Sunday, July 22, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.04 AM

മന്ത്രിയുമില്ല, ബോര്‍ഡുമില്ല; റബര്‍ വില താണ്‌ നൂറിലേക്ക്‌ , ടയര്‍ കമ്പനികള്‍ വിപണി ഉപേക്ഷിച്ചു

uploads/news/2018/04/209127/k2.jpg

കോട്ടയം: വിലയിടിവു തടയാന്‍ നടപടി സ്വീകരിക്കുമെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും റബര്‍ ബോര്‍ഡിന്റെയും പ്രഖ്യാപനം വാക്കിലൊതുങ്ങി. റബര്‍ വില വീണ്ടും നൂറിലേക്കു താഴുന്നു. ഗോഡൗണുകളില്‍ ഇറക്കുമതി റബര്‍ നിറഞ്ഞതോടെ ആഭ്യന്തരവിപണിയോടു പൂര്‍ണമായി മുഖംതിരിച്ച്‌ ടയര്‍ കമ്പനികള്‍. റബര്‍ ബോര്‍ഡ്‌ കഴിഞ്ഞ ദിവസം വില 120 രൂപയായി പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്കു ലഭിച്ചത്‌ 116 രൂപ.
ഏതാനും ദിവസങ്ങളായി ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്‌. കയറ്റുമതിക്ക്‌ ആനുപാതികമായി ഇറക്കുമതിയെന്ന വ്യവസ്‌ഥയില്‍ വന്‍തോതില്‍ ബ്ലോക്ക്‌ റബറും ലാറ്റക്‌സും വ്യവസായികള്‍ക്കു ലഭിക്കുന്നുവെന്നതും വിദേശവിപണിയിലുണ്ടായ നേരിയ വിലയിടിവുമാണ്‌ ആഭ്യന്തര വിപണി തകരാന്‍ കാരണം.
വിലയിടിവു തുടങ്ങിയ ഘട്ടത്തില്‍ വന്‍കിട വ്യാപാരികള്‍ സൂക്ഷിച്ചിരിക്കുന്ന റബര്‍ കുറഞ്ഞ വിലയ്‌ക്കു വാങ്ങാനുള്ള തന്ത്രമാണ്‌ നടക്കുന്നതെന്നും സൂചനയുണ്ട്‌. നിരവധി വന്‍കിട വ്യാപാരികള്‍ ടണ്‍ കണക്കിനു റബര്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുണ്ട്‌. വില ഇനിയും ഇടിഞ്ഞാല്‍ പിടിച്ചുനില്‍ക്കാനാവാതെ ഇവര്‍ക്കു സ്‌റ്റോക്ക്‌ വിറ്റഴിക്കേണ്ടി വരും.
റബറിനു സമാനമായ തകര്‍ച്ചയിലാണു ലാറ്റക്‌സ്‌ വിപണിയും. ഫാക്‌ടറിക്കാര്‍ 109 രൂപ പറഞ്ഞ സ്‌ഥാനത്തു കര്‍ഷകര്‍ക്കു ലഭിച്ചത്‌ 101-102 രൂപമാത്രം. സ്‌പോട്ട്‌ ലാറ്റക്‌സും സെന്‍ട്രിഫ്യൂജ്‌ഡ്‌ ലാറ്റക്‌സും 3000-4000 ബാരല്‍ വരെ സൂക്ഷിച്ചിരിക്കുന്ന വ്യാപാരികളുണ്ട്‌. വില ഉയരുമെന്ന പ്രതീക്ഷയില്‍ ലാറ്റക്‌സ്‌ സൂക്ഷിച്ചിരിക്കുന്നവരാണു വെട്ടിലായിരിക്കുന്നത്‌. വേനല്‍ മഴയുടെ ആരംഭത്തില്‍ റബര്‍ വില ഉയരുന്ന പതിവുണ്ടെങ്കിലും ഇത്തവണ അതുമുണ്ടായില്ല.
ചിരട്ടപ്പാല്‍ (കപ്പ്‌ ലമ്പ്‌ റബര്‍) ഇറക്കുമതി ഉടനുണ്ടാകില്ലെന്നു കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചിനു ചേര്‍ന്ന ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേഡ്‌സിന്റെ യോഗത്തില്‍ ചിരട്ടപ്പാലിനു സ്‌റ്റാന്‍ഡേര്‍ഡ്‌ നിശ്‌ചയിക്കുന്നതു ചര്‍ച്ചചെയ്‌തിരുന്നു.
ചിരട്ടപ്പാല്‍ ഇറക്കുമതിയുണ്ടായാല്‍ സ്വാഭാവിക റബറിന്റെയും ഒട്ടുപാലിന്റെയും വില നിലവിലുള്ളതിന്റെ പകുതിയായി കുറയുമെന്നു വ്യാപാരികളും പറയുന്നു.

ഷിന്റോ തോമസ്‌

Ads by Google
Sunday 15 Apr 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW