Tuesday, March 19, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Friday 02 Mar 2018 07.13 PM

അതെ... മുല ഒരു ലൈംഗിക അവയവമാണ് !

കാര്യമായ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു ചിത്രം നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അത് കാലങ്ങളായി അത് ഒരു രഹസ്യം മാത്രമായിരുന്നു. ഇന്ന് ഇതാ അതു പരസ്യമായിരിക്കുന്നു. ആ പ്രവൃത്തി അംഗീകരിക്കാനും സഹിക്കാനും കഴിയാത്തതു കൊണ്ടാണ് ഒരു കൂട്ടര്‍ പാലില്ലാത്ത മുല കാണിച്ച് ആ കുഞ്ഞിനെ പറ്റിച്ചു എന്ന് വാദിക്കാന്‍ ശ്രമിക്കുന്നതും.
breastfeeding

വയസറിയിച്ചു കുറച്ചുനാള്‍ കഴിഞ്ഞ് അമ്മ വിളിച്ചു വളരെ ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞു. ഇങ്ങനെ നടക്കാന്‍ പറ്റില്ല, നീ വലിയ പെണ്ണായി. ഇനി മുതല്‍ ബ്രയ്‌സര്‍ കൂടി ധരിക്കണം. വയസറിയിച്ചതിനേക്കാള്‍ സങ്കടം തോന്നി അതു കേട്ടപ്പോള്‍. ഒരു വലിയ രഹസ്യം നെഞ്ചില്‍ ഒളിപ്പിച്ചുവച്ചു നടക്കുന്ന പോലെ... അന്നുമുതല്‍ ഏറെക്കാലം സമപ്രായക്കാരായ പെണ്‍കുട്ടികളുടെ പിറകില്‍ ആ രണ്ടു വള്ളിയുണ്ടോ എന്നു ഞാന്‍ സൂക്ഷിച്ചു നോക്കാറുണ്ടായിരുന്നു. ചിലരിലൊക്കെ കണ്ടിട്ടും ഉണ്ട്. എന്നാല്‍ നീ ബ്രയ്‌സര്‍ ഇടുന്നുണ്ടോ എന്ന് ആരോടും ചോദിച്ചില്ല. കാരണം അതൊരു രഹസ്യമായിരുന്നു. കാലങ്ങളായി കൈമാറിവന്ന സ്ത്രീക്കു മാത്രം സ്വന്തമായ രഹസ്യം.

അക്കാലത്തു മുന്‍ബെഞ്ചില്‍ ശ്രദ്ധയോടെ ക്ലാസ് കേട്ടിരിക്കുപ്പോള്‍ അല്‍പ്പം താഴ്ന്നു കിടക്കുന്ന ടോപ്പിനിടയിലേയ്ക്കു പാളിവന്ന അധ്യാപകന്റെ നോട്ടം ആ രഹസ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് എന്നെ നന്നായി ഓര്‍മിപ്പിച്ചു.. ഒപ്പം നെഞ്ചുവളരുന്നുണ്ട് എന്ന ചിന്തയും. ഒരു കയ്യില്‍ ചൂലും മറുകൈയില്‍ മാറും താങ്ങിപ്പിടിച്ചു മുറ്റമടിക്കുന്നതിനിടയില്‍ വളരെ വേണ്ടപ്പെട്ടവരുടെ പോലും പാളി വരുന്ന നോട്ടങ്ങള്‍ കണ്ടിട്ടും കാണാത്തപോലെ നടിച്ചു. ലൈന്‍ബസില്‍ ഇടിച്ചു നില്‍ക്കുന്നതിനിടയില്‍ അപരിചിതന്റെ വിരലുകള്‍ നെഞ്ചിലേയ്ക്കു വന്നപ്പോഴാണ് ഇതു രഹസ്യം മാത്രമല്ല അപകടം കൂടിയാണ് എന്നു തിരിച്ചറിഞ്ഞത്.

breastfeeding

അന്നുമുതല്‍ ഈ രണ്ടു മുലകളെ ഞാന്‍ ഭയന്നു തുടങ്ങി. ഞാന്‍ മാത്രമല്ല എല്ലാ പെണ്ണുങ്ങള്‍ക്കും നെഞ്ചില്‍ അടക്കിപ്പിടിച്ച ഒരു ബോംബു പോലെയായിരുന്നു മുലകള്‍. ധരിച്ചിരിക്കുന്ന വസ്ത്രത്തിനിടയില്‍ക്കൂടി ഒരു വെള്ള വള്ളി കണ്ടാല്‍പോലും അത് അശ്ലീലമായി. കാരണം അവയ്ക്കു ലൈംഗികതയുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. പുറത്തു കാണുന്ന ആ വള്ളിയിലേയ്ക്ക് ആളുകള്‍ ഒരു പ്രത്യേകഭാവത്തോടെ നോക്കുന്നതും മാറു ഭദ്രമായി മറയ്ക്കണം എന്നു വീട്ടിലേയും നാട്ടിലേയും പെണ്ണുങ്ങള്‍ മറ്റൊരു പെണ്ണിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നതും ഒളിഞ്ഞും തെളിഞ്ഞും പല പുരുഷന്മാരും മാറിലേയ്ക്ക് നോട്ടം എറിയുന്നതും അവളുടെ പാല്‍ ചുരത്തുന്ന യന്ത്രം പുറത്തു കാണുന്നണ്ടോ എന്ന ആശങ്ക കൊണ്ടല്ല. മറിച്ച് അതു ലൈംഗികതയുടെ ഒരു ബിംബമാണെന്ന ധാരണകൊണ്ടാണ്.

പുറത്തു കാണുന്ന ക്ലീവേജോ അല്‍പ്പം വെളുത്ത ഇത്തിരി തുടുത്ത നെഞ്ചോ ചിലപ്പോള്‍ എതിരെ വരുന്ന പുരുഷനില്‍ വികാരമുണര്‍ത്തിയേക്കാം... കാലങ്ങളായി നമ്മുടെ സംസ്‌ക്കാരവും സാദാചാരവും അതു പെണ്ണിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. കാരണം സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ചിന്തയില്‍ മുല ഒരു ലൈംഗിക അവയവമാണ്. വാത്സ്യായന്‍ മുതല്‍ അതിനെക്കുറിച്ച് അങ്ങനെ തന്നെയാണു പറഞ്ഞു വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തിലെ സിംഹഭാഗം ആളുകള്‍ക്ക് ലൈംഗികതയ്ക്കും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന ഒരു അവയവം മാത്രമായി മാറി മുലകള്‍. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായി പാല്‍ ചുരത്തുന്ന ഒരു അവയവം എന്നത് രണ്ടാമതു മാത്രം ചിന്തയില്‍ വരുന്ന കാര്യമായി. അതുകൊണ്ടുതന്നെ അവിവാഹിതയായ ഒരു പെണ്ണ് അവളുടെ പാലില്ലാത്ത പാതിനഗ്‌നന മാറില്‍ ഒരു കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു മൂലയുട്ടുന്നതു കാണുമ്പോള്‍ സാധാരണ സദാചാരവാദ മൂഖം മൂടിയണിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന ഒരേ ഒരു വികാരം കാമം മാത്രമാണ്.

breastfeeding

ആ മുലയുടെ നിറവും വലുപ്പവും ആ പ്രവ്യത്തിയും അവനെ ഭ്രാന്തുപിടിപ്പിക്കും. അത് അവന്റെ മാത്രം കുറ്റമല്ല. സമൂഹം പലതരത്തില്‍ പലരീതിയില്‍ പറഞ്ഞു വയ്ക്കുന്നതു ലൈംഗികതയില്‍ സ്ത്രീകളുടെ മുലകളുടെ പങ്കു വളരെ വലുതാണ് എന്ന്. അത് പരസ്യമായ രഹസ്യമായി പെണ്ണുങ്ങള്‍ സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ കപട സദാചാരവാദികളെ സംബന്ധിച്ച് ലൈംഗികവികാരം ഉണര്‍ത്താന്‍ ഇതിലും മികച്ചൊരു ചിത്രം ലഭിക്കാനില്ല. കാര്യമായ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു ചിത്രം നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഇതാണ്. കാലങ്ങളായി അത് ഒരു രഹസ്യം മാത്രമായിരുന്നു ഇന്ന് ഇതാ അതു പരസ്യമായിരിക്കുന്നു. ആ പ്രവൃത്തി അംഗീകരിക്കാനും സഹിക്കാനും കഴിയാത്തതു കൊണ്ടാണ് ഒരു കൂട്ടര്‍ പാലില്ലാത്ത മുല കാണിച്ച് ആ കുഞ്ഞിനെ പറ്റിച്ചു എന്ന് വാദിക്കാന്‍ ശ്രമിക്കുന്നതും.

അവരുടെ ഉദ്ദേശം ശുദ്ധമായിരുന്നു എങ്കില്‍ മുലപ്പാല്‍ ലഭിക്കാത്ത ലക്ഷക്കണക്കിനു കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ചു അവര്‍ പണ്ടേ വാദിച്ചേനെ...ഒരു അന്താരാഷ്ട്രമാധ്യമത്തിലായിരുന്നു ഈ ചിത്രം വന്നത് എങ്കില്‍ സ്ത്രീ ശാക്തികരണത്തിന്റെ അടയാളമായി ഈ മുലകള്‍ മാറിയേനെ. ഇതു ചെയ്ത മോഡലിന്റെ ധീരതയേയും ഉദ്ദേശശുദ്ധിയേയും മാനിച്ച് നമ്മള്‍ മലയാളികള്‍ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും നല്‍കിയേനെ. അതാണ് മലയാളി... ഇപ്പോള്‍ ഈ ചിത്രത്തെ അംഗീകരിക്കാനും ഇതിന്റെ പിന്നിലെ ലക്ഷ്യത്തെ മാനിക്കാനും നമ്മുക്കു കഴിയില്ല. കാരണം മുല എന്നു പറയുന്നതു സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന വലിയൊരു മലയാളി സമൂഹത്തിനു ഇപ്പോഴും ഒരു ലൈംഗികാവയവം മാത്രമാണ്. അതിന്റെ വലിപ്പവും നിറവും വര്‍ധിക്കുന്നതനുസരിച്ച് അവന്റെ വികാരവും വര്‍ധിച്ചു കൊണ്ടേയിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW