Tuesday, March 19, 2019 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 12.22 PM

ബി.ജെ.പി.യുടെ ദേശസ്‌നേഹം കപടം; അധികാരംതന്നെ മുഖ്യം, ത്രിപുരയില്‍ കളിച്ചത് വിഘടനവാദത്തിന്റെ പുതിയ രാഷ്ട്രീയം

പശ്ചിമബംഗാളില്‍ ഗുര്‍ഖലാന്‍ഡിന് വേണ്ടി വാദിക്കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. നഗാലാന്‍ഡില്‍ സ്വതന്ത്ര നാഗാലാന്‍ഡിന് വേണ്ടി വാദിക്കുന്ന നാഗാ മുക്തിമോര്‍ച്ച, കാഷ്മീരില്‍ സ്വതന്ത്ര കാഷ്മീരിന് വേണ്ടി വാദിക്കുന്ന പി.ഡി.പി, പഞ്ചാബില്‍ അകാലിദള്‍ , അസമില്‍ ബോഡോ ജനമുക്തി മോര്‍ച്ച, രാജ്യത്തില്‍ നിന്നും ത്രിപുരയെ വേര്‍തിരിക്കണമെന്ന് വാദിക്കുന്ന എന്‍.എല്‍.എഫ്.ടി, ഇവരൊക്കെയാണ് ഇന്ന് അഖണ്ഡഭാരത വ്യക്താക്കളുടെ പുതിയ കൂട്ടുകാര്‍
B.J.P.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ അടിസ്ഥാനശിലതന്നെ ഹൈന്ദവദേശീയതയും അഖണ്ഡഭാരതവുമൊക്കെയാണ്. എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളിയില്‍ ഭാരത് മാതാവിനു വിളിക്കുന്ന ജെയ് വിളികള്‍ എങ്ങനെയും അധികാരത്തില്‍ എത്തുക എന്ന ലക്ഷ്യം നേടാനുള്ള വെറും ആര്‍പ്പുവിളികളായി പരിണമിക്കുന്നത് കണ്ട് അമ്പരക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. വിജയം വിജയം തന്നെയാണ്. അതിനെ കുറച്ചുകാണാന്‍ ആരെക്കൊണ്ടും കഴിയില്ല. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നുവെന്ന ചാണക്യസൂക്തം രാഷ്ട്രതന്ത്രത്തെ ഭരിക്കുന്ന ഈ കാലത്ത് അതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങളെയും വിമര്‍ശിച്ചിട്ട് കാര്യമില്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം എന്ന് പറയുകയും ആ രാജ്യത്ത് ഒരു ചെറിയ സംസ്ഥാനത്ത് ജനാധിപത്യത്തെ ഇല്ലാതാക്കികൊണ്ട് ഏകാധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഭരിക്കുന്ന പാര്‍ട്ടിതന്നെ നേതൃത്വം നല്‍കുന്നതും ശരിയല്ല. ഏത് ചെകുത്താനേയൂം കൂട്ടുപിടിച്ച് അധികാരം പിടിച്ചെടുക്കുകയെന്ന രീതിയും വിപരീതഫലമായിരിക്കും ഉണ്ടാക്കുക.

B.J.P.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവീണതുപോലെയാണ് ഇപ്പോള്‍ ഇവിടെ ത്രിപുരയിലെ സി.പി.എമ്മിന്റെ പരാജയം ആഘോഷിക്കുന്നത്. രണ്ടുപതിറ്റാണ്ട് അവിടെ ഭരിച്ചിരുന്ന സി.പി.എം പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. അതിനെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. അതോടൊപ്പം തന്നെ ആ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തെ ആകെ തച്ചുതകര്‍ക്കുകയെന്ന രീതിയും അംഗീകരിക്കാനാവില്ല.

ത്രിപുരയില്‍ സി.പി.എം പരാജയപ്പെടുമ്പോഴും അവരുടെ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് നമുക്ക് പറയാനാവില്ല. അവരുടെ വോട്ടില്‍ നാലുശതമാനം കുറവുണ്ടായിയെന്നത് വസ്തുതയാണ്. അതിന് കാരണങ്ങള്‍ നിരവധി ഇടതുമുന്നണിക്ക് ചൂണ്ടിക്കാട്ടാനുമുണ്ടാകും. അതില്‍ പ്രധാനം മുന്‍തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് പേരുമാറ്റി ബി.ജെ.പിയെന്ന ലേബലിലേക്ക് പോയതാണെന്ന് അവര്‍ പറയും. ഒപ്പം ബി.ജെ.പിയുടെ സഖ്യകക്ഷിയായ ത്രിപുരയെ ഒരു സ്വതന്ത്രരാഷ്ട്രമാണെന്ന് വാദിക്കുന്ന എന്‍.എല്‍.എഫ്.ടി എന്ന സംഘടന നേടിയ ഏഴു ശതമാനം വോട്ടും വിജയത്തിന് വഴിവച്ചുവെന്ന് പറയും. കഴിഞ്ഞ തവണ 36.5 ശതമാനം വോട്ടും പത്തുസീറ്റും നേടിയ കോണ്‍ഗ്രസ് ഇക്കുറി കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 1.9 ശതമാനം വോട്ടുപോലും നേടാതെ 1.7ശതമാനത്തില്‍ ഒതുങ്ങുകയും സീറ്റിന്റെ എണ്ണം പൂജ്യമാകുകയും ചെയ്തു.

ഈ സാഹചര്യത്തിലും സി.പി.എമ്മിന് നഷ്ടപ്പെട്ട 4 ശതമാനം വോട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ല. അത് പാര്‍ട്ടി വോട്ടുകളിലുണ്ടായ കൊഴിഞ്ഞുപോക്ക് തന്നെയാണ്. അത് ജനാധിപത്യത്തിന്റെ രീതിയും കണക്കുമാണ്. ആ രീതിയും കണക്കും അടുത്ത തെരഞ്ഞെടുപ്പില്‍ മാറി മറിഞ്ഞേക്കാം. ഇപ്പോള്‍ വിജയസോപാനമേറിയ ബി.ജെ.പിക്ക് പരാജയം രുചിക്കേണ്ടിവരാം. അതുണ്ടാകാതിരിക്കാന്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളെ ഇല്ലാതാക്കുകയെന്ന രീതി ആശാസ്യമല്ല. ഒരുപക്ഷേ മുമ്പ് സി.പി.എം ചെയ്തതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്ന് ചിലര്‍ അട്ടഹസിക്കുന്നുണ്ടാകാം. എന്നാല്‍ അന്ന് അവര്‍ ചെയ്തുകൊണ്ട് ഇന്ന് നാമും അത് ചെയ്യണമെന്നത് അംഗീകരിക്കാനാവില്ല. ഇന്ന് ചിരിക്കുന്നവര്‍ നാളത്തെ ഇരകളുമാകാം.

ഇടതുപക്ഷത്തിന്റെ പരാജയം ആഘോഷിക്കുമ്പോഴും മുന്‍കാല ചെയ്തികളുടെ പേരില്‍ അവരെ പ്രതിക്കൂട്ടിലാക്കി വിചാരണചെയ്യുമ്പോഴും നാം ഓര്‍ക്കണം അടുത്തത് നമ്മളായിരിക്കുമെന്നത്. ത്രിപുരയിലും ബംഗാളിലും നടക്കുന്ന ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ബംഗാളില്‍ സര്‍വവും തങ്ങളായിരുന്നപ്പോള്‍ സി.പി.എമ്മും ഇതായിരിക്കും ചെയ്തത്. അതേ തന്ത്രമാണ് മമത ബാനര്‍ജിയും പയറ്റിയത്. മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചുകൊണ്ട്, മമത സി.പി.എമ്മിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന് ശേഷം സി.പി.എം എന്ന പേരില്‍ ആര്‍ക്കും പുറത്തിറങ്ങാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ കഴിയാത്ത സാഹചര്യമാണ് ഇന്ന് ബംഗാളിലുള്ളത്.

ത്രിപുരയിലും നടക്കുന്നത് ഇതാണ്. തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞയുടന്‍ തന്നെ സി.പി.എമ്മിന്റെ ഓഫീസുകളും പ്രവര്‍ത്തകരെയും ആക്രമിച്ച് ഓടിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി അവിടെ പയറ്റുന്നത്. പ്രതിപക്ഷം എന്നൊന്ന് ഉണ്ടാകാന്‍ പാടില്ലെന്നതാണ് ഇതിന്റെ ഉദ്ദേശം. പൂര്‍ണ്ണമായി സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഇതൊക്കെ നടക്കുന്നത്.

B.J.P.

അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് സഖ്യങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയൂം കൂട്ടുപിടിക്കുകയെന്ന രാഷ്ട്രതന്ത്രം പാര്‍ട്ടികളുടെ വിജയത്തിന് കാരണമായേക്കാം. അതേസമയം അത് രാജ്യത്തിന്റെ പരാജയത്തിനാണ് വഴിവയ്ക്കുന്നത്. ദേശസ്‌നേഹത്തിനെക്കുറിച്ച് പറഞ്ഞ് ദേശീയത ഉയര്‍ത്തിപിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ വിഘടനവാദികളെ അധികാരത്തിന് വേണ്ടി കൂട്ടുപിടിക്കുന്നുവെന്നതും ആശ്ചര്യകരമാണ്. അടുത്തതായി അധികാരം പിടിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ കൂട്ടുകക്ഷി, ഗുര്‍ഖലാന്‍ഡിന് വേണ്ടി വാദിക്കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. നഗാഗാലാന്‍ഡിലാണെങ്കില്‍ സ്വതന്ത്ര നാഗാലാന്‍ഡിന് വേണ്ടി വാദിക്കുന്ന നാഗാ മുക്തിമോര്‍ച്ചയാണ് കൂട്ടുകക്ഷി.

കാഷ്മീരിലാണെങ്കില്‍ സ്വതന്ത്ര കാഷ്മീരിന് വേണ്ടി വാദിക്കുന്ന പി.ഡി.പിയാണ് ബി.ജെ.പിയുടെ ഘടകകക്ഷി. വിഘടനവാദത്തില്‍ നിന്നും ഇപ്പോള്‍ കുറേ പിന്നോക്കം പോയിട്ടുണ്ടെങ്കിലും പഞ്ചാബില്‍ അകാലിദള്‍ ആണ് സഖ്യകക്ഷി. അസമിലും ബി.ജെ.പി പയറ്റിയത് ഈ തന്ത്രമാണ്. അവിടെ ബോഡോലാന്‍ഡിന് വേണ്ടി ശക്തമായി പോരാടുന്ന ബോഡോ ജനമുക്തി മോര്‍ച്ചയെ കൂട്ടുപിടിച്ചാണ് ഭരണം പിടിച്ചത്. ത്രിപുരയിലും രാജ്യത്തില്‍ നിന്നും ത്രിപുരയെ വേര്‍തിരിക്കണമെന്ന് വാദിക്കുന്ന എന്‍.എല്‍.എഫ്.ടിയാണ് അവരുടെ സഹായികള്‍. ദൈവരാജ്യത്തിനുവേണ്ടി ഇന്ത്യയെ വെട്ടിമുറിക്കുക എന്നുള്ളത് അവരുടെ പ്രഖ്യാപിത ലക്ഷ്യം ആണ്. 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം ജീവശ്വാസമായി കൊണ്ടു നടക്കുന്ന ഒരു പാര്‍ട്ടി അധികാരത്തിനുവേണ്ടി ഏതു ചെകുത്താനേയും കൂട്ടു പിടിക്കുന്നതു കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് പാവം ജനാധിപത്യ വിശ്വാസികള്‍. ഇതിന്റെ മുന്‍മാതൃകകള്‍ നമ്മുടെ മുന്നില്‍ ഭീകരദുരന്തങ്ങളായി നിലനില്‍ക്കുമ്പോഴും. ഇന്ദിരാഗാന്ധിയുടെ കൊലപാതത്തിലേക്ക് നയിച്ചതും ഇതുതന്നെയായിരുന്നുവെന്ന് ഒാര്‍ക്കുക.

മറ്റുകക്ഷികളെ അടിച്ചമര്‍ത്തി അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത് സി.പി.എം ആണെങ്കിലും ബി.ജെ.പിയാണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും അത് തെറ്റാണെന്ന് വിളിച്ചുപറയാനുള്ള ആര്‍ജ്ജവമാണ് ഇന്ത്യാക്കാര്‍ക്കുണ്ടാകേണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW