Saturday, March 23, 2019 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 12.34 AM

ആത്മവിശ്വാസം കൊയ്‌തെടുത്ത നേട്ടങ്ങള്‍

uploads/news/2018/03/199223/s3.jpg

ആത്മവിശ്വാസമുണ്ടെങ്കില്‍ ജീവിത വിജയം കൈപ്പിടിയിലൊതുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ തിരുവനന്തപുരം പള്ളിച്ചലിലെ ബിന്ദുവിന്റെ ജീവിതം. ഒന്നുമില്ലായ്‌മയില്‍ നിന്നും മികച്ചൊരു സംരംഭകയായി വളരാന്‍ ബിന്ദുവിന്‌ കഴിഞ്ഞതും ഇതേ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്‌. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ വീട്ടിലെത്തുന്ന ഓണ്‍ലൈന്‍ പദ്ധതിയിലൂടെ അധികം വൈകാതെ തന്റെ ആയുര്‍വേദ ഉല്‍പന്നങ്ങളും എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
പ്രാവച്ചമ്പലം അരിക്കടമുക്കില്‍ ഐശ്വര്യ കുടുംബശ്രീ യൂണിറ്റ്‌ അംഗമാണ്‌ ബിന്ദു. പ്രദര്‍ശനത്തിനും വിപണനത്തിനുമായി പോകുന്നിടത്തെല്ലാം കൂടെ സഹായത്തിന്‌ ഭര്‍ത്താവ്‌ പ്രഫുല്ല കുമാറും ഉണ്ടാകും. മേളയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നന്നായി വിറ്റഴിയുന്നതിന്റെ സന്തോഷം ബിന്ദുവിന്റെ മുഖത്ത്‌ പ്രകടമായിരുന്നു. മേളയുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ തന്നെ കുട്ടികളുമായി വന്ന ഒരു കുടുംബം ബ്രഹ്‌മി ഓയില്‍ വാങ്ങുന്നതു കണ്ടു.
ചെറുപ്പകാലം അത്ര സുഖകരമൊന്നുമായിരുന്നില്ല ബിന്ദുവിന്‌. കഷ്‌ടപ്പാടുകളിലൂടെയാണ്‌ ബാല്യവും കൗമാരവും കടന്നു പോയത്‌. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ നടുവില്ലത്തു വീട്ടില്‍ സദാശിവന്‍ നായരുടെയും സുകേശിനിയമ്മയുടെയും നാലു മക്കളില്‍ ഒരാള്‍. മാതാപിതാക്കള്‍ക്ക്‌ കൂലിപ്പണിയില്‍ നിന്നു കിട്ടുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച്‌ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്‌ഥ. പത്താം ക്‌ളാസ്സ്‌ വരെ പഠിപ്പിച്ചതില്‍ അച്‌ഛന്റെയും അമ്മയുടെയും കണ്ണീരും കഷ്‌ടപ്പാടും ഏറെയുണ്ടായിരുന്നു. പിന്നീട്‌ ഒരുപാടു പ്രതീക്ഷകളോടെ കോളേജിലെത്തി. പഠനം മുടങ്ങുമെന്നായപ്പോള്‍ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ നല്‍കിയാണ്‌ പഠനത്തിനുള്ള പണം കണ്ടെത്തിയത്‌. ഇങ്ങനെ സ്വന്തം അദ്ധ്വാനത്തിലൂടെ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പഠിച്ചു. സമൂഹത്തിനു പ്രയോജനകരമാകുന്ന എന്തെങ്കിലും ചെയ്യണമെന്നാണ്‌ ബിന്ദു ആഗ്രഹിച്ചിരുന്നത്‌.
ഇല്ലായ്‌മകള്‍ക്കൊപ്പം വ്യക്‌തിജീവിതത്തിലും ബിന്ദുവിന്‌ തീരാനഷ്‌ടം സഹിക്കേണ്ടി വന്നു. പതിനഞ്ച്‌ വര്‍ഷം മുമ്പായിരുന്നു ഹൃദ്രോഗിയായ സഹോദരന്റെ മരണം. ചേട്ടനുമായി വളരെ അഗാധമായ ആത്മബന്ധം ഉണ്ടായിരുന്ന ബിന്ദുവിന്‌ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അത്‌. മാനസിക വിഷമം താങ്ങാന്‍ കഴിയാതെ എപ്പോഴും മുറി അടച്ചുപൂട്ടി സമയം കഴിക്കും. എന്തെങ്കിലും നല്ല തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതിലൂടെ കുടുംബത്തിനു താങ്ങും തണലുമാകുന്നതും ബിന്ദു സ്വപ്‌നം കണ്ടു. പക്ഷേ ഒന്നിനും കഴിഞ്ഞില്ല. ഒമ്പതു വര്‍ഷത്തോളം ഒന്നിനോടും അടുക്കാതെ സ്വയം ഉള്‍വലിഞ്ഞു ജീവിച്ചു. ഇടയ്‌ക്കെപ്പൊഴോ വിഷാദത്തിന്റെ തോടില്‍ നിന്നും പുറത്തു വരാന്‍ ആഗ്രഹിച്ചതോടെയാണ്‌ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്‌.
വായനയിലാണ്‌ ബിന്ദു ആശ്വാസം കണ്ടെത്തിയത്‌. ബ്രിട്ടീഷ്‌ ലൈബ്രറിയിലും യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബ്‌ളിക്‌ ലൈബ്രറിയിലും നിരന്നിരുന്ന അലമാരകളിലെ പുസ്‌തകങ്ങളിലേക്കായിരുന്നു ബിന്ദുവിന്റെ യാത്ര. അവിടെ നിന്നും ആയുര്‍വേദത്തെക്കുറിച്ചുള്ള നിരവധി താളിയോലഗ്രന്ഥങ്ങള്‍ ലഭിച്ചതാണ്‌ വഴിത്തിരിവായത്‌.
''സംസ്‌കൃതഭാഷയിലാണ്‌ ആ താളിയോല ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരുന്നത്‌. നിത്യജീവിതത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി മരുന്നുകളുണ്ടാക്കുന്ന വിധം അതില്‍ പറഞ്ഞിരുന്നു. താളിയോലയില്‍ പറഞ്ഞ പ്രകാരം തലയില്‍ തേക്കാനുള്ള എണ്ണയാണ്‌ ഞാന്‍ ആദ്യം ഉണ്ടാക്കിയത്‌. ആദ്യം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തു. പത്തു ബോട്ടിലാണ്‌ കൊടുത്തത്‌. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ ധൈര്യമായി. അങ്ങനെയാണ്‌ ഈ രംഗത്ത്‌ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചത്‌ ''ബിന്ദു പറയുന്നു.

ഇല്ലായ്‌മകളുടെ മുറിവുണക്കിയ പച്ചമരുന്നുകള്‍

ആയുര്‍വേദ ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വില്‍ക്കുക എന്ന ആശയമാണ്‌ ആദ്യം ബിന്ദുവിന്റെ മനസില്‍ മുള പൊട്ടിയത്‌. 2006ല്‍ ആതിര ഹെയര്‍ടോണ്‍ എന്ന ഉല്‍പന്നം സ്വന്തമായി നിര്‍മിച്ചു. തലമുടി നന്നായി വളരാനും മുടി കൊഴിച്ചില്‍ അകാലനര, താരന്‍, തലവേദന എന്നിവയ്‌ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയ്‌ക്കുമാണ്‌ ഈ ഉല്‍പന്നം ഉണ്ടാക്കിയത്‌. കയ്യൂന്നി, നീല അമരി, കറിവേപ്പില, മൈലാഞ്ചി, കറ്റാര്‍വാഴ, പൂവാംകുരുന്ന്‌, അശോക, തെറ്റി, നാട്ടുതെറ്റി, കാട്ടുതെറ്റി, കൃഷ്‌ണ തുളസി, നെല്ലിക്ക, മുത്തങ്ങ തുടങ്ങി പതിനെട്ടോളം പച്ചമരുന്നുകള്‍ തുല്യ അളവില്‍ ചേര്‍ത്താണ്‌ തലയില്‍ തേക്കാനുള്ള ആതിര ഹെയര്‍ടോണ്‍ നിര്‍മിക്കുന്നത്‌. ഇതുമായി വിപണന രംഗത്തിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമായിരുന്നു കൈമുതല്‍.
''എന്റെയടുത്ത്‌ ട്യൂഷന്‍ പഠിക്കാന്‍ വരുന്ന കുട്ടികളോട്‌ ഞാന്‍ പുതുതായി ഉണ്ടാക്കിയ ആതിര ഹെയര്‍ ടോണിനെ കുറിച്ച്‌ പറഞ്ഞിരുന്നു. അവരില്‍ ഒരാളാണ്‌ ഇതിന്റെ വില്‍പന ഏറ്റെടുത്തത്‌. ആ കുട്ടി തന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ വീട്ടില്‍ ഇതുമായി ചെല്ലുമ്പോള്‍ അവിടെ വച്ച്‌ അത്‌ വാങ്ങിയത്‌ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ സിഡിഎസ്‌ മെമ്പറായിരുന്നു. അവര്‍ ഉടന്‍ തന്നെ എന്നെ വിളിച്ചു. എന്നിട്ട്‌ എത്രയും പെട്ടെന്ന്‌ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. ഞാനും കൂട്ടുകാരിയും കൂടി കുടുംബശ്രീ ഓഫീസിലേക്ക്‌ പോയി. അതുവരെ കുടുംബശ്രീ സംവിധാനങ്ങളെക്കുറിച്ച്‌ എനിക്ക്‌ കാര്യമായ അറിവുണ്ടായിരുന്നില്ല. അധികൃതരുമായി സംസാരിച്ചപ്പോഴാണ്‌ ഇതിന്റെ വിപണന സാധ്യതകളെ കുറിച്ച്‌ തിരിച്ചറിവുണ്ടാകുന്നത്‌. അതോടെ ഈ മേഖലയില്‍ ഒരു സംരംഭം തുടങ്ങിയാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നൊരു വിശ്വാസം ഉണ്ടായി'' ബിന്ദു പറയുന്നു.
കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിന്‍ബലത്തില്‍ ഐശ്വര്യ എന്ന പേരില്‍ ഒരു കുടുംബശ്രീ യൂണിറ്റ്‌ രൂപീകരിച്ചു. ബിന്ദു ഉണ്ടാക്കുന്ന ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്ക്‌ സംരംഭമെന്ന നിലയിലുള്ള വികസനവും ഫലപ്രദമായ വിപണനവും ഉറപ്പുവരുത്തി കുടുംബശ്രീ ബിന്ദുവിനെ കൈപിടിച്ചുയര്‍ത്തി. ഉല്‍പന്നങ്ങളുമായി മേളകളില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും ജില്ലാമിഷന്‍ നല്‍കി. കൂടുതല്‍ ആളുകള്‍ക്ക്‌ ഉല്‍പന്നങ്ങളെ പരിചയപ്പെടാനുള്ള അവസരം ലഭിക്കുന്നതിനായിരുന്നു ഇത്‌. ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ ബിന്ദുവും പങ്കെടുത്തു.
''കുടുംബശ്രീയുടെ പത്താം വാര്‍ഷികം പട്ടം സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ വച്ച്‌ നടത്തിയ പ്രദര്‍ശന മേളയിലാണ്‌ ഞാന്‍ ആദ്യമായി ആയുര്‍വേദ ഉല്‌പന്നങ്ങളുമായി പങ്കെടുത്തത്‌. ആതിര ഹെയര്‍ടോണ്‍ മുപ്പത്തിയാറു ബോട്ടിലാണ്‌ അന്ന്‌ കൊണ്ടുപോയത്‌. അതില്‍ ഒരെണ്ണം പോലും ബാക്കി വരാതെ വിറ്റഴിഞ്ഞു. എന്നാല്‍ ഒരബദ്ധം പറ്റി. ബോട്ടിലിന്റെ പുറത്ത്‌ അഡ്രസ്സോ ഫോണ്‍നമ്പറോ ഇല്ലാതിരുന്നത്‌ ആവശ്യക്കാര്‍ക്ക്‌ വീണ്ടും ബന്ധപ്പെടാന്‍ തടസമായി'' ബിന്ദു പറയുന്നു.
''ഈ പോരായ്‌മ മനസ്സിലാക്കിയപ്പോള്‍ അടുത്തതവണ മേല്‍വിലാസവും ഫോണ്‍നമ്പറും കൂടി ഉള്‍പ്പെടുത്തി പായ്‌ക്കിംഗ്‌ ഞങ്ങള്‍ ഗംഭീരമാക്കി. ഇപ്പോള്‍ ഓണം, ക്രിസ്‌മസ്സ്‌, വിഷു, ഈസ്‌റ്റര്‍ എന്നീ വിശേഷങ്ങളോടനുബന്ധിച്ചു നടത്തുന്ന എല്ലാ മേളകളിലും കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഞാന്‍ പങ്കെടുക്കാറുണ്ട്‌. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്‌ ആതിര ഹെയര്‍ടോണിനും ബ്രഹ്‌മി ഉല്‍പന്നങ്ങള്‍ക്കുമാണ്‌'' ബിന്ദു പറയുന്നു.

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍

''ബ്രഹ്‌മി ഓയില്‍, ജാം, ഫേസ്‌ പായ്‌ക്ക്, താളിപ്പൊടി എന്നിവയ്‌ക്കാണ്‌ ആവശ്യക്കാര്‍ കൂടുതല്‍. ഞാന്‍ പങ്കെടുക്കുന്ന മേളകളില്‍ സ്‌ഥിരമായി വന്ന്‌ വാങ്ങിക്കൊണ്ടു പോകുന്ന ധാരാളം പേരുണ്ട്‌. കോളേജ്‌ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമാണ്‌ ഫേസ്‌ പായ്‌ക്ക് അന്വേഷിച്ച്‌ എത്തുന്നവരില്‍ ഏറെയും. ആതിര ഹെയര്‍ടോണ്‍ കൂടാതെ രാമച്ചം സ്‌ക്രബ്ബര്‍, രാമച്ചം ദാഹശമനി, ഇഞ്ച സ്‌ക്രബ്ബര്‍, ബ്രഹ്‌മി ഓയില്‍, ബ്രഹ്‌മി ജാം, ബ്രഹ്‌മി സിറപ്പ്‌, ബ്രഹ്‌മി ന്യൂട്രീഷ്യസ്‌ ഫുഡ്‌, ഔഷധ പച്ചിലക്കൂട്ട്‌, ആടലോടകക്കൂട്ട്‌, താളിപ്പൊടി, ഫേസ്‌പായ്‌ക്ക്, സ്‌നാന ചൂര്‍ണം, രാമച്ച ചൂര്‍ണം, നെല്ലിക്കാപ്പൊടി എന്നിവയും ഞങ്ങളുടെ യൂണിറ്റ്‌ ഉണ്ടാക്കുന്നുണ്ട്‌. ഓരോ മേളയിലും പങ്കെടുക്കുന്ന അവസരങ്ങളില്‍ ആളുകള്‍ ഈ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വരും''
ബിന്ദു പറയുന്നു.
പ്രാവച്ചമ്പലത്തെ അരിക്കടമുക്കിലാണ്‌ ബിന്ദുവിന്റെ ഐശ്വര്യ കുടുംബശ്രീ യൂണിറ്റ്‌. ഒരു മാസം എഴുപതിനായിരം രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തില്‍ ബിന്ദുവിന്റെ സംരംഭം വളര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ സപ്‌ളൈകോയുടെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ എട്ടു ഡിപ്പോകളില്‍ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിന്റെ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന്‌ അനുമതി ലഭിച്ചത്‌ വലിയ നേട്ടമാണ്‌. എല്ലാ ചെലവുകളും കഴിച്ച്‌ ഇരുപത്തയ്യായിരം രൂപയ്‌ക്കു മുകളില്‍ സപ്‌ളൈകോയില്‍ നിന്നു മാത്രം വരുമാനം നേടാന്‍ ഈ യൂണിറ്റിനു കഴിയുന്നുണ്ട്‌. പുറത്തും ഉല്‍പന്നങ്ങള്‍ മികച്ച രീതിയില്‍ വിറ്റഴിയുന്നു ബ്രഹ്‌മി ജാം, ബ്രഹ്‌മി സിറപ്പ്‌, ബ്രഹ്‌മി ന്യൂട്രീഷ്യസ്‌ ഫുഡ്‌ എന്നിവ വില്‍ക്കുന്നതിനുള്ള ലൈസന്‍സും ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു.
കുടുംബശ്രീ ഐശ്വര്യ വിപണന കേന്ദ്രം ആരംഭിക്കുന്നതിന്‌ രണ്ടര ലക്ഷം രൂപയായിരുന്നു ലോണ്‍. ഇതില്‍ 1,70,000 രൂപ വായ്‌പയും 80,000 രൂപ പഞ്ചായത്തിന്റെ പ്‌ളാന്‍ ഫണ്ടില്‍ നിന്നും ലഭിച്ച സബ്‌സിഡിയുമാണ്‌. ഐശ്വര്യ കുടുംബശ്രീ യൂണിറ്റില്‍ ഇപ്പോള്‍ അഞ്ച്‌ പേരാണുള്ളത്‌. ഇതില്‍ മൂന്നു പേര്‍ മരുന്നുണ്ടാക്കാന്‍ ബിന്ദുവിനെ സഹായിക്കും. ഈ മൂന്നു പേര്‍ക്കും മാസം ആറായിരം രൂപ വീതം നല്‍കുന്നുണ്ട്‌. ഓണം, ക്രിസ്സ്‌മസ്സ്‌ അവസരങ്ങളില്‍ ഒരു ലക്ഷം രൂപ വരെയാണ്‌ വില്‍പന നടക്കുന്നത്‌.

മികവിന്‌ അംഗീകാരങ്ങളും

തൊഴില്‍ മേഖലയില്‍ ആത്മാര്‍ത്ഥമായി മുന്നേറിയപ്പോള്‍ മികച്ച സംരംഭകയ്‌ക്കുളള നിരവധി അംഗീകാരങ്ങള്‍ ബിന്ദുവിനെ തേടിയെത്തി. 2014 ല്‍ ഡല്‍ഹിയില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേമ്പേഴ്‌സ് കൊമേഴ്‌സ് ഇന്‍ഡസ്‌ട്രി രാജ്യത്തെ മികച്ച വനിതാ സംരംഭകരെ കണ്ടെത്തിയപ്പോള്‍ പത്തു പേരില്‍ ഒരാള്‍ ബിന്ദുവായിരുന്നു. അന്നു തന്നെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇവര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലും ബിന്ദുവിന്‌ പങ്കെടുക്കാന്‍ കഴിഞ്ഞു. കൂടാതെ 2012ല്‍ കോഴിക്കോട്‌ നടന്ന തന്റേടം ജെന്‍ഡര്‍ ഫെസ്‌റ്റില്‍ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച മൈക്രോ സംരംഭത്തിനുള്ള സംസ്‌ഥാനതല അവാര്‍ഡും ബിന്ദുവിനെ തേടിയെത്തിയിരുന്നു. സംരംഭം വിജയിച്ചതോടെ വാച്ചിന്റെ സെയില്‍സും റിപ്പയറിംഗും നടത്തിയിരുന്ന ഭര്‍ത്താവ്‌ പ്രഫുല്ലകുമാറും ഇപ്പോള്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ ബിന്ദുവിനൊപ്പം മുഴുവന്‍ സമയവും ഉണ്ട്‌. കൂടാതെ ബി.ബി.എ വിദ്യാര്‍ത്ഥിയായ അഖിലും പ്‌ളസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയായ ആതിരയും അമ്മയുടെ സംരംഭത്തെ സഹായിക്കാന്‍ കൂടെയുണ്ട്‌. അഖില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ തിരഞ്ഞെടുത്തതു തന്നെ ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്‌.

പ്രത്യാശയോടെ മുന്നോട്ട്‌

കഷ്‌ടപ്പാടുകളുടെ കാറൊഴിഞ്ഞപ്പോള്‍ ഇന്ന്‌ ബിന്ദുവിന്റെ ജീവിതത്തില്‍ പ്രതീക്ഷകളുടെ വെളിച്ചം മാത്രം. ഇതിന്‌ തന്നെ സഹായിച്ചത്‌ കുടുംബശ്രീയും മൈക്രോ കണ്‍സള്‍ട്ടന്റന്റുമാരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണെന്ന്‌ ബിന്ദു പറയുന്നു.
''സാമ്പത്തിക കാര്യത്തില്‍ സമൂഹത്തിന്റെ താഴേത്തട്ടിലായിരുന്നു എന്റെ ജീവിതം. കുടുംബശ്രീയിലൂടെ ഈ സംരംഭം തുടങ്ങാന്‍ കഴിഞ്ഞതില്‍ പിന്നെ ദാരിദ്ര്യം എന്താണെന്ന്‌ ഞങ്ങള്‍ അറിഞ്ഞിട്ടേയില്ല. ഇപ്പോള്‍ വാടക വീട്ടിലാണ്‌ താമസിക്കുന്നത്‌. ഒരു ചിട്ടിയുണ്ട്‌. ഈ വര്‍ഷം തന്നെ ഒരു വീട്‌ വയ്‌ക്കണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. വ്യവസായ വകുപ്പില്‍ നിന്നും പത്തു ലക്ഷം രൂപയുടെ ലോണ്‍ കിട്ടിയാല്‍ പുതിയൊരു കെട്ടിടമുണ്ടാക്കി യൂണിററ്‌ കുറച്ചു കൂടി വിപുലീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. ദൈവം അനുഗ്രഹിച്ചാല്‍ അതും സാധിക്കുമെന്നാണ്‌ പ്രതീക്ഷ''
ഇതു പറയുമ്പോള്‍ ബിന്ദുവിന്റെ കണ്ണുകളില്‍ പ്രത്യാശയുടെ പൊന്‍വെളിച്ചം.

Ads by Google
Sunday 11 Mar 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW