Monday, April 23, 2018 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 03.05 PM

നിറം പറയും നിങ്ങളുടെ സ്വഭാവം

''ഇഷ്ടനിറവും സ്വഭാവവുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ''
uploads/news/2018/04/209296/LifestyleColours160418t.jpg

പച്ച, നീല, ചുവപ്പ് എന്നിങ്ങനെയുള്ള നിറങ്ങള്‍ നമ്മുടെ വികാരങ്ങളെ, പ്രവൃത്തികളെ ഒക്കെയും സ്വാധീനിക്കുന്നുണ്ടത്രേ. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവം. നിറങ്ങളോടുള്ള ഇഷ്ടത്തിലൂടെ വ്യക്തിത്വത്തെ മനസ്സിലാക്കാമെന്നു ചുരുക്കം.

ചുവപ്പ്


ശക്തി, ആരോഗ്യം, ഓജസ്സ് എന്നിവയുടെ നിറമായ ചുവപ്പ് തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും, ഊര്‍ജ്ജസ്വലരുമായിരിക്കും. ശുഭാപ്തി വിശ്വാസികളായ ഇവര്‍ ഒരിക്കലും വിരസത ഇഷ്ടപ്പെടുന്നില്ല. ഇവര്‍ അശ്രദ്ധരും അന്തര്‍മുഖരും ആയിരിക്കില്ല. പക്ഷേ ചിലപ്പോള്‍ സ്വന്തം പോരായ്മകളെക്കുറിച്ച് അജ്ഞരായിരിക്കും. ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ മറ്റുള്ളവരുടെ തെറ്റ് കണ്ടാല്‍ കുറ്റപ്പെടുത്തുന്നവരാണ്.

പിങ്ക്


ചുവപ്പിന്റെ സൗമ്യ ഗുണങ്ങള്‍ അടങ്ങിയ പിങ്ക്, സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്. പിങ്ക് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ മാതൃഭാവമുള്ളവരായിരിക്കും. പിങ്ക് ഇഷ്ടപ്പെടുന്ന വ്യക്തികള്‍ സംരക്ഷണവും, പ്രത്യേക പരിചരണവും ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ സ്നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സംരക്ഷണവും സുരക്ഷിതമായ ജീവിതവും ആഗ്രഹിക്കുന്നവരുമാണ്. പിങ്ക് ഇഷ്ടപ്പെടുന്നവര്‍ സൗമ്യരും ആകര്‍ഷകത്വമുള്ളവരുമായിരിക്കും. സൗന്ദര്യത്തോടെയും ആഡംബരത്തോടെയും ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കും.

മെറൂണ്‍


ജീവിതത്തില്‍ പരാജയമുണ്ടായാലും മുന്നോട്ട് പോകുന്നവരാണ് ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും. മെറൂണ്‍ ഇഷ്ടപ്പെടുന്നവര്‍ അച്ചടക്ക ശീലമുള്ളവരായിരിക്കും.

ഓറഞ്ച്


യുവത്വം, ശക്തി, ധൈര്യം, ആകാംക്ഷ, പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് ഓറഞ്ച്. ആഡംബരത്തിന്റെയും ആനന്ദത്തിന്റെയും നിറമായ ഓറഞ്ച് ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരുമാണ്. സമൂഹവുമായി ഇടപഴകി ജീവിക്കുന്നവരായിരിക്കും ഇവര്‍. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്തരുമായിരിക്കും.

വെള്ള


പരിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും ലാളിത്യത്തിന്റെയും നിറമാണിത്. ഈ നിറത്തിന് യുവത്വവും പരിശുദ്ധിയുമായി ശക്തമായ ബന്ധമാണുള്ളത്. പ്രായമുള്ള ആളുകള്‍ക്ക് പൊതുവേ വെളുത്ത നിറത്തോട് ഇഷ്ടം കൂടുതലായിരിക്കും.

പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ് ഈ നിറം സൂചിപ്പിക്കുന്നത്. മാത്രമല്ല, നഷ്ടമായ യൗവനവും ഉന്‍മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമവും ലളിത ജീവിതത്തോടുള്ള ആഗ്രഹവും വെളുത്ത നിറത്തിലൂടെ സൂചിപ്പിക്കുന്നു.

മഞ്ഞ


സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമായ മഞ്ഞ ഇഷ്ടപ്പെടുന്നവര്‍, സാഹസികതയും അസാധാരണത്വവും ഉള്ളവരായിരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നമായ വ്യക്തിത്വവും ആത്മസംതൃപ്തിയും ഉള്ളവരാണ്.

പച്ച


ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമായ പച്ച, പ്രതീക്ഷ, സമാധാനം, പുതുമ എന്നിവയെ പ്രതിഫലിപ്പിക്കുന്നു. പച്ച നിറം ഇഷ്ടപ്പെടുന്നവര്‍ സ്വതന്ത്രചിന്താഗതിക്കാരും സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും.

ആത്മാര്‍ത്ഥതയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ് പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. പച്ച ഇഷ്ടപ്പെടുന്നവര്‍ സ്വയം വളരുന്നവരും പരിഷ്‌കൃതരും സമാധാന പ്രിയരും ആയിരിക്കും. അതിനാല്‍ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്തേക്കാം.

നീല


കരുണയും സംരക്ഷണവും നല്‍കുന്ന നീലനിറം കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ്. സമാധാനം, സത്യസന്ധത, ക്ഷമ, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്ന നീല, സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്.
നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കും. എന്നാല്‍ ഉത്കണ്ഠ കൂടുതലുള്ള ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിന് ഇട നല്‍കും.

ലാവെന്‍ഡര്‍ (ഇളം വയലറ്റ്)


ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന നിറമാണിത്. എപ്പോഴും വൃത്തിയായും മനോഹരമായും വസ്ത്രധാരണം നടത്തുന്നവരായിരിക്കും ഇവര്‍. ക്രിയാത്മകതയും പരിഷ്കാരവുമുള്ള ഇവരുടെ പെരുമാറ്റം ഏവരേയും ആകര്‍ഷിക്കും.

പര്‍പ്പിള്‍


മികച്ച വ്യക്തിത്വമുള്ളവരും പെട്ടെന്ന് പ്രതികരിക്കുന്നവരുമാണ് പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍. ഇവര്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരായിരിക്കും. ഇവര്‍ എളുപ്പത്തില്‍ ദേഷ്യപ്പെടുന്നവരും കലാപ്രേമികളുമായിരിക്കും.

നിറങ്ങളും ദിവസങ്ങളും


ആഴ്ചയിലെ ഓരോ ദിവസവും നവഗ്രഹങ്ങളിലെ ആദ്യ ഏഴു സ്ഥിരഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഓരോ ദിനത്തിലും അതാത് ഗ്രഹത്തെ സ്വാധീനിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഭാഗ്യലബ്ധിയും ജീവിതപുരോഗതിയും ഉണ്ടാകുമത്രേ.

ഞായര്‍ - ഓറഞ്ച്
തിങ്കള്‍ - വെളുപ്പ്, ചന്ദനം (ക്രീം)
ചൊവ്വ ചുവപ്പ്
ബുധന്‍ - പച്ച
വ്യാഴം - മഞ്ഞ
വെളളി - വെളുപ്പ്, ചുവപ്പ്, പിങ്ക്
ശനി - കറുപ്പ്, നീല.

അശ്വതി അശോക്

Ads by Google
Monday 16 Apr 2018 03.05 PM
YOU MAY BE INTERESTED
TRENDING NOW