്ങളില്‍ പൂജാദികര്‍മങ്ങള്‍ നടത്തണം. അന്യമായിത്തീര്‍ന്നതൊക്കെ വീണ്ടെടുക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ പരിപൂര്‍ണ അധികാരം കിട്ടണം.
പറശിനിക്കടവ്‌ ശ്രീമുത്തപ്പന്‍ ക്ഷേത്രം അത്‌ തീയരുടേതാണ്‌. അവിടെ നിവേദ്യം മദ്യമാണ്‌. നായ്‌ക്കള്‍ പരിസരത്താകെ സൈ്വര്യവിഹാരം നടത്തുന്നു. മലയാളമാസം ഒന്നാം തീയതി അവിടെ സവര്‍ണര്‍ പൂജയ്‌ക്കെത്തുന്നു. അതിനുള്ള അവകാശവും അധികാരവും ആരുകൊടുത്തു? എങ്ങനെ കിട്ടി?
കോഴിക്കോട്‌ തിരുവമ്പാടി എസ്‌റ്റേറ്റിലുള്ള വാപ്പാട്ട്‌ പേനക്കാവ്‌ ദളിതരുടേതാണ്‌. ഉത്സവത്തിന്‌ ശിവപാര്‍വതി തറകളില്‍ വിളക്കുവെപ്പും പൂജയും നടത്തുന്നത്‌ വരേണ്യവര്‍ഗമാണ്‌. ശിവന്‍ ചണ്ഡാളനല്ലേ? ദ്രാവിഡന്‍. എന്തിന്‌ അവര്‍ വരുന്നു, വരുത്തി? ഈ സ്‌ഥിതി കേരളത്തിലെ ക്ഷേത്രങ്ങളില്‍ മുഴുവനുമുണ്ട്‌. കണിയാപുരം മുസ്ലിംപള്ളിയില്‍ ഇന്നുമിരിക്കുന്നത്‌ ഭദ്രകാളിയാണ്‌.
ഭദ്രകാളി, മാടന്‍ എന്നൊക്കെ അവിടെ എഴുതിവെച്ചിട്ടുണ്ട്‌. 182282 ക്ഷേത്രങ്ങളും 66000 കല്ലമ്പലങ്ങളും 15000 കാവുകള്‍ അല്ലെങ്കില്‍ ഗുരുതിശാലകളും 999 മലക്ഷേത്രങ്ങളും കേരളത്തിലുണ്ടായിരുന്നുവെന്നാണ്‌ കണക്ക്‌. അതില്‍ എത്രയെണ്ണം അവശേഷിക്കുന്നു, ഏതൊക്കെ ജീര്‍ണാവസ്‌ഥയിലായി അതിലേതൊക്കെ സ്‌ഥാപിത സമുദായത്തിന്റെ കൈവശത്തിലുണ്ട്‌ എന്നന്വേഷിക്കണം.

ഷാജി കാരാട്ടുപാറ

ലേഖകന്റെ ഫോണ്‍ നമ്പര്‍:-9061093069

Ads by Google
Sunday 11 Feb 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW