Tuesday, December 11, 2018 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 03.08 PM

റേഷന്‍കാര്‍ഡിനെക്കുറിച്ച് അറിയേണ്ടതെന്തല്ലാം...

uploads/news/2018/03/198261/Weeklyracationcard070318.jpg

''കാര്‍ഡ് ലഭിക്കാത്തവര്‍ക്കും പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും മെയ് വരെ അടുത്തുളള സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാം.''

''റേഷന്‍കാര്‍ഡ് കളഞ്ഞുപോയാല്‍ ആ വിവരം രേഖാമൂലം താലൂക്ക് സപ്ലൈഓഫീസറെ അറിയിക്കണം. അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കിയാല്‍ മതി. ''

ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമായഅംഗീകൃത ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷന്‍ കാര്‍ഡ്. കുടുംബത്തിലെ അംഗങ്ങളുടെ പേരുള്‍പ്പെട്ട തിരിച്ചറിയല്‍ രേഖ കൂടിയാണിത്.

പുതിയ കാര്‍ഡിന് അപേക്ഷിക്കാനും യഥാസമയം കാര്‍ഡ് പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അത് പുതുക്കാനുമുള്ള സമയമാണിപ്പോള്‍. താലൂക്ക് സപ്ലൈഓഫീസറോ സിറ്റിറേഷനിംഗ് ഓഫീസറോ ആണ് റേഷന്‍കാര്‍ഡ് അനുവദിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകളെ ബിപിഎല്‍ എന്നും എപിഎല്‍ എന്നും തിരിച്ചിരിക്കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രധാനമായും ഒമ്പതു മാനദണ്ഡങ്ങളാണ് നിര്‍ണയിച്ചിട്ടുള്ളത്.

1. അഞ്ചു സെന്റില്‍ കുറവായ ഭൂമിയുള്ളവര്‍.
2. വാസയോഗ്യമല്ലാത്ത വീടുള്ളവര്‍.
3. സാനിറ്ററി, കക്കൂസ് എന്നിവ ഇല്ലാത്തവര്‍.
4. 150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍.
5. വീട്ടില്‍ ഒരാളിനെങ്കിലും ജോലി ഇല്ലാതിരിക്കുക.
6. പട്ടികജാതി / വര്‍ഗം.
7. കളര്‍ ടിവി ഇല്ലാതിരിക്കുക.
8. മാനസികാരോഗ്യമില്ലായ്മ.
9. മാരകരോഗം, അംഗവൈകല്യം ഇവയിലേതെങ്കിലും ഉണ്ടായിരിക്കുക.

ഇവയില്‍ ഏതെങ്കിലും നാലോ അതില്‍ കൂടുതലോ ഘടകങ്ങള്‍ അനുകൂലമാകുന്നവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഇടം നേടും.
എ.എ.വൈ വിഭാഗത്തിന് മഞ്ഞനിറത്തിലും മുന്‍ഗണനാ വിഭാഗത്തിന് പിങ്ക്‌നിറത്തിലും സംസ്ഥാന സബ്‌സിഡി വിഭാഗത്തിന് നീലനിറത്തിലും പൊതുവിഭാഗത്തിന് വെള്ള നിറത്തിലുമുള്ള കാര്‍ഡാണ് ലഭിക്കുന്നത്.

എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് പകരമാണ് ഈ നാലു കാര്‍ഡുകള്‍. ഇതില്‍ മഞ്ഞകാര്‍ഡ് സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന എ.എ.വൈ വിഭാഗത്തിനുള്ളതാണ്. അവര്‍ക്ക് 28 കിലോ അരിയും 7 കിലോ ഗോതമ്പും പൂര്‍ണ്ണമായും സൗജന്യമായി കിട്ടും.

പിങ്ക് കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിനാണ്. കുടുംബത്തിലെ ഓരോരുത്തര്‍ക്കും 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി കിട്ടുന്നതാണ് ഇവര്‍ക്കുള്ള ആനുകൂല്യം.

നീല കാര്‍ഡ് സംസ്ഥാന സബ്‌സിഡി ലഭിക്കുന്നവര്‍ക്കാണ്. ഇതനുസരിച്ച് സബ്‌സിഡി ഉള്ള ഓരോ സിറ്റിറേഷനിംഗ് അംഗങ്ങള്‍ക്കും 2 കിലോ അരി 2 രൂപ നിരക്കില്‍ ലഭിക്കും.

വെള്ള കാര്‍ഡ് സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊതുവിഭാഗത്തിന്. ഇവര്‍ക്ക് അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലുമായിരിക്കും ലഭിക്കുക. എല്ലാവിഭാഗം കാര്‍ഡുകള്‍ക്കും മാസംതോറും അരലിറ്റര്‍ മണ്ണെണ്ണ കിട്ടും. വൈദ്യുതിയില്ലാത്ത ഭവനങ്ങള്‍ക്ക് ഇത് നാലു ലിറ്ററായിരിക്കും.

uploads/news/2018/03/198261/Weeklyracationcard070318a.jpg

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍


വിവാഹം, സ്ഥലംമാറ്റം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കേണ്ടി വന്നാല്‍ അവര്‍ നേരത്തേ ഉണ്ടായിരുന്ന റേഷന്‍ കാര്‍ഡില്‍നിന്ന് പേര് നീക്കംചെയ്യണം. ഏതു കാര്‍ഡില്‍ നിന്നാണോ പേരു നീക്കം ചെയ്യുന്നത് ആ കാര്‍ഡുടമയുടെ സമ്മതപത്രത്തോടൊപ്പം സിറ്റി സപ്ലൈഓഫീസിലോ താലൂക്ക് റേഷനിംഗ് ഓഫീസിലോ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പഴയ കാര്‍ഡുനമ്പരും പേരിന്റെ ക്രമനമ്പറും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

ആധാര്‍ കാര്‍ഡിന്റെയോ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. രണ്ടും ഒരേ താലൂക്കാണെങ്കില്‍ ഇങ്ങനെ അപേക്ഷിച്ചാല്‍ മതി. മറ്റൊരു താലൂക്കിലേക്കാണെങ്കില്‍ പഴയ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്റെയോ പേര് നീക്കം ചെയ്തതിന്റെയോ രേഖ ഹാജരാക്കണം. തുടര്‍ന്ന് പുതിയ സ്ഥലത്തെ താമസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ അവിടുത്തെ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കണം.

കുട്ടികളുടെ പേര് ഉള്‍പ്പെടുത്താന്‍


കാര്‍ഡില്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പ്രയാസമില്ല. കുട്ടികളുടെ പേരു ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി. സ്‌കൂളില്‍നിന്നുള്ള, വയസ് തെളിയിക്കുന്ന സാക്ഷ്യപത്രവും സ്വീകരിക്കും. രണ്ടു വയസുമുതല്‍ റേഷന് അര്‍ഹതയുണ്ട്. 12 വയസു മുതല്‍ പൂര്‍ണമായ റേഷനും ലഭിക്കും.

കാര്‍ഡ് നഷ്ടപ്പെട്ടാല്‍


റേഷന്‍കാര്‍ഡ് കളഞ്ഞുപോയാല്‍ ആ വിവരം രേഖാമൂലം താലൂക്ക് സപ്ലൈഓഫീസറെ അറിയിക്കണം. അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കിയാല്‍ മതി. പത്തു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും ഒട്ടിക്കണം. കാര്‍ഡ് നഷ്ടപ്പെട്ടതായി റേഷന്‍കട ഉടമയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം വയ്ക്കണം. കാര്‍ഡുടമയുടെ ഒപ്പ് നിര്‍ബന്ധമാണ്. പഴയ കാര്‍ഡിന്റെ കോപ്പിയുണ്ടെങ്കില്‍ അതുള്‍പ്പെടുത്തുന്നതു നല്ലതാണ്. അല്ലാത്തപക്ഷം റേഷന്‍കടയില്‍നിന്ന് കാര്‍ഡ് നമ്പറും റിപ്പോനമ്പറും വാങ്ങി കൃത്യമായി രേഖപ്പെടുത്തണം.

തുടര്‍ന്ന് അധികൃതര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കും. കളഞ്ഞുപോയതായി ബോധ്യപ്പെട്ടാല്‍ പതിനഞ്ചു ദിവസത്തിനുളളില്‍ പുതിയ കാര്‍ഡ് നല്‍കും. കാര്‍ഡിന്റെ ഫീസ് ഈടാക്കുന്നതാണ്.

പുതിയ കാര്‍ഡ് എടുക്കാന്‍


പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നു ലഭിക്കുന്ന നിശ്ചിത ഫോമില്‍ വേണം അപേക്ഷ തയ്യാറാക്കാന്‍. അല്ലാത്തപക്ഷം അപേക്ഷാഫോം ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, പഴയ റേഷന്‍ കാര്‍ഡ് എന്നിവ സഹിതമാണ് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടത്.

ഒപ്പം ആധാര്‍കാര്‍ഡിന്റെയോ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ പകര്‍പ്പും സമര്‍പ്പിക്കണം. റേഷനിങ് ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തിനു ശേഷമേ കാര്‍ഡ് ലഭിക്കുകയുള്ളു. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന രേഖകളോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രവും ഹാജരാക്കേണ്ടതാണ്.

പരാതി ഉണ്ടെങ്കില്‍


റേഷന്‍ കടയെ സംബന്ധിച്ചുള്ള പരാതികള്‍ കടയില്‍ ത്തന്നെയുള്ള പരാതിബുക്കില്‍ രേഖപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പരിഹാരം ഉണ്ടാകാത്ത പക്ഷം താലൂക്ക് സപ്ലൈഓഫീസര്‍ക്ക് വീണ്ടും പരാതി നല്‍കാം. എന്നിട്ടും നടപടിയില്ലെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പരാതി കൊടുക്കാം. അല്ലാത്തപക്ഷം 1967 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ പരാതി നല്‍കാവുന്നതാണ്.

Ads by Google
Wednesday 07 Mar 2018 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW