Monday, April 23, 2018 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 04.20 PM

പനിമരണം കേരളം ഭീതിയില്‍

''ഡെങ്കിപ്പനിയും വൈറല്‍ പനിയും മൂലം മരണപ്പെടുന്നവരുടെ എണ്ണം വരും വര്‍ഷങ്ങളിലും വര്‍ധിക്കാനിടയുണ്ട്. ഇവ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ രോഗങ്ങള്‍ ബാധിക്കുന്നതിനു മുന്‍പ് തന്നെ ആരംഭിക്കേണ്ടതുണ്ട്''
uploads/news/2018/04/208681/feverdethkerala130418.jpg

2017 ല്‍ കേരളത്തില്‍ പനി ബാധിച്ചു നഷ്ടമായത് 110 ജീവന്‍. കഴിഞ്ഞ വര്‍ഷം വൈറല്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത് മുന്‍പുള്ള ആറു വര്‍ഷത്തെ ആകെ പനി മരണത്തെക്കാള്‍ കൂടുതലാണ്.

കേരളത്തില്‍ ഡെങ്കിപ്പനിയും വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങള്‍, മാറി വരുന്ന ജീവിതശൈലി, പരിസര ശുചിത്വക്കുറവ് തുടങ്ങി പല കാരണങ്ങള്‍ രോഗസാധ്യതയും മരണനിരക്കും വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

സംസ്ഥാനത്ത് 2011 മുതല്‍ 2016 വരെ വൈറല്‍ പനി പിടിപെട്ടു മരണമടഞ്ഞത് 107 പേരാണ്. ഡെങ്കിപ്പനി മൂലം മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന മരണസംഖ്യയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡെങ്കിപ്പനിയും വൈറല്‍ പനിയും മൂലം മരണപ്പെടുന്നവരുടെ എണ്ണം വരും വര്‍ഷങ്ങളിലും വര്‍ധിക്കാനിടയുണ്ട്. ഇവ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ രോഗങ്ങള്‍ ബാധിക്കുന്നതിനു മുന്‍പ് തന്നെ ആരംഭിക്കേണ്ടതുണ്ട്.

കണക്കുകള്‍ നല്‍കുന്ന സൂചന


കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പനി ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 2017 ല്‍ വര്‍ധിച്ചിട്ടുണ്ട്. പനി ബാധിച്ചു മരിച്ചവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് വരും വര്‍ഷങ്ങളില്‍ ആരോഗ്യപരിരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന സൂചന കൂടിയാണ്.

ഓരോ വര്‍ഷവും എല്ലാ ജില്ലകളില്‍ നിന്നും കൃത്യമായി ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുന്‍വര്‍ഷങ്ങളിലെ മരണനിരക്കും രോഗബാധിത നിരക്കും താരതമ്യപ്പെടുത്തുന്നത്. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ മുന്‍പുണ്ടായിരുന്ന ആറു വര്‍ഷത്തെക്കാള്‍ പനി ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് 2017 ല്‍ ഉണ്ടായിട്ടുണ്ട്.

വിവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കണക്കുകള്‍ ലഭ്യമാക്കുന്നതും നല്ല സൂചന തന്നെയാണ്്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അല്ലെങ്കില്‍ രോഗമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം.

രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് വരും വര്‍ഷങ്ങളിലെ കണക്കുകള്‍ അപഗ്രഥിക്കുക. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറു വര്‍ഷത്തെ അപേക്ഷിച്ച് 2017 ല്‍ പനി ബാധിതരുടെ മരണസംഖ്യ ഗണ്യമായി വര്‍ധിച്ചത് ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

ഡെങ്കി പനിയുടെ സ്വഭാവമനുസരിച്ചും രോഗം പെരുകാനുള്ള സാധ്യത കണക്കിലെടുത്തും രണ്ടു മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഡെങ്കി പനി ബാധിതരുടെ എണ്ണം വര്‍ധിക്കാറുണ്ട്. ഈ കണക്കുകള്‍ പ്രകാരം ഡെങ്കി, വൈറല്‍ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതു തന്നെയാണ് 2017 ല്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിനു കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

പനി മരണം കരുതല്‍ വേണം


ഡെങ്കി, വൈറല്‍ പനി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളിലും വളരെയധികം കൂടാന്‍ സാധ്യതയുണ്ട്. ഡെങ്കി പനി വരുത്തുന്ന നാലുതരം വൈറസുകള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളത്തിലും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകദേശം 20 വര്‍ഷത്തിനകം ഡെങ്കി പനിയുണ്ടാകാന്‍ സാധ്യതയുള്ള നാലു തരം സീറോ ടൈപ്പ് വൈറസുകളും ഇന്നു നമ്മുടെ നാട്ടിലുണ്ട്. ഈ വൈറസുകളുടെ പ്രവര്‍ത്തനം ഡെങ്കി പനി മുലമുണ്ടാകുന്ന മരണ സാധ്യത വര്‍ധിപ്പിച്ചേക്കാം. അതിനാല്‍ ഡെങ്കി മൂലമുണ്ടാകുന്ന മരണങ്ങള്‍ ഗൗരവമായി തന്നെ കാണണം.

ഡെങ്കിപ്പനിയും വൈറല്‍ പനിയും തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തീര്‍ച്ചയായും സ്വീകരിക്കേണ്ടതുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ അധികൃതരുടെ ഭാഗത്തു നിന്നു മാത്രമല്ല ഓരോ വ്യക്തിയുടെയും ഓരോ വീട്ടുകാരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം. ഓരോ വര്‍ഷവും ഡെങ്കി പനി ബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

കാലാവസ്ഥ വ്യതിയാനങ്ങളും വര്‍ഷം തോറും ചെറിയ മഴകള്‍ ഉണ്ടാകുന്നതും കൊതുകുകള്‍ കൂടുതല്‍ പെരുകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാലവര്‍ഷം മാറിയതും കാലാവസ്ഥ മാറ്റങ്ങളും കൊതുക് ജന്യരോഗങ്ങള്‍ കൂടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. ശുചിത്വക്കുറവ്, ജീവിത ശൈലി മാറ്റങ്ങള്‍ ഇവയൊക്കെ പല കാരണങ്ങളിലുള്‍പ്പെടുന്നു.

എല്ലാ ജില്ലകളിലും മൂന്നു മാസം കൂടുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും സ്വീകരിക്കാറുണ്ട്്. കണക്കുകള്‍ അടിസ്ഥാനമാക്കി പനി കൂടാനുള്ള സാധ്യതയും വിലയിരുത്താറുണ്ട്. എന്നാല്‍ ഡെങ്കി പോലുള്ള പനി തടയണമെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ കൂട്ടായ സഹകരണം കൂടി ആവശ്യമാണ്.

uploads/news/2018/04/208681/feverdethkerala130418a.jpg

മരണ നിരക്ക് നിയന്ത്രിക്കണം


കൊതുകു ജന്യരോഗങ്ങള്‍ പോലെ തന്നെ കരുതല്‍ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. തുമ്മല്‍, ചുമ എന്നിവയിലൂടെ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് നിയന്ത്രിക്കണം. ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പൊതു ഇടങ്ങള്‍ വൃത്തിയായി സംരക്ഷിക്കണം.

ഇങ്ങനെയുള്ള ചില ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ രോഗസാധ്യത ഒരു പരിധി വരെ നിയന്ത്രിക്കാം. ശുചിത്വത്തിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കുന്നതിനുള്ള സ്രോതസുകള്‍ക്ക് പരിമിതമായിരുന്നു.

ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും സംസ്ഥാന ജില്ലാ തലങ്ങളിലും മാസം തോറും അല്ലെങ്കില്‍ ആഴ്ചകള്‍ തോറും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. മെഡിക്കല്‍ കോളജുകളില്‍ നിന്നും 2008 മുതല്‍ ദിവസവും രോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ മാത്രമാണ് പനി മരണം സംഭവിച്ചവരുടെ വര്‍ധനവ് വിലയിരുത്തുന്നത്. ജില്ലകളിലെ കണക്കുകള്‍ അനുസരിച്ച് രോഗങ്ങളുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികരിക്കുമ്പോഴാണ് കൂടുതല്‍ ജാഗ്രത വരും വര്‍ഷങ്ങളിലും പാലിക്കേണ്ടതായി വരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തിലും കളക്ടറേറ്റ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷ കാര്യക്ഷമമായി ഉറപ്പാക്കുന്നുണ്ട്.

രോഗങ്ങളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാകില്ല. അതുകൊണ്ട് രോഗങ്ങള്‍ അനിയന്ത്രിതമായി വ്യാപിക്കുന്നതും ഇതു മൂലമുണ്ടാകാനിടയുള്ള മരണനിരക്കും നിയന്ത്രിക്കപ്പെടണം.

പ്രതിരോധം ഘട്ടമായി


മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ രോഗസാധ്യത വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താകണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍. ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം സമൂഹത്തിന്റെ സഹകരണവും ആവശ്യമാണ്. ഡെങ്കി പനി വരും വര്‍ഷങ്ങളിലും കൂടുതല്‍ വ്യാപിക്കാനിടയുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കണം.

പനി മരണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളായിട്ടാണ് ചെയ്യുന്നത്. കൊതുജന്യരോഗങ്ങള്‍ തന്നെ പലവിധത്തിലുണ്ട്. ഡെങ്കി പരത്തുന്ന കൊതുകുകളാണെങ്കില്‍ വൃത്തിഹീനമായ പരിസരങ്ങളില്‍ നിന്നാണ് ഉണ്ടാകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചുറ്റുപാടും വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ ഡെങ്കി പനി നിയന്ത്രിക്കാനാകും.

മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കിണറിലും പാത്രങ്ങളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിലും കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പു വരുത്തണം. കനാല്‍, തോട് എന്നിവ ശുചിയായി പാലിക്കണം.

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും.

ചികിത്സ വൈകരുത്


ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്ന ആളുകള്‍ ചുരുക്കമായെങ്കിലും സമൂഹത്തിലുണ്ട്. ഡെങ്കിപ്പനിയും വൈറല്‍ പനിയും പിടിപ്പെട്ടാല്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുകയും ചികിത്സ തേടുകയും ചെയ്യണം.

മറ്റുള്ളവര്‍ അറിഞ്ഞാല്‍ രോഗിയായി കണക്കാക്കുമെന്ന ചിന്ത ഒഴിവാക്കണം. പല കാരണങ്ങള്‍ മൂലം രോഗങ്ങള്‍ ഉണ്ടാകാം. ജീവിതശൈലിയിലും പരിസര ശുചീകരണത്തിലും ഇപ്പോള്‍ മുതല്‍ ശ്രദ്ധ നല്‍കിയാല്‍ അടുത്ത വര്‍ഷത്തെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനാകും.

ആരോഗ്യവകുപ്പിന്റെ ചുമതല രോഗങ്ങള്‍ കൃത്യമായി കണ്ടെത്തി ഉടനടി പരിഹാരം നേടുക എന്നതാണ്. മരണനിരക്കുകള്‍ ഉള്‍പ്പെടുത്തി ആശുപത്രി തലങ്ങളിലും ജില്ലാ തലത്തിലും ഓഡിറ്റുകള്‍ നടത്താറുണ്ട്. സംസ്ഥാന തലത്തില്‍ പനി എങ്ങനെ പ്രതിരോധിക്കാമെന്നും പനി മരണ നിരക്ക് എങ്ങനെ നിയന്ത്രിക്കാമെന്നും ഓഡിറ്റുകളിലൂടെ തീരുമാനിക്കാറുണ്ട്.

പ്രായമായവരില്‍ മറ്റു പല രോഗങ്ങളുടെ ഭാഗമായി വൈറല്‍ പനി വളരെ വേഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രായമായവരില്‍ മരണ സാധ്യതയും കൂടാം. എച്ച് 1 എന്‍1 പനി ബാധിച്ചാല്‍ അപകട സാധ്യത കൂടുതലുള്ളത് ഗര്‍ഭിണികളിലാണ്്. സമൂഹത്തിന്റെ കൂട്ടായ സഹകരണമുണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ പനി മൂലമുണ്ടാകുന്ന മരണങ്ങള്‍ നിയന്ത്രിക്കാനാകും.

മുന്‍വര്‍ഷങ്ങളിലെ ഡെങ്കിപ്പനി, വൈറല്‍ പനി മരണങ്ങള്‍
വര്‍ഷം ............ഡെങ്കിപ്പനി .............വൈറല്‍ പനി

2011 .................10 ........................... 0
2012 ..............16 ........................ 11
2013 .......... 29 ......................... 23
2014 ............. 13 ......................... 29
2015 ............... 29 ...................... 26
2016 ................. 21 .......................18
2017 ................ 37.......................110

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൈറു ഫിലിപ്പ്
കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം
മെഡിക്കല്‍ കോളജ്, ആലപ്പുഴ

തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
LATEST NEWS
TRENDING NOW