Tuesday, March 19, 2019 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.51 AM

സുവര്‍ണഗോകുലം

uploads/news/2018/04/209082/sun1.jpg

ഇതൊരു ഒറ്റയാള്‍ പോരാട്ടമാണ്‌. ഗോഡ്‌ഫാദര്‍മാരോ പാരമ്പര്യക്കരുത്തോ ഇല്ലാതെ ജീവിതത്തോട്‌ തനിച്ചു നിന്ന്‌ സമരം ചെയ്‌ത് ഒരു പുരുഷായുസില്‍ സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ എത്തിപ്പിടിച്ച ഒരു മനുഷ്യന്റെ ഇച്‌ഛാശക്‌തിയുടെ കഥ. ഏത്‌ തലമുറയില്‍ പെട്ട മലയാളിക്കും പ്രചോദനാത്മകമാകാവുന്ന ധീരവും ആവേശോജ്‌ജ്വലവുമായ മുന്നേറ്റത്തിന്റെ വീരഗാഥ.
സഹസ്രകോടികള്‍ വിറ്റുവരവുളള പല പണമിടപാട്‌ സ്‌ഥാപനങ്ങളും പാരമ്പര്യക്കരുത്തിലും കുടുംബമേല്‍വിലാസത്തിലും ചുവടുറപ്പിക്കുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്‌തപ്പോള്‍ ശൂന്യതയില്‍
നിന്നും ഒരു വിസ്‌മയസാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു ഗോകുലം ഗോപാലന്‍.
വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഇല്ലവല്ലായ്‌മകളോട്‌ പടവെട്ടി ജീവിതം മുന്നോട്ട്‌ കൊണ്ടുപോയിരുന്ന ഗോപാലന്‌ ആകെയുണ്ടായിരുന്ന മൂതല്‍ക്കൂട്ട്‌ പഠനമികവായിരുന്നു. ബി.എസ്‌.സി മാത്സ് മികച്ച മാര്‍ക്കോടെ പാസായ ഗോപാലന്‌ ആകെ അറിയുന്ന ലോകവും കണക്കുകളുടേതായിരുന്നു.
അതിനിടയില്‍ മെഡിക്കല്‍ റെപ്രസന്ററ്റീവിന്റെ വേഷവും കെട്ടി. അതുകൊണ്ടും ജീവസന്ധാരണത്തിനുള്ള വഴി തെളിയാതെ വന്നപ്പോള്‍ ദിവസച്ചിട്ടി തുടങ്ങി. സൈക്കിളില്‍ കടകള്‍ തോറും നടന്ന്‌ പണം പിരിച്ചുകൊണ്ട്‌ എളിയ നിലയിലുള്ള തുടക്കം. ചിട്ടിയില്‍ നിന്നുളള വരുമാനം കൊണ്ട്‌ മാന്യമായി ജീവിച്ചുപോവുക എന്നതിനപ്പുറം സഹസ്രകോടികള്‍ വിറ്റുവരവുളള ഒരു മഹാപ്രസ്‌ഥാനത്തിന്റെ ബീജാവാപമാണതെന്ന്‌ അദ്ദേഹം സ്വപ്‌നേപി വിചാരിച്ചില്ല.
എന്നിട്ടും രാജ്യത്തെമ്പാടും വേരുകളുള്ള വ്യവസായ സാമ്രാജ്യമായി ഗോകുലം വളര്‍ന്നു. ഹോട്ടലുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഫ്‌ളാറ്റുകളും മെഡിക്കല്‍ കോളജും സിനിമാ നിര്‍മ്മാണവും എന്നുവേണ്ട ഗോകുലം ഗ്രൂപ്പ്‌ കൈവയ്‌ക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഇതൊന്നും കേവലം യാദൃശ്‌ചികതയായി എഴുതി തളളാന്‍ പറ്റില്ല. വ്യക്‌തമായ വീക്ഷണവും ദിശാബോധവും ആസൂത്രണവൈഭവവും കര്‍മ്മശേഷിയുമുളള ഒരു സംരംഭകന്റെ കൈമുദ്രകള്‍ പതിഞ്ഞവയാണ്‌ ഗോകുലം എന്ന ബ്രാന്‍ഡ്‌ നെയിമിലുളള ഓരോ സ്‌ഥാപനങ്ങളും.
കൊച്ചിയില്‍ ദിലീപിനെ നായകനാക്കി ഗോകുലം മൂവിസ്‌ നിര്‍മ്മിച്ച കമ്മാരസംഭവം എന്ന സിനിമയുടെ ആഡിയോ ലോഞ്ചിന്റെ തിരക്കിനിടയില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ്‌ ഗോപാലനെ കാണുന്നത്‌. ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സിനിമാപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സമുദായനേതാക്കളുടെയും മറ്റ്‌ അതിഥികളുടെയും വലയത്തില്‍ നിന്നും അദ്ദേഹത്തെ തനിച്ച്‌ കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നത്‌ പത്ത്‌ മണിക്കുര്‍.
1958 ഒക്‌ടോബറില്‍ സ്‌ഥാപിതമായ ഗോകുലം ഗ്രൂപ്പ്‌ കര്‍മ്മമേഖലയില്‍ 50 വര്‍ഷം പിന്നിടുമ്പോഴും തുടക്കക്കാരനായ ഒരു സംരംഭകന്റെ ആവേശത്തോടെ ഓടി നടന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ ഗോപാലന്‍. രാജ്യത്തിനകത്തും പുറത്തും യാത്രകള്‍ ചെയ്യുന്നു. പല തരത്തിലുളള സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നു. അതിനിടയില്‍ പൊതുപ്രവര്‍ത്തനവും അഭിനയവും എന്നു വേണ്ട സജീവതയുടെ പര്യായമായി നിലകൊളളുകയാണ്‌ ഈ മനുഷ്യന്‍ എപ്പോഴും.
കമ്മാരസംഭവത്തിന്റെ ചടങ്ങിനിടയില്‍ ദിലീപ്‌ തമാശയില്‍ പൊതിഞ്ഞ്‌ പറഞ്ഞ ഒരു വസ്‌തുതയുണ്ട്‌.
''ഈ ചടങ്ങ്‌ ഞങ്ങള്‍ മാസങ്ങള്‍ക്ക്‌ മുന്‍പേ തീരുമാനിച്ചതാണ്‌. ഞാന്‍ ഉള്‍പ്പെടെ പ്രശസ്‌തരായ എല്ലാ താരങ്ങളും സാങ്കേതിക വിദഗ്‌ധരും അതിനായി പല കുറി തയ്യാറെടുത്തതുമാണ്‌. എന്നാല്‍ ഒരു സൂപ്പര്‍സ്‌റ്റാറിന്റെ ഡേറ്റ്‌ കിട്ടാന്‍ വൈകിയതു കൊണ്ട്‌ മാത്രമാണ്‌ ഇത്രയും നീണ്ടു പോയത്‌. അത്‌ മറ്റാരുമല്ല, ഈ സിനിമയുടെ നിര്‍മ്മാതാവായ സാക്ഷാല്‍ ഗോകുലം ഗോപാലേട്ടന്‍. തിരക്ക്‌ മൂലം സിനിമയുടെ ലൊക്കേഷനില്‍ പോലും ആകെ ഒരു തവണയേ അദ്ദേഹത്തെ കണ്ടിട്ടുളളു''
സദസ്‌ നിറഞ്ഞ കയ്യടിയോടെയാണ്‌ ആ സത്യത്തെ വരവേറ്റത്‌. ഗോകുലം ഗോപാലന്റെ കര്‍മ്മോത്സുകതയുടെ സാക്ഷ്യപത്രം കൂടിയായിരുന്നു ആ വാക്കുകള്‍.
വിജയത്തിലേക്ക്‌ വച്ചടി വച്ചടി കയറിയ അന്‍പത്‌ വര്‍ഷങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മുത്തശ്ശിക്കഥ പോലെ തോന്നുന്നില്ലേ?
കുറിച്ചിട്ടി വ്യക്‌തിപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി എന്റെ ഗ്രാമത്തില്‍ വച്ച്‌ തുടങ്ങിയ ഏര്‍പ്പാടാണ്‌. നാട്ടിലെ ഒരു ബിസിനസ്‌ എന്നു തന്നെ പറയാം. കുറിച്ചിട്ടിയുടെ കണക്ക്‌ എഴുതാന്‍ എല്ലാവരും എന്നെ വിളിക്കും. കണക്കില്‍ ഞാന്‍ പണ്ടേ മിടുക്കനാണ്‌. ഒരു മണിക്കൂര്‍ കൊണ്ട്‌ എഴുതേണ്ട കണക്ക്‌ ഞാന്‍ പത്ത്‌മിനിറ്റു കൊണ്ട്‌ എഴുതും. എന്റെ ബിരുദം പോലും മാത്സിലായിരുന്നു. അതിനെ വ്യവസായവത്‌കരിക്കാന്‍ അവസരം കൈവന്നപ്പോള്‍ കഠിനാദ്ധ്വാനം കൂടി ചേര്‍ത്തു വച്ചു. ഞാന്‍ പ്രതീക്ഷിച്ചതിന്റെ പതിനായിരം മടങ്ങ്‌ ഭഗവാന്‍ എനിക്ക്‌ തന്നു. പക്ഷെ അതില്‍ വ്യക്‌തമായ തീരുമാനങ്ങളുടെയും പ്രയത്നത്തിന്റെയുംപിന്‍ബലമുണ്ടായിരുന്നു. താന്‍ പാതി ദൈവം പാതി എന്നാണല്ലോ?

ഗുരുവായൂരപ്പന്റെ വലിയ ഭക്‌തനാണെന്ന്‌ കേട്ടിട്ടുണ്ട്‌?
എന്റെ അച്‌ഛന്‍ എന്നെ ആദ്യമായി കൊണ്ടുപോയ ക്ഷേത്രം ഗുരുവായൂരാണ്‌. അവിടെ ചെല്ലുമ്പോള്‍ പതിവായി കേട്ടിരുന്ന പാട്ടാണ്‌ ഗോകുലപാലാ..ഗോപാലാ... ഗോകുലം എന്ന പേര്‌ മനസില്‍ പതിയുന്നത്‌ അവിടെ വച്ചാണ്‌. പിന്നീട്‌ സ്വന്തം സ്‌ഥാപനങ്ങള്‍ക്ക്‌ ആ പേര്‌ നല്‍കി. അതെല്ലാം വലിയ വിജയങ്ങളുമായി. നല്ല ഐശ്വര്യമുളള പേരാണ്‌ ഗോകുലം. ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം ഇതിനെല്ലാം പിന്നിലുണ്ടെന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

ചിട്ടിക്കമ്പനിയാണ്‌ സ്വന്തം ജീവിതമാര്‍ഗം എന്ന്‌ തിരിച്ചറിയുന്നത്‌ ഏത്‌ ഘട്ടത്തിലാണ്‌?
മെഡിക്കല്‍ റെപ്പായിരുന്ന കാലത്ത്‌ ചെന്നൈയില്‍ വച്ച്‌ 600 രൂപയുടെ ആവശ്യം വന്നപ്പോള്‍ എനിക്ക്‌ പരിചയമുളള പത്ത്‌ മലയാളികളെ ചേര്‍ത്ത്‌ ഒരു കുറിച്ചിട്ടി തുടങ്ങി. അതുകൊണ്ട്‌ ഗുണമുണ്ടായപ്പോള്‍ അവരുടെ കൂടി താത്‌പര്യം കണക്കിലെടുത്ത്‌ അത്‌ മുന്നോട്ട്‌ കൊണ്ടുപോയി. 1958 ല്‍ സ്‌ഥാപനമായി രജിസ്‌റ്റര്‍ ചെയ്‌ത് ഗോകുലം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വൈവിധ്യവത്‌കരണം വ്യവസായികള്‍ പൊതുവെ ഭയപ്പെടുന്ന ഒന്നാണ്‌. ഗോകുലം പരീക്ഷിക്കാത്ത മേഖലകളില്ല?
ഓരോ ബിസിനസിനെ പറ്റിയും ശരിയായി മനസിലാക്കിയിട്ടാണ്‌ ചെയ്യുന്നത്‌. ഏത്‌ കാര്യവും നമ്മള്‍ നന്നാക്കണമെന്ന്‌ വച്ചാല്‍ നന്നാവും. അത്രയും മതിയെന്നു വച്ചാല്‍ അങ്ങനെയിരിക്കും. ഒരു ചിറ്റ്‌ ഫണ്ട്‌ നന്നായി നടത്താന്‍ അറിയുന്നയാള്‍ക്ക്‌ ഏത്‌ ബിസിനസും ചെയ്യാന്‍ സാധിക്കും. വലിയ ചിട്ടിയില്‍ നമ്മള്‍ ഉള്‍പ്പെടുത്തുന്ന ഉപഭോക്‌താവിന്റെ ബിസിനസ്‌ നോക്കി പഠിച്ചിട്ടാണ്‌ അവരെ സഹകരിപ്പിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌. അങ്ങനെ ഓരോ ബിസിനസിനെ പറ്റിയും നന്നായി അറിയാന്‍ ശ്രമിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ചാരിറ്റിയുടെ ഭാഗമായാണ്‌ ചെയ്യുന്നത്‌. അതില്‍ നിന്ന്‌ ലാഭം പ്രതീക്ഷിക്കുന്നില്ല.

മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ എല്ലാരും നഗരപ്രദേശങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഗോകുലം വെഞ്ഞാറമ്മൂട്‌ എന്ന ഗ്രാമത്തിലാണ്‌ പരീക്ഷിച്ചത്‌?
അതുകൊണ്ട്‌ വെഞ്ഞാറമ്മൂട്‌ എന്ന ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറി. ഞാന്‍ 5000 രൂപയ്‌ക്ക് വാങ്ങിയ സ്‌ഥലത്തിന്‌ ഇന്ന്‌ 3 ലക്ഷം രൂപ വരെയാണ്‌ വില. വളരെ കുറഞ്ഞ ചിലവിലാണ്‌ അവിടെ ചികിത്സ ലഭ്യമാക്കുന്നത്‌. സേവനോന്മുഖമായ സംരംഭങ്ങളില്‍ ഞാന്‍ ലാഭം നോക്കാറില്ല. എന്റെ കയ്യില്‍ നിന്ന്‌ പണമെടുത്ത്‌ തുടങ്ങി വയ്‌ക്കും. അത്‌ നിലനിര്‍ത്തിക്കൊണ്ടു പോകേണ്ട ചുമതല അതാത്‌ ബിസിനസ്‌ നോക്കി നടത്തുന്നവര്‍ക്കാണ്‌. അതിനുള്ള തുച്‌ഛമായ ഫീസേ ജനങ്ങളില്‍ നിന്ന്‌ ഈടാക്കാറുളളു.

ഇരുചെവിയറിയാതെ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ചെയ്യുന്നതായി ശ്രുതിയുണ്ട്‌?
ആരും നോക്കാനില്ലാത്ത 200 ഓളം പേരെ ഞങ്ങള്‍ സ്വന്തം ചിലവില്‍ പരിപാലിക്കുന്നുണ്ട്‌. അങ്ങനെ ചികിത്സിച്ച്‌ അസുഖം ഭേദമാക്കിയ ഒരു സ്‌ത്രീ എന്നോട്‌ പറഞ്ഞു.
''മോനെ ഇനി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു പോവുകയാണ്‌..''
''എന്തിന്‌? ഇവിടെ എല്ലാ സൗകര്യങ്ങളുമുളളപ്പോള്‍ എന്തിന്‌ പോകണം''
എന്ന്‌ ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു.
''എന്റെ മകന്‌ ഒരു കുട്ടിയുണ്ടായി. അതിനെ നോക്കാന്‍ ആരുമില്ല. അതുകൊണ്ട്‌ അമ്മ വരണമെന്ന്‌ അവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എനിക്ക്‌ പോകാതെ പറ്റില്ല''
ഒരിക്കല്‍ മകന്‍ ഉപേക്ഷിച്ച സ്‌ത്രീയാണ്‌. അക്കാര്യം ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
''അതൊക്കെ ശരി തന്നെ. പക്ഷെ നമ്മുടെ മക്കളല്ലേ? അവര്‍ ഒരു തെറ്റ്‌ ചെയ്‌താല്‍ നമ്മളല്ലേ ക്ഷമിക്കേണ്ടത്‌''
അത്‌ ശരിയാണെന്ന്‌ തോന്നിയപ്പോള്‍ പോകാന്‍ അനുവദിച്ചു.
അതേസമയം ചികിത്സിച്ച്‌ അസുഖം ഭേദമാക്കിയ പല അമ്മമാരെയും തിരിച്ച്‌ വീട്ടിലേക്ക്‌ അയയ്‌ക്കാന്‍ ഒരുങ്ങുമ്പോള്‍ മക്കള്‍ തടയുന്നതും കണ്ടിട്ടുണ്ട്‌. അമ്മ അവിടെ നില്‍ക്കട്ടെ എന്നാണ്‌ അവരുടെ ഭാഷ്യം. അത്തരമാളുകള്‍ക്ക്‌ ഒരു അല്ലലും വരാതെ ഗോകുലം നോക്കുന്നുണ്ട്‌.

വേറെയും ധാരാളം പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതായി കേട്ടിട്ടുണ്ട്‌?
പലതും പുറത്ത്‌ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കൈ ചെയ്യുന്നത്‌ മറുകൈ അറിയരുതെന്നാണ്‌ പ്രമാണം. പ്രശസ്‌തിക്കുവേണ്ടിയല്ല അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്‌. എന്റെ ഈശ്വരപൂജ മറ്റുളളവരെ സഹായിക്കുന്നതിലാണ്‌. അതില്‍ നിന്ന്‌ കിട്ടുന്ന സന്തോഷം വലുതാണ്‌. ആ മനസുകളുടെ പ്രാര്‍ത്ഥന എപ്പോഴൂം നമ്മോടൊപ്പമുണ്ടാവും. ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിലും ഞാന്‍ വിലമതിക്കുന്നത്‌ ഇത്തരം പുണ്യപ്രവര്‍ത്തികളിലാണ്‌. എന്നെ സംബന്ധിച്ച്‌ ചാരിറ്റി ദൈവത്തെ നേരിട്ട്‌ കാണുന്ന പ്രക്രിയയാണ്‌.

ക്ലിന്റ ്‌ എന്ന സിനിമയില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു കണ്ടു?
(മറുചോദ്യമായിരുന്നു മറുപടി) ആ സിനിമ നിങ്ങള്‍ കണ്ടിരുന്നോ? എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം?
ഒരു നടന്‍ അല്ലെന്ന്‌ ആരും പറയാത്ത വിധം ഭംഗിയായി ചെയ്‌തിരിക്കുന്നു.
(ഗോപാലന്‍ ചിരിക്കുന്നു) ധാരാളം പേര്‍ പടം കണ്ട്‌ എന്നെ വിളിച്ചു. സത്യത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സമയക്കുറവ്‌ മൂലം കഴിയാറില്ല. ഇത്‌ സംവിധായകന്‍ ഹരികുമാറിന്റെ നിര്‍ബന്ധം മൂലം സംഭവിച്ചതാണ്‌. ക്ലിന്റ ്‌ എന്ന കുട്ടിയുടെ മുത്തശ്ശന്റെ വേഷം.

കലാപരമായ താത്‌പര്യങ്ങള്‍ പണ്ടേ ഉണ്ടായിരുന്നോ?
നാട്ടില്‍ വച്ച്‌ ഞാന്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു. രണ്ടും കുറച്ചൊക്കെ പഠിച്ചിട്ടുമുണ്ട്‌. കൂടുതല്‍ പഠിക്കാനുളള സാമ്പത്തികസാഹചര്യം അന്നില്ലാതിരുന്നതു കൊണ്ട്‌ മുന്നോട്ട്‌ പോയില്ല. പിന്നീട്‌ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. ചെന്നൈയില്‍ വന്ന ശേഷവും അഭിനയിച്ചിട്ടുണ്ട്‌. നടന്‍ ആവുക എന്നതായിരുന്നു സ്വപ്‌നം. അതില്‍ നിന്നും വഴിമാറി ബിസിനസിലെത്തി. സിനിമയോടുമുളള മോഹം പൂര്‍ത്തീകരിക്കാന്‍ സിനിമാ നിര്‍മ്മാണത്തിലെത്തി.
സംഗീതം ഈശ്വരനെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ്‌. പശുക്കളെ കറക്കാന്‍ പോലും സംഗീതം ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്‌. പശു പാട്ടില്‍ മയങ്ങി നില്‍ക്കുമ്പോള്‍ അറിയാതെ പാല്‍ ചുരത്തും. പിടിച്ചു വയ്‌ക്കില്ല. അപ്പോള്‍ മൃഗങ്ങളെ പോലും സ്വാധീനിക്കാനുളള കഴിവുണ്ട്‌ കലയ്‌ക്ക്. ഗോകുലം കലയ്‌ക്കും കലാകാരന്‍മാര്‍ക്കും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്‌.

ശ്രീനാരായണഗുരുവിന്റെ വലിയ ഭക്‌തനാണല്ലോ. ഗുരുദര്‍ശനങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ച തത്ത്വം ഏതാണ്‌?
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്‌ സുഖത്തിനായി വരേണം.
നമ്മുടെ കയ്യില്‍ ധാരാളം പണമുണ്ട്‌. അത്‌ ആര്‍ക്കും പ്രയോജനപ്പെടാതെ പെട്ടിയില്‍ ഇരുന്നിട്ട്‌ എന്ത്‌ കാര്യം? മറ്റുളളവര്‍ക്ക്‌ കൂടി ഗുണകരമായ വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌. നമ്മുടെ ആവശ്യങ്ങള്‍ പരിമിതമാണ്‌. പണമുളള കാലത്തും ഇല്ലാത്ത കാലത്തും ആര്‍ഭാടങ്ങള്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. ദിവസം മൂവായിരം രൂപ ചിലവാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായ കാലത്ത്‌ ഞാന്‍ ചിന്തിച്ചത്‌ മൂന്നുറു രൂപ കൊണ്ട്‌ ജീവിക്കുന്ന ആളുകളെക്കുറിച്ചാണ്‌.
74 -ാം വയസിലും 24 കാരന്റെ ചുറുചുറുക്കോടെ ഓടി നടന്ന്‌ കാര്യങ്ങള്‍ ചെയ്യുന്നു. ഈ ഉര്‍ജ്‌ജം, കര്‍മ്മപഥത്തിലെ യുവത്വം എങ്ങനെ നിലനിര്‍ത്തുന്നു?
മനസാണ്‌ എല്ലാം നിശ്‌ചയിക്കുന്നത്‌. നമുക്ക്‌ വയ്യെന്ന്‌ നമ്മള്‍ കരുതിയാല്‍ വയ്യ. പ്രവര്‍ത്തിക്കാനുളള മനസുണ്ടെങ്കില്‍ എല്ലാം നമ്മുടെ വഴിക്ക്‌ വരും.
ആരോഗ്യകാര്യത്തില്‍ പ്രത്യേകിച്ച്‌ ശ്രദ്ധിക്കാറില്ല. ലോകത്ത്‌ എവിടെയായിരുന്നാലും എത്ര തിരക്കുണ്ടെങ്കിലും രാവിലെ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യും. ഒന്നുകില്‍ നടക്കും, അല്ലെങ്കില്‍ യോഗ. വാരി വലിച്ച്‌ ഭക്ഷണം കഴിക്കാറില്ല. എന്നു കരുതി ഡയറ്റിംഗ്‌ ഒന്നുമില്ല. വായ്‌ക്ക് രുചിയുളളതും മനസിന്‌ ഇഷ്‌ടപ്പെട്ടതുമായ എന്തു കിട്ടിയാലും മിതമായ അളവില്‍ കഴിക്കും.

ടെന്‍ഷന്‍ ബിസിനസിന്റെ കൂടപ്പിറപ്പാണെന്ന്‌ പലരും പറയുന്നു?
എന്റെ കാര്യം നേര്‍വിപരീതമാണ്‌. ഒരു സാഹചര്യത്തിലും ടെന്‍ഷനടിക്കാറില്ല. മനസംയമനം കൈവിട്ടാല്‍ എല്ലാം തീര്‍ന്നു. പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകും. അടുത്ത തവണ അത്‌ എങ്ങനെ ഒഴിവാക്കാമെന്ന്‌ ഞാന്‍ ആലോചിക്കും. അതാണ്‌ പ്രായോഗികത.

ഒരു പുരുഷായുസില്‍ നേടാവുന്നതിനപ്പുറം നേടി. ഇനിയുളള ലക്ഷ്യം?
എന്റെ നേട്ടങ്ങള്‍ വളരെ കുറഞ്ഞു പോയി എന്നേ കരുതിയിട്ടുളളു. ഇനിയും ഒരുപാട്‌ ചെയ്യാനുണ്ട്‌. ലക്ഷ്യങ്ങള്‍ പലതുണ്ട്‌. മുന്‍കൂട്ടി പറയുന്ന ശീലമില്ല. ഒരു കാര്യം നടപ്പിലായ ശേഷം അതിനെക്കുറിച്ച്‌ പറയുന്ന പ്രായോഗിക മനോഭാവമാണ്‌ എന്റേത്‌. ടൂറിസം മേഖലയില്‍ ചിലതൊക്കെ ചെയ്യണമെന്നുളളത്‌. വിനോദസഞ്ചാരികള്‍ക്ക്‌ ഹെലികോപ്‌ടറില്‍ കേരളത്തിലെ എല്ലാ ടൂറിസ്‌റ്റ് കേന്ദ്രങ്ങളും പോയി കാണാനുളള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചനയുണ്ട്‌.

വളരെ എളിയ നിലയില്‍ തുടങ്ങിയ സ്‌ഥാപനം പ്രതീക്ഷിക്കാത്ത തലത്തില്‍ വളരുമ്പോള്‍ എങ്ങനെ മാനേജ്‌ ചെയ്യും?
എല്ലാം നമ്മള്‍ തന്നെ ചെയ്യണമെന്ന്‌ ശഠിക്കരുത്‌. അതിനാണ്‌ ജീവനക്കാര്‍. സമര്‍ത്ഥരും വിശ്വസ്‌തരുമായ ആളുകളെ താക്കോല്‍ സ്‌ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുക എന്നതാണ്‌ നമ്മുടെ ജോലി. എന്നിരിക്കിലും സമര്‍ത്ഥനായ ബിസിനസുകാരന്‌ ഒരു വിഷന്‍ അനിവാര്യമാണ്‌. അത്‌ പ്രായോഗിക തലത്തിലെത്തിക്കാനുള്ള കര്‍മ്മശേഷിയും.

അങ്ങയെ നയിക്കുന്ന വിശ്വാസങ്ങള്‍?
നായയ്‌ക്ക് എത്ര പാലുണ്ടായിട്ട്‌ എന്താണ്‌ കാര്യം? നമുക്ക്‌ എന്തുണ്ടെങ്കിലും അത്‌ മറ്റുളളവര്‍ക്ക്‌ കൂടി പ്രയോജനപ്പെടണം. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതെന്ന്‌ കരുതുന്നു. ഇല്ലാത്തതിനെ പറ്റി ദുഃഖിക്കാറില്ല, ഉളളതിനെക്കുറിച്ച്‌ ഓര്‍ത്ത്‌ സന്തോഷിക്കും. വരാന്‍ പോകുന്ന കാര്യങ്ങളില്‍ പ്രത്യാശയോടെ പ്രവര്‍ത്തിക്കുക എന്നതാണ്‌ എന്റെ രീതി.
എല്ലാം ദൈവം തരും എന്ന്‌ വിചാരിച്ച്‌ കയ്യുംകെട്ടി ഇരിക്കാറില്ല. നമ്മള്‍ നന്നായി കഷ്‌ടപ്പെടണം. അതിന്‌ മുകളില്‍ ദൈവാധീനവും വേണം. ഒരു കുട്ടി എത്ര നന്നായി പരിശ്രമിച്ച്‌ പഠിച്ചാലും പരീക്ഷ അടുക്കുമ്പോള്‍ അവന്‌ അസുഖം വന്നാല്‍ തീര്‍ന്നില്ലേ? അത്‌ വരാതെ കാക്കുന്നതാണ്‌ ദൈവാനുഗ്രഹം. യാത്രയ്‌ക്കിടയിലും മറ്റും തലനാരിഴയ്‌ക്ക് വലിയ അപകടങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാറില്ലേ. അതൊക്കെ ദൈവാധീനമാണ്‌.
ഗുരുത്വം വളരെ പ്രധാനമാണ്‌. രണ്ട്‌ കാര്യങ്ങള്‍ അച്‌ഛന്‍ വിലക്കിയിട്ടുണ്ട്‌. ഒന്ന്‌ മുച്ചീട്ടുകളി. ഒരിക്കല്‍ അച്‌ഛന്‍ വരുമ്പോള്‍ ചീട്ടുകളിച്ച്‌ കാശ്‌ മുഴുവന്‍ കളഞ്ഞ്‌ ഞാന്‍ നില്‍ക്കുകയാണ്‌. അന്ന്‌ അച്‌ഛന്‌ കൊടുത്ത വാക്ക്‌ ഇന്നും പാലിക്കുന്നു. പിന്നീട്‌ ചീട്ട്‌ കൈകൊണ്ട്‌ തൊട്ടിട്ടില്ല. ഫുട്‌ബോള്‍ കളിയും അച്‌ഛന്‌ ഇഷ്‌ടമായിരുന്നില്ല.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്‌?
ഒരു മെഡിക്കല്‍ റപ്രസന്ററ്റീവായി തുടങ്ങിയ ഞാന്‍ മെഡിക്കല്‍ കോളജ്‌ സ്‌ഥാപിച്ചത്‌. എന്റെ ആഡിറ്റര്‍ അടക്കം എല്ലാവരും അതിനെ എതിര്‍ത്തിരുന്നു. വെളളാപ്പളളിയോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹവും അനുകൂലിച്ചില്ല. ഞങ്ങള്‍ ഒരുമിച്ച്‌ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. മാതാ അമൃതാനന്ദമയിയോട്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
''മോനെ..അത്‌ വലിയ കഷ്‌ടാണ്‌ മോനെ...''
പക്ഷെ ഒരു വെല്ലുവിളി പോലെ ആ റിസ്‌ക് ഞാന്‍ തനിയെ ഏറ്റെടുത്തു.
ഇന്ന്‌ ഏറ്റവും മികച്ച മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന പ്രസ്‌ഥാനമായി അത്‌ നിലകൊളളുന്നു.

Ads by Google
Sunday 15 Apr 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW