Friday, November 16, 2018 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.15 AM

കുത്തിയോട്ടപ്പാട്ടുകളുടെ ചടുല താളങ്ങളില്‍ കുംഭമാസ രാവുകള്‍

uploads/news/2018/02/191888/re5.jpg

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയുടെ ഒരുക്കം ഇന്ന്‌ തുടങ്ങും. ഇന്ന്‌ രാവിലെ 7.50 നും 8.20 നും മധ്യേ കരകളില്‍ കെട്ടുകാഴ്‌ചകളുടെ നിര്‍മാണത്തിന്‌ തുടക്കമാകും. വഴിപാടുകാരുടെ ഗൃഹങ്ങളില്‍ കുത്തിയോട്ടത്തിനും ഇന്ന്‌ സന്ധ്യയ്‌ക്ക് തുടക്കമാകും. 13 കരകളില്‍ നിന്ന്‌ കരനാഥന്മാര്‍ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാട്‌ നടത്തിയ ശേഷം കരകളുടെ ആസ്‌ഥാനങ്ങളില്‍ മടങ്ങിയെത്തിയാണ്‌ കെട്ടുകാഴ്‌ചകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്‌.

ഈരേഴ വടക്ക്‌, പേള, മേനാമ്പള്ളി കരകളില്‍ കെട്ടുകാഴ്‌ചകളുടെ നവീകരണം നടക്കുന്നതിനാല്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചു. ഈരേഴ വടക്ക്‌ കരയില്‍ പുതിയ ടവറിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്‌. ഇവിടെ കെട്ടുകാഴ്‌ചയുടെ നവീകരണ ജോലികളും ആരംഭിച്ചു. പേള കരയില്‍ കഴിഞ്ഞ വര്‍ഷം കെട്ടുകാഴ്‌ചയായ കുതിര വാഹനമിടിച്ച്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ പൂര്‍ണമായും നവീകരിക്കുകയാണ്‌. മേനാമ്പള്ളി കരയില്‍ കെട്ടുകാഴ്‌ചയായ തേരിന്റെ നവീകരണവും ആരംഭിച്ചു.

ഈരേഴ തെക്ക്‌, ഈരേഴ വടക്ക്‌, കൈത തെക്ക്‌, കൈതവടക്ക്‌, പേള, നടയ്‌ക്കാവ്‌ എന്നീ കരകളില്‍ കുതിരകളുടെയും കണ്ണമംഗലം തെക്ക്‌, കണ്ണമംഗലം വടക്ക്‌, കടവൂര്‍, ആഞ്ഞിലിപ്രാ, മേനാമ്പള്ളി കരകളില്‍ തേരിന്റെയും മറ്റം വടക്ക്‌ ഹനുമാന്റെയും ജ്യേഷ്‌ഠ സഹോദരന്റെ അനുഗ്രഹം വാങ്ങി നില്‍ക്കുന്ന പാഞ്ചാലിയുടെയും മറ്റം തെക്ക്‌ ബകവധത്തിന്‌ പുറപ്പെടുന്ന ഭീമസേനന്റെയും ശില്‍പങ്ങളാണ്‌ കെട്ടുകാഴ്‌ചകളായി ഒരുക്കുന്നത്‌.

ഇന്ന്‌ രാവിലെ കുത്തിയോട്ടത്തിന്‌ ചൂരല്‍ മുറിയുന്ന ബാലന്മാരെ ക്ഷേത്രത്തില്‍ എത്തിച്ച്‌ വഴിപാട്‌ നടത്തിയ ശേഷം മാതാപിതാക്കള്‍ക്ക്‌ ദക്ഷിണ നല്‍കി കുത്തിയോട്ടപ്പാട്ടും ചുവടും പരിശീലിപ്പിക്കുന്ന ആശാന്മാര്‍ക്ക്‌ കൈമാറും. വൈകിട്ട്‌ വഴിപാടുകാരുടെ ഗൃഹങ്ങളില്‍ കുത്തിയോട്ടത്തിനും തുടക്കമാകും.

ഇന്നലെ മുതല്‍ ദേവീഭാഗവത പാരായണം തുടങ്ങി. ഇനിയുള്ള എട്ടു ദിവസക്കാലം കുത്തിയോട്ടത്തിന്റെ ചടുലതാളങ്ങളാല്‍ രാത്രികള്‍ മുഖരിതമാകും. ഇത്തവണ മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലും എറണാകുളം ജില്ലയിലെ തൃക്കാരിയൂരിലുമായി 12 കുത്തിയോട്ടങ്ങളാണുള്ളത്‌.

ഇന്ന്‌ ദീപാരാധനയ്‌ക്കു ശേഷം കണ്ണമംഗലം തെക്ക്‌ കരയില്‍ പറയെഴുന്നള്ളത്തിനായി ചെട്ടികുളങ്ങര അമ്മ പുറപ്പെടും. നാളെ മുതല്‍ കാര്‍ത്തിക വരെയുള്ള ദിവസങ്ങളില്‍ പറയ്‌ക്കെഴുന്നള്ളത്ത്‌ ഉണ്ടാകില്ല.

* കണ്ണമംഗലത്ത്‌ ഇന്ന്‌ പിതൃ-പുത്രീ സംഗമം
മാവേലിക്കര: കണ്ണമംഗലത്ത്‌ ഇന്ന്‌ പിതൃ-പുത്രീ സംഗമം നടക്കും. ചെട്ടികുളങ്ങര അമ്മ ഇന്ന്‌ ദീപാരാധന കഴിഞ്ഞ്‌ കണ്ണമംഗലം തെക്ക്‌ കരയില്‍ പറയ്‌ക്കെഴുന്നള്ളും. കൈതവടക്ക്‌ കരയിലെ ഏതാനും വീടുകളില്‍ പറയെടുത്ത ശേഷം കണ്ണമംഗലത്തേക്ക്‌ പ്രവേശിക്കുന്ന ഭഗവതിയെ കരനാഥന്മാര്‍ ചേര്‍ന്ന്‌ കരയിലേക്ക്‌ സ്വീകരിക്കും. ശിവരാത്രി നാളില്‍ പിതാവായ മഹാദേവന്റെ അടുക്കല്‍ എത്തുമ്പോള്‍ പോളവിളക്കുകളോടെയാണ്‌ എഴുന്നള്ളത്ത്‌ നടക്കുന്നത്‌. മഹാദേവനും മകളും തമ്മിലുള്ള കൂടിയെഴുന്നള്ളത്ത്‌ ദര്‍ശിക്കാന്‍ ആയിരങ്ങളാണ്‌ കണ്ണമംഗലം മഹാദേവക്ഷേത്രത്തില്‍ എത്തുന്നത്‌. കണ്ണമംഗലം തെക്ക്‌ കരയിലെ പറയ്‌ക്കെഴുന്നള്ളത്തിനു ശേഷം നാളെ ഭഗവതി മടങ്ങിയെത്തും. കാര്‍ത്തിക നാള്‍ വരെ പറയെടുപ്പ്‌ ഉണ്ടാകില്ല.

* കുത്തിയോട്ടം നടത്തുന്നതിന്‌ രണ്ടു സമിതികള്‍ക്ക്‌ വിലക്ക്‌
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തെ വിദേശത്ത്‌ പോയി 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നിയമാവലിയ്‌ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച വി.വിജയരാഘവക്കുറുപ്പ്‌(കുത്തിയോട്ട കലാക്ഷേത്ര), പ്രദീപ്‌, പ്രമോദ്‌(ശൈലനന്ദിനി കുത്തിയോട്ട സമിതി) എന്നീ സമിതികളെ 23 മുതല്‍ 2020 ലെ കുംഭഭരണി വരെ രണ്ടു വര്‍ഷത്തേക്ക്‌ ചെട്ടികുളങ്ങര കുത്തിയോട്ടം നടത്തുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. ഹിന്ദുമത കണ്‍വന്‍ഷന്‍ സമിതികള്‍ക്ക്‌ നല്‍കിയ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്‌.

* കുതിരമൂട്ടില്‍ കഞ്ഞിയിലെ വിഭവമായ മുതിരപ്പുഴുക്ക്‌ ഇങ്ങനെ തയാറാക്കാം
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയിലെ പ്രധാന വഴിപാടാണ്‌ കുതിരമൂട്ടില്‍ കഞ്ഞി. ഇതില്‍ മുതിരപ്പുഴുക്ക്‌, അവല്‍ നനച്ചത്‌, അസ്‌ത്രം, കടൂമാങ്ങ, ഉണ്ണിയപ്പം, പഴം, പപ്പടം എന്നിവയാണുള്ളത്‌.
മുതിരപ്പുഴുക്ക്‌ തയാറാക്കുന്നത്‌ ഇങ്ങനെയാണ്‌: മുതിര ഒരു കിലോ, നാളികേരം ചുരണ്ടിയത്‌ രണ്ടെണ്ണം, കുരുമുളക്‌ പൊടി രണ്ടു സ്‌പൂണ്‍, വെളുത്തുള്ളി 10 അല്ലി, മഞ്ഞള്‍പ്പൊടി ഒരു സ്‌പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്‌, മുളകുപൊടി ഒരു സ്‌പൂണ്‍, കറിവേപ്പില 10 കതുപ്പ്‌, വറ്റല്‍ മുളക്‌ 10 എണ്ണം, ഉപ്പ്‌ ആവശ്യത്തിന്‌. കടുക്‌ വറക്കുമ്പോള്‍ വറ്റല്‍ മുളക്‌ മുറിക്കാതെ വേണം ഉപയോഗിക്കാന്‍. ഓട്ടുരുളിയില്‍ വെള്ളം നന്നായി വെട്ടിത്തിളക്കുമ്പോള്‍ അതിലേക്ക്‌ വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ക്കുന്നു. അല്‍പം കഴിഞ്ഞ്‌ വൃത്തിയാക്കിയ മുതിരയിടുന്നു. മുതിര വറക്കേണ്ടതില്ല. പാത്രത്തിലെ വെള്ളം വറ്റുന്നത്‌ വരെ ചെറിയ ചൂടില്‍ തിളപ്പിക്കണം. തവിക്കണയ്‌ക്ക് കുത്തി നോക്കി പാത്രത്തിനടിയില്‍ വെള്ളമുണ്ടോ എന്ന്‌ പരിശോധിക്കണം. അടിയ്‌ക്കു പിടിച്ച്‌ കരിയരുത്‌. പാകമാകുമ്പോള്‍ ചുരണ്ടിയ തേങ്ങ, കുരുമുളക്‌ പൊടി, വെളുത്തുള്ളി, ഉപ്പ്‌ എന്നിവ ഞെരുടി ചേര്‍ക്കുക. ഇവയൊടൊപ്പം മഞ്ഞള്‍പ്പൊടി, പാകത്തിന്‌ ഉപ്പ്‌ എന്നിവ കൂടി ചേര്‍ക്കണം. അധികം വെന്തു പോകാതെ നോക്കണം. അല്‍പം മുളകുപൊടി തൂവിക്കൊടുക്കണം. കടുക്‌ വറത്ത്‌ ചേര്‍ക്കുക. മുളക്‌ എണ്ണ കുടിച്ച്‌ വീര്‍ക്കുന്നതാണ്‌ പരുവം. ഇവ ചേര്‍ത്ത്‌ ഇളക്കി കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ കുരുമുളക്‌ പൊടിയും ചേര്‍ക്കാം. ഇളക്കി ചേര്‍ക്കുന്നതിലും മുതിരയ്‌ക്കൊപ്പം ചേര്‍ക്കുന്ന മറ്റു സാധനങ്ങളിലുമാണ്‌ പുഴുക്കിന്റെ രുചി തിളങ്ങുന്നത്‌. ഒരു കിലോ മുതിരയ്‌ക്ക് രണ്ടു നാളികേരം എന്നതല്ലാതെ മറ്റെല്ലാം കൈത്തിട്ടമാണ്‌.

Ads by Google
Tuesday 13 Feb 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW