Monday, June 17, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 02.39 PM

ജീവിതത്തിന്റെ മറുപുറം

ക്യാപ്റ്റന്‍ സിനിമയില്‍ നായിക അനിതയായെത്തിയ അനു സിതാരയും യഥാര്‍ഥ ജീവിതത്തിലെ അനിത സത്യനും....
uploads/news/2018/04/205508/Anithasatyan020418.jpg

ഫുട്‌ബോളിനെ പ്രണയിച്ച, അത് തന്റെ ജീവശ്വാസമായിക്കണ്ട വി. പി സത്യന്‍... ആ സത്യനെ പ്രാണനായിക്കണ്ട അനിത സത്യന്‍...
ആ ജീവിതത്തിലൂടെയുളള യാത്രയാണ് ജയസൂര്യയുടേയും പ്രജീഷിന്റെയും കൂട്ടുകെട്ടില്‍ പിറന്ന ക്യാപ്റ്റന്‍...
ക്യാപ്റ്റന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ അനിതയ്ക്ക് ജീവന്‍ പകര്‍ന്നത് അനു സിത്താരയാണ്.

സത്യന്റെ മറുപാതി അനിതയും അനു സിതാരയും കണ്ടുമുട്ടിയപ്പോള്‍... അവരോടൊപ്പം ക്യാപ്റ്റന്റെ സംവിധായകനും തിരക്കഥാകൃത്തുമായ പ്രജീഷ് സെനും.

അനിത: - സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്റെയുള്ളും വിങ്ങുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെക്കുറിച്ചും ഓര്‍ത്ത് കണ്ണുനിറഞ്ഞ് തുളുമ്പിയിരുന്നതുകൊണ്ട് ഒരു സീന്‍ പോലും മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി. പി സത്യനെന്ന വട്ടപ്പറമ്പത്ത് സത്യനെ ഈ സിനിമയിലൂടെ പുതുതലമുറയും അറിഞ്ഞു.

ഉള്ളില്‍ തീയുള്ളവനേ ജയിക്കാനാവൂ എന്ന വലിയ സത്യം ക്യാപ്റ്റന്‍ എന്ന സിനിമ നമ്മുടെയുള്ളില്‍ പകര്‍ന്നു നല്‍കുന്നുണ്ട്. സത്യേട്ടന്റെ പച്ചയായ ജീവിതം വരച്ചുകാട്ടുന്ന ക്യാപ്റ്റന്‍ ഒരു വലിയ പാഠം തന്നെയാണ്....

പ്രജീഷ്: - സിനിമ കാണാന്‍ കയറും മുന്‍പ് അനിത ചേച്ചി എന്നെ വിളിച്ചിരുന്നു. പക്ഷേ കണ്ടിറങ്ങിയ ശേഷം അഭിപ്രായം ഒന്നും പറഞ്ഞില്ല. ഞാന്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തുമില്ല. തിരിച്ച് ഒരു മെസേജ് മാത്രം അയച്ചു. സിനിമ എനിക്ക് ഇഷ്ടമായി ഞാന്‍ വിളിക്കാം. അത്രമാത്രം. ചിത്രം കണ്ടിട്ട് എല്ലാവരും പറയുന്നത് കണ്ണുനിറഞ്ഞു എന്നാണ്. തിയറ്റര്‍ വിട്ട് വീട്ടിലെത്തിയിട്ടും മനസില്‍ നിന്ന് പോകുന്നില്ലെങ്കില്‍ അത് ആ കഥാപാത്രത്തിന്റെ വിജയമാണ്.

uploads/news/2018/04/205508/Anithasatyan020418a.jpg
വി. പി സത്യന്‍

അനിത : - മരിക്കുന്നതുവരെ സത്യേട്ടന്‍ എത്ര വലിയ ആളായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി. വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നെങ്കിലും കുടുംബത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ആര്‍ക്കെങ്കിലും അസുഖങ്ങള്‍ വന്നാലൊക്കെ പിന്നെ ടെന്‍ഷനായിരിക്കും. എപ്പോഴും വീട്ടുകാരോടൊപ്പം ഇരിക്കാനാണ് ഇഷ്ടം.

ആ സ്നേഹം ഇപ്പോള്‍ ഓരോ സാഹചര്യങ്ങളിലൂടെ ഞങ്ങള്‍ അദ്ദേഹത്തിന് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. വീട്ടിലെത്തിക്കഴിഞ്ഞാല്‍ നല്ല അച്ഛനും ഭര്‍ത്താവും ആയിരുന്നു സത്യേട്ടന്‍. മകള്‍ ആതിരയ്ക്കായിരുന്നെങ്കിലും ജീവന്റെ ജീവനായിരുന്നു. ഭക്ഷണം വരെ അച്ഛന്‍ കൊടുത്താലേ അവള്‍ക്ക് തൃപ്തിയാകൂ.

അനു സിത്താര : - ആതിര സിനിമ കണ്ടിരുന്നോ?

അനിത: - അവള്‍ ഭര്‍ത്താവിനൊപ്പം ബംഗുളൂരുവിലാണ്. അവര്‍ സിനിമ മുഴുവന്‍ കണ്ടില്ല. പകുതിയായപ്പോള്‍ തിയറ്ററില്‍നിന്നിറങ്ങി. അത്രയ്ക്ക് സങ്കടമായിരുന്നു അവള്‍ക്ക്. സിനിമയെക്കുറിച്ച് ഞങ്ങള്‍ ത മ്മില്‍ ഒന്നും സംസാരിച്ചില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രജീഷ് മാധ്യമപ്രവര്‍ത്തകനായിരുന്ന സമയത്ത് എന്റെ അഭിമുഖം ചെയ്യാന്‍ വന്നിരുന്നു. അന്ന് സത്യേട്ടന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നൊക്കെ മാധ്യമങ്ങളടക്കം പറഞ്ഞിരുന്ന കാലമാണ്.

അതുകൊണ്ടുതന്നെ പ്രജീഷ് അഭിമുഖം എന്ന് പറഞ്ഞുവന്നപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു. അന്ന് പ്രജീഷ് പറഞ്ഞു ഞാന്‍ എഴുതാന്‍ പോകുന്നത് സത്യന്റെ ഭാര്യ അനിതയുടെ സത്യങ്ങളെക്കുറിച്ചാണെന്ന്. ദ ലാസ്റ്റ് വിസില്‍ എന്ന പേരില്‍ പ്രജീഷ് തയാറാക്കിയ ആ അഭിമുഖം ധാരാളം ആളുകള്‍ വായിക്കുകയും എന്നെ വിളിക്കുകയും ചെയ്തിരുന്നു. അതിലൂടെ കുറേപേരുടെ തെറ്റിധാരണമാറുകയും ചെയ്തു.

പ്രജീഷ് : - മാധ്യമപ്രവര്‍ത്തകനാവും മുന്‍പ് ഞാനൊരു നാടക പ്രവര്‍ത്തകനായിരുന്നു. അന്നും ഇന്നും സംവിധാനത്തിനോടാണ് താല്‍പര്യം. ആകാശവാണിയില്‍ ജോലികിട്ടിയ സമയത്ത് സിനിമാ മോഹമുണ്ടായിരുന്നെങ്കിലും അക്കാലത്ത് സിനിമ നമുക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തുള്ള ലോകമായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ക്യാപ്റ്റനിലൂടെ എന്റെ സിനിമാ മോഹം പൂവണിയുന്നത്.

അന്ന് ഞാന്‍ എഴുതിയ അഭിമുഖം വായിച്ച് കുറേ പേര്‍ സത്യേട്ടനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ചേച്ചിയുടെ കണ്ണിലൂടെ സത്യേട്ടനെന്ന മനുഷ്യനെ പരിചയപ്പെടുത്തുന്ന പുസ്തകം തയാറാക്കാമെന്ന് കരുതി. പക്ഷേ അതൊരു പുസ്തകത്തില്‍ നില്‍ക്കില്ലെന്നും പകരം സിനിമയാക്കണമെന്നും തോന്നി. സിദ്ദിക്ക് സാറാണ് എന്റെ ഗോഡ്ഫാദര്‍. ഒരു സംവിധായകനാവാനുള്ള ആത്മവിശ്വാസം എനിക്ക് തന്നത് അദ്ദേഹമാണ്.

അനിത: - ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് പ്രജീഷ് പറഞ്ഞിരുന്നെങ്കിലും പിന്നീട് കുറേ കാലത്തേക്ക് പ്രജീഷിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ജോലി രാജി വച്ചന്നൊക്കെ അറിഞ്ഞു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷമാണ് എന്റെയടുത്ത് വരുന്നത്.

സത്യേട്ടന്റെ മരണത്തെ സംബന്ധിച്ച് ചില തെറ്റിധാരണകള്‍ ഉണ്ടായിരുന്നു. അത്തരം തെറ്റിധാരണകള്‍ മാറണമെന്ന് തോന്നിയതുകൊണ്ടാണ് സിനിമ എന്ന ആശയത്തെ ഞാനും പ്രോത്സഹിപ്പിച്ചത്. ആളുകളിലേക്ക് കൂടുതല്‍ എത്തിപ്പെടുന്ന മാധ്യമമാണല്ലോ സിനിമ. ഇടയ്ക്കിടയ്ക്ക് ആത്മഹത്യാകുറിപ്പൊക്കെ എഴുതി വച്ച് സത്യേട്ടന്‍ വീട്ടില്‍നിന്നിറങ്ങി പോവാറുണ്ടായിരുന്നു.

uploads/news/2018/04/205508/Anithasatyan020418c.jpg
മകള്‍ ആതിരയോടൊപ്പം അനിത

ആത്മഹത്യാപ്രവണത ഉണ്ടായിരുന്നെങ്കിലും സത്യേട്ടന്‍ അതുചെയ്യില്ല എന്നെനിക്ക് അറിയാം. കാരണം എപ്പോഴും സത്യേട്ടന്‍ പറയാറുണ്ട് നിന്നെയും മോളെയും വിട്ടുപോവാന്‍ തോന്നാറില്ലെന്ന്. സിനിമയില്‍ കാണിക്കുന്നതുപോലെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച ഒരാളുടെ ശരീരമല്ല ഞാന്‍ ഒടുവില്‍ കണ്ടിരുന്നത്. പാന്റും ഷര്‍ട്ടും ഇട്ട് കിടക്കുന്നതായാണ് കണ്ടത്. മുതുകില്‍ മാത്രമേ ഒരു മുറിവ് ഉണ്ടായിരുന്നുള്ളൂ.

എനിക്ക് അറിയാവുന്ന എന്റെ സത്യേട്ടന്‍ ആത്മഹത്യ ചെയ്യില്ല. പക്ഷേ അന്ന് അത് കേള്‍ക്കാനാരും ഇല്ലായിരുന്നു. സത്യേട്ടന് ഡിപ്രഷന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കൗണ്‍സിലിംഗിനും പോയിട്ടുണ്ട്. കാലിന് നേരത്തെ വന്ന പരിക്കിന്റെ അസ്വസ്ഥത കൊണ്ട് വേദന അധികമായി കളിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഡിപ്രഷനിലേക്ക് വീണുപോയത്.

മുങ്ങാന്‍ പോകുന്ന കപ്പല്‍ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം. സത്യേട്ടനെ പിടിച്ചുവയ്ക്കരുത് സ്വതന്ത്രനായി വിടണം, ഒരുപാട് ടെന്‍ഷനൊന്നും കൊടുക്കരുത് എന്നൊക്കെ ഡോക്ടര്‍ പറഞ്ഞിരുന്നു. പോവുന്നിടത്തോളം കാലം അങ്ങനെ മുന്നോട്ട് പോവുക എന്നുതന്നെയായിരുന്നു വിചാരിച്ചിരുന്നത്.

പ്രജീഷ് : - സത്യേട്ടന്റെ കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോഴേ ജയസൂര്യയാണ് മനസിലേക്ക് വന്നത്. ഇക്കാര്യം അനിത ചേച്ചിയോട് പറഞ്ഞപ്പോള്‍ ചേച്ചിക്കും ആത്മവിശ്വാസമുണ്ടായിരുന്നു ജയസൂര്യ ഭംഗിയായി ചെയ്യുമെന്ന്. ചലനങ്ങളിലും ഭാവങ്ങളിലും സത്യേട്ടന്‍ തന്നെയായിരുന്നു ജയസൂര്യ എന്ന് പിന്നീട് തോന്നിയതായും പറഞ്ഞു.

അനിത : - ജയസൂര്യ വളരെ ഡെഡിക്കേഷനോടെ സിനിമയെ കാണുന്നയാളാണ്. സത്യേട്ടനെ നീതിപൂര്‍വ്വം അവതരിപ്പാന്‍ ജയന് കഴിഞ്ഞിട്ടുണ്ട്. ഫുക്രി യില്‍ ജയസൂര്യയും അനുവും ഒന്നിച്ചഭിനയിച്ചപ്പോഴുള്ള ചിത്രം കണ്ടിരുന്നു. ക്യാപ്റ്റനുവേണ്ടി നായികയെ തേടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓരോ നടിമാരുടേയും ചിത്രം പ്രജീഷ് അയച്ചുതരുമ്പോഴും അവസാനം ഞാന്‍ അനുവിലേക്ക് ചെന്നെത്തും. അനുവിന് എന്റെ മുഖഛായ ഉണ്ട്. അങ്ങനെയാണ് അനു ഈ സിനിമയില്‍ വരുന്നത്.

അനു സിത്താര: - കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നു. നമ്മുടെ കൂടെയുളള ഒരാളെ യഥാര്‍ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍. അവരുടെ നടപ്പ,് സംസാരം, കോസ്റ്റിയൂം ഇതിനെക്കുറിച്ചൊക്കെ ആലോചിച്ചപ്പോള്‍ വിഷമിച്ചുപോയി. ചേച്ചി സംസാരിക്കുന്നതൊക്കെ കുറേ നേരം നോക്കിയിരുന്നെങ്കിലും എനിക്ക് ചേച്ചിയെപ്പോലെയാകാന്‍ പറ്റുമെന്ന് തോന്നിയില്ല. പിന്നെ ഞാന്‍ ചേച്ചിയോടുതന്നെ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് ചോദിച്ചു. ധൈര്യമായി ചെയ്‌തോ ഞാന്‍ കൂടെയുണ്ടെന്നാണ് ചേച്ചി പറഞ്ഞത്. അതിനുശേഷം ഞാന്‍ ചേച്ചിയെ കാണാന്‍ പോയി. അപ്പോള്‍ അനിതേച്ചി ധരിച്ചിരുന്ന വസ്ത്രങ്ങളും പഴയ ഫോട്ടോകളും ഒക്കെ കാട്ടിത്തന്നു.

അനിത : - ഞാന്‍ എന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെല്ലണമെന്ന് അനുവിന് നിര്‍ബന്ധമായിരുന്നു. ചെന്നില്ലെങ്കില്‍ എന്നെ വിളിച്ചുവരുത്തുമായിരുന്നു.

uploads/news/2018/04/205508/Anithasatyan020418b.jpg

അനു സിതാര : - ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞുതന്ന് ഓരോ സീന്‍ കഴിയുമ്പോഴും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അഭിപ്രായം പറയുകയുമൊക്കെ ചെയ്തിരുന്നു. അതുപോലെ ജയേട്ടനും വളരെ സപ്പോര്‍ട്ടായിരുന്നു.

പ്രജീഷ് : - സത്യേട്ടന്റെ അമ്മ പറഞ്ഞത് ഇങ്ങനെയാണ് എന്റെ മകന്‍ കളിക്കാന്‍ പോയി ഓരോ നേട്ടങ്ങള്‍ കൊയ്തു എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ടം. എന്റെ മകന്‍ പോയിട്ട് പതിനൊന്ന് വര്‍ഷമായി ഇപ്പോഴും അവന്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നതുപോലെ തോന്നാറുണ്ട്്.
നമുക്കിടയില്‍ ജീവിച്ചുപോയ ഒരാളെക്കുറിച്ചൊരു സിനിമ ചെയ്യുന്നത് വളരെ റിസ്‌കുള്ള കാര്യമാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ ജീവിച്ചിരുപ്പുണ്ട് അവരോടും മരിച്ച ആളിനോടും പൂര്‍ണ്ണമായും നീതി പുലര്‍ത്താതെ അങ്ങനെയൊരു ചിത്രം ചെയ്യാനാവില്ല. സ്‌ക്രിപ്റ്റിനാണ് ഏറ്റവും സമയം വേണ്ടി വന്നത്. അനിത ചേച്ചി സത്യന്‍ സാറിന്റെ പേരില്‍ സത്യന്‍ സോക്കര്‍ സ്‌കൂള്‍ എന്നൊരു സ്‌കൂള്‍ നടത്തുന്നുണ്ട്.

അനിത : - സത്യേട്ടന്റെ പേര് എന്നും നിലനില്‍ക്കണം. വളര്‍ന്നുവരുന്ന തലമുറ അദ്ദേഹത്തെ മാതൃകയാക്കണം. അതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കൂള്‍ തുടങ്ങിയത്. ഞാനതിന്റെ പ്രസിഡന്റാണ്. തൃശൂരുള്ള സണ്ണിയെന്നയാളാണ് സെക്രട്ടറി...വളരെ സന്തോഷം തോന്നുന്ന സമയമാണിത്. സത്യേട്ടനെ അറിയാത്തവര്‍ കൂടി അറിഞ്ഞല്ലോ. പ്രജീഷിനും ജയസൂര്യയ്ക്കും അനുവിനും ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വളരെ നന്ദിയുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 02 Apr 2018 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW