''ഡിസൈനുകളിലും ഫാബ്രിക്കുകളിലും മാത്രമല്ല സ്ലീവുകളിലും ഓരോ നിമിഷവും ഫാഷന്‍ തരംഗങ്ങള്‍ മാറിമറിയുകയാണ്...''
കുര്‍ത്തികള്‍ ഫാഷന്‍ വിപണി കീഴടക്കിയിട്ട് കാലങ്ങളേറെയായി. അതില്‍ത്തന്നെ പല ഡിസൈനിംഗുകളും ഓരോ ദിവസവും മാറിമറിയുകയാണ്.
പ്രിന്റുകളുള്ളവ, ചായക്കൂട്ടുകളുടെ ഡിസൈനുള്ളവ, മിക്സ് ആന്‍ഡ് മാച്ച് നിറങ്ങളടങ്ങിയവ, ഹാന്‍ഡിക്രാഫ്റ്റ് വര്ക്കുള്ളവ, ഷിഫോണ്‍-കോട്ടണ്‍- ലിനന്‍ എന്നിങ്ങനെ പലതരം ഫാബ്രിക്കുകളില്‍ പുതിയ ഡിസൈനടങ്ങിയവ എന്നിങ്ങനെ ആ നിര നീളുകയാണ്.
കുര്‍ത്തികളില്‍, ഫാബ്രിക്ക് - പ്രിന്റ്-ഡിസൈന്‍ എന്നിവയില്‍ മാത്രമല്ല സ്ലീവുകളിലും ദിനംപ്രതി പരീക്ഷണങ്ങള്‍ വരുകയാണ്. കുര്ത്തികളിലും ടോപ്പുകളിലും പരീക്ഷിക്കാവുന്ന ചില സ്ലീവുകള്‍...
ഫുള്‍ സ്ലീവുകള്‍
ഇറക്കമുള്ള കുര്‍ത്തികളില്‍ കൂടുതലായും കാണപ്പെടുന്നത് ഫുള്‍ സ്ലീവുകളാണ്. ചൂടു കാലത്തും മഞ്ഞുകാലത്തും ഒരുപോലെ ധരിക്കാന്‍ കഴിയുന്ന ഫുള്‍ സ്ലീവ് കുര്‍ത്തികള്‍ പ്രകൃതിയോടിണങ്ങി നില്ക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തവയാണ്. കൂടുതലും ലൈറ്റ് ഷേഡുകളിലാണ് ഫുള്‍ സ്ലീവുകള്‍ നല്‍കുന്നത്. തോളില്‍ നിന്ന് റിസ്റ്റ് വരെ ഏകദേശം ഒരേ വണ്ണത്തില്‍ തന്നെയാണിത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷേയ്പ്പു ചെയ്ത് ധരിച്ചാല്‍ അതിന്റെ ഭംഗി പോകുമെന്നുള്ളതും മറ്റൊരു കാര്യം. കൈവണ്ണമുള്ളവര്ക്കും സണ്‍ ടാന്നില്‍ നിന്ന് രക്ഷപെടേണ്ടവര്ക്കും ഈ ഡിസൈന്‍ സ്വീകരിക്കാം. ട്രഡീഷണല്‍ സ്കര്‍ട്ടിനൊപ്പവും പലാസോയ്ക്കൊപ്പവുമാണ് ഇത് കൂടുതല്‍ ഇണങ്ങുന്നത്. പിയര്‍ ബോഡി ഷേയ്പ്പുള്ളവര്ക്കിത് കൂടുതല്‍ ചേരും.
ക്വാര്‍ട്ടര്‍ സ്ലീവുകള്‍
ത്രീ ബൈ ഫോര്‍ സ്ലീവുകളാണിത്. റിസ്റ്റ് വരെയുള്ളതിന് പകരം കൈമുട്ടുവരെയാണിതിന്റെ കണക്ക്. എതിനിക് ഡ്രസ്സുകളിലാണ് ഈ സ്ലീവുകള്‍ കൂടുതല്‍ ഉചിതം. സ്ലീവിന്റെ അറ്റത്ത് ട്രഡീഷണല്‍ ഡിസൈനുകള്‍ കൂടി ചെയ്താല്‍ ഭംഗി ഇരട്ടിയാകും. ലെഗ്ഗിന്സിനൊപ്പമോ ഡെനിം മെറ്റീരിയല്‍ ബോട്ടത്തിനൊപ്പമോ ഈ സ്ലീവുള്ള കുര്‍ത്തികള്‍ ധരിക്കാം. കൈമുട്ടു വരെയുള്ളതു കൊണ്ട് ഷെയ്പ്പ് ചെയ്തിടുന്നതാണ് നല്ലത്. ലോലിപ്പോപ്പ് ബോഡി ഷെയ്പ്പുള്ളവര്ക്കിത് കൂടുതല്‍ ഇണങ്ങും.
ക്യാപ്പ് സ്ലീവ്സ്
ഇറക്കം കുറഞ്ഞ കുര്ത്തികളിലാണിത് സാധാരണ കണ്ടുവരുന്നത്. തോളിന്റെ ഭാഗത്തു നിന്നുള്ള സ്ലീവിന് ക്യാപ്പിന്റെ ആകൃതിയായിരിക്കും. ഷോള്‍ഡര്‍ ലൈനില്‍ നിന്നും താഴ്ഭാഗത്തേക്ക് (ഹെം ലൈന്‍) ജോയിന്‍ ചെയ്യുന്ന രീതിയിലാണിത് സ്റ്റിച്ച് ചെയ്യുന്നത്. അതുകൊണ്ട് സ്ലീവ്ലെസ്സ് എന്നോ ഷോര്‍ട്ട് സ്ലീവെന്നോ ഇതിനെ വിളിക്കാം. തൊപ്പിയിലെ ഒരു ഫ്ളാപ്പ് പോലെയാണിത്. എതിനിക് വെയറിനെല്ലാം ഈ സ്ലീവ് നല്ലതാണെങ്കിലും അനാര്‍ക്കലി അല്ലെങ്കില്‍ ഫ്ളയേഡ് കുര്‍ത്തികള്‍ക്കാണ് കൂടുതല്‍ ഇണങ്ങുക. ടോപ്പ് ഹവര്‍ഗ്ലാസ് ഷേയ്പ്പുള്ളവര്ക്കിത് കൂടുതല്‍ ചേരും.
എക്സ്ട്രാ ഷോര്‍ട്ട് സ്ലീവ്സ്
തോളറ്റം മാത്രം നില്ക്കുന്ന സ്ലീവുകളാണിത്. വണ്ണക്കുറവുള്ള കൈകളാണെങ്കില്‍ ഇത് കൂടുതല്‍ ഇണങ്ങും. പ്രായക്കുറവ് തോന്നിക്കാനുമിത് സഹായിക്കും. സ്ലീവ്ലെസ്സ് ടോപ്പാണെങ്കിലും വള്‍ഗറായി തോന്നുകയുമില്ല. എ-ലൈന്‍ സ്ട്രെയിറ്റ് ലോംഗ് കുര്ത്തികളിലാണ് ഈ സ്ലീവുകള്‍ ചേരുന്നത്. ഇതിനൊപ്പം ദുപ്പട്ടയോ ഷോളോ ധരിക്കേണ്ട ആവശ്യവുമില്ല. ഹവര്‍ഗ്ലാസ് ബോഡി ഷെയ്പ്പുള്ളവര്ക്കിത് കൂടുതല്‍ ഇണങ്ങും.
ബിഷപ്പ് സ്ലീവ്സ്
ഷോള്ഡറില് നിന്ന് കൈമുട്ടു വരെയുള്ള ഭാഗത്ത് ഇറുകിയും റിസ്റ്റിലേക്കെത്തുന്ന ഭാഗം അയഞ്ഞുമാണിതിന്റെ ഡിസൈന്‍. തോളിന് വണ്ണക്കുറവുള്ളവര്ക്കും കൈകള്‍ക്ക് വണ്ണക്കൂടുതലുള്ളവര്ക്കും ഇത് നന്നായി ഇണങ്ങും. ലെഗ്ഗിന്സിനൊപ്പവും ഇറുക്കമുള്ള പാന്റിനൊപ്പവുമാണ് ഇത് കൂടുതല്‍ ഇണങ്ങുന്നത്. അനാര്‍ക്കലി, മീഡിയം ലെംഗ്ത് എ-ലൈന്‍ കുര്‍ത്തികള്‍ എന്നിവയിലെല്ലാം ഈ സ്ലീവ് ഡിസൈന്‍ കാണാം. ഓവല്‍ ബോഡി ഷേയ്പ്പുള്ളവര്ക്കാണിത് കൂടുതല്‍ ചേരുന്നത്.
ബലൂണ്‍ പഫ് സ്ലീവ്സ്
ഒരു കാലത്ത് തരംഗമായിരുന്ന പഫ് സ്ലീവ് ഡിസൈനര്‍ ബ്ലൗസുകളില്‍ മാത്രമല്ല അനാര്‍ക്കലി കുര്ത്തികളിലും ഫാഷനാണ്. ബലൂണ്‍ പോലെ തോന്നിപ്പിക്കുന്ന ഈ സ്ലീവുകളുടെ അറ്റം ടൈറ്റായിരിക്കും. മറ്റു സ്ലീവുകളെ അപേക്ഷിച്ച് നീളവും കുറവായിരിക്കും. പഫ് സ്ലീവ് ഏതു ശരീരഘടനയുള്ളവര്ക്കുമിണങ്ങും, എങ്കിലും വണ്ണം കുറവുള്ള പിയര്‍ ഷെയ്പ്പുള്ള സ്ത്രീകള്‍ക്കാണിത് കൂടുതല്‍ യോജിക്കുക.
ബെല്‍ സ്ലീവ്സ്
ബട്ടര്‍ഫ്ളൈ സ്ലീവ്സിന്റെ മറ്റൊരു വകഭേദമാണിത്. തോളറ്റം മുതല്‍ റിസ്റ്റ് വരെയുള്ള ഭാഗത്ത് ബെല്‍ ഷെയ്പ്പും, പിന്നീട് ഫ്ളയേഡ് ഡിസൈനുമാണ് ഇതിനുള്ളത്. സ്ലീവിന്റെ നീളം കുര്‍ത്തികളുടെ നീളത്തിനനുസരിച്ചാവും. ഷോള്‍ഡര്‍ ലൈനില്‍ നിന്ന് സ്ലീവ് തീരുന്നതിന് തൊട്ടു മുന്‍പുള്ള ഭാഗം വരെ ഇറുകിപ്പിടിച്ചും പിന്നീട് ബെല്‍ ഷെയ്പ്പുമാണിതിന്. എതിനിക് വെയറുകളിലും മറ്റുമിത് പരീക്ഷിച്ചിട്ടുണ്ട്. ഡയമണ്ട് ഷേയ്പ്പ് ബോഡിയുള്ളവര്ക്കിത് കൂടുതല്‍ ഇണങ്ങും.
റോള്‍ അപ്പ് സ്ലീവ്
സ്ലീവുകള്‍ മടക്കിവയ്ക്കുന്ന രീതിയാണിത്. ആവശ്യാനുസരണം ഇതിന്റെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം. അറ്റത്തുള്ള ബട്ടണില്‍ ഘടിപ്പിക്കുകയും ചെയ്യാം. ഷര്‍ട്ട് സ്റ്റൈല്‍ കുര്ത്തികളിലും കോളര്‍ കുര്ത്തികളിലുമൊക്കെയാണിത് കൂടുതല്‍ ചേരുന്നത്. കോട്ടണ്‍ ലിനന്‍ മെറ്റീരിയലുകളിലുള്ള ഈ കുര്‍ത്തികള്‍ ആപ്പിള്‍ ഷെയ്പ്പുള്ളവര്ക്കാണ് നന്നായി ഇണങ്ങുന്നത്.
കിമോണോ സ്ലീവ്സ്
ജപ്പാനിലെ ടോക്കിയോയില്‍ നിന്ന് നേരിട്ട് എത്തിയ പരമ്പരാഗത സ്ലീവാണിത്. പ്രത്യേക നീളവും സ്റ്റിച്ചിംഗ് പാറ്റേണുമൊക്കെയാണിതിനുള്ളത്. ഇറക്കമുള്ള കുര്‍ത്തികളാണ് ഈ സ്ലീവിന് ഏറ്റവും ഇണങ്ങുന്നത്. പരമ്പരാഗത വര്‍ക്കുകളും പെയിന്റുകളുമൊക്കെ സ്ലീവിന് നല്കി ഇത് കൂടുതല്‍ ആകര്‍ഷണീയമാക്കാം. വണ്ണം കുറഞ്ഞ ഒതുങ്ങിയ ശരീരഘടനയുള്ള സ്കിന്നി ബോഡി ഷേയ്പ്പുള്ളവര്ക്ക് ഇത് നന്നായി ചേരും.
ഡോല്‍മാന്‍ സ്ലീവ്സ്
നീളമുള്ള ഷോകേയ്സ് ഡിസൈന്‍ സ്ലീവാണിത്. ഷോള്‍ഡര്‍ മുതല്‍ റിസ്റ്റ് വരെയുള്ള ഭാഗം അയഞ്ഞതാവും എന്നതാണിതിന്റെ പ്രത്യേകത. എതിനിക് വെയറിലാണ് ഈ സ്ലീവ് കൂടുതലായും കാണുന്നത്. ഇറക്കം കുറഞ്ഞ കുര്‍ത്തികള്‍ക്കൊപ്പം ഈ ഡിസൈന്‍ നന്നായി ഇണങ്ങും. നല്ല വണ്ണമുള്ളവര്‍ക്കും സ്വകര്‍ ബോഡി ഷെയ്പ്പുള്ളവര്ക്കുമാണിത് കൂടുതല്‍ ചേരുക.
സ്ലിറ്റ് സ്ലീവ്സ്
സെലിബ്രിറ്റികള്‍ കൂടുതലും സെലക്ട് ചെയ്യുന്ന സ്ലീവാണിത്. തോളില്‍ നിന്ന് കൈത്തണ്ട വരെയുള്ള ഭാഗത്ത് ഒരു വശം മാത്രം മുറിച്ചിടുന്ന രീതിയാണിത്. കൃത്യമായ ഇറക്കവും ഷേയ്പ്പുമൊക്കെ ഇതിനുണ്ടാകും. ഓരോരുത്തരുടെയും ശരീരഘടനയ്ക്കനുസരിച്ച് ഇത് തെരഞ്ഞെടുക്കാം. കൂടുതല്‍ ഭാഗം മുറിച്ചിടുന്നതും അല്‍പ്പ ഭാഗം മാത്രം മുറിച്ചിടുന്ന സ്റ്റൈലും ഇതിലുണ്ട്. മിതവണ്ണമുള്ള കൈകളാണെങ്കില്‍ ഈ സ്ലീവ് കൂടുതല്‍ ചേരും. സ്പൂണ്‍ ബോഡി ഷെയ്പ്പുള്ളവര്ക്കിത് കൂടുതല്‍ ഇണങ്ങും.
റഗ്ലാന് സ്ലീവ്സ്
ഡയഗണല്‍ കട്ടിംഗാണ് ഈ സ്ലീവിന്. തോളിനു വീതിയുള്ളവര്ക്കാണിത് ചേരുക. പട്യാല കുര്ത്തികള്ക്കൊപ്പവും സ്ട്രെയിറ്റ് കുര്ത്തികള്ക്കൊപ്പവും ഈ സ്ലീവ് കൂടുതല്‍ പരീക്ഷിക്കാറുണ്ട്. മുട്ടറ്റം വരെയാണിതിന്റെ നീളം. ഒരുപാട് അയവോ കൂടുതല്‍ ടൈറ്റോ ആവില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.ഏതു ശരീരഘടനയുള്ളവര്ക്കുമിത് ചേരും.
ലക്ഷ്മി ബിനീഷ്