Friday, October 19, 2018 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.27 AM

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ 11,400 കോടിയുടെ തട്ടിപ്പ്‌

uploads/news/2018/02/192393/d1.jpg

ന്യൂഡല്‍ഹി: പൊതുമേഖലയിലുള്ള പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ (പി.എന്‍.ബി) മുംബൈയിലെ ശാഖകളിലൊന്നില്‍ 11,334.4 കോടി രൂപയുടെ (ഏകദേശം 177 കോടി ഡോളര്‍) തട്ടിപ്പ്‌ കണ്ടെത്തി. ബാങ്ക്‌ നല്‍കിയ പരാതിയില്‍ വജ്രവ്യാപാരി നീരവ്‌ മോഡിക്കും ഒരു ആഭരണക്കമ്പനിക്കും എതിരേ സി.ബി.ഐ. അന്വേഷണം തുടങ്ങി. പി.എന്‍.ബിയുടെ എല്‍.ഒ.യു. (ലെറ്റര്‍ ഓഫ്‌ അണ്ടര്‍ടേക്കിങ്‌) സ്വീകരിച്ച്‌ വിവിധ ബാങ്കുകള്‍ വിദേശത്തു പണം ലഭ്യമാക്കിയെന്നും തിരിച്ചടവ്‌ മുടക്കിയതാണു പ്രതിസന്ധി സൃഷ്‌ടിച്ചതെന്നുമാണു വിവരം. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വഞ്ചനാപരമായ നീക്കം നടന്നെന്നു ബാങ്ക്‌ അധികൃതര്‍ ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനെയും അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പി.എന്‍.ബിയുടെ മൊത്തം വിപണി മൂലധനത്തിന്റെ മൂന്നിലൊന്നു വരുന്ന തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവില പത്തു ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകര്‍ക്ക്‌ 3,844 കോടി രൂപയാണു നഷ്‌ടപ്പെട്ടത്‌. മറ്റു ബാങ്കിങ്‌ ഓഹരികളും നഷ്‌ടമുണ്ടാക്കി. നിഫ്‌റ്റിയുടെ പൊതുമേഖലാ ബാങ്ക്‌ സൂചിക മൂന്നു ശതമാനം ഇടിഞ്ഞു.
കാര്യങ്ങള്‍ കൈവിട്ടുപോയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. ഇത്തരം ഇടപാടുകള്‍ ആകസ്‌മികമാണെന്നും സുതാര്യമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും പി.എന്‍.ബി. അധികൃതര്‍ അറിയിച്ചു. ഇതിന്റെ ബാധ്യത നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നു ബാങ്ക്‌ അറിയിച്ചെങ്കിലും ബാങ്കിനുണ്ടായ നഷ്‌ടം ഇടപാടുകാരെ എങ്ങനെ ബാധിക്കുമെന്നു വ്യക്‌തമായിട്ടില്ല.
പി.എന്‍.ബിയില്‍ പത്തു ദിവസത്തിനിടെ പുറത്തുവരുന്ന രണ്ടാമത്തെ തട്ടിപ്പാണിത്‌. മറ്റൊരു ശാഖയില്‍ 280 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്ന പരാതിയുണ്ടായതും നീരവ്‌ മോഡിക്കെതിരേയാണ്‌. ഇതില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെയാണു മുംബൈയിലെ ബ്രാഡി ഹൗസ്‌ ശാഖയുമായി ബന്ധപ്പെട്ട്‌ പുതിയ പരാതി ഉയര്‍ന്നത്‌. 280 കോടിയുടെ തട്ടിപ്പു കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വിപുലമായ ക്രമക്കേട്‌ കണ്ടെത്തിയത്‌.
ചില അണ്ടര്‍ടേക്കിങ്‌ ലെറ്ററുകള്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ അനധികൃതമായി നേടിയതാണെന്നാണു സൂചന.
തട്ടിപ്പില്‍ ഉള്‍പ്പെട്ടെന്നു പറയുന്ന ആഭരണക്കമ്പനി ഏതാണെന്നു പരസ്യപ്പെടുത്തിയിട്ടില്ല. ഈ കമ്പനിക്കു നീരവ്‌ മോഡിയുമായി ബന്ധമുണ്ടോ എന്നും വ്യക്‌തമല്ല. പരാതി വിശദമായി പരിശോധിച്ചതിനു ശേഷമാകും അന്വേഷണം എങ്ങനെ വേണമെന്നു സി.ബി.ഐ. തീരുമാനിക്കുക. പത്തോളം ഉദ്യോഗസ്‌ഥര്‍ക്കെതിരേ ബാങ്ക്‌ നടപടി തുടങ്ങിയെന്നാണു വിവരം. 280 കോടിയുടെ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തിട്ടുണ്ട്‌.
തന്റെ ഫയര്‍സ്‌റ്റാര്‍ ഡയമണ്ട്‌സ് കമ്പനി വിറ്റ്‌ പണം തിരിച്ചടയ്‌ക്കുമെന്നു വ്യക്‌തമാക്കി നീരവ്‌ മോഡി ബാങ്കുകള്‍ക്കു കത്തെഴുതിയെന്നു സി.എന്‍.ബി.സി. ടിവി റിപ്പോര്‍ട്ട്‌ ചെയ്‌തു. വില്‍പ്പനയ്‌ക്കു നടപടി തുടങ്ങിയെന്നും ആറു മാസത്തിനകം പണമടയ്‌ക്കാന്‍ കഴിയുമെന്നും നീരവ്‌ പറയുന്നു.

നീരവ്‌ മോഡി; തട്ടിപ്പിന്റെ വജ്രത്തിളക്കം

പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 280 കോടി രൂപ തട്ടിയെന്ന കേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ്‌ 11,135 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രമുഖ വജ്രവ്യാപാരി നീരവ്‌ മോഡി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്‌.
വജ്രവ്യാപാരത്തിന്റെ ലോകതലസ്‌ഥാനമെന്ന്‌ അറിയപ്പെടുന്ന ബല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാളുടെ "നീരവ്‌ മോഡി കലക്‌്ഷന്‍സ്‌" ഹോളിവുഡ്‌, ബോളിവുഡ്‌ താരങ്ങളുടേതടക്കം ഇഷ്‌ട ബ്രാന്‍ഡാണ്‌. ടൈറ്റാനിക്‌ നായിക കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ്‌, കൊക്കോ റോച്ച, നവോമി വാട്‌സ്‌ തുടങ്ങി ഐശ്വര്യ റായി, പ്രിയങ്കാ ചോപ്ര, ലിസ ഹെയ്‌ഡന്‍ വരെയുള്ളവര്‍ നീരവ്‌ മോഡി രൂപകല്‍പ്പന ചെയ്‌ത വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നവരാണ്‌.
നീരവിന്റെ 230 കോടി ഡോളര്‍ ആസ്‌തിയുള്ള ഫയര്‍സ്‌്റ്റാര്‍ ഡയമണ്ട്‌സിന്‌ ഇന്ത്യയില്‍ ഡല്‍ഹിയിലും മുംബൈയിലുമാണു വില്‍പ്പനശാലകള്‍. ലണ്ടന്‍, ന്യൂയോര്‍ക്ക്‌, ലാസ്‌വെഗാസ്‌, ഹവായി, സിംഗപ്പുര്‍, ബെയ്‌ജിങ്‌, മക്കാവു നഗരങ്ങളിലായി സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു.

Ads by Google
Thursday 15 Feb 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW