Wednesday, June 20, 2018 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 04.08 PM

ശ്രവണ സഹായികള്‍ ഉപയോഗിക്കുമ്പോള്‍

''ഒരു ഇലക്‌ട്രോണിക് ഉപകരണമെന്നതിലുപരി കേള്‍വി സാധ്യമാക്കുന്ന ഉപാധിയായി തന്നെ ശ്രവണസഹായികള്‍ കണക്കാക്കാം''
uploads/news/2018/03/198576/hearingproblms080318.jpg

കേള്‍വിക്കുറവുള്ളവരെ കേള്‍വിയുടെ ലോകത്തേക്ക് എത്തിക്കുകയെന്നതാണ് ശ്രവണസഹായികളുടെ ഉപയോഗം. ഒരു ഇലക്‌ട്രോണിക് ഉപകരണമെന്നതിലുപരി കേള്‍വി സാധ്യമാക്കുന്ന ഉപാധിയായി തന്നെ ശ്രവണ സഹായികള്‍ കണക്കാക്കാം.

കേള്‍വിക്കുറവ് അനുഭവപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ശ്രവണസഹായികള്‍ ഉപയോഗിച്ച് തുടങ്ങാം.

ഉചിതമായ പരിശോധനകള്‍ക്ക് വിധേയമാകാതെ ശ്രവണസഹായികള്‍ ഉപയോഗിക്കുന്നത് കാഴ്ച പരിശോധിക്കാതെ കണ്ണട ഉപയോഗിക്കുന്നതിനു തുല്യമാണ്. ശ്രവണസഹായികള്‍ തിരഞ്ഞെടുക്കുന്നതിലും അത് ഉപയോഗിക്കുന്നതിലും ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

കേള്‍വി തകരാര്‍ തിരിച്ചറിയണം


കേള്‍വി തകരാര്‍ പ്രായഭേദമില്ലാതെ ആര്‍ക്കും സംഭവിക്കാം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കേള്‍വി തകരാര്‍ ഉണ്ടാകാം. കുട്ടികളെ സംബന്ധിച്ച് ജന്മനാ ഉണ്ടാകുന്ന കേള്‍വി കുറവായിരിക്കും. അഞ്ചു വയസിനുള്ളില്‍ കുട്ടികളുടെ കേള്‍വി തകരാര്‍ മാതാപിതാക്കള്‍ക്ക് മനസിലാക്കാവുന്നതാണ്.

സംസാരിച്ച് തുടങ്ങേണ്ട പ്രായമായിട്ടും സംസാരിക്കാന്‍ വൈകുക, വലിയ ശബ്ദങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടിക്ക് ഞെട്ടല്‍ ഉണ്ടാകാത്ത സാഹചര്യം, ഒരു ചെവികൊണ്ട് ശബ്ദങ്ങള്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

പ്രായമായവരെ സംബന്ധിച്ച്് പ്രായാധിക്യം, പ്രമേഹം, മറ്റ് അപകടങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ മൂലം കേള്‍വി തകരാര്‍ അനുഭവപ്പെടാം. കേള്‍വിക്കുറവ് പരിശോധിച്ച് ഗ്രാഫിനനുയോജ്യമായ പവര്‍ സ്വീകരിക്കണം. ഓരോ വ്യക്തികള്‍ക്കും കേള്‍വിയുടെ ഗ്രാഫ്് വ്യത്യസ്തമായിരിക്കും.

ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരു വ്യക്തിക്ക് കേള്‍വി കുറവ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയണം. ചിലര്‍ക്ക് ടി.വിയുടെ ശബ്ദം കേള്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഒരു കൂട്ടം ആളുകള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വ്യക്തമാകാതെ വരിക, മറ്റുള്ളവര്‍ പറഞ്ഞകാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ആവര്‍ത്തിച്ച് ചോദിക്കുക ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കേള്‍വിക്കുറവുണ്ടെന്ന് മനസിലാക്കാം.

ഇവ കൂടാതെ ചിലര്‍ക്ക് ചെവിക്ക് വേദന, ചെവി അടഞ്ഞതുപോലെ തോന്നുക, ചെവിയില്‍ നിന്നും പഴുപ്പ് വരിക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. കേള്‍വി തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആദ്യം ഒരു ഇ.എന്‍.ടിയെ സമീപിക്കുക. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇ.എന്‍.ടിയുടെ നിര്‍ദേശപ്രകാരം ഓഡിയോളജിസ്റ്റിനെ കാണാവുന്നതാണ്.

ശ്രവണ സഹായികളുടെ പ്രവര്‍ത്തനം


ചുറ്റുപാടുമുള്ള ശബ്ദത്തെ ഒന്നോ അതില്‍ കൂടുതലോ മൈക്രോഫോണിന്റെ സഹായത്തോടെ ശബ്ദം കൂട്ടി സ്പീക്കറിലൂടെ ചെവിയുടെ ഉള്ളിലെത്തിക്കുകയാണ് ശ്രവണസഹായികള്‍ ചെയ്യുന്നത്.

കേള്‍വിയുടെ ഗ്രാഫ് അനുസരിച്ചാണ് ശ്രവണസഹായികള്‍ പ്രോഗ്രാം ചെയ്യുന്നത്. കേള്‍വിക്കുറവുള്ള പിച്ചുകളില്‍ ശബ്ദം കൂടുതല്‍ നല്‍കാനും കേള്‍വി നന്നായുള്ള പിച്ചുകളില്‍ ശബ്ദം കൂട്ടാതെ നിയന്ത്രിക്കാനുമാകും.

uploads/news/2018/03/198576/hearingproblms080318a.jpg

കേള്‍വിക്കുറവ് പരിശോധിക്കാതെ, ഗുണനിലവാരം കുറഞ്ഞ ശ്രവണസഹായികള്‍ ഉപയോഗിച്ചാല്‍ ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ കൂടുമ്പോള്‍ ബുദ്ധിമുട്ടുകള്‍ തോന്നാം. ഗുണനിലവാരമുള്ള ശ്രവണസഹായികളില്‍ കംപ്രഷന്‍ എന്ന സാങ്കേതിക വിദ്യയിലൂടെ ചുറ്റുപാടുമുള്ള ശബ്ദത്തെ നിയന്ത്രിച്ച് അരോചകമാകാതെ ചെവിയിലെത്തിക്കും.

താഴ്ന്ന പിച്ചില്‍ കൂടുതല്‍ കേള്‍വിക്കുറവുള്ളവര്‍ക്കും, ഉയര്‍ന്ന പിച്ചില്‍ കൂടുതല്‍ കേള്‍വിക്കുറവുള്ളവര്‍ക്കും ശ്രവണസഹായി പ്രോഗ്രാം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശ്രവണസഹായികള്‍ ഘടിപ്പിക്കുന്നതുകൊണ്ട് പ്രയോജനമില്ല.

ശ്രവണ സഹായികള്‍ വിവിധതരം


ശ്രവണസഹായികളുടെ വലുപ്പം, അവയുടെ ശേഷി, ചെവിക്ക് ഉള്ളിലാണോ പുറത്താണോ വയ്ക്കുന്നത് തുടങ്ങിയവയെ അടിസ്ഥാനമാക്കി ശ്രവണസഹായികള്‍ പലതരത്തിലുണ്ട്. ചെവിയുടെ പിറകില്‍ വയ്ക്കുന്നവ: ചെവിയുടെ പിറകില്‍ വയ്ക്കുന്ന ശ്രവണ സഹായികള്‍ (behind the ear -BTE ) വലുപ്പം കൂടിയവയും കുറഞ്ഞവയുമുണ്ട്.

ഐ.ടി.ഇ :- ചെവിയുടെ ഉള്ളില്‍ വയ്ക്കുന്നവയാണ് ഐ.ടി.ഇ (in the ear) ഇതിന് ഓട്ടോമാറ്റിക് സെന്‍സിങ് സാധ്യമാണ്. അതായത് ഇത്തരം ശ്രവണസഹായികള്‍ക്ക് നമ്മള്‍ ഏതുതരത്തിലുള്ള പശ്ചാത്തല ശബ്ദത്തിലാണ് ഉള്ളതെന്ന് മനസിലാക്കി, അതിനനുസരിച്ച് പ്രോഗ്രാം മാറ്റി കേള്‍വി ഭംഗിയാക്കാന്‍ സാധിക്കും.

ഐ.ടി.സി : - ചെവിയുടെ ദ്വാരത്തില്‍ വയ്ക്കുന്നവയാണ് ഐ.ടി.സി (in the canal).
സി.ഐ.സി : - വളരെ ചെറിയതും മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത തരത്തിലുള്ള ശ്രവണസഹായികളാണ് സി.ഐ.സി (completely in canal).

രണ്ട് ചെവികളില്‍ ഒന്നിന് കേള്‍വി ശക്തി ഇല്ലെങ്കില്‍ ബാഹായിലൂടെ (Bone Anchored Hearing Aid B.A.H.A) പരിഹരിക്കാനാകും. നവജാതശിശുക്കളില്‍ ഇയര്‍ പിന്ന (ബാഹ്യകര്‍ണം) ഇല്ലെങ്കിലും ബാഹാ പ്രയോജനപ്പെടും. രണ്ട് ചെവികള്‍ക്കും കേള്‍വിക്കുറവ് ആണെങ്കില്‍ കോക്ലിയര്‍ ഇംപ്ലാന്റിന്റെ സഹായത്തോടെ കേള്‍വി സാധ്യമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വെള്ളം കയറാതെ ശ്രവണസഹായി ഉപയോഗിക്കുക.
2. കുളിക്കുന്നതിനു മുന്‍പും മുഖം കഴുകുന്നതിനു മുന്‍പും ശ്രവണ സഹായി ഊരി വയ്ക്കുക.
3. ഉറങ്ങുന്ന സമയത്ത് ശ്രവണസഹായി ആവശ്യമില്ലാത്തതിനാ ല്‍ ഊരി വയ്ക്കുക.
4. ശ്രവണ സഹായിലൂടെ കേള്‍ക്കുന്ന ശബ്ദം മെക്കാനിക്കല്‍ ശബ്ദമായതിനാല്‍ ശ്രവണസഹായിയുടെ ഉപയോഗത്തെക്കുറിച്ച് ഓഡിയോളജിസ്റ്റിനോട് ചോദിച്ച് മനസിലാക്കുക.
5. ശ്രവണ സഹായിലൂടെ കേള്‍ക്കുന്ന ശബ്ദവുമായി പൊരുത്തപ്പെടാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവുണ്ടാകണം.
6. വിയര്‍പ്പിലൂടെ ജലാംശം ഉള്ളില്‍ ചെന്നാല്‍ അത് നീക്കം ചെയ്യുന്നതിനുള്ള കിറ്റ് ലഭ്യമാണ്. അത് ഉപയോഗിക്കുക.
7. ശ്രവണ സഹായി കേള്‍വി കുറവ് പരിഹരിക്കുന്നുണ്ടെങ്കില്‍ അത് ധരിക്കാന്‍ ഉപേക്ഷ വിചാരിക്കരുത്.
8. ശ്രവണസഹായി വാങ്ങുമ്പോള്‍ വാറണ്ടി ഉറപ്പാക്കുക.
9. ശ്രവണസഹായികള്‍ ഓണ്‍ലൈനില്‍ വാങ്ങാതിരിക്കുക.
10. വര്‍ഷത്തില്‍ ഒരിക്കല്‍ ഓഡിയോളജിസ്റ്റിനെ കണ്ട് ശ്രവണസഹായികള്‍ മാറ്റേണ്ടതുണ്ടോയെന്ന് പരിശോധിക്കുക.

ഡോ. ജോര്‍ജ് കുരുവിള താമരപ്പള്ളി
കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്
ഇ.എന്‍.ടി. ആന്‍ഡ് കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍,
ലൂര്‍ദ്‌സ് ഹോസ്പിറ്റല്‍, കൊച്ചി

തരുണ്‍ തോമസ് കെ.
ചീഫ് ഓഡിയോളജിസ്റ്റ്
ശാലോം സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍, എറണാകുളം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW