Tuesday, March 19, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.28 AM

'ഹെക്‌ടറും ക്ലിപ്‌തവും' മതി ഹാരിസന്റെ അടിത്തറയിളക്കാന്‍, ഭൂമി വാങ്ങിയതും വിറ്റതും ഒരാള്‍; തട്ടിക്കൂട്ട്‌ ആധാരത്തില്‍ അടിമുടി പൊരുത്തക്കേട്‌

uploads/news/2018/04/209154/bft3.jpg

ഇടത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അട്ടിമറിക്കപ്പെട്ട വിജിലന്‍സ്‌ അന്വേഷണം തുടര്‍ന്നാല്‍ ഹാരിസന്റെ അടിത്തറയിളകുമെന്ന്‌ നിയമവിദഗ്‌ധര്‍. ഹാരിസന്റെ പക്കലുള്ള ആധാരം വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്‌ അന്വേഷണത്തിലൂടെയാണ്‌. തൊണ്ടിമുതലായി വിജിലന്‍സ്‌ സൂക്ഷിച്ചിട്ടുള്ള ഈ ആധാരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെ കൈവശം സുരക്ഷിതമായി ഇരിക്കുന്നിടത്തോളം കാലം തങ്ങളുടെ നിലനില്‍പ്പിനെ അത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ വ്യക്‌തമായതോടെ എങ്ങനെയെങ്കിലും ആധാരം അന്വേഷണ പരിധിയില്‍ നിന്നും മറച്ചുവയ്‌ക്കാനുള്ള നീക്കമാണ്‌ കമ്പനി ഇപ്പോള്‍ നടത്തിവരുന്നത്‌.
വിജിലന്‍സ്‌ ഡിവൈ.എസ്‌.പി നന്ദനന്‍പിള്ള സമര്‍പ്പിച്ച 83 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ആധാരത്തിലെ തട്ടിപ്പുകള്‍ അക്കമിട്ടാണ്‌ നിരത്തിയിട്ടുള്ളത്‌. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ 2013 നവംബര്‍ ഒന്നിന്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. കോടതിക്ക്‌ ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്ന്‌2014-ല്‍ ജസ്‌റ്റീസ്‌ കെ.രാമകൃഷ്‌ണപിള്ള തുടരന്വേഷണത്തിന്‌ ഉത്തരവിട്ടു. ഡിവൈ.എസ്‌.പി ശ്യാമിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ അദ്ദേഹം യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറാകാഞ്ഞത്‌ ഭരണകക്ഷിയായ സി.പി.എം ഉന്നതരുടെ ശക്‌തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നുവെന്നാണ്‌ ആരോപണം.
ഹാരിസന്റെ ആധാരത്തിലെ പൊരുത്തക്കേടുകള്‍ ചുവടെ.

കമ്പനി സ്വന്തമായി സര്‍വേ നമ്പരുകള്‍ സൃഷ്‌ടിച്ചു

ഹാരിസന്റെ കൈവശമുള്ള എഴുപത്തി അയ്യായിരത്തില്‍ പരം ഏക്കര്‍ ഭൂമിയുടെ ഉടമസ്‌ഥാവകാശം സ്‌ഥാപിക്കാന്‍ കൊല്ലം സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ 1600/1923, ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ 2804/1923, ചെങ്കല്‍പേട്ടയില്‍ തന്നെയുള്ള 2805/1923 നമ്പരുകളിലുള്ള മൂന്ന്‌ ആധാരങ്ങളും 56 തെളിവുകളുമാണ്‌ ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കാറുള്ളത്‌. ആധാരങ്ങള്‍ പരിശോധിച്ച വിജിലന്‍സ്‌ കൈവശ ഭൂമിക്ക്‌ കമ്പനി സ്വന്തമായി സര്‍വേ നമ്പരുകള്‍ ഉണ്ടാക്കിയെന്ന്‌ കണ്ടെത്തി. ഈ നമ്പരുകള്‍ സാധൂകരിക്കാന്‍ ആധികാരിക രേഖകളായ റവന്യൂ രജിസ്‌റ്ററിലും സര്‍വേ മാപ്പുകള്‍, ലിത്തൊ മാപ്പുകള്‍ എന്നിവയിലും തിരുത്തലുകള്‍ വരുത്തി. വില്ലേജ്‌, താലൂക്ക്‌, കലക്‌ടറേറ്റ്‌ തുടങ്ങിയവയിലെ സര്‍ക്കാര്‍ രേഖകളും വെട്ടി തിരുത്തി. ഇതിനെല്ലാം റവന്യൂ ഉദ്യോഗസ്‌ഥര്‍ കൂട്ടുനിന്നതായും വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ വക്‌തമാക്കുന്നു.

ആധാരത്തിലുള്ളത്‌ ആധുനിക മലയാള ലിപികള്‍

തൊണ്ണൂറ്‌ വര്‍ഷം മുമ്പ്‌ 1923-ല്‍ തയ്യാറാക്കിയെന്ന്‌ അവകാശപ്പെടുന്ന ആധാരത്തില്‍ കടന്നുകൂടിയിട്ടുള്ളത്‌ ആധുനിക മലയാളം ലിപികള്‍. ഈ ലിപികള്‍ 1968ന്‌ ശേഷം പ്രാബല്യത്തില്‍ വന്നവയാണെന്ന്‌ വിജിലന്‍സ്‌ തെളിയിക്കുന്നു. പണ്ട്‌ ക്ലിപ്‌തം എന്നതിന്‌ ഉപയോഗിച്ചു വന്നിരുന്നത്‌ നയുടെ രണ്ടറ്റവും ഉള്ളിലേക്ക്‌ വളഞ്ഞ രീതിയിലുള്ള ഇല്‌ എന്നുച്ചരിക്കുന്ന ചില്ലക്ഷരമായിരുന്നു.
എന്നാല്‍ ഹാരിസന്റെ ആധാരങ്ങളില്‍ ക്ലിപ്‌തം എന്ന്‌ വ്യക്‌തമായി സൂചിപ്പിച്ചിരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതിയില്‍ മുന്‍ റവന്യൂ വകുപ്പ്‌ പ്ലീഡര്‍ സുശീലാ ഭട്ട്‌ വാദിച്ചത്‌. ഈ വാദം ഹാരിസന്റെ പൊള്ളത്തരങ്ങള്‍ പൊളിക്കാന്‍ തികച്ചും പര്യാപ്‌തമായിരുന്നു.

പഴയ ആധാരത്തില്‍ ഹെക്‌ടര്‍ പ്രയോഗം

പഴയ ആധാരത്തില്‍ കണ്ടെത്തിയ ഹെക്‌ടര്‍ പ്രയോഗം ഹാരിസന്റെ രേഖകള്‍ കൃത്രിമം ആണെന്ന്‌ വ്യക്‌തമായ സൂചനയാണ്‌ നല്‍കുന്നതെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുടെ അളവുകള്‍ ഹെക്‌ടറില്‍ കണക്കാക്കാന്‍ തുടങ്ങിയത്‌ 1967-ന്‌ ശേഷമാണ്‌. അതിനുമുമ്പ്‌ ഏക്കറാണ്‌ അളവുകോലായി ഉപയോഗിച്ചിരുന്നത്‌. ഹാരിസണ്‍ വ്യാജ ആധാരം ചമച്ചത്‌ 1970ന്‌ ശേഷമാണെന്നുള്ളതിന്‌ തെളിവാണിത്‌.

വാട്ടര്‍ മാര്‍ക്കും പേപ്പറും വ്യാജം

ഹാരിസന്റെ പക്കലുള്ള ആധാരത്തിന്റെ വാട്ടര്‍ മാര്‍ക്കും പേപ്പറും വ്യാജമാണെന്ന്‌ വിജിലന്‍സ്‌ അന്വേഷണം വ്യക്‌തമാക്കുന്നു. 1923 കാലഘട്ടത്തിലുള്ള എല്ലാ ആധാരങ്ങളും പരിശോധിച്ചാല്‍ അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന തിരുവിതാംകൂറിന്റെ ഔദ്യോഗിക മുദ്രയായ ശംഖാണ്‌ വാട്ടര്‍ മാര്‍ക്കായി രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ ഹാരിസന്റെ പക്കലുള്ള ആധാരത്തില്‍ വിദേശ സ്‌ഥാപനമായ ജോണ്‍ ഡിക്കിന്‍സന്‍ കമ്പനിയുടെ സീലാണ്‌ വാട്ടര്‍മാര്‍ക്കായിട്ട്‌ ഉപയോഗിച്ചിരിക്കുന്നത്‌. കൂടാതെ വിദേശത്ത്‌ മാത്രം ലഭിക്കുന്ന മുന്തിയ ഇനം പേപ്പറിലാണ്‌ ആധാരം തയ്യാറാക്കിയിട്ടുള്ളത്‌. ഈ പേപ്പര്‍ 1923 കാലത്ത്‌ ഒരിടത്തും ഉണ്ടായിരുന്നില്ല. ആധാരം വ്യാജമാണെന്നുള്ളതിന്‌ മറ്റ്‌ എന്ത്‌ തെളിവു വേണം.

ഭൂമി വാങ്ങിയതും വിറ്റതും ഒരാള്‍

1600/1923 നമ്പര്‍ ആധാരത്തിന്റെ തുടക്കത്തില്‍ തന്നെ തട്ടിപ്പ്‌ വ്യക്‌തമാണ്‌. ദ മലയാളം റബര്‍ ആന്റ്‌ പ്ര?ഡ്യൂസേഴ്‌സ്‌ കമ്പനി ലിമിറ്റഡ്‌, ഗ്രേറ്റ്‌ ടവര്‍ സ്‌ട്രീറ്റ്‌, ലണ്ടന്‍ എന്ന വിലാസത്തിലുള്ള സ്‌ഥാപനത്തിനുവേണ്ടി ജോണ്‍ മക്കി എന്ന ആളാണ്‌ ഭൂമി വില്‍ക്കുന്നത്‌.
ഇദ്ദേഹത്തില്‍ നിന്നും ഭൂമി വാങ്ങുന്നത്‌ മലയാളം പ്ലാന്റേഷന്‍സ്‌ ലിമിറ്റഡ്‌, ഗ്രേറ്റ്‌ ടവര്‍, ലണ്ടന്‍ എന്ന സ്‌ഥാപനത്തിനുവേണ്ടി ജോണ്‍ മക്കിതന്നെ. ഭൂമി വാങ്ങിയതും വിറ്റതും ഒരാള്‍. കമ്പനിയുടെ പേര്‌ മാറ്റിക്കൊണ്ട്‌ നടത്തിയ തട്ടിപ്പ്‌ എല്ലാവര്‍ക്കും മനസിലാകുമെങ്കിലും സര്‍ക്കാരിനും കോടതിക്കും ഇനിയും പിടികിട്ടിയിട്ടില്ല.
വ്യജ ആധാരം ചമയ്‌ക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം, ഗൂഢാലോചന, സര്‍ക്കാരിന്‌ 106 കോടി രൂപയുടെ നഷ്‌ടം വരുത്തിവയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ്‌ വിജിലന്‍സ്‌ ഹാരിസണും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കുമെതിരെ ഉന്നയിക്കുന്നത്‌. ഹാരിസണ്‍ മലായളം പ്ലന്റേഷന്‍ (ഇന്ത്യാ)ലിമിറ്റഡിന്റെ പ്രസിഡന്റ്‌ ഡി.വിനയരാഘവന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എന്‍.ധര്‍മ്മരാജ്‌, വൈസ്‌ പ്രസിഡന്റ്‌ (ലീഗല്‍) വി.വേണുഗോപാല്‍,
കമ്പനി സെക്രട്ടറി രവി ആനന്ദ്‌, മൂന്ന്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ക്ക്‌ തടയിടാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ്‌ വിജിലന്‍സിന്റെ തുടര്‍ അന്വേഷണങ്ങള്‍ സ്‌തംഭിപ്പിക്കാന്‍ കാരണം. അന്വേഷണം തുടര്‍ന്നാല്‍ ഹാരിസന്റെ അടിതെറ്റുമെന്ന്‌ ഉറപ്പാണെന്ന്‌ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീലാ ഭട്ട്‌ പറയുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഒന്നിനും സമ്മതിക്കില്ലെന്നുള്ളതാണ്‌ പ്രശ്‌നം.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 15 Apr 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW