Wednesday, June 20, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.47 AM

രാഷ്‌ട്രീയ സമ്മര്‍ദം: പുഴ-കായല്‍ പുറമ്പോക്ക്‌ കൈയേറ്റങ്ങള്‍ നിയമവിധേയമാക്കുന്നു

uploads/news/2018/03/199926/k1.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആയിരക്കണക്കിന്‌ പുഴ, കായല്‍ പുറമ്പോക്ക്‌ കൈയേറ്റങ്ങള്‍ നിയമവിധേയമാക്കുന്നു. രാഷ്‌ട്രീയ പരിഗണനയുടെ അടിസ്‌ഥാനത്തില്‍ കൈയേറ്റ ഭൂമി പതിച്ചു നല്‍കാനാണു നീക്കം. ഹൈക്കോടതി വിധി അട്ടിമറിച്ചാണ്‌ സര്‍ക്കാരിന്റെ നീക്കം. വര്‍ഷങ്ങളായി താമസിക്കുന്നുന്നുവെന്ന പേരിലാണ്‌ പട്ടയം നല്‍കുന്നുത്‌. റവന്യൂ വകുപ്പ്‌ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കു മുന്‍ഗണന നല്‍കുന്ന തരത്തിലാണ്‌ പുറമ്പോക്കു പതിച്ചു നല്‍കുന്നത്‌.
സംസ്‌ഥാന വ്യാപകമായി പതിനായിരക്കണക്കിന്‌ ആളുകളാണ്‌ പുഴ, തോട്‌, കായല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നത്‌. എന്നാല്‍ അനധികൃത കൈയേറ്റമായതിനാല്‍ ഇവര്‍ക്കു പട്ടയം നല്‍കിയിട്ടില്ല. പുഴകള്‍ കൈയേറിയിട്ടുണ്ടെങ്കില്‍ അത്‌ പൂര്‍വസ്‌ഥിതിയിലാക്കണമെന്നാണു ഹരിത ട്രിബ്യൂണലിന്റെയും മറ്റു കോടതികളുടെയും ഉത്തരവ്‌. പുഴകളുടെ വീതി കുറയുന്നതിനും പുഴകള്‍ നശിക്കുന്നതിനും കൈയേറ്റം കാരണമാകുന്നുണ്ട്‌. എന്നാല്‍ കോടതി ഉത്തരവുകളെല്ലാം മറികടന്നാണു പുഴ പുറമ്പോക്ക്‌ പതിച്ചുനല്‍കാന്‍ റവന്യൂ വകുപ്പ്‌ തീരുമാനിച്ചത്‌. 2015 ഒക്‌ടോബര്‍ ഒന്നിന്‌ പുറത്തിറക്കിയ പ്രത്യേക സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ്‌ ഈ നീക്കം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ എറണാകുളത്തെ ചിലവന്നൂര്‍ പുഴയുടെ തീരത്ത്‌ താമസിക്കുന്ന 48 പേര്‍ക്ക്‌ മാത്രമായി ഭൂമി പതിച്ചു നല്‍കാനാണ്‌ ഈ ഉത്തരവിറക്കിയത്‌.
പുഴ, തോട്‌, കായല്‍ എന്നിവയുടെ പുറമ്പോക്ക്‌ പതിച്ചു നല്‍കാന്‍ കഴിയില്ലെന്ന്‌ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പുറമ്പോക്ക്‌ പതിച്ചു നല്‍കാമെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശപ്രകാരമായിരുന്നു സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്‌. ഈ ഉത്തരവ്‌ അടിസ്‌ഥാനമാക്കി പുറമ്പോക്ക്‌ കൈയേറ്റം നിയമവിധേയമാക്കാനാണ്‌ നീക്കം. കാസര്‍ഗോഡ്‌ മുതല്‍ പാറശാല വരെ 62 സ്‌ഥലങ്ങളിലാണ്‌ ഇത്തരത്തില്‍ പുഴ പുറമ്പോക്കുകള്‍ ആദ്യഘട്ടത്തില്‍ പതിച്ചുനല്‍കുന്നത്‌. എറണാകുളത്തെ കോണ്ടുരുത്തി പുഴയുടെ പുറമ്പോക്ക്‌ പതിച്ചുനല്‍കാനുള്ള നീക്കം നേരത്തെ കോടതി തടഞ്ഞിരുന്നു. കൈയേറ്റം ഒഴിപ്പിച്ച്‌ കോണ്ടുരുത്തിപുഴ പൂര്‍വസ്‌ഥിതിയിലാക്കണമെന്നാണ്‌ ഹൈക്കോടതി വിധി. അതിനാല്‍ കോണ്ടുരുത്തി പുഴ ഒഴിവാക്കി അതിന്റെ കൈവഴികളായിട്ടുള്ള ആലപ്പുഴയിലേയും തൃശൂരിലേയും പുഴകളുടെ പുറമ്പോക്കും പതിച്ചുകൊടുക്കാനാണ്‌ ശ്രമം.
നിലവിലുള്ള ഭൂമി പതിവ്‌ നിയമങ്ങളും ചട്ടങ്ങളും പ്രകാരം പുഴ പുറമ്പോക്ക്‌ ഭൂമി പതിച്ചുനല്‍കാന്‍ കഴിയില്ല. കേരള പഞ്ചായത്ത്‌ രാജ്‌ നിയമപ്രകാരം പുഴ പുറമ്പോക്ക്‌ ബന്ധപ്പെട്ട തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ നിക്ഷിപ്‌തമാണ്‌. ഭൂമി പതിച്ചു നല്‍കാനും തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്‌. എന്നാല്‍ തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ നിന്നും ഇതു ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്‌ റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍.
തോട്‌, പുഴ, പുറമ്പോക്കുകളുടെ ഭരണം പഞ്ചായത്തില്‍ നിന്നും ഏറ്റെടുക്കാന്‍ പഞ്ചായത്ത്‌ രാജ്‌ ആക്‌ട്‌ 218/3 വകുപ്പ്‌ പ്രകാരം സര്‍ക്കാരിന്‌ അധികാരമുണ്ട്‌. ഇതുപയോഗിച്ച്‌ പുറമ്പോക്ക്‌ ഭൂമി പതിച്ചു നല്‍കാനാണ്‌ നീക്കം നടക്കുന്നത്‌. ചില എം.എല്‍.എമാര്‍ ഇക്കാര്യം ഉന്നയിച്ച്‌ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‌ നിവേദനം നല്‍കിയിരുന്നു. പിന്നാലെ സി.പി.ഐയും ഈ ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തി.
തുടക്കത്തില്‍ റവന്യുമന്ത്രി ഈ നീക്കത്തിന്‌ അനുകൂലമായിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി തന്നെ നേരിട്ട്‌ രംഗത്തിറങ്ങിയതോടെ വഴങ്ങാതെ മറ്റു മാര്‍ഗമില്ലെന്ന സ്‌ഥിതിയിലായി. പുറമ്പോക്ക്‌ കൈയേറിയിട്ടുള്ളവര്‍ സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ വഴിയാണ്‌ അപേക്ഷ നല്‍കിയിട്ടുള്ളത്‌. സി.പി.ഐക്കാരാണെങ്കില്‍ മുന്‍ഗണന ലഭിക്കുമെന്നാണു സുചന.
അപേക്ഷകളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതതലത്തില്‍ നിന്നുതന്നെ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കൈയേറ്റത്തിനെതിരേയും പരിസ്‌ഥിതിസംരക്ഷണത്തിനും വേണ്ടി വാദിക്കുന്ന പാര്‍ട്ടി പുഴ പുറമ്പോക്കുകള്‍ പതിച്ചുകൊടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനെതിരേ സി.പി.ഐയില്‍തന്നെ അതൃപ്‌തിയുണ്ട്‌.

വി.എ. ഗിരീഷ്‌

Ads by Google
Tuesday 13 Mar 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW