Tuesday, March 19, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.51 AM

ധ്വനിതരംഗതരളം

uploads/news/2018/04/209083/sun2.jpg

നാടക നടനം നര്‍മ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാര്‍ മോഹിനിയാട്ടം
പാടവമേറിന പലപല മേളം

കുഞ്ചന്‍ നമ്പ്യാരുടെ ഘോഷയാത്ര എന്ന തുള്ളല്‍ കൃതിയില്‍ മോഹിനിയാട്ടത്തെ വര്‍ണ്ണിക്കുന്നത്‌ ഇങ്ങനെയാണ്‌. ശൃംഗാരഭാവം വിധിക്കപ്പെട്ട നാരീനര്‍ത്തകിയുടെ ഏറ്റവും മൂര്‍ത്തിമദ്‌ ഭാവമാണ്‌ മോഹിനിയാട്ടത്തിന്റെ പുരാതനരൂപമായ ദേവദാസിയാട്ടവും തേവിടിശ്ശിയാട്ടവുമൊക്കെ. എന്നാല്‍ പരിഷ്‌കൃതകാലത്ത്‌ എത്തിനില്‍ക്കുമ്പോള്‍ മോഹിനിയാട്ടം ദേവദാസികാലത്തിന്റെ തിരുശേഷിപ്പായി മാത്രം ഒതുങ്ങിനില്‍ക്കാതെ ഭാരതീയ നൃത്തകലയുടെ നെടുംതൂണായി മാറുന്നത്‌ അതിന്റെ സാംഗത്യംകൊണ്ട്‌ മാത്രമല്ല, ലാളിത്യം മൂലവുമാണ്‌. കാലപ്പകര്‍ച്ചയില്‍ മോഹിനിയാട്ടത്തിന്റെ ജനകീയതയുടെ ഗ്രാഫ്‌ പരിശോധിച്ചാല്‍ വിവിധ അഭിനവകലാരൂപങ്ങളുടെ കുത്തൊഴുക്കിനിടയിലും മോഹിനിയാട്ടത്തെ താങ്ങി നിലനിര്‍ത്തിയത്‌ പലകാലത്തും രംഗത്തേക്ക്‌ കടന്നുവന്ന അനുഗ്രഹീത കലാകാരികള്‍ ആണെന്ന്‌ കാണാം. ആ സുന്ദരമായ ചങ്ങലയിലെ അവസാനത്തെ കണ്ണിയാണ്‌ കലാമണ്ഡലം ധനുഷ സന്യാല്‍.
രണ്ടായിരത്തി പതിനെട്ട്‌ ഏപ്രില്‍ 21 ന്‌ കൊടുങ്ങല്ലൂര്‍ എന്ന പ്രദേശത്തെ സംബന്ധിച്ച്‌ മറക്കാനാവാത്ത ദിനമായി മാറാന്‍ പോകുകയാണ്‌. ശ്രീനാരായണഗുരു 1914 ല്‍ എഴുതിയ ദേശത്തിനും കാലത്തിനും അതീതമായ വിശ്വമാനവികസന്ദേശം പേറിയ വിശ്വപ്രാര്‍ഥനയായ ദൈവദശകം നൂറുഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്‌തതിന്റെ പ്രഖ്യാപനം എന്നതിലേറെ ആയിരത്തഞ്ഞൂറോളം മോഹിനിയാട്ടം കലാകാരികള്‍ അണിനിരക്കുന്ന പ്രാര്‍ഥനയുടെ നൃത്താവിഷ്‌കാരം ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുകയാണ്‌.
കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിശാലമായ മൈതാനം ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെയും, കേരളത്തിന്‌ പുറത്തെയും ആയിരത്തി അഞ്ഞൂറ്‌ കലാകാരികള്‍ ദിനംപ്രതി കഠിനപരിശീലനവുമായി ആ ദിനത്തെ കാത്തിരിക്കുന്നു. അന്ന്‌ ദൈവദശകത്തിനൊത്ത്‌ കലാമണ്ഡലം ഹൈമാവതിടീച്ചര്‍ ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരം പൂര്‍ത്തിയാകുമ്പോള്‍ ഗുരുവിന്റെ ഈ വിശ്വപ്രാര്‍ഥനയും, ചുവടുവെച്ച കലാകാരികളും, കൊടുങ്ങല്ലൂരും, മലയാളവുമൊക്കെ ഗിന്നസ്‌ റെക്കോര്‍ഡുകളുടെ താളുകളില്‍ ഇടംപിടിക്കും. പത്രപ്രവര്‍ത്തകനായ ഗിരിഷ്‌ ഉണ്ണികൃഷ്‌ണന്‍ തുടങ്ങിവെച്ച ഉദ്യമം ഇന്ന്‌ കലാമണ്ഡലം ധനുഷ സന്യാല്‍ എന്ന അനുഗ്രഹീത മോഹിനിയാട്ടം കലാകാരി ഏറ്റെടുത്തിരിക്കുന്നു. ചരിത്രമാവാന്‍ പോകുന്ന മെഗാമോഹിനിയാട്ട വിസ്‌മയത്തിന്റെ അമരക്കാരി മനസ്സ്‌ തുറക്കുന്നു.
''ദൈവദശകം നൂറു ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത സുഹൃത്തും, പത്രപ്രവര്‍ത്തകനുമായ ഗിരീഷ്‌, ഇതിന്റെ പ്രഖ്യാപനം എങ്ങനെ വ്യത്യസ്‌തവും, സമ്പന്നവുമാക്കാം എന്ന ചോദ്യത്തിന്‌, കൈമുദ്രകളുടെ പിന്തുണയോടെ ലാസ്യനൃത്തമായ മോഹിനിയാട്ടത്തിന്റെ രൂപത്തില്‍ ഭാഷ്യം ചമയ്‌ക്കാമെന്നും, അതുവഴി പിന്നെയും കൂടുതല്‍ പേരിലേക്ക്‌ ഇതിന്റെ അന്തസ്സത്ത എത്തിച്ചേരുമെന്നും പറഞ്ഞപ്പോള്‍ ഗിരീഷിനും സമ്മതമായി. അങ്ങനെയാണ്‌ എന്റെ ഗുരുവായ കലാമണ്ഡലം ഹൈമാവതി ടീച്ചറെ അത്‌ ചിട്ടപ്പെടുത്താനായി സമീപിച്ചത്‌. ടീച്ചര്‍ അത്‌ എനിക്ക്‌ പകര്‍ന്നുതരികയും എന്നിലൂടെ മറ്റ്‌ ആയിരത്തി അഞ്ഞൂറ്‌ കലാകാരികളിലേക്ക്‌ അത്‌ എത്തിക്കുകയും ചെയ്‌തത്‌ ഏതാണ്ട്‌ ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഒരു പ്രക്രിയ ആയിരുന്നു. തുടക്കത്തില്‍ ഒരാള്‍ ചെയ്യുക എന്ന ലക്ഷ്യം പിന്തുടര്‍ന്ന്‌ ഒടുവില്‍ അത്‌ ഇത്രയേറെ ആള്‍ക്കാരുടെ ഒരു മെഗാ പ്രോജക്‌റ്റ് ആയി മാറുകയായിരുന്നു. അതൊരുപക്ഷേ ലോകം കണ്ട യുഗപ്രഭാവന്റെ പകരം വയ്‌ക്കാനില്ലാത്ത വിശ്വപ്രാര്‍ഥനയുടെ പുണ്യമാകാം. അല്ലെങ്കില്‍, മോഹിനിയാട്ടം എന്ന ദൈവീക കലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ച എനിക്ക്‌ ദൈവം നല്‍കിയ നിയോഗവുമാകാം''.
ധനുഷയുടെ കുട്ടിക്കാല ഓര്‍മ്മകളില്‍ തന്റെ അമ്മൂമ്മയുടെ വീട്ടില്‍ പതിഞ്ഞ സാക്ഷാല്‍ ശ്രീനാരായണഗുരുവിന്റെ കാലടികള്‍ ഉണ്ട്‌. ഗുരു സന്ദര്‍ശിച്ച കൊടുങ്ങല്ലൂരിലെ ചുരുക്കം ചില വീടുകളില്‍ ഒന്നായിരുന്നു അത്‌. അച്‌ഛനാവട്ടെ ഗുരുവിന്റെ ദര്‍ശനങ്ങള്‍ അതേപടി പിന്തുടര്‍ന്നു ജീവിച്ച ആളുമായിരുന്നു. ആ പാരമ്പര്യം തുടരുമ്പോള്‍ ധനുഷയ്‌ക്ക് ഇത്‌ നിയോഗമോ, സ്വപ്‌നസാക്ഷാത്‌കാരമോ എന്നതിലുപരി ജീവിതത്തിന്റെ ഏറ്റവും പവിത്രമായ ഒരു ഏടായി മാറാന്‍ പോകുകയാണ്‌.
എങ്ങനെ 1500 മോഹിനിയാട്ടം കലാകാരികളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്നത്‌ അത്ഭുതമാണ്‌. എന്നാല്‍ ധനുഷ ടീച്ചര്‍ക്ക്‌ അതിനും വ്യക്‌തമായ ഉത്തരമുണ്ട്‌. ഞാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ വിവിധ സ്‌ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ധാരാളം നൃത്താദ്ധ്യാപകരുമായി അടുത്ത പരിചയവുമുണ്ട്‌. അതുവഴി കുറെ നര്‍ത്തകരെ കണ്ടെത്തി. പിന്നെ എന്റെ ഇരുപതുവര്‍ഷത്തെ നൃത്തസപര്യയില്‍ ഒരുപാട്‌ ശിഷ്യഗണങ്ങളെ ദൈവം എനിക്ക്‌ നല്‍കിയിട്ടുണ്ട്‌. പിന്നെ ഹൈമാവതി ടീച്ചറിന്റെ പരിചയത്തിലെ ആള്‍ക്കാര്‍, ഗിരീഷിന്റെ സുഹൃത്തുക്കള്‍, ദൈവദശകം കൂട്ടായ്‌മയുടെ പ്രവര്‍ത്തകര്‍. അങ്ങനെ ഒന്ന്‌ ആഞ്ഞുപിടിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ 1500 എന്ന മാജിക്‌ സംഖ്യ ഞങ്ങള്‍ക്ക്‌ കരഗതമായി.
ഹൈമാവതിടീച്ചര്‍ ചിട്ടപ്പെടുത്തിയതിനുശേഷം അത്‌ എന്നിലേക്കാണ്‌ പകര്‍ന്നത്‌. ഞാന്‍ അത്‌ വിഷ്വലൈസ്‌ ചെയ്‌ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിവിധ സ്‌ഥലങ്ങളില്‍ ഉള്ള കലാകാരികള്‍ അത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത് പരിശീലിക്കുകയുമാണ്‌ ഉണ്ടായത്‌. ഒപ്പം ഏതാണ്ട്‌ നൂറോളം നൃത്ത അധ്യാപകരെ ഞാന്‍ നേരിട്ട്‌ പഠിപ്പിക്കുകയും, അവരെകൊണ്ട്‌ വിവിധ സ്‌ഥലങ്ങളിള്‍ പരിശീലനക്ലാസ്സുകള്‍ നടത്തുകയും ചെയ്‌തു. ഇതുകഴിഞ്ഞ്‌ പല സ്‌ഥലങ്ങളിലായി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട്‌ റിഹേഴ്‌സല്‍ സംഘടിപ്പിക്കുകയും, പോരായ്‌മകള്‍ പരിഹരിക്കുകയും ചെയ്‌തു. അതിന്റെയൊക്കെ ഫലമാണ്‌ ഏപ്രില്‍ 21 ന്‌ കാണാന്‍ പോകുന്നത്‌. പരിപാടി ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ രജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു.
വേദങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന അസുരന്മാരെ വേദം പഠിപ്പിക്കാന്‍ കഴിയുന്ന വിദ്യയ്‌ക്കായി ദേവന്മാര്‍ പരമശിവനെ സമീപിക്കുകയും, അതിനായി ഏറ്റവും ആകര്‍ഷണീയമായി വേദം പഠിപ്പിക്കാനായി അദ്ദേഹം രൂപം നല്‍കിയതാണത്രേ നാട്യശാസ്‌ത്രം. അതുകൊണ്ടുതന്നെ നാട്യശാസ്‌ത്രത്തിനും ഒരൊറ്റ ലക്ഷ്യമേയുള്ളൂ; ലോകനന്മ. ലോകനന്മ തന്നെ അന്തസ്സത്തയായി അടങ്ങിയ ദൈവദശകത്തിന്‌ നൃത്തത്തിലൂടെ അതിന്റെ പൊലിമ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നായിരുന്നു എന്റെ മനസ്സിലേക്ക്‌ ഇത്‌ ആഴ്‌ന്നിറങ്ങിയത്‌. നൃത്തം എന്നത്‌ ലോകത്തിന്‌ സമാധാനം ഏകാന്‍ കഴിയുന്ന മാധ്യമം എന്ന നിലയിലാണ്‌ ഞാനൊരു നര്‍ത്തകിയായത്‌ എന്ന്‌ നിസ്സംശയം പറയാം. നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതി ലോകത്തിലെ ഓരോ മനുഷ്യനും അനുഭവിക്കണമെന്ന നിര്‍ബന്ധബുദ്ധി എനിക്കുണ്ട്‌. ഒപ്പം ഇന്നത്തെ കാലഘട്ടത്തില്‍ വേദനിക്കുന്ന മനുഷ്യന്‌ സാന്ത്വനമേകാന്‍ കഴിയുന്ന മാധ്യമം കല മാത്രമാണെന്ന അവസ്‌ഥയില്‍ മോഹിനിയാട്ടത്തിന്റെ പങ്ക്‌ വലുതാണെന്ന്‌ മാത്രമല്ല അതിന്റെ സാധ്യതകള്‍ കൂടുതല്‍ ആയി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്‌ ഇതിനു പിന്നില്‍''.
നൃത്തം തപസ്യയാണ്‌ ധനുഷാ സന്യാലിന്‌. രാജ്യത്തിനകത്തും പുറത്തുമായി ഇന്നും വിവിധ പ്രോഗ്രാമുകളുമായി തിരക്കാണ്‌ ധനുഷയ്‌ക്ക്. ആ തിരക്കിനിടയിലാണ്‌ വിലപ്പെട്ട ഒരു വര്‍ഷമാണ്‌ ഈയൊരു ലക്ഷ്യത്തിനായി അവര്‍ ഉഴിഞ്ഞുവേച്ചത്‌. ഏപ്രില്‍ 21 ന്‌ നാടും നഗരവും കൊടുങ്ങല്ലൂരിലേക്ക്‌ കണ്ണും കാതും കൂര്‍പ്പിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തന്റെ മുത്തശ്ശിയുടെ വീട്ടില്‍ അതിഥിയായി എത്തിയ സാക്ഷാല്‍ ശ്രീനാരായണഗുരുദേവന്റെ ഓര്‍മ്മകള്‍ മാത്രം മതി ആയിരത്തിയഞ്ഞൂറ്‌ മോഹിനിയാട്ടനര്‍ത്തകിമാരുടെ ചുവടുകളിലേക്ക്‌ തികഞ്ഞ ഗുരുഭക്‌തയായ ധനുഷയ്‌ക്ക് ഊര്‍ജ്‌ജം പകരാന്‍....

Ads by Google
Sunday 15 Apr 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW