Monday, December 17, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 03 Mar 2018 02.39 PM

സഖാക്കളേ, അടുത്ത ലക്ഷ്യം കേരളം; ത്രിപുരയിലേത് ബി.ജെ.പിയുടെ പരീക്ഷണവിജയം

""കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും മറിച്ച് കോണ്‍ഗ്രസുമായി ചേരുന്നത് ബി.ജെ.പിക്ക് വഴിയൊരുക്കികൊടുക്കലാകുമെന്നുമുള്ള എതിര്‍പക്ഷത്തിന്റെ വാദം അരക്കിട്ടുറപ്പിക്കുന്നതാണ് ത്രിപുരയിലെ ഫലം. ത്രിപുരയില്‍ ബി.ജെ.പിക്ക് വളമായത് കോണ്‍ഗ്രസാണ്. അത്തരത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ബി.ജെ.പിക്ക് ബദലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഭാവിയില്‍ വളമാകുമെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്. ""
uploads/news/2018/03/197087/opinion030318Rsuesh.jpg

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുളെളാരു ചൂണ്ടുപലകയാണ്. പ്രത്യേകിച്ച് ത്രിപുര. അത് രാഷ്ട്രീയമായി വളരെയേറെ ചര്‍ച്ചചെയ്യേണ്ടതും വരുംകാലത്തെക്കുറിച്ച് ഓരോ രാഷ്ട്രീയപാര്‍ട്ടികളേയും ചിന്തിപ്പിക്കേണ്ടതുമാണ്. ഭരണത്തിന്റെ നിഴലിലുള്ള വിജയം, വര്‍ഗ്ഗീയതയുടെ നേട്ടമാണ് എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ നിരത്താമെങ്കിലും വിജയം വിജയം തന്നെയാണ്.

ബി.ജെ.പിയുടെ പ്രത്യേകിച്ച് സംഘപരിവാറിന്റെ പരീക്ഷണശാലയായിരുന്നു ത്രിപുര. അവിടെ നേടിയ വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്ന് മാത്രമല്ല, അടുത്ത പരീക്ഷണം കേരളത്തിലായിരിക്കുമെന്നതും വ്യക്തം. അതിനൊക്കെ പുറമെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ബി.ജെ.പിയെ നേരിടാന്‍ ഇറങ്ങിയിരിക്കുന്ന സി.പി.എമ്മിന് രാജ്യവ്യാപകമായി തന്നെ വലിയ തിരിച്ചടിയാണ് ഇത്. ദേശീയപാര്‍ട്ടിയില്‍ നിന്നും സി.പി.എം ഒരു പ്രാദേശികപാര്‍ട്ടിയിലേക്ക് താഴ്ന്നു പോകുന്നുവെന്ന ദുഃഖകരമായ സത്യവും ഇതിലുണ്ട്.

ത്രിപുരയില്‍ വളരെ ആസൂത്രിതമായ നീക്കമാണ് ബി.ജെ.പി നടത്തിയത്. ത്രിപുര മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഒരു അജണ്ടയായിരുന്നു പ്രധാനമന്ത്രി മോദി പയറ്റിയത്. സ്വതവേ പിന്നോക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച്, അവിടെ എന്തൊക്കെയോ ചെയ്യുന്നുവെന്ന തരത്തിലുള്ള പ്രചരണം നടത്താന്‍ മോഡിക്ക് കഴിഞ്ഞു. അതിലൂടെ ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ ഉള്‍പ്പെടെ ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞു.

അതോടൊപ്പം ത്രിപുരയിലെ കോണ്‍ഗ്രസിനെ ഒന്നാകെ ബി.ജെ.പിയിലേക്ക് കൊണ്ടുവരികയും കൂടി ചെയ്തതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുശതമാനം വോട്ടും പൂജ്യം സീറ്റുമായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 40 ല്‍േറെ സീറ്റ് നേടി ഭൂരിപക്ഷത്തിലെത്താന്‍ കഴിഞ്ഞു. കഴിഞ്ഞതവണ പത്തുസീറ്റ് നേടിയ കോണ്‍ഗ്രസ് ഇക്കുറി പൂജ്യത്തിലൊതുങ്ങുകയും ചെയ്തു. തൊട്ടടുത്ത സംസ്ഥാനമായ പശ്ചിമബംഗാളില്‍ സി.പി.എം തകര്‍ന്നടിഞ്ഞതും, ത്രിപുരയില്‍ സി.പി.എമ്മിന് തിരിച്ചടിയായി.

ഈ പരീക്ഷണം അടുത്തതായി നടക്കാന്‍ പോകുന്നത് കേരളത്തിലാണ്. അതിന്റെ ഭാഗമായാണ് ചില പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുമായി അമിത്ഷാ ആശയവിനിമയം നടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. നേരത്തെതന്നെ ബി.ഡി.ജെ.എസ് പോലൊരു കക്ഷിയെ ഒപ്പം കൂട്ടി ഇടതുവോട്ടുബാങ്കില്‍ ചില വിള്ളല്‍ വീഴ്ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും ത്രിപുരയിലേതുപോലെ മൊത്തം വിഭാഗത്തേയും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് അവര്‍.

uploads/news/2018/03/197087/opinion030318Rsuesh1.jpg

അതോടൊപ്പം സി.പി.എം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടതുപോലെ പാവപ്പെട്ടര്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. എന്നാല്‍ ത്രിപുരയിലേതിനെക്കാളെ അല്‍പ്പംകൂടി അടിത്തറ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കേരളത്തിലുള്ളതുകൊണ്ട് അത്രയെളുപ്പം അത് സാദ്ധ്യമാവില്ല. എന്നാലും അതായിരിക്കും ബി.ജെ.പിയുടെ പരീക്ഷണം.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന് ശേഷം ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തില്‍ ഊന്നി നിന്നുകൊണ്ട് ബി.ജെ.പിനടത്തിയ ചിട്ടിയായ പ്രവര്‍ത്തനങ്ങളായിരുന്നു ഇതുവരെ അവര്‍ക്ക് വിജയം നേടിക്കൊടുത്തിരുന്നത്. അങ്ങനെ കോണ്‍ഗ്രസിനെ തൂത്തെറിയുന്നതിനോടൊപ്പം ഇടതുപക്ഷത്തെക്കൂടി ഇല്ലാതാക്കിയാല്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ ബി.ജെ.പിയുടെ നയങ്ങള്‍ രാജ്യത്താകമാനം നടപ്പാക്കാന്‍ കഴിയുകയുള്ളു.

ത്രിപുരയില്‍ നടന്നത് വെറും രാഷ്ട്രീയപോരാട്ടം മാത്രമായിരുന്നില്ല. അവിടെയാണ് ശരിയായി ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടം നടന്നത്. ആ പോരാട്ടത്തില്‍ വലതുപക്ഷത്തിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചത്, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അനുമതി കൂടിയായിവേണം കാണാന്‍.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും മറ്റും ശക്തമായ പ്രതികരണം ഉണ്ടായിരുന്നത് കേരളത്തില്‍ നിന്നും ത്രിപുരയില്‍ നിന്നുമാണ്. ആ എതിര്‍പ്പുകളുടെ ശക്തി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി. ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചത്. ദേശീയമാധ്യമങ്ങളുടെ പൂര്‍ണ്ണപിന്തുണയോടെ ശക്തമായ രീതിയില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞതവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന നാഗാലാന്‍ഡിലാണ് ഇക്കുറി ഭൂരിപക്ഷം നേടിയിരിക്കുന്നത്. മേഘാലയില്‍ ഭരണം നിലനിര്‍ത്താനായി എന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാമെങ്കിലും പൂജ്യത്തിലായിരുന്ന ബി.ജെ.പി അവിടെയും ഏഴു സീറ്റ് നേടിയിട്ടുണ്ട്. ഇത് ഭീഷണിതന്നെയാണ്. കോണ്‍ഗ്രസ് ബി.ജെ.പിയായി മാറുന്ന രംഗങ്ങള്‍ ഈ സംസ്ഥാനങ്ങളിലും താമസിക്കാതെ കാണാനാകും.

ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായ ഒരു വലിയ സന്ദേശമാണ് വിവിധ രാഷ്ട്രീയകക്ഷികള്‍ക്ക് നല്‍കുന്നത്. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂവെന്ന സന്ദേശം. അതുെകാണ്ടുതന്നെ കോണ്‍ഗ്രസുമായി സംഖ്യം ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന സി.പി.എമ്മിലെ യെച്ചൂരിവിഭാഗത്തിന്റേയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും രാഷ്ട്രീയലൈനുകള്‍ ഫലപ്രദമാകുമോയെന്ന ചോദ്യം ഇവിടെ ഉയരുന്നു.

കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും മറിച്ച് കോണ്‍ഗ്രസുമായി ചേരുന്നത് ബി.ജെ.പിക്ക് വഴിയൊരുക്കികൊടുക്കലാകുമെന്നുമുള്ള എതിര്‍പക്ഷത്തിന്റെ വാദം അരക്കിട്ടുറപ്പിക്കുന്നതാണ് ത്രിപുരയിലെ ഫലം. ത്രിപുരയില്‍ ബി.ജെ.പിക്ക് വളമായത് കോണ്‍ഗ്രസാണ്. അത്തരത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ബി.ജെ.പിക്ക് ബദലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഭാവിയില്‍ വളമാകുമെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്. വലതുപക്ഷത്തില്‍ വിശ്വസിക്കുന്നവര്‍ എപ്പോഴും തീവ്രവലതുപക്ഷത്തേക്ക് പോകാനുള്ള പ്രവണതയായിരിക്കും കാട്ടുക. അതാണ് ഇവിടെ സംഭവിച്ചത്.

uploads/news/2018/03/197087/opinion030318Rsuesh2.jpg

രാജ്യത്തെ മൂലധനശക്തികളുടെയും വലതുപക്ഷ കരുത്തിന്റെയും പൂര്‍ണ്ണപിന്തുണ കോണ്‍ഗ്രസിനുപോലുമല്ല, ബി.ജെ.പിക്ക് മാത്രമാണ്. ആ കരുത്താണ് ബി.ജെ.പിയെ ശക്തരാക്കുന്നത്. ഒപ്പം പിന്നില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആര്‍.എസ്.എസ് പോലൊരു ശക്തമായ പ്രസ്ഥാനവും. ഫാസിസമെന്നും മറ്റും പറഞ്ഞ് ആശ്വസിക്കാമെങ്കിലും ഇറ്റലിയിലും ജര്‍മ്മനിയിലും അത് തകര്‍ന്നടിഞ്ഞതുപോലെ അത്രവേഗം ഇന്ത്യയില്‍ തകരുമെന്ന് കരുതാനാവില്ല, എന്തെന്നാല്‍ ഇവിടെ പ്രതിഷേധം പോലും ഉയര്‍ത്താനാകാത്ത അടിമസമാനം ജീവിക്കുന്ന വിഭാഗങ്ങളാണ് ഭൂരിപക്ഷം.

കേരളംപോലൊരു സംസ്ഥാനത്തില്‍ നിന്ന് ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാം. അതുകൊണ്ടുതന്നെ കേരളത്തിന് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടുള്ള അജണ്ടയാണ് ബി.ജെ.പിക്കുള്ളത്. അത് പൂര്‍ണ്ണതരത്തില്‍ പ്രാവര്‍ത്തികമാക്കാനാകാത്തത് ശക്തമായ നേതൃത്വം അല്ലെങ്കില്‍ അതിനെ നയിക്കാന്‍ കഴിയുന്ന ഒരു നേതാവ് കേരളത്തില്‍ ബി.ജെ.പിക്കില്ലെന്നതാണ്. അവിടെയാണ് കോണ്‍ഗ്രസില്‍ നിന്നും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതായി പുറത്തുവരുന്ന ചില പേരുകളുടെ പ്രസക്തി. അവര്‍ ബി.ജെ.പിയിലേക്ക് എത്തിയാല്‍ സി.പി.എമ്മിനെ അതേനിലയില്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കാം എന്നാണ് കണക്കുകൂട്ടല്‍.

ഇപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള പ്രതിഷേധസ്വരങ്ങള്‍ ദുര്‍ബലമായികൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയം കേരളത്തെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു,. നമ്മുടെ മലയാള മാധ്യമങ്ങളുടെ അജണ്ടയില്‍ തന്നെ അത് വ്യക്തവുമാണ്. അറിഞ്ഞുകൊണ്ടോ, അറിയാതയോ, അവര്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തുന്നു. അതിന് സി.പി.എമ്മിന്റെ നേതൃത്വം വഴിയൊരുക്കികൊടുക്കുന്നുമുണ്ട്. അക്രമങ്ങളും വിവാദങ്ങളും കമ്മ്യൂണിസ്റ്റ് മൂല്യസങ്കല്‍പ്പങ്ങള്‍ കാറ്റില്‍പ്പറത്തിയും ഓരോരുത്തരും തങ്ങളുടേതായ നിലയില്‍ വഴിമരുന്നിട്ടുകൊടുക്കുന്നുണ്ട്.

അയല്‍പക്കത്തെ സുഹൃത്ത് എന്ന നിലയില്‍ നിന്നും സി.പി.എമ്മിനെ ഒരു ഇടതുഭീകരപാര്‍ട്ടിയായി ചിത്രീകരിക്കുന്നതിനുള്ള ശ്രമം നടക്കുമ്പോള്‍ അതിന് സി.പി.എം നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അരാഷ്ട്രീയമായി തന്നെ ജനപിന്തുണ നേടുകയെന്ന സി.പി.എമ്മിന്റെ തന്ത്രം ശ്ലാഘനീയമാണ്.

രാഷ്ട്രീയത്തിന് പുറമെ വിവിധതരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കുകയെന്ന അവരുടെ തന്ത്രം നല്ലതാണ്. അത്തരത്തില്‍ ജനപ്രീതി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ വെറുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രമിക്കണം. എന്തെന്നാല്‍ കേരള സമൂഹത്തിലും രാഷ്ട്രീയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ വോട്ടുകള്‍ സ്ഥിരനിക്ഷേപമല്ലെന്ന് മനസിലാക്കണം.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 03 Mar 2018 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW