Wednesday, October 17, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 31 May 2018 04.21 PM

ഗൃഹചിന്തനം

uploads/news/2018/05/221822/vasthu310518a.jpg

ഒരു ഗൃഹം സ്വന്തമാക്കണമെന്ന ചിന്ത തോന്നിത്തുടങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണ്? ഉളള സ്ഥലത്ത് വീട് വയ്ക്കുക, വീട് വാങ്ങുക, സ്ഥലം വാങ്ങി വീട് വയ്ക്കുക ഇതില്‍ എന്തുതന്നെയായാലും ആദ്യം ഈശ്വരാധീനം ചിന്തിക്കേണ്ടതുണ്ട്.

അതിനായി ജ്യോതിഷത്തില്‍ കൂടി പാണ്ഡിത്യമുള്ളൊരു വാസ്തു വിദഗ്ധനെ കാണുക. ഗ്രഹനില വിശകലനം ചെയ്ത് അനുകൂല സമയം മനസ്സിലാക്കി വേണമെങ്കില്‍ പ്രശ്നം കൂടി വച്ച് ദൈവാധീനം നോക്കി പറഞ്ഞുതരാന്‍ വാസ്തുവിദഗ്ധന് കഴിയും.

പിതൃദോഷം, ശാപദോഷം, ശത്രുദോഷം, സ്ഥലദോഷം, ധര്‍മ്മദൈവ ദോഷം എന്നിവ ഗൃഹനിര്‍മ്മാണ സമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രശ്‌നത്തിലൂടെ അറിയാന്‍ കഴിയും. പ്രശ്ന ചിന്തയില്‍ എന്തെങ്കിലും ദോഷ ദുരിതം കണ്ടാല്‍ അവ നീക്കിയ ശേഷമേ ഗൃഹസംബന്ധിയായ കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടതുളളൂ.

ദോഷദുരിതം നീങ്ങാതെ ഇറങ്ങിത്തിരിച്ചാല്‍ ധനനഷ്ടം, ഗൃഹനിര്‍മ്മാണത്തില്‍ വിഘ്നം എന്നിവയുണ്ടാകും. ആയതിനാല്‍ വീട് എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്ന നിമിഷം തന്നെ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗത്തിന്റേതല്ല.

** കുടുംബദൈവങ്ങള്‍ (ഭരദേവത)
ജ്യോതിഷചിന്തനത്തില്‍ ധര്‍മ്മദൈവങ്ങ ള്‍ അനിഷ്ടകരമായി നില്ക്കുന്നു എന്നു കണ്ടാല്‍ ധര്‍മ്മദൈവ ക്ഷേത്രങ്ങളില്‍ ഉടനെ ദര്‍ശനം നടത്തി വെറ്റില, പാക്ക്, നാണയം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അച്ഛന്‍ വഴിയും അമ്മ വഴിയുമായുളള കുടുംബ ക്ഷേത്രങ്ങള്‍, കാവുകള്‍, വച്ചാരാധനകള്‍ എന്നിവ പ്രാധാന്യമേറിയതാണ്. കുലദൈവത്തെ മറന്ന് എത്ര വലിയ വിദൂര ക്ഷേത്രദര്‍ശനം നടത്തിയാലും പ്രയോജനം ലഭിക്കുകയില്ല.

** വീട് നിര്‍മ്മിക്കണോ, വാങ്ങണോ?
ജ്യോതിഷചിന്തയിലൂടെ ഇതിന് വ്യക്തമായ ഉത്തരം ലഭിക്കും. ശരിയായ ജ്യോതിഷ ചിന്ത ചെയ്ത് വീട് വാങ്ങിയാല്‍/ നിര്‍മ്മിച്ചാല്‍ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം. വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി ജ്യോതിഷ ചിന്തയിലൂടെ ഉത്തമം എന്നു കണ്ടെത്തിയ വീട്/ സ്ഥലം ഒരു വാസ്തുവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണം.

വീടിന്റെ/കിണറിന്റെ സ്ഥാനം നിര്‍ണ്ണയിക്കാനും കണക്ക് തയ്യാറാക്കാനും വാസ്തുവിദഗ്ധന്റെ സഹായം ആവശ്യമാണ്. വാസ്തു സംബന്ധമായ അറിവ് മാത്രമല്ല ഉപാസനാ ഗുണങ്ങളും, ഈശ്വരാധീനവും ഉളള വ്യക്തി ആകണം സ്ഥപതി. ഗൃഹത്തിന്റെ വലിപ്പം, ദര്‍ശനം, മുറിയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തിത്തരാനും, ദൈവാധീനത്തോടെ തീരുമാനം എടുക്കാനും സ്ഥപതി നിങ്ങളെ സഹായിക്കും.

ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ദൈവജ്ഞ ശാസ്ത്രങ്ങളാണ്. അതിനാല്‍ ശാസ്ത്രത്തിലെ അറിവ് മാത്രമല്ല ഉപാസനാചര്യകളും, വിശ്വാസവും, ഭക്തിയും ഉളള സ്ഥപതി സ്ഥാനനിര്‍ണ്ണയം ചെയ്യുന്ന ഗൃഹത്തില്‍ വസിച്ചാല്‍ ആയുരാരോഗ്യസൗഖ്യം ഫലം.

സ്ഥലദോഷങ്ങള്‍, ദുരിതങ്ങള്‍ അകറ്റുന്ന വിധം ഗൃഹനിര്‍മ്മാണത്തിന് പ്രശ്നചിന്തയിലോ, നിമിത്തശാസ്ത്രത്തിലോ ദോഷം കണ്ടാല്‍ നിര്‍ബന്ധമായും ദോഷപരിഹാരം ചെയ്യണം. ദോഷപരിഹാരം നിര്‍ദ്ദേശിക്കാന്‍ വാസ്തു വിദഗ്ധനാകും. വീട് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച സ്ഥലം ദോഷഭൂമിയായി കണ്ടാല്‍ താന്ത്രിക വിധിപ്രകാരമുളള കര്‍മ്മങ്ങള്‍ ചെയ്തുതന്നെ വേണം നിര്‍മ്മാണം നടത്തുവാന്‍.

സ്ഥലരക്ഷ ദോഷപരിഹാരം ചെയ്ത ഭൂമിയാണെങ്കിലും, ദോഷരഹിതമായ ഭൂമിയാണെങ്കിലും പിന്നീട് ദോഷങ്ങള്‍ വരാതിരിക്കാന്‍ പഞ്ചലോഹസ്ഥാപനം വിധിപ്രകാരം നടത്തേണ്ടതാണ്.

വീടോടു കൂടിയ സ്ഥലമാണ് വാങ്ങുന്നതെങ്കിലും സ്ഥലരക്ഷ ചെയ്ത് പഞ്ചശിരസ്സ് സ്ഥാപനം, മേലില്‍ ദോഷങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തയ്യാറെടുപ്പുകള്‍, വിധിപ്രകാരമുള്ള താന്ത്രികാനുഷ്ഠാനങ്ങള്‍ എന്നിവ നടത്തിയ വീട്ടില്‍ 12 വര്‍ഷക്കാലത്തേയ്ക്ക് ആരോഗ്യം, സമ്പന്നത, ഐശ്വര്യം എന്നിവ അനുഭവിക്കാം.

** വാസ്തുബലി
എല്ലാ പണികളും പൂര്‍ത്തിയാക്കിയ വീട് അഥവാ വാങ്ങിയ വീട് എന്നിവയില്‍ ഗൃഹപ്രവേശം നടത്തും മുന്‍പ് പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്തണം. ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയില്‍ വാസ്തുപുരുഷനും, ഉപമൂര്‍ത്തികള്‍ക്കും പൂജകഴിച്ച് ഹവിസ് ബലിതൂകുന്ന ചടങ്ങാണ് വാസ്തുബലി.

രാത്രിയിലാണ് ഈ പൂജയും ബലിയും നടത്തേണ്ടത്. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ചടങ്ങാണ് ഇത്. പണിപൂര്‍ത്തിയാക്കിയ വീട്, വാങ്ങിയ വീട്, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ വാസ്തുബലി, പഞ്ചശിരസ്സ് സ്ഥാപനം എന്നിവ നടത്തി അനുഗ്രഹം വാങ്ങിയ ശേഷം മാത്രം ആകണം പാല് കാച്ച്, ഗൃഹപ്രവേശം, ബിസിനസ്സ് ആരംഭം എന്നിവ നടത്തുവാന്‍.

ഈ പൂജ നടത്താത്ത വീടുകളില്‍ താമസിക്കാന്‍ കൊളളില്ല, ബിസിനസ്സ് സ്ഥാപനങ്ങളില്‍ നേരാംവണ്ണം ബിസിനസ്സ് നടക്കില്ല.

------- പ്രസൂന്‍ സുഗതന്‍
വാസ്തു കണ്‍സള്‍ട്ടന്റ്
കോട്ടയം 994641959666

Ads by Google
Thursday 31 May 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW