Tuesday, March 19, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 02.01 AM

വിദ്യാലയത്തിന്റെ ഹൃദയം ഗ്രന്ഥാലയം

uploads/news/2018/03/198482/bft1.jpg

അര്‍ജന്റീനക്കാരനായ എഴുത്തുകാരന്‍ ജോര്‍ജ്‌ ലൂയിസ്‌ ബോര്‍ഗസ്‌ സ്വര്‍ഗത്തെ ഒരു മികച്ച ഗ്രന്ഥാലയമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌. നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ട്‌ ഉപയോഗിച്ച്‌ കുട്ടികള്‍ക്കു മാത്രമായി ഒരു സ്വര്‍ഗം പണിയാന്‍ ആഗ്രഹിച്ചു. കുട്ടികളുടെ ഗ്രന്ഥാലയമെന്ന സ്വര്‍ഗം. െലെബ്രറികള്‍ക്കു കെട്ടിടം പണിയാന്‍ എം.എല്‍.എ. ഫണ്ട്‌ അനുവദിക്കാന്‍ സാധിക്കും. എന്നാല്‍ െലെബ്രറികളുടെ ആത്മാവായ പുസ്‌തകങ്ങള്‍ വാങ്ങാന്‍ ഈ ഫണ്ടുപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്‌ പ്രത്യേകാനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. കിട്ടിയ മറുപടി നിലവില്‍ സ്‌കൂളുകളോടനുബന്ധിച്ച്‌ െലെബ്രറികള്‍ ഉള്ളതിനാല്‍ പ്രത്യേക അനുമതിയില്ലായെന്നാണ്‌. കുട്ടികള്‍ക്ക്‌ വേണ്ടി നഗരങ്ങളില്‍ ഗ്രന്ഥാലയങ്ങളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക്‌ അതിന്റെ പ്രയോജനം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ സാങ്കേതിക സഹായത്തോടെ പഴയ െലെബ്രറി സങ്കല്‍പങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായ ഒന്ന്‌ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചു. ആ മോഹം മുളയിലേ നുള്ളിയെറിഞ്ഞു.
പാര്‍ലമെന്റിലും നിയമസഭയിലും കുട്ടികള്‍ക്ക്‌ വേണ്ടി പ്രത്യേക െലെബ്രറികള്‍ ലഭ്യമാണ്‌. 2007ലാണ്‌ അന്നത്തെ ലോകസഭ സ്‌പീക്കര്‍ സോമനാഥ ചാറ്റര്‍ജി ഇന്ത്യന്‍ പാര്‍ലമെന്റിലെ െലെബ്രറിയുടെ ഭാഗമായി ഒരു ചില്‍ഡ്രന്‍സ്‌ കോര്‍ണറിനു തുടക്കമിട്ടത്‌. ഏകദേശം 12.7 ലക്ഷം പുസ്‌തകങ്ങളുടെ ബൃഹത്തായ ശേഖരമാണ്‌ നമ്മുടെ പാര്‍ലമെന്റ്‌ െലെബ്രറി. ജപ്പാനിലെ നാഷണന്‍ ഡയറ്റില്‍ മാത്രമേ ലോകത്ത്‌ നിയമനിര്‍മാണ സഭകളോട്‌ ചേര്‍ന്ന്‌ കുട്ടികളുടെ ഇത്തരമൊരു സംവിധാനമുള്ളു. കേരള നിയമസഭയിലും 2016ല്‍ കുട്ടികളുടെ െലെബ്രറി ആരംഭിച്ചു.
പുസ്‌തകവായനയില്‍നിന്ന്‌ കുട്ടികളും മുതിര്‍ന്നവരും അകലുന്നുവെന്നൊക്കെ പരിഭവം പറയുമ്പോള്‍ നമ്മുടെ സ്‌കൂള്‍ െലെബ്രറികളുടെ അവസ്‌ഥകൂടി മനസിലാക്കണം. കേരളത്തിലെ അപൂര്‍വം വിദ്യാലയങ്ങളിലൊഴിച്ച്‌ എല്ലാം തികഞ്ഞ ഒരു ഗ്രന്ഥാലയമില്ല. 1953ലെ ഡോ.ലക്ഷ്‌മണ സ്വാമി മുതലിയാരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മിഷന്‍ മുതല്‍ നല്ല വായന, നല്ല പഠനം, നല്ല ജീവിതം എന്ന സര്‍ക്കാര്‍ പദ്ധതി വരെ പുതിയ കാഴ്‌ചപ്പാടുകള്‍ ആവിഷ്‌കരിച്ചുവെങ്കിലും അവ വ്യക്‌തതയോടെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ സന്ദര്‍ഭത്തിലാണ്‌ പട്ടം കേന്ദ്രീയ വിദ്യാലയം പോലുള്ള സ്‌കൂളുകള്‍ കുട്ടികളെ വായനയുടെ പുതിയ തിരിച്ചറിവിലൂടെ കൊണ്ടുപോകുന്നത്‌.
2014ല്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്‌കൂള്‍ െലെബ്രറികള്‍ക്ക്‌ വേണ്ടി ഒരു പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കി നടപ്പാക്കി. അതിന്റെ ഗുണപരമായ മാറ്റം ഇന്ന്‌ അവിടെ നേരിട്ടറിയാന്‍ കഴിയും. പുസ്‌തകങ്ങള്‍ െകെമാറുന്ന പ്രക്രിയ മാത്രമല്ല സ്‌കൂള്‍ െലെബ്രറികളില്‍ ചെയ്യേണ്ടത്‌. വായനാശീലം വളര്‍ത്താനും സ്‌കൂളിന്റെ ഹൃദയമാണ്‌ െലെബ്രറിയെന്ന്‌ ബോധ്യപ്പെടുത്താനും കഴിയണം. ആശയങ്ങള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സജ്‌ജരാക്കുന്ന ഇടങ്ങളായി അത്‌ മാറണം.
എല്ലാ െലെബ്രറികളിലും കാണുന്നൊരു വാചകമുണ്ട്‌ -നിശബ്‌ദത പാലിക്കുക. യഥാര്‍ഥത്തില്‍ അവിടെ സംവാദങ്ങളും സംസാരങ്ങളുമുണ്ടാകണം. ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നയിടങ്ങളാകണം. കുട്ടികളും അധ്യാപകരും െലെബ്രേറിയനും ചേര്‍ന്നു പഠനത്തെ സമ്പുഷ്‌ടമാക്കുന്ന സഹകരണപരമായ പഠനം എന്ന ആശയം രാജ്യത്ത്‌ ആദ്യമായി അവതരിപ്പിച്ചത്‌ പട്ടം കേന്ദ്രീയ വിദ്യാലയത്തിലാണ്‌. അവിടുത്തെ െലെബ്രേറിയന്‍ എസ്‌.എല്‍. െഫെസലിന്റെ ആവിഷ്‌കാരമായിരുന്നു അത്‌.
അവിടെത്തെന്നെയാണ്‌ ആദ്യ സ്‌കൂള്‍ െലെബ്രറി ബ്ലോഗും ആരംഭിച്ചത്‌. 6.2 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ ഈ സംരംഭം െലെബ്രറികളെ ഇന്റര്‍നെറ്റുമായി എങ്ങനെ കൂട്ടിയിണക്കി പഠനത്തെ മികച്ചതാക്കാമെന്നതിന്റെ മാതൃകയാണ്‌. കുട്ടികള്‍ക്കുള്ള ഇ-മാഗസിന്‍ കൂടാതെ കുട്ടികള്‍ തന്നെ തയാറാക്കുന്ന പുസ്‌തക നിരൂപണങ്ങള്‍ ബ്ലോഗില്‍ അവതരിപ്പിക്കുന്നു. എന്നെ ഏറെ ആകര്‍ഷിച്ചത്‌ െലെബ്രറി ജംഗ്‌ഷന്‍ എന്ന ആശയമാണ്‌. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരസ്‌പരം ചോദ്യങ്ങള്‍ ചോദിക്കാനും ആശയങ്ങള്‍ െകെമാറ്റം ചെയ്യാനും വിവിധ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കുവയ്‌ക്കാനും ഇതിലൂടെ കഴിയുന്നു. നൂതന ആശയങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമുള്ള 2010-11 ലെ ദേശീയ പുരസ്‌കാരം ഈ ആശയത്തിന്‌ ലഭിച്ചു. ഫെയ്‌സ്‌സ്‌ എ ബുക്ക്‌ ചലഞ്ച്‌, ഡ്രോപ്‌ എവരിതിങ്‌ ആന്‍ഡ്‌ റീഡ്‌ (ഡിയര്‍), ഗിഫ്‌റ്റ്‌ എ ബുക്ക്‌ ആന്‍ഡ്‌ ഗെറ്റ്‌ എ ഫ്രണ്ട്‌ തുടങ്ങിയ ഒട്ടേറെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. രാജ്യത്തെ 1225 കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ എസ്‌.എല്‍.െഫെസല്‍ എന്ന മലയാളിയായ െലെബ്രേറിയന്‍ ആണെന്നതില്‍ അഭിമാനിക്കാം.
കുട്ടികള്‍ വായിച്ചു കഴിഞ്ഞ്‌ സ്വന്തം പുസ്‌തകങ്ങള്‍ മറ്റുള്ളവര്‍ക്കായി സംഭാവന നല്‍കുന്ന ലിറ്റില്‍ ഓപ്പണ്‍ െലെബ്രറി എന്ന ആശയവും വലിയ മാതൃകയാണ്‌. നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ പക്ഷേ ഇത്തരം ശ്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ചട്ടപ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ െലെബ്രേറിയന്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഒരു വിദ്യാലയത്തിലും സ്‌ഥിരമായ െലെബ്രേറിയന്‍മാരില്ല.
കുട്ടികളിലെ സര്‍ഗാത്മകത തിരിച്ചറിഞ്ഞ്‌ വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠന സാഹചര്യമൊരുക്കാന്‍ നമ്മുടെ സ്‌കൂള്‍ െലെബ്രറികളുടെ ഘടനയിലും രീതികളിലും മാറ്റമുണ്ടാകണം. മതേതരത്വബോധത്തേയും െചെതന്യവത്തായ പഠന പ്രക്രിയയേയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഒരു പ്രദേശത്തെ വിവിധ സ്‌കൂളുകളെ സമീപപ്രദേശത്തുള്ള െലെബ്രറികളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം നടപ്പാക്കാന്‍ കഴിയണം. എന്റെ പുസ്‌തകം, എന്റെ കുറിപ്പ്‌, എന്റെ എഴുത്തുപെട്ടി തുടങ്ങി പല പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
സ്‌കൂളുകളില്‍ വായനാമൂലയെന്ന പേരില്‍ സ്‌റ്റിക്കര്‍ പതിപ്പിച്ച്‌ വയ്‌ക്കുന്നതല്ലാതെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കുറവാണ്‌. കാഞ്ഞിരപ്പള്ളിയില്‍ നടപ്പാക്കുന്ന വായനക്കൂട്ടങ്ങള്‍ ആ രംഗത്തെ ജനകീയ ഇടപെടലിന്റെ സാധ്യത തിരിച്ചറിയുന്നു. ഓരോ പ്രദേശത്തും കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുക്കുന്ന വായനാക്കൂട്ടങ്ങള്‍ സംഘടിപ്പിക്കുന്നു. ഓരോ വായനാക്കൂട്ടവും പ്രശസ്‌തരായ എഴുത്തുകാരുടെ പേരിലാണറിയപ്പെടുന്നത്‌.
പുസ്‌തക സംഭരണവും വിതരണവും മാത്രമല്ല െലെബ്രറികളുടെ പ്രവര്‍ത്തനം. യഥാര്‍ഥ വിതരണത്തിന്റെ കണക്കുകള്‍ക്കപ്പുറത്ത്‌ ഗ്രേഡ്‌ ലഭിക്കാന്‍ ഇല്ലാത്ത പുസ്‌തകവിതരണത്തിന്റെ കണക്കെഴുതുന്ന പ്രവണതയുണ്ട്‌. ഗ്രന്ഥശാലകളില്‍ പുസ്‌തകങ്ങള്‍ ശാസ്‌ത്രീയമായി ക്രമവത്‌കരിക്കാനുള്ള നടപടി ഉണ്ടാകണം. കാഞ്ഞിരപ്പള്ളി ചെറുവള്ളിയിലെ െകെരളി ഗ്രന്ഥശാലയില്‍ 26 തരത്തില്‍ പുസ്‌തകങ്ങള്‍ ക്രമപ്പെടുത്തിയത്‌ കാണാനിടയായി. നമ്മുടെ എ ഗ്രേഡ്‌ ഗ്രന്ഥശാലകളെങ്കിലും ആദ്യഘട്ടമായി കമ്പ്യൂട്ടര്‍വത്‌കരിക്കണം. ഇത്തരം മാറ്റങ്ങള്‍ വിദ്യാലയങ്ങളുമായും ഗ്രന്ഥാലയങ്ങളുമായുള്ള ബന്ധങ്ങള്‍ സജീവമാക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാനും തൊഴില്‍പരമായ ദിശാബോധം നല്‍കുവാനും സംവിധാനങ്ങള്‍ ഉണ്ടാകണം.
ജനങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതാണ്‌ ഗ്രന്ഥശാലകളില്‍ ജനസാന്നിധ്യം കുറയാന്‍ കാരണം. വായനയുടെ ലോകത്തേക്ക്‌ ഒരു തിരിച്ചുയാത്രയ്‌ക്ക്‌ മനസ്‌ തയാറാണെന്നതിന്റെ ദൃഷ്‌ടാന്തം നമ്മുടെ പക്കല്‍ തന്നെയുണ്ട്‌. ആദിവാസി സമൂഹത്തില്‍പ്പെട്ട കുട്ടികള്‍ വീട്ടില്‍തന്നെ െലെബ്രറി ഒരുക്കിയെന്ന വാര്‍ത്ത നമ്മെ ആഹ്ലാദിപ്പിക്കുന്നു. ജീവിതത്തിന്റെ കടുത്ത വേനലിലും അക്ഷരങ്ങളുടെ പച്ചപ്പ്‌ തേടുന്ന ആദിവാസി സമൂഹത്തിന്റെ നന്മ സമൂഹം തിരിച്ചറിയണം. മദ്യവും മയക്കുമരുന്നും വര്‍ഗീയതയും സമൂഹത്തെ ഗ്രസിക്കുന്ന കാലത്തെ സര്‍ഗാത്മക ഇടപെടലുകള്‍ക്ക്‌ വിശാലമായ സാമൂഹ്യ വീക്ഷണമുള്ള ഒരു തലമുറ നല്‍കിയ സംഭാവനയാണ്‌ നമ്മുടെ ഗ്രന്ഥശാലകള്‍. അതുകൊണ്ടുതന്നെ അവയെ കൂടുതല്‍ കരുത്തുള്ള സര്‍ഗാത്മക ഇടങ്ങളാക്കി മാറ്റണം.
പൊതുവിദ്യാലയങ്ങളിലെ െലെബ്രറികളേയും ശക്‌തിപ്പെടുത്തണം. എം.ജെ. വെല്‍സിന്റെ വാക്കുകള്‍ ഇന്നും അര്‍ത്ഥവത്താണ്‌. കുറഞ്ഞത്‌ ആയിരം പുസ്‌തകങ്ങളെങ്കിലുമുള്ള, എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഗ്രന്ഥാലയമില്ലാത്ത വിദ്യാലയം, വിദ്യാലയമേ അല്ല. മരുന്നുകുപ്പികള്‍ ഇല്ലാത്ത ചികിത്സാലയം പോലെ, കലവറയില്ലാത്ത അടുക്കളപോലെയാണ്‌ അത്‌.

Ads by Google
Thursday 08 Mar 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW