Monday, June 17, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 24 May 2018 02.28 AM

ചതിക്കുഴികള്‍ മാടിവിളിക്കുന്നു; വിദ്യാര്‍ഥികളേ ഇതിലേ, ഇതിലേ

കുട്ടികളുടെ ഭാവിയെക്കരുതി, ജോലിസാധ്യതയുള്ള കോഴ്‌സുകളും സ്‌ഥാപനങ്ങളും തേടിയുള്ള രക്ഷാകര്‍ത്താക്കളുടെ പരക്കംപാച്ചിലില്‍ പലപ്പോഴും വീഴ്‌ചകള്‍ സംഭവിക്കുന്നു. ഇതു സംബന്ധിച്ചു ജനപ്രതിനിധികള്‍ക്കു മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും ഏറെയാണ്‌.
uploads/news/2018/05/219664/opinbion240518.jpg

ഒരു വിദ്യാലയവര്‍ഷം കൂടി സമാഗതമായതോടെ വിവിധ കോഴ്‌സുകള്‍ക്കു പ്രവേശനം തേടി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും "ഉത്രാടപ്പാച്ചില്‍" ആരംഭിച്ചു. കോഴ്‌സുകളുടെ ആകര്‍ഷകപരസ്യങ്ങളും വിവിധ വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ സ്‌റ്റാളുകളും ഏജന്റുമാരും തലപൊക്കുന്ന സമയംകൂടിയാണിത്‌. മഴക്കാലത്തെ പകര്‍ച്ചപ്പനിപോലെ അപകടകാരികളാണ്‌ ഇതില്‍ പലതും.

ബാങ്കിങ്‌ ഓംബുഡ്‌സ്‌മാനു മുന്നിലെത്തുന്ന പരാതികളില്‍ സിംഹഭാഗവും വിദ്യാഭ്യാസവായ്‌പയുമായി ബന്ധപ്പെട്ടതാണ്‌. സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ഥികളില്‍, പഠനമികവു പുലര്‍ത്തുന്നവര്‍ക്കായാണു വിദ്യാഭ്യാസവായ്‌പ ആവിഷ്‌കരിക്കപ്പെട്ടത്‌. എന്നാല്‍ അപേക്ഷകരുടെ അര്‍ഹത, വായ്‌പാലഭ്യത, തിരിച്ചടവ്‌ വ്യവസ്‌ഥകള്‍, അംഗീകൃത കോഴ്‌സുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ പരാതികള്‍ നിലനില്‍ക്കുന്നു. കുട്ടികളുടെ ഭാവിയെക്കരുതി, ജോലിസാധ്യതയുള്ള കോഴ്‌സുകളും സ്‌ഥാപനങ്ങളും തേടിയുള്ള രക്ഷാകര്‍ത്താക്കളുടെ പരക്കംപാച്ചിലില്‍ പലപ്പോഴും വീഴ്‌ചകള്‍ സംഭവിക്കുന്നു. ഇതു സംബന്ധിച്ചു ജനപ്രതിനിധികള്‍ക്കു മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും ഏറെയാണ്‌.

ഇതരസംസ്‌ഥാനങ്ങളിലും മറ്റും വിവിധ കോഴ്‌സുകള്‍ക്കു ചേരുന്നവര്‍ പലപ്പോഴും അതിലേക്ക്‌ എത്തിപ്പെടുന്നതു പരസ്യങ്ങള്‍ കണ്ടും ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ചുമായിരിക്കും. കോഴ്‌സുകളുടെ അംഗീകാരമോ സ്‌ഥാപനങ്ങളുടെ വിശ്വാസ്യതയോ പലപ്പോഴും തിരക്കാറില്ല. ഈ തിടുക്കം മൂലം ഹോമിക്കപ്പെടുന്നതു നമ്മുടെ കുട്ടികളുടെ ഭാവിതന്നെയാണ്‌. കേരളത്തില്‍ത്തന്നെയുള്ള കോഴ്‌സുകളില്‍ പലതും പാസാകുന്നവര്‍ പി.എസ്‌.സി. അംഗീകാരമില്ലാതെ അലയുന്നതു മുമ്പൊരു ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്‌.

സംസ്‌ഥാനത്തെ ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍ വിദ്യാഭ്യാസവായ്‌പ അനുവദിക്കുമ്പോള്‍ പ്രധാനമായും നിഷ്‌കര്‍ഷിക്കുന്ന വ്യവസ്‌ഥകളിലൊന്ന്‌, പ്രവേശനം നേടുന്ന സീറ്റ്‌ മെറിറ്റ്‌ അടിസ്‌ഥാനത്തില്‍ ആയിരിക്കണമെന്നാണ്‌. 2017 മാര്‍ച്ച്‌ 31-ലെ റിസര്‍വ്‌ ബാങ്ക്‌ വിജ്‌ഞാപനപ്രകാരം, അപേക്ഷകര്‍ക്കു യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത്‌ 60% മാര്‍ക്കുണ്ടാകണം. സ്‌ഥാപനത്തിനും കോഴ്‌സിനും യു.ജി.സിയുടെയോ മറ്റു സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെയോ അംഗീകാരവും വിജ്‌ഞാപനത്തില്‍ വ്യവസ്‌ഥചെയ്യുന്നു.

കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച അജ്‌ഞത ഒരു വലിയ പ്രശ്‌നമാണ്‌. സര്‍ക്കാര്‍/എയ്‌ഡഡ്‌ ഒഴികെ മറ്റെല്ലാ സ്‌ഥാപനങ്ങളുടെയും കോഴ്‌സുകള്‍ക്ക്‌ ഓരോവര്‍ഷവും അംഗീകാരം പുതുക്കണം. മുന്‍വര്‍ഷങ്ങളിലെ അംഗീകാരത്തിന്റെ മറവില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന സ്‌ഥാപനങ്ങള്‍ നിരവധിയാണ്‌. ബാങ്കുകളില്‍ അപേക്ഷിക്കുമ്പോള്‍ മാത്രമാണ്‌ ഇത്തരം കോഴ്‌സുകള്‍ക്കു വായ്‌പ ലഭിക്കില്ലെന്നു വെളിപ്പെടുന്നത്‌. വായ്‌പ പ്രതീക്ഷിച്ച്‌, പ്രവേശനത്തിനായി മുടക്കിയ പണം നഷ്‌ടപ്പെടുന്നതു മിച്ചം.

നിലവില്‍ വിജ്‌ഞാന്‍ പ്രധാന്‍, എഡ്യൂസം പോലെയുമുള്ള വായ്‌പാപദ്ധതികളുണ്ട്‌. മെഡിക്കല്‍ കോഴ്‌സുകള്‍ക്കു നാലുലക്ഷം രൂപവരെ ഈട്‌ വേണ്ട. കൂടുതല്‍ തുകയ്‌ക്കു വസ്‌തു ഈട്‌ നല്‍കണം. മെറിറ്റില്‍ പ്രവേശനം ലഭിച്ചാലേ പലിശ സബ്‌സിഡി ലഭിക്കൂ. ബാങ്ക്‌ അസോസിയേഷന്റെ വായ്‌പാപദ്ധതിയായ എഡ്യൂസമില്‍ പെണ്‍കുട്ടികള്‍ക്കു പലിശ 11.5 ശതമാനവും ആണ്‍കുട്ടികള്‍ക്കു 12 ശതമാനവുമാണ്‌. വ്യവസ്‌ഥകള്‍ പാലിക്കാത്ത സ്‌ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവര്‍ വായ്‌പയ്‌ക്ക്‌ അര്‍ഹരല്ല.

ഇതരസംസ്‌ഥാനങ്ങളില്‍ പഠനത്തിനു ചേരുന്നവര്‍ പലപ്പോഴും അപേക്ഷാ ഫോമുകള്‍ വായിച്ചുനോക്കാതെ, ഏജന്റുമാര്‍ പറയുന്നിടത്ത്‌ ഒപ്പിട്ടു കൊടുക്കുകയാണു ചെയ്യുന്നത്‌. ഫീസ്‌ കൂടുതലുള്ള മാനേജ്‌മെന്റ്‌ ക്വാട്ടയിലാണു പ്രവേശനമെന്നു പിന്നീടാകും അറിയുക. ബാങ്ക്‌ വായ്‌പയ്‌ക്കു താമസം നേരിടുമ്പോള്‍ മറ്റിടങ്ങളില്‍നിന്നു കടം വാങ്ങി ആദ്യഘട്ടം ഫീസ്‌ അടച്ച്‌, സര്‍ട്ടിഫിക്കറ്റുകളും നല്‍കി പ്രവേശനം നേടും. ബാങ്കിനെ സമീപിക്കുമ്പോഴാകും വായ്‌പയ്‌ക്ക്‌ അര്‍ഹമല്ലാത്ത സീറ്റിലാണു പ്രവേശനം നേടിയതെന്നറിയുക. തുടര്‍ന്നു ഫീസ്‌ നല്‍കാനാവാതെ പഠനം നിര്‍ത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും സ്‌ഥാപന അധികൃതര്‍ പിടിച്ചുവയ്‌ക്കും. മുഴുവന്‍ ഫീസും അടയ്‌ക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാറില്ല.

പിന്നെ, ബ്ലേഡ്‌ പലിശയ്‌ക്കു കടം വാങ്ങി എങ്ങനെയും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയെടുക്കാനുള്ള തത്രപ്പാടാണ്‌. അപ്പോഴേക്ക്‌, ഏജന്റുമാര്‍ അടുത്ത ഇരകളെത്തേടി പോയിട്ടുണ്ടാകും. പ്രോസ്‌പെക്‌റ്റസില്‍ പറയുന്ന പല ഫീസുകള്‍ക്കും വായ്‌പ ലഭിക്കില്ലെന്നതു മറ്റൊരു പ്രശ്‌നമാണ്‌. ലോണ്‍ട്രി ഫീസ്‌ വരെ എഴുതിച്ചേര്‍ക്കുന്ന സ്‌ഥാപനങ്ങളുണ്ട്‌. അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പരസ്യങ്ങള്‍ നിരാകരിക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമ്മുടെ മാധ്യമങ്ങളും കാട്ടണം. പല സ്‌ഥാപനങ്ങളുടെയും ഏജന്റുമാര്‍ മിക്കപ്പോഴും മുതിര്‍ന്ന വിദ്യാര്‍ഥികളോ പൂര്‍വവിദ്യാര്‍ഥികളോ ആയിരിക്കും.

പഴയ ഇര വേട്ടക്കാരനാകുന്ന കാഴ്‌ച. പുതിയ ഇരയില്‍നിന്ന്‌ ഈടാക്കുന്ന ഫീസിന്റെ അടിസ്‌ഥാനത്തിലാകും ഇവരുടെ കമ്മീഷന്‍. തട്ടിപ്പ്‌ ബിരുദങ്ങള്‍കൊണ്ടു ജോലി ലഭിക്കാതാകുമ്പോള്‍, വായ്‌പ തിരിച്ചടയ്‌ക്കാനാകാതെ, റിലയന്‍സ്‌ അസറ്റ്‌ റീ കണ്‍സ്‌ട്രക്‌ഷന്‍ പോലുള്ള കോര്‍പറേറ്റ്‌ ഭീമന്മാര്‍ക്കു മുന്നില്‍ രക്ഷാകര്‍ത്താക്കള്‍ മുട്ടുമടക്കേണ്ടിവരുന്നു. നമ്മുടെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്കു കാലതാമസമില്ലാതെ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ പലപ്പോഴും വീഴ്‌ച സംഭവിക്കുന്നു.

പലവിധ കാരണങ്ങളാല്‍ അധ്യയനദിവസങ്ങള്‍ നഷ്‌ടപ്പെടുന്നത്‌, കോഴ്‌സ്‌ ആരംഭിക്കാന്‍ വൈകുന്നത്‌ തുടങ്ങിയ സാഹചര്യങ്ങള്‍ മുതലെടുത്താണ്‌ ഇതരസംസ്‌ഥാന സ്‌ഥാപനങ്ങള്‍ ചതിക്കുഴിയൊരുക്കുന്നത്‌. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍, നിശ്‌ചിത മാനദണ്ഡങ്ങള്‍പ്രകാരം നല്ലൊരുവിഭാഗം ഇപ്പോഴും ഈ ആനുകൂല്യത്തിനു പുറത്താണ്‌.

വിദ്യാഭ്യാസവായ്‌പയെടുക്കുന്നവര്‍ തിരിച്ചടവു തുടങ്ങേണ്ടതു കോഴ്‌സ്‌ കഴിഞ്ഞ്‌ ആറുമാസത്തിനുള്ളിലോ ജോലി ലഭിച്ചശേഷമോ, ഏതാണോ ആദ്യം അപ്പോള്‍ മുതലാണ്‌. അനധികൃത കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്കു സ്വാഭാവികമായും ജോലി ലഭിക്കില്ല; ലഭിച്ചാല്‍ത്തന്നെ തുച്‌ഛശമ്പളമാകും. ഫലമോ?, വായ്‌പ തിരിച്ചടയ്‌ക്കാനാവില്ല. തിരിച്ചടയ്‌ക്കാത്ത വിദ്യാഭ്യാസവായ്‌പ മുമ്പു നിഷ്‌ക്രിയ ആസ്‌തിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ അവയും റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശപ്രകാരം നിഷ്‌ക്രിയ ആസ്‌തിയില്‍പെടുത്തും. നിഷ്‌ക്രിയ ആസ്‌തികളില്‍പ്പെട്ടവ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക്‌ അര്‍ഹമല്ല. വിദ്യാഭ്യാസവായ്‌പാ തിരിച്ചടവു മുടങ്ങിയവര്‍ക്കായി സംസ്‌ഥാനസര്‍ക്കാര്‍ സഹായപദ്ധതി കൊണ്ടുവന്നിരുന്നു. അതനുസരിച്ച്‌ വായ്‌പയുടെ 60% സര്‍ക്കാരും 40% ഗുണഭോക്‌താക്കളും അടയ്‌ക്കണം. 40% ഒറ്റത്തവണയായി അടച്ചാലേ സര്‍ക്കാര്‍ സഹായത്തിന്‌ അര്‍ഹതയുള്ളൂ. ഇതു സാധിക്കാത്തതിനാല്‍ പലരും പദ്ധതി പ്രയോജനപ്പെടുത്തിയില്ല.

വരുന്ന രണ്ടുമാസം ഇത്തരം കോഴ്‌സുകളുടെയും ഏജന്റുമാരുടെയും ചാകരക്കാലമായതിനാല്‍, ചതിക്കുഴികളെപ്പറ്റി രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും ബോധവത്‌കരിക്കണം. അംഗീകാരം സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണെങ്കിലും സാധാരണക്കാരായ രക്ഷാകര്‍ത്താക്കള്‍ക്ക്‌ അതിനു കഴിയാറില്ല. അതുകൊണ്ട്‌ ഒരു ഹെല്‍പ്‌ ഡെസ്‌ക്‌ സംവിധാനം ജില്ലാതലത്തിലെങ്കിലും സ്‌ഥാപിക്കാന്‍ നടപടിയുണ്ടാകണം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഹബ്‌ സ്‌ഥാപിക്കണം. നേപ്പാള്‍ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കിയിട്ടുണ്ട്‌. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകള്‍ ഈ ഹബ്ബില്‍ രജിസ്‌റ്റര്‍ ചെയ്യണം.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌, അവരുമായി സഹകരിച്ചാകണം ഹബ്‌ പ്രവര്‍ത്തിക്കേണ്ടത്‌. ഈ ഹബ്‌ ഓരോ കോഴ്‌സിന്റെയും അംഗീകാരം ഉറപ്പുവരുത്തി വായ്‌പയ്‌ക്കു ശിപാര്‍ശ ചെയ്യണം. അത്തരം ശിപാര്‍ശകള്‍ ബാങ്കുകള്‍ നിഷേധിക്കാനും പാടില്ല. പ്രഫഷണല്‍ കൗണ്‍സലര്‍മാര്‍, വിദ്യാഭ്യാസവിദഗ്‌ധര്‍, സര്‍വകലാശാലാ പ്രതിനിധികള്‍, ബാങ്ക്‌ കണ്‍സോര്‍ഷ്യം പ്രതിനിധികള്‍, സര്‍ക്കാര്‍ നോമിനികള്‍ എന്നിവരടങ്ങിയ ഡയറക്‌ടര്‍ ബോര്‍ഡ്‌ ഈ ഹബ്ബിനുണ്ടാവണം. ഈ ആശയം നടപ്പാക്കാന്‍ മുന്‍ സംസ്‌ഥാന യൂത്ത്‌ കമ്മിഷന്‍, വിദ്യാഭ്യാസവകുപ്പിനു പദ്ധതി സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

വിദ്യാഭ്യാസവായ്‌പകളും കോഴ്‌സുകളും സംബന്ധിച്ച ബോധവത്‌കരണ ക്ലാസുകള്‍ക്കും കൗണ്‍സലിങ്ങിനും തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. നിഷ്‌ക്രിയ ആസ്‌തികള്‍ വര്‍ധിക്കുന്നതു ബാങ്കുകളുടെ നിലനില്‍പ്പിനുതന്നെ പ്രതിസന്ധി സൃഷ്‌ടിക്കും. പരസ്‌പരവിശ്വാസവും യാഥാര്‍ത്ഥ്യബോധവുമുള്ള സമീപനവുമാണ്‌ ഇക്കാര്യത്തിലുണ്ടാകേണ്ടത്‌.

Ads by Google
Ads by Google
Loading...
TRENDING NOW