Thursday, February 22, 2018 Last Updated 37 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

കെ.എസ്‌.ആര്‍.ടി.സിയിലെ കുടിശിക അടക്കമുള്ള പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും

uploads/news/2018/02/192435/k7.jpg

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയിലെ കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും. 28 നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നു സഹകരണ വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്കുകളിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ തുടങ്ങുന്ന അക്കൗണ്ടിലേക്ക്‌ കുടിശിക അടക്കമുള്ള തുക നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്‌ഥാന സഹകരണ ബാങ്കാണ്‌ തുക നിക്ഷേപിക്കുക. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നതിനു പിന്നാലെ കുടിശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങളാണു നടത്തുന്നതെന്ന്‌ മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി സംസ്‌ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണത്തിന്‌ ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിനു പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പിന്തുണ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ്‌ കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം തുക നല്‍കാന്‍ സന്നദ്ധമായി പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട്‌ വരികയായിരുന്നു. 198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയാറായി.
ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ നാലു ജില്ലകളിലെ 24 സംഘങ്ങളില്‍നിന്നു മാത്രം പണം സമാഹരിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്‌ ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടി രൂപയും എറണാകുളം ജില്ലയിലെ നാലു സംഘങ്ങളില്‍നിന്ന്‌ 50 കോടി രൂപയും പാലക്കാട്‌ ജില്ലയിലെ മൂന്നു സംഘങ്ങളില്‍നിന്നു 30 കോടി രൂപയും തിരുവനന്തപുരം ജില്ലയിലെ മൂന്നു സംഘങ്ങളില്‍നിന്നു 30 കോടി രൂപയുമാണ്‌ ആദ്യഘട്ടത്തില്‍ സ്വീകരിക്കുക.
ആകെ 250 കോടി രൂപയാണ്‌ കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്‌. 219 കോടി രൂപയാണ്‌ പെന്‍ഷന്‍കാരുടെ കുടിശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വന്നത്‌. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത്‌ സഹകരണ ബാങ്കുകളിലെ കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
TRENDING NOW