Monday, January 21, 2019 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.44 AM

എ.ടി.എമ്മില്‍ നിന്ന്‌ പേ ടി.എമ്മിലേക്ക്‌: സൂക്ഷിച്ചില്ലെങ്കില്‍ പണം പോകും

uploads/news/2018/02/192454/c8.jpg

പന്തളം: എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പറും ഒറ്റത്തവണ പാസ്‌വേര്‍ഡും കരസ്‌ഥമാക്കിയുള്ള അന്തര്‍ സംസ്‌ഥാന ഓണ്‍ലൈന്‍ തട്ടിപ്പിന്റെ തലസ്‌ഥാനം ഡല്‍ഹിയാണ്‌. രാജ്യ തലസ്‌ഥാന നഗരിയുടെ ഏതെങ്കിലും ഒരു പ്രാന്തപ്രദേശത്തെ കുടുസു മുറിയിലിരുന്നാണ്‌ തട്ടിപ്പ്‌ സംഘം കരുക്കള്‍ നീക്കുന്നത്‌.

ഓണ്‍ലൈന്‍ യുഗത്തില്‍ എളുപ്പത്തിലുള്ള പണമിടപാടുകള്‍ക്ക്‌ ഉപയോഗിക്കുന്ന പേ ടി.എം, എസ്‌.ബി.ഐ ബഡി തുടങ്ങിയ വാലറ്റുകളിലേക്കാണ്‌ ആദ്യം തട്ടിപ്പു പണം എത്തിക്കുന്നത്‌. ഇവിടെ നിന്ന്‌ പിന്നീട്‌ ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്ന അക്കൗണ്ടിലേക്ക്‌ പണം മാറ്റി പിന്‍വലിക്കും. വിദ്യാസമ്പന്നര്‍ വരെ ഈ തട്ടിപ്പില്‍ വീഴുന്നുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. അതിന്‌ ഉദാഹരമാണ്‌ പന്തളത്ത്‌ ഡോക്‌ടര്‍ക്ക്‌ പണം നഷ്‌ടമായ സംഭവം. ഇടപാടുകാരന്റെ വിശ്വാസം ആര്‍ജിക്കാന്‍ പല രീതികള്‍ ഇവര്‍ക്കുണ്ട്‌.

ഒരു ബാങ്ക്‌ ഒന്നിച്ച്‌ പുറത്തിക്കുന്ന ഒറ്റ സീരീസിലെ എ.ടി.എം കാര്‍ഡുകളുടെ ആദ്യ നാലക്ക നമ്പര്‍ ഒരുപോലെ ആയിരിക്കും. ഇതും ഇടപാടുകാരന്റെ ഫോണ്‍ നമ്പരും മനസിലാക്കിയ ശേഷം അതിലേക്ക്‌ വിളിച്ച്‌ എ.ടി.എം കാര്‍ഡിന്റെ ആദ്യ നാലക്ക നമ്പര്‍ പറയും. അതിന്‌ ശേഷം കാര്‍ഡിന്റെ കാലാവധി അവസാനിക്കുകയാണെന്നും പുതിയ കാര്‍ഡ്‌ നല്‍കുന്നതിന്‌ വേണ്ടി വിളിക്കുകയാണെന്നും അറിയിക്കും.

എ.ടി.എം കാര്‍ഡിന്റെ ഉടമ തങ്ങള്‍ വിളിച്ചയാളാണെന്ന്‌ സ്‌ഥിരീകരിക്കുന്നതിനായി ശേഷിച്ച 12 അക്ക നമ്പരും കാര്‍ഡിന്‌ പിന്നിലുള്ള സി.സി.വി നമ്പരും ചോദിക്കും. ഇത്രയും ലഭിക്കുന്നതോടെ തട്ടിപ്പിനുള്ള 90 ശതമാനം നടപടിയും പൂര്‍ത്തിയാകും. ഇതിനിടെ കാര്‍ഡ്‌ ഉടമയുടെ മൊബൈലിലേക്ക്‌ ഇടപാടിനുള്ള ഒ.ടി.പി (വണ്‍ടൈം പാസ്‌വേര്‍ഡ്‌) എത്തിക്കഴിയും. ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ മൊബൈലിലേക്ക്‌ ഒരു പാസ്‌വേര്‍ഡ്‌ അയച്ചിട്ടുണ്ടെന്നും അത്‌ പറയാനും തുടര്‍ന്ന്‌ ആവശ്യപ്പെടും. കാര്‍ഡ്‌ ഉടമ തനിക്ക്‌ ലഭിച്ച നമ്പര്‍ പറയുന്നതോടെ അയാളുടെ അക്കൗണ്ടില്‍ നിന്ന്‌ തട്ടിപ്പു സംഘത്തില്‍പ്പെട്ട ആരുടെയെങ്കിലും പേ ടി.എം അല്ലെങ്കില്‍ അതു പോലുള്ള വാലറ്റുകളിലേക്ക്‌ പണം മാറ്റപ്പെടും.

പന്തളത്തെ ഡോക്‌ടറില്‍ നിന്ന്‌ മൂന്നു തവണയായിട്ടാണ്‌ 39,000 രൂപ കൈക്കലാക്കിയത്‌. മൂന്നു തവണയും ഒ.ടി.പി ചോദിച്ചിട്ടും ഡോക്‌ടര്‍ക്ക്‌ തട്ടിപ്പ്‌ മനസിലായില്ല. 15000, 20,000, 4000 എന്നിങ്ങനെയാണ്‌ പണം പിന്‍വലിച്ചത്‌. ഇംഗ്ലീഷ്‌അനായാസം കൈകാര്യംചെയ്യാന്‍ കഴിയുന്ന സ്‌ത്രീകളാണ്‌ ഡോക്‌ടറെ വിളിച്ചത്‌. മൂന്നാമത്തെ ട്രാന്‍സാക്ഷനും കഴിഞ്ഞപ്പോഴാണ്‌ മൊബൈലില്‍ വന്ന പണം പിന്‍വലിച്ചു കൊണ്ടുള്ള സന്ദേശം ഡോക്‌ടര്‍ കണ്ടത്‌. തട്ടിപ്പ്‌ മനസിലായതോടെ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന്‌ ഡോക്‌ടര്‍ക്ക്‌ വന്ന കോളുകളുടെ നമ്പര്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ആലുവ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ്‌ പണം പോയത്‌ എന്ന്‌ മനസിലായി. എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ആദ്യം പേ ടി.എം അക്കൗണ്ടിലേക്ക്‌ പണം മാറ്റുകയും അവിടെ നിന്ന്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുകയുമാണ്‌ തട്ടിപ്പു സംഘത്തിന്റെ രീതി.

അന്തര്‍ സംസ്‌ഥാന തട്ടിപ്പ്‌ സംഘം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ അച്ചടക്കത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ അടൂര്‍ ഡിവൈ. എസ്‌.പി ആര്‍. ജോസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുന്‍പ്‌ കോന്നിയില്‍ നിന്ന്‌ ഇത്തരമൊരു സംഘത്തെ പിടികൂടിയിരുന്നു. വന്‍തുക ശമ്പളം നല്‍കിയാണ്‌ സംഘം വിവിധ ഭാഷകള്‍ അറിയാവുന്നവരെ തട്ടിപ്പു നടത്താന്‍ വിനിയോഗിക്കുന്നത്‌.

ഫോണിലൂടെ ഉപയോക്‌താവിനെ ബന്ധപ്പെടുന്നത്‌ സ്‌ത്രീകളായിരിക്കും. ജീവനക്കാര്‍ക്ക്‌ ടാര്‍ജറ്റും നിശ്‌ചയിച്ചു നല്‍കും. അതു മാസം 10 ലക്ഷം രൂപ വരെയാകും. ഇത്‌ കൈവരിക്കുന്നവര്‍ക്ക്‌ ഇന്‍സെന്റീവും നല്‍കുന്നുണ്ട്‌. എല്ലാ സംസ്‌ഥാനങ്ങളിലും തട്ടിപ്പുസംഘത്തിലെ പ്രധാനികളുടെ പേരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. പണം പിന്‍വലിക്കുന്നത്‌ ഡല്‍ഹിയിലുള്ള എ.ടി.എമ്മുകളില്‍ നിന്നായിരിക്കുമെന്ന്‌ മാത്രം.

Ads by Google
Thursday 15 Feb 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW