Monday, September 24, 2018 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.47 AM

പടയാളികളായി; ചെങ്ങന്നൂര്‍ പോരാട്ടച്ചൂടില്‍

uploads/news/2018/03/199927/k2.jpg

ആലപ്പുഴ/ചെങ്ങന്നൂര്‍: അഭ്യുഹങ്ങള്‍ക്കു വിരാമമിട്ട്‌ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന മുന്നണികള്‍ക്ക സ്‌ഥാനാര്‍ഥികളായി. എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ നേതൃത്വങ്ങള്‍ ഇന്നലെ സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടെ വിജ്‌ഞാപനമാകും മുമ്പ്‌ തന്നെ തെരഞ്ഞെടുപ്പ്‌ ഗോദ ഉണര്‍ന്നു. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും പി.എസ്‌ ശ്രീധരന്‍ പിള്ളയാകും എന്‍.ഡി.എ സ്‌ഥാനാര്‍ഥിയെന്നു ബി.ജെ.പി നേതൃത്വം നേരത്തെ വ്യക്‌തമാക്കിയിരുന്നു. സി.പി.എം ജില്ലാസെക്രട്ടറി സജി ചെറിയാനാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഡി.വിജയകുമാറാണ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി.

ചെങ്ങന്നൂരില്‍ ചേര്‍ന്ന പ്രത്യേക ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ സജി ചെറിയാന്റെ സ്‌ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.
ഡല്‍ഹി എ.ഐ.സി.സി ആസ്‌ഥാനത്ത്‌ നടന്ന ഹൈക്കമാന്‍ഡ്‌ യോഗത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡി.വിജയകുമാറിന്റെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം നടത്തി. പി.എസ്‌.ശ്രീധരന്‍പിള്ളയുടെ സ്‌ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.

എസ്‌.എഫ്‌.ഐയിലൂടെയാണ്‌ സജി ചെറിയാന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, സിന്‍ഡിക്കേറ്റ്‌ അംഗം, എസ്‌.എഫ്‌.ഐ സംസ്‌ഥാന കമ്മിറ്റി അംഗം. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന കമ്മിറ്റി അംഗം, സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്‌. ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍കൂടിയാണ്‌.

കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസര്‍ ടി.ടി.ചെറിയാന്റെയും റിട്ട.ഹെഡ്‌മിസ്‌ട്രസ്‌ ശോശാമ്മയുടെയും മകനാണ്‌. ഭാര്യ ക്രിസ്‌റ്റീന. ഡോ. നിത്യ എസ്‌.ചെറിയാന്‍, ഡോ. ദൃശ്യാ എസ്‌.ചെറിയാന്‍, തൃശൂര്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ്‌ടു വിദ്യാര്‍ഥിനി ശ്രവ്യ എസ്‌.ചെറിയാന്‍ എന്നിവര്‍ മക്കളാണ്‌. അലന്‍ കണ്ണാട്ട്‌ മരുമകനാണ്‌. 2011 ല്‍ ചെങ്ങന്നൂരില്‍ പി.സി. വിഷ്‌ണുനാഥിനോട്‌ പരാജയപ്പെട്ടിരുന്നു.

ചെങ്ങന്നൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനായ ഡി.വിജയകുമാര്‍ കെ.എസ്‌.യുവിലൂടെയാണ്‌ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. തുടര്‍ന്ന്‌ യൂത്ത്‌ കോണ്‍ഗ്രസില്‍. 1977 ല്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായി. ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ്‌, ആലപ്പുഴ സഹകരണ സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം, അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌, ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചെങ്ങന്നൂര്‍ പുലിയൂര്‍ കുളങ്ങരേത്ത്‌ പരേതരായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ കെ.എം.ദാമോദരന്‍പിള്ളയുടേയും വി.ജെ.സരോജിനി അമ്മയുടേയും മകനാണ്‌. രാധികയാണ്‌ ഭാര്യ. ജ്യോതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌. 1986ല്‍ മാവേലിക്കരയിലും തുടര്‍ന്ന്‌ ചെങ്ങന്നൂരിലും സ്‌ഥാനാര്‍ഥി പട്ടികകളില്‍ ഉള്‍പ്പെട്ടിരുന്നു. സീറ്റ്‌ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും അട്ടിമറി വിജയത്തിനായി എന്‍.ഡി.എയും പോരാട്ടത്തിനിറങ്ങുമ്പോള്‍ ചെങ്ങന്നൂരില്‍ മത്സരഫലം പ്രവചനാതീതമാകും.

Ads by Google
Tuesday 13 Mar 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW