Tuesday, March 19, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Apr 2018 12.12 AM

ഇന്ത്യയും ബൂട്ടുകെട്ടണം; ലോകകപ്പില്‍

uploads/news/2018/04/207854/3.jpg

വംഗനാട്ടില്‍ നടന്ന 72-ാമതു സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം മുത്തമിട്ട വാര്‍ത്ത കായികപ്രേമികള്‍ ഹര്‍ഷാരവങ്ങളോടെയാണു സ്വീകരിച്ചത്‌. ആതിഥേയരായ ബംഗാളിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച്‌ ആറാംവട്ടവും ജേതാക്കളായതോടെ കേരള ഫുട്‌ബോളിന്റെ ഉയിര്‍പ്പിനാണു സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌.

ഒപ്പം നാട്ടിലെ മൈതാനങ്ങള്‍ പുതുതലമുറയെ കാത്തിരിക്കുന്നെന്ന ഓര്‍മപ്പെടുത്തലും. ക്യാപ്‌റ്റന്‍ രാഹുല്‍ വി. രാജിന്റെ നേതൃത്വത്തില്‍ ഒത്തിണക്കമുള്ള സംഘത്തെയാണ്‌ കോച്ച്‌ സതീവന്‍ ബാലന്‍ പന്തുതട്ടാനൊരുക്കിയത്‌. സന്തോഷ്‌ ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ്‌ ഇത്തവണ പോരാട്ടത്തിനിറങ്ങിയത്‌. ടീമിന്റെ ശരാശരി പ്രായം 23 വയസായിരുന്നു. അവരില്‍ 13 പേര്‍ പുതുമുഖങ്ങളും.

ഓരോ കളിക്കും പരിശീലകന്‍ തയാറാക്കിയ പദ്ധതികള്‍ മൈതാനത്തു പ്രാവര്‍ത്തികമാക്കാന്‍ യുവതുര്‍ക്കികള്‍ക്കായി. എങ്കിലും വലകാത്ത മിഥുനാണു ടീമിലെ സൂപ്പര്‍താരമായത്‌. പ്രതിരോധക്കോട്ട പണിത ക്യാപ്‌റ്റന്‍ രാഹുല്‍ വി. രാജ്‌, എസ്‌. ലിജോ, ജി. ശ്രീരാഗ്‌, എം.എസ്‌. ജിതിന്‍, സജിത്‌ പൗലോസ്‌, വി.കെ. അഫ്‌ദല്‍, വി.എസ്‌. ശ്രീക്കുട്ടന്‍, കെ.പി. രാഹുല്‍, വിബിന്‍ തോമസ്‌ തുടങ്ങിയവരെല്ലാം കേരളത്തിനു ചാമ്പ്യന്‍പട്ടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി. ഇനി ഇവരെ നാളെയുടെ താരങ്ങളായി വാര്‍ത്തെടുക്കേണ്ട ചുമതല ഫുട്‌ബോള്‍ സംഘടനയ്‌ക്കാണ്‌.

ചരിത്രവിജയം കുറിച്ചു നാട്ടിലെത്തിയ ചുണക്കുട്ടികള്‍ക്ക്‌ ആദ്യദിവസം തിക്‌താനുഭവമാണുണ്ടായത്‌. തീവണ്ടിയില്‍ വന്നിറങ്ങിയ തിരുവനന്തപുരത്തുനിന്നുള്ള രണ്ടു കളിക്കാര്‍ ബസിലും ഓട്ടോറിക്ഷയിലുമാണ്‌ സ്വന്തം വീട്ടിലെത്തിയത്‌. ഒരാള്‍പോലും സ്വീകരിക്കാനോ അനുഗമിക്കാനോ ഉണ്ടായിരുന്നില്ല. പാവം കുട്ടികളെ അതു മാനസികമായി തളര്‍ത്തി. അവരതു തുറന്നു പറയുകയും ചെയ്‌തു. പിറ്റേന്ന്‌ അവര്‍ക്ക്‌ ആദരവും സ്വീകരണവും നല്‍കിയെങ്കിലും ചുമതലപ്പെട്ടവര്‍ ആദ്യ ദിവസം ഉണര്‍ന്നില്ലെന്നതു നാണക്കേടായി.

കുട്ടിക്കാലത്ത്‌ സന്തോഷ്‌ ട്രോഫിയുടെ ആവേശം നെഞ്ചേറ്റിയത്‌ ആകാശവാണിയിലെ ദൃക്‌സാക്ഷി വിവരണത്തിലൂടെയായിരുന്നു. അന്നു കാല്‍പ്പന്തുകളിയുടെ വസന്തകാലമായിരുന്നു. പിന്നെ ദൂരദര്‍ശന്‍ വന്നു. ഒപ്പം ക്രിക്കറ്റും. മത്സരങ്ങളുടെ തല്‍സമയ സംപ്രേക്ഷണം നടത്തി ദൂരദര്‍ശന്‍ ക്രിക്കറ്റ്‌ കൂടുതല്‍ ജനകീയമാക്കി. ഇതു ഫുട്‌ബോളിനെ പ്രതികൂലമായി ബാധിച്ചെങ്കിലും ഗ്രാമങ്ങളില്‍ കാല്‍പന്തുകളിയുടെ ആരവം നിലച്ചില്ല.
കുട്ടിക്കാലത്തെ കാല്‍പ്പന്തുകളിയോര്‍മകള്‍ നിരവധിയാണ്‌. കടലാസില്‍നിന്നു റബര്‍ പന്തിലേക്കു വളര്‍ന്നതോടെ കളിക്കും ആവേശമായി.

ഒരിക്കല്‍ കളിക്കിടെ പന്ത്‌ സമീപത്തെ പൊട്ടക്കിണറ്റില്‍ വീണു. കിണറ്റിലിറങ്ങി പന്തെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അപ്പോഴാണു കാഴ്‌ചക്കാരിയായ വെളുത്തു മെലിഞ്ഞ സൂസന്നയെത്തി ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന നിസാമിനെ നോക്കി, "ഒന്നു ഹെല്‍പ്‌ ചെയ്യെടോ" എന്നുപറഞ്ഞത്‌. സൂസന്നയുടെ ഇംഗ്ലീഷ്‌ കാച്ചു കേട്ട്‌ ആവേശംപൂണ്ട നിസാം പൊട്ടക്കിണറ്റിലേക്ക്‌ ഒറ്റച്ചാട്ടം. അന്നു മുതല്‍ സൂസന്ന "ഹെല്‍പ്‌ സൂസന്‍" എന്നറിയപ്പെട്ടു.

പന്തുമായി കരയ്‌ക്കു കയറിയ നിസാമിന്റെ ഇടതുകാല്‍ മുള്ളുകൊണ്ട്‌ കീറി ചോരയൊലിക്കുന്നതു കണ്ട്‌ ഞങ്ങള്‍ കൂട്ടുകാര്‍ പേടിച്ചുപോയി. എന്നാല്‍ സൂസന്ന പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഓടി. അതിസാഹസികമായി നിസാം വീണ്ടെടുത്ത പന്തിന്‌ ഒറ്റ ദിവസത്തെ ആയുസേ ഉണ്ടായുള്ളൂ. ഇടതുകാലിലെ മുറിവ്‌ വകവയ്‌ക്കാതെ വലതുകാലുകൊണ്ട്‌ നിസാം തൊടുത്ത കിടിലന്‍ കിക്കില്‍ പന്ത്‌ ഗോള്‍ പോസ്‌റ്റാക്കിവച്ചിരുന്ന കരിങ്കല്ലിന്റെ മുനയില്‍ അടിച്ചതും അമിട്ടു പൊട്ടുന്ന ശബ്‌ദത്തില്‍ പൊട്ടിപ്പാളീസായി.

കേരളത്തില്‍ ഫുട്‌ബോള്‍ പെരുമയില്‍ മുന്നില്‍ മലബാറാണ്‌. ജാതി, മത, ദേശ മതില്‍ക്കെട്ടുകളില്ലാത്ത മൈതാനത്തിന്റെ വിസ്‌തൃതിയില്‍ മലബാറുകാര്‍ പന്തിനെ കാലുകളില്‍നിന്നു കാലുകളിലേക്കു പാസ്‌ചെയ്‌തു മതിമറന്നു. എണ്ണിയാലൊടുങ്ങാത്ത ആവേശത്തിന്റെ കാല്‍പ്പന്തുകളി കൂടിയാണ്‌ മലബാറിന്റെ ചരിത്രം. മഴക്കാലത്തെ മാറ്റി നിര്‍ത്തിയാല്‍ എവിടെയും ഫുട്‌ബോള്‍ മേളകള്‍ കാണാനാവുന്നൊരു കുഞ്ഞുബ്രസീലോ അര്‍ജന്റീനയോ ആണ്‌ മലബാര്‍.

മലപ്പുറം ജില്ലയില്‍ നടക്കുന്ന സെവന്‍സ്‌ ടൂര്‍ണമെന്റുകളും പ്രസിദ്ധമാണ്‌. പൊതു ആവശ്യങ്ങള്‍ക്കായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും സെവന്‍സ്‌ ടൂര്‍ണമെന്റുകള്‍ അരങ്ങേറുന്ന നാടാണു മലപ്പുറം. സന്തോഷ്‌ ട്രോഫിയില്‍ മികച്ച കളിക്കാരെ സംഭാവന ചെയ്‌ത മമ്പാട്‌, അരീക്കോട്‌ പ്രദേശങ്ങള്‍ ഫുട്‌ബോളില്‍ മലബാര്‍ പെരുമയ്‌ക്ക്‌ ചെറിയ ഉദാഹരണം മാത്രം.

തലസ്‌ഥാന ജില്ലയുടെ തീരദേശ ഗ്രാമങ്ങളും ഫുട്‌ബോള്‍ജ്വരത്തില്‍ ഒട്ടും പിന്നിലല്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന മത്സരാവേശം നെഞ്ചേറ്റുന്നവരാണ്‌ തിരുവനന്തപുരത്തിന്റെ തീരദേശങ്ങളിലുള്ള യുവത. 14 വര്‍ഷം മുമ്പ്‌ കേരളത്തിനു സന്തോഷ്‌ ട്രോഫി നേടിത്തന്ന ക്യാപ്‌റ്റന്‍ സില്‍വസ്‌റ്റര്‍ ഇഗ്നേഷ്യസ്‌ മുതല്‍ ഇത്തവണത്തെ കോച്ച്‌ സതീവന്‍ ബാലന്‍വരെ ഇവിടെ കളിച്ചു പഠിച്ചവരാണ്‌.

ഇത്തവണ കപ്പുയര്‍ത്തിയ ടീമിലും മൂന്നുപേര്‍ തലസ്‌ഥാന ജില്ലക്കാരാണ്‌. പൊഴിയൂര്‍ സ്വദേശികളായ എസ്‌. ലിജോ, സീസണ്‍, വലിയതുറയില്‍നിന്നുള്ള സജിത്‌ പൗലോസ്‌ എന്നിവരാണ്‌ ഈ മൂവര്‍സംഘം. പൊഴിയൂരില്‍നിന്നുതന്നെയുള്ള രാജേഷ്‌ കര്‍ണാടകയ്‌ക്കുവേണ്ടിയും അജീഷ്‌ തമിഴ്‌നാടിനായും ബൂട്ടണിഞ്ഞതും നേട്ടമായി. ചെറുപ്രായത്തില്‍ തന്നെ പ്രതിഭകളെ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നല്‍കാന്‍ അവസരമൊരുക്കുന്ന പ്രാദേശിക ക്ലബുകളുടെ കരുതലാണ്‌ തലസ്‌ഥാന ജില്ലയിലെ ഫുട്‌ബോള്‍ താരങ്ങളുടെ കഴിവുകളെ തേച്ചുമിനുക്കുന്നത്‌.

ചെറുപ്രായത്തിലേ പ്രതിഭകളെ കണ്ടെത്തി അടിസ്‌ഥാന പരിശീലനം നല്‍കുന്ന വിധത്തില്‍ അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ഫുട്‌ബോളിനെ സമീപിക്കേണ്ടത്‌ അനിവാര്യമാണ്‌. കുട്ടികള്‍ക്ക്‌ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുള്ള അവസരമൊരുക്കണം. ക്ലബ്‌ ഫുട്‌ബോളിനും പ്രാധാന്യം നല്‍കണം. പ്രതിഭകളെ കണ്ടെത്തുന്നതില്‍ അസോസിയേഷനുകളും അടിസ്‌ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ഉത്തരവാദിത്തം നിര്‍വഹിച്ചാലേ കേരളത്തില്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാകൂ.

ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകജനസംഖ്യയില്‍ രണ്ടാംസ്‌ഥാനത്തുള്ള ഇന്ത്യ, ഫിഫ ലോക റാങ്കിങ്ങില്‍ 99 -ാം സ്‌ഥാനത്താണ്‌. ലോകകപ്പിലെ ഇന്ത്യന്‍ പ്രാതിനിധ്യം ഇന്നും സ്വപ്‌നം മാത്രം. ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്കു ചിട്ടയായ സമീപനം ആവശ്യമാണ്‌. ഫുട്‌ബോള്‍ സ്‌കൂളുകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.

ശാസ്‌ത്രീയമായ സമീപനം സ്വീകരിക്കുകയും ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ ഇന്ത്യക്കും ഫുട്‌ബോള്‍ ശക്‌തിയാകാം. കേരളത്തിന്റെ യുവനിര സന്തോഷ്‌ ട്രോഫിയില്‍ നേടിയ വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Apr 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW