Saturday, March 23, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 12.34 AM

ജയസൂര്യയ്‌ക്ക് ഹാട്രിക്‌

uploads/news/2018/03/199224/s4.jpg

തുടരെതുടരെ മൂന്ന്‌ സിനിമകള്‍ തിയേറ്ററില്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ്‌ നടന്‍ ജയസൂര്യ. ഫുട്‌ബോള്‍ താരം വി.പി. സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്‌റ്റനും, ഷാജി പാപ്പന്റെ തമാശകള്‍ നിറഞ്ഞ ആട്‌ രണ്ടും, സാമൂഹിക വിമര്‍ശനത്തിന്റെ കരുത്തില്‍ ജോയി താക്കോല്‍ക്കാരന്റെ മുഴുനീള ജീവിത പോരാട്ടത്തില്‍ അണിഞ്ഞൊരുങ്ങിയ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡും ജയസൂര്യ എന്ന നടന്റെ വ്യത്യസ്‌തമായ രൂപ-ഭാവ പരിണാമങ്ങളിലൂടെയാണ്‌ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്‌. കഠിനാധ്വാനംകൊണ്ട്‌ അഭിനയത്തിന്റെ ഗ്രാഫ്‌ വളരെ ഉയരത്തിലേക്ക്‌ കുതിക്കുന്ന സമയമാണ്‌ ജയസൂര്യയ്‌ക്കിപ്പോള്‍. കഥാപാത്ര പരിപൂര്‍ണതയ്‌ക്കായി ഏതറ്റവും പോകാന്‍ തയാറായ ഈ നടന്‍ വളരെ ശ്രദ്ധേയോടെയാണ്‌ ഇപ്പോള്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌. മറ്റു നടന്മാരില്‍നിന്നും വ്യത്യസ്‌തമായി അഭിനയത്തിലെ സ്വാഭാവികതയാണ്‌ ജയസൂര്യയ്‌ക്ക് മുതല്‍ക്കൂട്ടാകുന്നത്‌. ഹാട്രിക്‌ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകര്‍ ജയസൂര്യയുടെ അഭിനയത്തെ വിലയിരുത്തുന്നു.

സത്യനായി ജയസൂര്യ ഞെട്ടിച്ചു: പ്രജേഷ്‌ സെന്‍

സിദ്ദിഖ്‌ സാറിന്റെ അസിസ്‌റ്റന്റായി ഫുക്രിയില്‍ പ്രവര്‍ത്തിച്ച കാലത്താണ്‌ ഞാന്‍ ജയസൂര്യ എന്ന നടനെ പരിചയപ്പെടുന്നത്‌. അവിടെ വച്ചാണ്‌ ക്യാപ്‌റ്റനെക്കുറിച്ചും, സത്യേട്ടനെക്കുറിച്ചും അദ്ദേഹത്തോട്‌ പറയുന്നത്‌. സബ്‌ജക്‌ട് കേട്ടയുടനെ ജയസൂര്യയ്‌ക്ക് ഇഷ്‌ടമായി. പിന്നീട്‌ തിരക്കഥയുടെ രണ്ടു സീക്വന്‍സുകള്‍ ഞാന്‍ അദ്ദേഹത്തിനു വായിക്കാന്‍ നല്‍കി. സത്യേട്ടനെക്കുറിച്ച്‌ കഥ പറയുന്ന സമയത്ത്‌ ജയസൂര്യയ്‌ക്ക് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളി ദൂരേ നിന്നുകണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടാണ്‌ അദ്ദേഹം സത്യനെക്കുറിച്ച്‌ പഠിച്ച്‌ തുടങ്ങിയത്‌. സത്യേട്ടന്റെ ഒരുപാടു കൂട്ടുകാരെ അദ്ദേഹം നേരില്‍ പോയി കണ്ടു. സി.സി. ജേക്കബ്‌ അടക്കമുള്ള കോച്ചുമാരുമായി സംസാരിച്ചു. അവരില്‍ നിന്നു സത്യേട്ടനെക്കുറിച്ചുള്ള അറിവുകള്‍ ശേഖരിച്ചു. കഥാപാത്രമാകാന്‍ മൂന്നുമാസം ഫുട്‌ബോള്‍ പരിശീലിച്ചു. സത്യേട്ടന്റെ കളിക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. എതിര്‍ കളിക്കാരന്റെ കണ്ണുകളിലൂടെ നോക്കിയാണ്‌ സത്യേട്ടന്‍ ഓരോ മൂവ്‌മെന്റുകള്‍ മനസിലാക്കുന്നത്‌. അത്തരം ബോഡി മൂവ്‌മെന്റുകളെല്ലാം ജയസൂര്യ പഠിച്ചെടുത്തു.
കഥാപാത്രമാകാന്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കുന്ന നടനാണ്‌ ജയസൂര്യ. വളരെ ഫ്‌ളെക്‌സിബിളായ നടന്‍. ഓരോ സീനിലും വളരെയേറെ ചോദ്യങ്ങള്‍ ചോദിച്ചാണ്‌ ജയസൂര്യ അഭിനയിക്കുന്നത്‌. സംശയങ്ങള്‍ക്ക്‌ എപ്പോഴും ഉത്തരം കണ്ടെത്തും. ക്യാപ്‌റ്റനിലെ കഥാപാത്രം ജീവിച്ചിരുന്ന വ്യക്‌തിയാണ്‌. അതുകൊണ്ട്‌ തന്നെ ആര്‍ട്ടിസ്‌റ്റിന്‌ മറ്റു സിനിമകളിലേതുപോലെ അഭിനയത്തിനു സ്വാന്തന്ത്ര്യം കുറവാണ്‌. ഈ സിനിമയുടെ തിരക്കഥ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതി തുടങ്ങുന്ന കാലത്ത്‌ എനിക്ക്‌ ജയസൂര്യയെ പരിചയമില്ല. ഇപ്പോള്‍ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ സത്യേട്ടന്റെ മുഖഭാവം പോലും ജയസൂര്യയ്‌ക്കുണ്ടെന്നാണ്‌ എല്ലാവരും പറയുന്നത്‌. ഈ സിനിമയില്‍ ജയസൂര്യയെ കാണാന്‍ പറ്റുന്നില്ല, സത്യേട്ടനെയാണ്‌ കാണാന്‍ പറ്റുന്നതെന്ന്‌ എല്ലാവരും പറയുമ്പോള്‍ അഭിമാനമുണ്ട്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കഥാപാത്രമാകാന്‍ എത്ര പണിയെടുക്കാനും തയാറുള്ള നടനാണ്‌ ജയസൂര്യ.

വിജയത്തിന്‌ പിന്നില്‍ 'ഹോംവര്‍ക്ക്‌ ': മിഥുന്‍ മാനുവല്‍

ഒരു ഷോര്‍ട്ട്‌ ഫിലിമായി ചെയ്ാനിരയുന്നതാണ്‌ ആട്‌. അതുപിന്നെ യാദൃശ്‌ചികതകളിലൂടെ സഞ്ചരിച്ച്‌ സിനിമയായി മാറുകയായിരുന്നു. ഞാന്‍ മനസില്‍ കണ്ട ഷാജി പാപ്പന്റെ ലുക്കുള്ളത്‌ ജയസൂര്യയ്‌ക്കായിരുന്നു. കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനത്‌ ഇഷ്‌ടമായി. പരാജയപ്പെട്ട ഒരു കര്‍ഷകനാണ്‌ ഷാജിപാപ്പന്‍. വടംവലി ഹരമായി കൊണ്ടുനടക്കുന്നയാള്‍. എപ്പോഴും മുറുക്കുന്ന ഒരു ശുദ്ധന്‍. ഇതാണ്‌ ഷാജിപാപ്പന്റെ മാനറിസങ്ങളെ കുറിച്ച്‌ ജയസൂര്യയോട്‌ പറഞ്ഞത്‌. എന്നാല്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹം സംവിധായകനും തിരക്കഥയ്‌ക്കും അപ്പുറത്തേക്ക്‌ സ്വന്തം കഠിനാധ്വാനത്തിലൂടെ ഷാജിപാപ്പനെ മാറ്റിയെടുക്കുകയായിരുന്നു. അതുതന്നെയാണ്‌ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയവും. കഥാപാത്രമാകാനായി ജയസൂര്യ വളരെയേറെ ഹോംവര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. വളരെ സീരിയസായി മണ്ടത്തരം പറയുന്നയാളാണ്‌ ഷാജി പാപ്പന്റെ കഥാപാത്രം. അതൊന്ന്‌ പാളിയാല്‍ ജനം കൂവുന്ന അവസ്‌ഥയുണ്ടാകും. പക്ഷേ, അതെല്ലാം ജയസൂര്യ കൈയൊതുക്കത്തോടെ ചെയ്‌തു. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാനുള്ള മനസുണ്ട്‌ ജയസൂര്യയ്‌ക്ക്. ജയസൂര്യയുമായുള്ള സിനിമ ഒരു സംവിധായകനെന്ന നിലയില്‍ എനിക്കും നല്ല പഠനാനുഭവമായിരുന്നു. തിരക്കഥ വായിച്ച്‌ വളരെ പ്രയോജനകരമായ നിര്‍ദേശങ്ങളും ജയസൂര്യ തന്നിട്ടുണ്ട്‌. ഇപ്പോള്‍ 'ആടി'ന്റെ കാര്യം പറഞ്ഞാല്‍ ഒന്നാം ഭാഗം തിയേറ്ററില്‍ പരാജയപ്പെട്ടതാണ്‌. പക്ഷേ, സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമയ്‌ക്ക് നല്ല സ്വീകാര്യതയാണ്‌ കിട്ടിയത്‌. ആ ഒരു ധൈര്യമാണ്‌ ആടിന്റെ രണ്ടിലേക്ക്‌ ഞങ്ങളെ നയിച്ചത്‌. ഇപ്പോള്‍ പ്രേക്ഷകര്‍ ആടിന്റെ 3-ാം ഭാഗത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഷാജി പാപ്പനോടുള്ള ഇഷ്‌ടംകൊണ്ടാണ്‌. പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഇനിയും ഷാജി പാപ്പന്‍ വരും. പക്ഷേ, എന്നു വരുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ല. മികച്ച കഥയ്‌ക്കായി ഞാന്‍ കാത്തിരിക്കുകയാണ്‌. ഒപ്പം ജയസൂര്യയ്‌ക്ക് ഒപ്പം സിനിമചെയ്യണമെന്ന ആഗ്രഹവുമുണ്ട്‌.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന താരം: രഞ്‌ജിത്ത്‌ ശങ്കര്‍

ജയസൂര്യയുമായി പുണ്യാളന്റെ ഒന്നാംഭാഗമാണ്‌ ഞാന്‍ ആദ്യം ചെയ്യുന്ന സിനിമ. സത്യത്തില്‍ ഞാന്‍ അപ്പോള്‍ മറ്റൊരു സിനിമ ചെയ്യാനിരുന്നതാണ്‌. അതിന്റെ ആലോചനകള്‍ നടക്കുന്ന സമയത്താണ്‌ ഞാന്‍ തൃശൂര്‍പൂരം കാണാന്‍ പോകുന്നത്‌. ആ കാഴ്‌ച്ചകള്‍ക്കിടയിലാണ്‌ തൃശൂരിന്റെ പശ്‌ചാത്തലത്തില്‍ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മനസിലേക്ക്‌ വരുന്നത്‌. സാധാരണ തൃശൂര്‍ പശ്‌ചാത്തലമായി വരുന്ന സിനിമയില്‍നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു സിനിമയാണ്‌ ആഗ്രഹിച്ചത്‌. അങ്ങനെയിരിക്കെ യാദൃശ്‌ചികമായി ജയസൂര്യയുടെ ഒരു ഇന്റര്‍വ്യൂ കാണാനിടയായി. ആ ഇന്റര്‍വ്യൂവില്‍ നല്ലൊരു കഥയ്‌ക്കായി ജയസൂര്യ കാത്തിരിക്കുകയാണെന്നു പറയുന്നത്‌ കേട്ടു. എന്റെ മനസില്‍ അപ്പോള്‍ ചെറിയൊരു ത്രഡ്‌ മാത്രമാണുണ്ടായിരുന്നത്‌. ഒരു കഥയുണ്ടെന്നു പറഞ്ഞു ജയസൂര്യയ്‌ക്കു ഞാന്‍ ഒരു മെസേജ്‌ അയച്ചു. ഉടന്‍ ജയസൂര്യയുടെ വിളിവന്നു. നാളെ തന്നെ കാണാമെന്നായിരുന്നു ജയന്റെ അഭിപ്രായം. ഞാനാകെ ടെന്‍ഷനിലായി. മനസിലെ കഥയ്‌ക്കാണെങ്കില്‍ പൂര്‍ണരൂപവുമായിട്ടില്ല. കുറച്ച്‌ ദിവസം കഴിയട്ടെയെന്നു ഞാന്‍ പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല.ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കുന്ന ത്രഡ്‌ ഞാന്‍ വികസിപ്പിച്ചെടുത്ത്‌ പിറ്റേന്നു ജയസൂര്യയെ കാണാന്‍ ചെന്നു. കഥ ഇഷ്‌ടമായതോടെ ഒരുമിച്ച്‌ നിര്‍മിക്കാമെന്നും തീരുമാനിച്ചു. അപ്പോഴാണ്‌ സിനിമയുടെ പേര്‌ ആലോചിക്കുന്നത്‌. ഞാനാണ്‌ പുണ്യാളനെന്നു പറഞ്ഞത്‌. ജയസൂര്യയാണ്‌ അഗര്‍ബത്തീസ്‌ എന്ന ബാക്കി പറഞ്ഞത്‌. നായക കഥാപാത്രമായ ജോയി താക്കോല്‍കാരനെന്ന പേരും ഇങ്ങനെ തന്നെയാണ്‌ കണ്ടെത്തിയത്‌. പേര്‌ കണ്ടെത്താന്‍ ഒരു ദിവസം ജയസൂര്യ എനിക്കൊപ്പം ചെലവഴിച്ചു. മറ്റ്‌ ഏതു നടന്‍ ഇങ്ങനെ ചെയ്യും. ആ സൗഹൃദം പിന്നെ വളര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ അഞ്ചാമത്തെ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌.
ജയസൂര്യയുടെ അഭിനയത്തിന്റെ വളര്‍ച്ചയെക്കുറിച്ചു പറഞ്ഞാല്‍ അത്‌ ഒരു താരമെന്ന നിലയിലല്ല. വ്യക്‌തിപരമായ, മാനസികമായ, ആത്മീയമായ വളര്‍ച്ചയുടെ അടയാളമാണ്‌ ഇന്നുകാണുന്ന വളര്‍ച്ച. അത്‌ അഭിനയത്തിലും പ്രതിഫലിക്കുന്നുവെന്നുമാത്രം. ഇപ്പോഴും എറണാകുളത്തെ മാളുകളിലൂടെ ഒരു സാധാരണക്കാരനായി ജയസൂര്യ ചെല്ലാറുണ്ട്‌. തൃപ്പൂണിത്തുറയിലെ അമ്പലത്തിലെ ഏതു ഉത്സവതിരക്കിലും ഒരു നാട്ടുകാരനായി ജയസൂര്യ എത്തും. അമ്പലപറമ്പില്‍ ആവേശത്തോടെ ഫോട്ടോയെടുത്ത്‌ നടക്കും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന നടനാണ്‌ ജയസൂര്യ.

എം.എ. ബൈജു

Ads by Google
Sunday 11 Mar 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW